വിക്ഷേപണത്തിന്റെ ഇരുപത്തൊമ്പതാം ദിവസം ചന്ദ്രയാൻ ലക്ഷ്യത്തിന് സമീപത്തേയ്ക്ക് എത്തുന്നു. അടുത്ത ഘട്ടത്തിൽ, അതായത് സെപ്റ്റംബർ രണ്ടിന് ലാൻഡറും ഓർബിറ്ററും വേർപെടും. സെപ്റ്റംബർ ഏഴിന് പേടകം ചന്ദ്രനിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ. ജൂലായ് ഇരുപത്തിരണ്ടിനാണ് ഇന്ത്യയുടെ അഭിമാനപേടകമായ ചന്ദ്രയാൻ രണ്ട് വിക്ഷേപിക്കപ്പെട്ടത്.
ഇനിയുള്ള ദിവസങ്ങൾ ചന്ദ്രയാൻ ദൗത്യത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. ഇപ്പോൾ, 118 കിലോമീറ്റർ/ 18078 കിലോമീറ്റർ എന്ന ദൂരത്തിൽ ചന്ദ്രനെ ഭ്രമണം ചെയ്യാൻ ആരംഭിച്ചിരിക്കുന്ന ചന്ദ്രയാൻ തുടർന്നുള്ള അഞ്ച് ഭ്രമണങ്ങളിലായി ചന്ദ്രനിലേക്കുള്ള ദൂരം കുറച്ചുകൊണ്ടുവരും. തുടർന്ന് സെപ്റ്റംബർ ഏഴിനാണ് ഇതുവരെ മനുഷ്യസ്പർശമേൽക്കാത്ത ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലേയ്ക്ക് ചന്ദ്രയാൻ ലാൻഡർ സോഫ്റ്റ് ലാൻഡിങ് നടത്തുക. ചന്ദ്രന്റെ ഭ്രമണപഥത്തിൽ തുടരുന്ന ഓർബിറ്റർ പിന്നീടുള്ള ഒരുവർഷക്കാലം ചന്ദ്രനെ നിരീക്ഷിക്കും.
ലോകംമുഴുവൻ ഉറ്റുനോക്കുന്ന വലിയ നേട്ടങ്ങളാണ് ഐഎസ്ആർഒ ചന്ദ്രയാൻ രണ്ടിലൂടെ വിഭാവനം ചെയ്യുന്നത്. മൂന്നു ഭാഗങ്ങളുള്ള ചന്ദ്രയാൻ പേടകത്തിന്റെ പ്രധാന ഭാഗമായ പ്രഗ്യാൻ റോവറിന് ഒരുപാട് ഗവേഷണങ്ങളാണ് ചന്ദ്രോപരിതലത്തിൽ ചെയ്തുതീർക്കാനുള്ളത്. ഇതുവരെ മനുഷ്യന്റെ ഗവേഷണങ്ങളൊന്നും നടന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലെ ജലശേഖരം, ഉപരിതലത്തിലെ മിനറലുകൾ പ്രത്യേകിച്ച് ഹീലിയം മൂന്നിന്റെ സാന്നിധ്യം തുടങ്ങിയവയെക്കുറിച്ചുള്ള പഠനങ്ങൾ പ്രധാന ദൗത്യങ്ങളാണ്.