Voice of Truth

ലാൻഡിംഗിനിടയിൽ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ചന്ദ്രയാൻ രണ്ട് ദൗത്യം ഭാഗികമായി തുടരും. അടുത്തതവണ നാം ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി

  • വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ ലഭിക്കാതായത് ലാൻഡിംഗിന്റെ അവസാന ഘട്ടത്തിൽ, ചന്ദ്രനിൽനിന്ന് കേവലം 2.1 കിലോമീറ്റർ അകലെവച്ച്.
  • കാരണം ചന്ദ്രനിൽ ഉയർന്ന പൊടിപടലങ്ങളോ, ആന്റിനയുടെ ദിശമാറിയതോ ആയിരിക്കാൻ സാധ്യത. കാരണങ്ങൾ പരിശോധിച്ചുവരുന്നതായി ഐഎസ്ആർഒ ചെയർമാൻ.
  • ബെംഗളൂരു പീനിയയിലെ ഐ.എസ്.ആർ.ഒ. ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ ഗവേഷകർക്കൊപ്പം പ്രധാനമന്ത്രിയും സന്നിഹിതനായിരുന്നു.
  • നിരാശപ്പെടരുത്, പ്രതീക്ഷ കൈവിടുകയുമരുത്, ഇനിയും ശ്രമം തുടരും. നമ്മൾ വിജയം നേടുകതന്നെ ചെയ്യും’’ -പ്രധാനമന്ത്രി നരേന്ദ്രമോദി

ലോകത്ത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയാത്ത ഏറെ സവിശേഷതകളുമായാണ് ജൂലായ് 22ന് ചന്ദ്രയാൻ രണ്ട് ദൗത്യം പേറി GSLV Mark 3 റോക്കറ്റ് പറന്നുയർന്നത്.

  • ഇതുവരെ ആരും സ്പർശിക്കാത്ത ചന്ദ്രന്റെ ദക്ഷിണ ദ്രുവം ലക്ഷ്യം. സുരക്ഷിതമേഖലകളിൽ ഇറക്കാനായിരുന്നു ലക്ഷ്യം വച്ചിരുന്നെങ്കിൽ അത് സാധ്യമാവുമായിരുന്നു എന്ന് ഏറെക്കുറെ ഉറപ്പാണ്. ഇതുവരെ ആരും ഏറ്റെടുക്കാത്ത വെല്ലിവിളി സ്വീകരിക്കുവാൻ തയ്യാറായ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ ചങ്കൂറ്റം പ്രശംസനീയമാണ്.
  • ചന്ദ്രയാൻ രണ്ട് ദൗത്യത്തെക്കാൾ പതിന്മടങ്ങ് പണം മുടക്കി റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിനകം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയിട്ടുള്ളത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഏറ്റവും ചുരുങ്ങിയ ചെലവിൽ ഇന്ത്യ ഈ ദൗത്യം പൂർത്തിയാക്കിയതെന്നുള്ളത് അഭിമാനകരമാണ്. ഒരുപക്ഷെ, ഭാവിയിലും ഐഎസ്ആർഒയ്ക്ക് മാത്രം അവകാശപ്പെടാനാവുന്ന നേട്ടം. 1000 കോടി രൂപയിൽ താഴെ മാത്രമാണ് ചന്ദ്രയാൻ രണ്ടിന്റെ ആകെ ചെലവ് എന്നിരിക്കെ, ഏഴുലക്ഷം കോടി രൂപയായിരുന്നു അമേരിക്കയുടെ അപ്പോളോ ദൗത്യത്തിന്റെ മുടക്ക്.
  • ചന്ദ്രന്റെ ഉപരിതലത്തിലെ മിനറലുകളെക്കുറിച്ച് പഠിക്കുക, ചന്ദ്രനിൽ സമൃദ്ധമായി ഉണ്ടെന്നു കരുതുന്ന വിലയേറിയ ആണവ ഇന്ധനമായ ഹീലിയം മൂന്നിനെക്കുറിച്ചുള്ള വിശദമായ പഠനം തുടങ്ങിയവയായിരുന്നു ചന്ദ്രയാൻ രണ്ടിന്റെ പ്രധാനമായ ചില ലക്ഷ്യങ്ങൾ. ഹീലിയം മൂന്ന് ഭൂമിയിൽ എത്തിക്കാൻ കഴിഞ്ഞാൽ, അത് ഭൂമിയിൽ ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. ഇങ്ങനെ ലോകം ഉറ്റുനോക്കുന്ന വലിയ ചില ലക്ഷ്യങ്ങളായിരുന്നു പ്രഗ്യാൻ റോവറിനും, വിക്രം ലാൻഡറിനും ഉണ്ടായിരുന്നത്.

ചന്ദ്രയാൻ രണ്ട് പദ്ധതിയുടെ വിവിധ ലക്ഷ്യങ്ങളിൽ ചിലത് മാത്രമാണ് പ്രഗ്യാൻ റോവറിന് ഉണ്ടായിരുന്നത്. ഒരു വർഷം കാലാവധിയുള്ള ഓർബിറ്റർ ഇനിയും മാസങ്ങളോളം ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരിക്കും. അതിനാൽ ലാൻഡറിന്റെ ദൗത്യം പരാജയപ്പെട്ടു എന്ന കാരണത്താൽ ചന്ദ്രയാൻ രണ്ട് ദൗത്യം പരാജയം എന്ന് കരുതാനാവില്ല. വിക്രം ലാൻഡറും, പ്രഗ്യാൻ റോവറും ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ കേവലം അഞ്ചു ശതമാനം മാത്രമാണ് എന്ന് ഐഎസ്ആർഒ പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചു.

ചന്ദ്രനെക്കുറിച്ചുള്ള പഠനങ്ങൾക്ക് ശാസ്ത്രലോകത്തെ ഏറെ സഹായിക്കുവാൻ ഓർബിറ്ററിന് കഴിയുമെന്ന് തീർച്ച. വ്യത്യസ്തവും ഉപകാരപ്രദവുമായ നിരവധി ചിത്രങ്ങൾ ഓർബിറ്ററിലുള്ള അത്യാധുനിക ക്യാമറകൾ ഇക്കാലമത്രയും ഭൂമിയിലേയ്ക്ക് അയച്ചുകൊണ്ടിരിക്കും.

വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടമായെങ്കിലും ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് ഇനിയും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. ചന്ദ്രനിലെ പ്രതികൂല കാലാവസ്ഥ മൂലം സിഗ്നൽ നഷ്ടപ്പെട്ടതാണെങ്കിൽ ഇനിയും പ്രതികരിക്കാനുള്ള സാധ്യതയുണ്ട് എന്ന് വിദഗ്ദർ പറയുന്നു.

വിക്രം ലാൻഡർ ചന്ദ്രനിൽ സ്പർശിക്കുന്ന ചരിത്രമുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ ബംഗളൂരു പീനിയയിലെ ഐ.എസ്.ആർ.ഒ. ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ എത്തിയ പ്രധാനമന്ത്രി ഉദ്യോഗസ്ഥരെ ധൈര്യപ്പെടുത്തിയാണ് മടങ്ങിയത്. ഇന്ത്യ ശാസ്ത്രജ്ഞരോടൊപ്പം ഉണ്ടെന്നും, അവർ രാജ്യത്തിൻറെ അഭിമാനമാണെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.