ന്യൂഡല്‍ഹി: ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ വന്‍പിഴ ശിക്ഷയാക്കുന്നതിനെ കടുത്ത ജനരോഷം. ഉയര്‍ന്ന പിഴ നടപ്പാക്കാനാവില്ലന്ന നിലപാടാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പോലും. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഘട്ട്, പഞ്ചാബ് സംസ്ഥാനങ്ങളൊന്നും ഇതുവരെ നിയമം പാലിക്കാന്‍ തയ്യാറായിട്ടുമില്ല.
കൂട്ടിയ തുക പകുതിയോ അതില്‍ കൂടുതലോ കുറച്ചുകൊണ്ട് ആദ്യം രംഗത്തെത്തിയത് ഗുജറാത്താണ്. ബി.ജെ.പി. ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഉത്തരാഖണ്ഡിലെ മന്ത്രിസഭയും പിഴത്തുകയില്‍ കുറവു പ്രഖ്യാപിച്ചു. കര്‍ണാടകത്തിലും പിഴ കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ ഈടാക്കുന്ന പിഴ ഗുജറാത്തിനെപ്പോലെ പകുതിയായി കുറയ്ക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വ്യക്തമാക്കി.
തത്കാലം പഴയ നിരക്ക് തുടരാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളൊക്കെയും പിഴ ശിക്ഷയെക്കുറിച്ച് ഒന്നുകൂടി ആലോചിക്കണമെന്ന് നിര്‍ദേശിച്ച് കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. ഗോവയില്‍ പിഴവര്‍ധന നടപ്പാക്കുന്നത് അടുത്തവര്‍ഷമായിരിക്കുമെന്ന് ഗതാഗതമന്ത്രി മോവിന്‍ ഗോഡിഞ്ഞോ വിശദീകരിച്ചു. അതുവരെ റോഡിന്റെ അറ്റകുറ്റപണികള്‍ തീര്‍ക്കണമെന്നും അദേഹം ചൂണ്ടിക്കാണിക്കുന്നു.
ജനങ്ങള്‍ക്ക് കടുത്ത തിരിച്ചടിയാകുന്ന പുതിയ നിയമഭേദഗതി പശ്ചിമബംഗാളില്‍ നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാക്കുകള്‍. മധ്യപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളും പുതിയ നിയമത്തിനെതിരാണ്.
ഹരിയാന, ബിഹാര്‍ സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കി. ത്രിപുര, അസം സര്‍ക്കാരുകള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളം പുതിയ നിയമം നടപ്പാക്കിയെങ്കിലും എതിര്‍പ്പിനെത്തുടര്‍ന്ന് പുതുക്കിയ പിഴത്തുക ഈടാക്കുന്നത് മരവിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ പുതുക്കിയ പിഴ ഈടാക്കാന്‍ തുടങ്ങിയെങ്കിലും വിജ്ഞാപനമിറക്കിയിട്ടില്ല.
ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. എന്നാല്‍, അതുകാരണമുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഏറ്റെടുക്കാനും സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറയുന്നു.
1988-ലെ മോട്ടോര്‍ വാഹന ഭേദഗതിനിയമം പാസാക്കിയപ്പോള്‍ 500 രൂപ പിഴ ചുമത്തിയിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 5,000 രൂപ ഈടാക്കാന്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. 30 വര്‍ഷം മുമ്പ് 500 രൂപയ്ക്കുണ്ടായിരുന്ന മൂല്യമാണ് ഇന്ന് 5,000 രൂപയ്ക്കുള്ളത്. അമേരിക്ക പോലുള്ള മറ്റ് രാജ്യങ്ങളിലെ കര്‍ശനമായ ഗതാഗതനിയമങ്ങള്‍ പാലിക്കുന്ന ഇന്ത്യക്കാര്‍ നാട്ടില്‍ അതിന് തയ്യാറല്ലെന്നും ഗഡ്കരി കുറ്റപ്പെടുത്തി.