ജൂലായ് പതിനഞ്ചിന് സാങ്കേതിക കാരണങ്ങളാൽ മുടങ്ങിയ ചന്ദ്രയാൻ രണ്ട് വിക്ഷേപണം അടുത്ത തിങ്കളാഴ്ച, ജൂലായ് 22 ന് ഉച്ചയ്ക്ക് ശേഷം 2.43നായിരിക്കും വിക്ഷേപണം എന്ന് ട്വിറ്റർ വഴി ഐഎസ്ആർഒ അറിയിച്ചു.
ക്രയോജനിക് എഞ്ചിനിൽ കണ്ടെത്തിയ ഹീലിയം ചോർച്ച മൂലമാണ് വിക്ഷേപണം മാറ്റിവച്ചത് എന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും, ഐഎസ്ആർഒ ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചിരുന്നില്ല.
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ രണ്ടിൽ, ഇതാദ്യമായി ലാൻഡറും, റോവറും ഉൾപ്പെട്ടിട്ടുണ്ട്. മുമ്പ് നിശ്ചയിച്ചിരുന്നതുപോലെ തന്നെ, സെപ്റ്റംബർ ആറിന് തന്നെ, ലാൻഡർ ചന്ദ്രനിൽ ഇറങ്ങും. ഇതുവരെ മറ്റു രാജ്യങ്ങളുടെ ലാൻഡറുകൾ ഇറങ്ങിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ഭാഗത്തായിരിക്കും ചന്ദ്രയാൻ രണ്ടിന്റെ ഭാഗമായ ലാൻഡർ ഇറങ്ങുക എന്ന പ്രത്യേകതയുമുണ്ട്.