ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരുന്ന ചന്ദ്രയാൻ രണ്ട് വിക്ഷേപണം, നിശ്ചിത സമയത്തിന് അമ്പത്താറ് മിനിട്ടുകൾക്ക് മുമ്പ് നീട്ടിവച്ചതായി അറിയിപ്പുണ്ടായി. ഓർബിറ്ററും, ലാൻഡറും, റോവറും അടങ്ങുന്ന ചന്ദ്രയാൻ രണ്ട് പേടകം വഹിച്ചിരുന്ന ജിഎസ്‌എൽവി മാർക്ക് 3 റോക്കറ്റിൽ ചില സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇത് എന്നാണ് റിപ്പോർട്ടുകൾ. രാഷ്ട്രപതി ഉൾപ്പെടെയുള്ള പ്രമുഖർ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ശ്രീഹരിക്കോട്ടയിൽ എത്തിയിരുന്നു.
ക്രയോജനിക് എൻജിനിൽ ദ്രവ ഓക്സിജനും ദ്രവ ഹൈഡ്രജനും നിറയ്ക്കുന്നതായി അറിയിപ്പ് നൽകി ഉടനെ തന്നെയാണ് കൗണ്ട്ടൗൺ നിർത്തി വയ്ക്കുകയും, വിക്ഷേപണം മാറ്റി വയ്ക്കുന്നതായി അറിയിപ്പുണ്ടാവുകയും ചെയ്തത്. ഇന്ധന ചോർച്ചയാണ് സാങ്കേതിക പ്രശനങ്ങൾക്ക് കാരണമായത് എന്നാണ് അറിവ്. എന്നാൽ അത് സാരമുള്ളതല്ല എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഫെബ്രുവരിയിൽ ഇസ്രായേലിന്റെ ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കപ്പെട്ട ബെറെഷീറ്റ് (Beresheet: “In the beginning”; Book of Genesis) ലാൻഡർ ഏപ്രിലിൽ അവസാനഘട്ടത്തിൽ പരാജയപ്പെടുകയുണ്ടായ പശ്ചാത്തലത്തിൽ, കൂടിയ ജാഗ്രതയിലാണ് ഇന്ത്യൻ ശാസ്ത്ര സംഘം ചന്ദ്രയാൻ സംബന്ധമായ പ്രവർത്തനങ്ങളിൽ മുന്നേറുന്നത്.
ചന്ദ്രയാൻ വിക്ഷേപണത്തിനുള്ള പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ഐഎസ്ആർഒ വക്താവ് പറഞ്ഞു. അനുകൂലമായ സാഹചര്യങ്ങൾ കണ്ടെത്തി ഒരു ദിവസം തീരുമാനിക്കാൻ ഒരുപക്ഷെ നാളുകൾ എടുത്തേക്കാം എന്ന സൂചനകളുണ്ട്. ഇന്ത്യയുടേയും, ഐഎസ്ആർഒ യുടെയും ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ ബഹിരാകാശ ദൗത്യമാണ് ചന്ദ്രയാൻ. 978 കോടി രൂപയാണ് ആകെ ചെലവ്. ഇത് ഒരു ഹോളിവുഡ് സിനിമ നിർമ്മിക്കാനുള്ള ചെലവിനേക്കാൾ കുറവാണ് എന്ന വാക്കുകൾ ഉപയോഗിച്ചുകൊണ്ട് വിദേശ മാധ്യമങ്ങൾ ഐഎസ്ആർഒ യെ പുകഴ്ത്തിയിരുന്നു.