Voice of Truth

2008ലെ ചന്ദ്രയാൻ ഒന്നിന്റെ വിജയത്തിന് ശേഷം, ഭാരതത്തിന്റെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ പുതിയൊരദ്ധ്യായം രചിക്കുവാൻ ചന്ദ്രയാൻ 2

ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണത്തിനായുള്ള ഇരുപത് മണിക്കൂർ കൗണ്ട്ഡൗൺ ഇന്ന് രാവിലെ 6.51ന് ആരംഭിച്ചു. വിക്ഷേപണം തിങ്കളാഴ്ച പുലർച്ചെ, 2.51 ന്. ഐഎസ്ആർഒ യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ ദൗത്യമായി ചന്ദ്രയാൻ 2 വിലയിരുത്തപ്പെടുന്നു.

2008ല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യൂണിയന്‍ ക്യാബിനറ്റ് സമ്മേളനത്തിലാണ് ചന്ദ്രയാന്‍ രണ്ട് എന്ന ചരിത്രപരമായ ദൗത്യം അംഗീകരിച്ചത്. ഐഎസ്ആര്‍ഓയുടെയും, റഷ്യന്‍ ഫെഡറല്‍ സ്പേസ് ഏജന്‍സിയുടെയും സംയുക്തസഹകരണത്തോടെ പ്രവര്‍ത്തിക്കുവാനുള്ള കരാര്‍ ഒപ്പുവയ്ക്കുകയുണ്ടായി. ആദ്യം 2018ല്‍ വിക്ഷേപിക്കുവാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട്, രണ്ട് തവണകൂടി വിക്ഷേപണ തിയതി മാറ്റി ഇപ്പോള്‍ ജൂലായ്‌ പതിനഞ്ചിന് തീരുമാനിക്കുകയായിരുന്നു. റോവര്‍ വികസിപ്പിക്കുന്നതിനുള്ള ചുമതല ഏറ്റെടുത്തിരുന്ന റഷ്യന്‍ സ്പേസ് ഏജന്‍സി ആ ദൗത്യം പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടതും പദ്ധതി വൈകുവാന്‍ കാരണമായി. റോവറിന്റെ അടിസ്ഥാന ഡിസൈന്‍ തയ്യാറാക്കിയത് റഷ്യ ആയിരുന്നുവെങ്കിലും പിന്നീട് തങ്ങള്‍ക്ക് അതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന് റഷ്യന്‍ ഏജന്‍സി അറിയിച്ചതോടെ ആ ഉത്തരവാദിത്തവും ഐഎസ്ആര്‍ഒ ഏറ്റെടുക്കുകയായിരുന്നു. റോവറിന്റെ സുപ്രധാനമായ മൂന്ന് അനുബന്ധ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുത്തത് കാണ്‍പൂര്‍ ഐഐടിയിലാണ്.

ഇന്ത്യയുടെ ആദ്യ ചന്ദ്രയാന്‍ ദൗത്യത്തിന് ശേഷം ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോഴാണ് രണ്ടാം ദൗത്യം പ്രവൃത്തിപഥത്തിലെത്തുന്നത്. ഇന്ത്യന്‍ ബഹിരാകാശ ദൗത്യങ്ങളില്‍ ആവേശകരവും എടുത്തുപറയത്തക്കതുമായ ഒന്നായിരിക്കും ചന്ദ്രയാന്‍ രണ്ട് എന്ന്, ഐഎസ്ആര്‍ഓയുടെ മുന്‍ ഡയറക്ടര്‍ ഡോ. ജി മാധവന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ചന്ദ്രന്റെ പരിസരങ്ങളില്‍ ചുറ്റി സഞ്ചരിച്ച് ധാതുപദാര്‍ത്ഥങ്ങള്‍ ശേഖരിക്കുവാന്‍ ഒരു ചെറുവാഹനത്തെയും (Rover) പേടകം വഹിക്കുന്നു എന്നുളളത് പ്രധാന കാര്യമാണ്. ആദ്യ ചാന്ദ്ര ദൗത്യത്തില്‍ റോവര്‍ ഉണ്ടായിരുന്നില്ല. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തില്‍ റോവര്‍ ലാന്‍ഡ്‌ ചെയ്യുന്ന ചരിത്രത്തിലെ ആദ്യ പദ്ധതികൂടിയാണ് ചന്ദ്രയാന്‍ രണ്ട് എന്ന പ്രത്യേകതയുമുണ്ട്. അതിനാൽ തന്നെ, ലോകരാഷ്ട്രങ്ങൾ മുഴുവൻ ഇന്ത്യയുടെ ഈ പദ്ധതിയെ വലിയ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് നോക്കിക്കാണുന്നത്. ഭാരതത്തിന്റെ സ്വന്തം ഐഎസ്ആർഒ യുടെ യശസ് ഈ പദ്ധതി വാനോളം ഉയർത്തുമെന്ന് തീർച്ച.

ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ കഴിയുംവിധമാണ് ചന്ദ്രയാൻ രണ്ട് ദൗത്യത്തിലെ ലാൻഡറായ വിക്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സോഫ്റ്റ് ലാൻഡിംഗിനുള്ള സാങ്കേതികവിദ്യ ഇന്ത്യ ആദ്യമായാണ് ഉപയോഗിക്കുന്നത്.

ചന്ദ്രയാൻ രണ്ട് വിക്ഷേപിക്കപ്പെടുന്നത് പലവിധ ലക്ഷ്യങ്ങളുമായാണ്. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിങ്ങനെ മൂന്ന് മോഡ്യൂളുകള്‍ ആണ് ചന്ദ്രയാന്‍ 2 ന് ഉണ്ടാവുക. ചന്ദ്രന്റെ ഉപരിതലത്തിലെ മിനറലുകളെക്കുറിച്ചും, ചന്ദ്രനിലെ വെള്ളത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും പഠിക്കുക എന്നതാണ് പ്രധാന ലക്ഷ്യങ്ങള്‍. ഇന്ത്യയുടെ ആറും, യൂറോപ്പില്‍ നിന്ന് മൂന്നും, അമേരിക്കയുടെ രണ്ടുമായി പതിനൊന്ന് പേലോഡുകളാണ് പേടകം വഹിക്കുക. ചന്ദ്രനിൽ ധാരാളമായുണ്ട് എന്ന് കരുതുന്ന ഹീലിയം 3 എന്ന ആണവ ഇന്ധനത്തെക്കുറിച്ചുള്ള പഠനവും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ചന്ദ്രനിലുള്ള ഹീലിയം 3 ഭൂമിയിലെത്തിക്കാൻ കഴിഞ്ഞാണ് ഇന്ന് നാം നേരിടുന്ന ഊർജ്ജ പ്രതിസന്ധിക്ക് അത് പരിഹാരമാകുമെന്നാണ് കരുതുന്നത്.

Leave A Reply

Your email address will not be published.