Voice of Truth

ക്യാന്‍സര്‍: കാരണങ്ങള്‍

ക്യാന്‍സര്‍ രോഗത്തിന്റെ ആവിര്‍ഭാവത്തിനുള്ള യഥാര്‍ത്ഥ കാരണം ഇനിയും വൈദ്യശാസ്ത്രത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ക്യാന്‍സറിനു പിന്നില്‍ ഒന്നില്‍ കൂടുതല്‍ ഘടകങ്ങളുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഘടകങ്ങളെ കാര്‍സിനോജനുകള്‍ എന്നുവിളിക്കുന്നു. പുകവലി, വെറ്റിലമുറുക്ക്, ചില രാസവസ്തുക്കള്‍, അള്‍ട്രാവയലറ്റ് രശ്മികള്‍, പ്രകൃതിയിലെ ചില ലോഹമണലുകള്‍, അണുസ്ഫോടനങ്ങള്‍, എക്സ്റേ, റേഡിയേഷന്‍, പെട്രോളിയവും അവയുടെ ഉല്‍പ്പന്നങ്ങളും, അനിലിന്‍ വര്‍ഗ്ഗത്തില്‍ പെട്ട ചായം കൊടുക്കുന്ന വസ്തുക്കള്‍, ചില വൈറസുകള്‍, പരാദജീവികള്‍, ആസ്ബസ്റ്റോസ് എന്നിവ കാര്‍സിനോജനുകള്‍ക്ക് ഉദാഹരണങ്ങളാണ്. മദ്യത്തിന്റെ അമിതമായ ഉപയോഗം ഇത്തരം കാര്‍സിനോജനുകളുടെ കോശാന്തരപ്രക്രിയകളെ ത്വരിതപ്പെടുത്തും.

ജോലിയുമായി ബന്ധപ്പെട്ട അര്‍ബ്ബുദങ്ങള്‍
ചില പ്രത്യേക ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ചില പ്രത്യേക തരം ക്യാന്‍സറുകള്‍ പിടിപെടുന്നതായി തെളിഞ്ഞിട്ടുണ്ട്. റേഡിയോ പ്രസരമുള്ള വസ്തുക്കള്‍ ഖനനം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ശ്വാസകോശാര്‍ബ്ബുദവും, ചില തരാം പെയിന്റുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് മൂത്രാശയാര്‍ബ്ബുദവും കണ്ടുവരുന്നുണ്ട്. ലോഹം വിളക്കിച്ചേര്‍ക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ചര്‍മ്മാര്‍ബ്ബുദം പിടിപെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആസ്ബസ്റ്റോസ് ഫാക്ടറി തൊഴിലാളികളില്‍ വലിയ അളവില്‍ ശ്വാസകോശാര്‍ബ്ബുദം കണ്ടെത്തിയത് അത്തരം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ വലിയ ആശങ്ക ഉളവാക്കിയിരുന്നു. ആസ്ബസ്റ്റോസ് നിര്‍മ്മാണം തൊഴിലാളികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ അമേരിക്കയില്‍ ആസ്ബസ്റ്റോസ് ഉപയോഗം കര്‍ശനമായി നിയന്ത്രിച്ചിരുന്നു.

മാറുന്ന ജീവിത സാഹചര്യങ്ങളും ഭക്ഷണ രീതിയും
ജീവിത ശൈലിയിലും കൃഷി രീതികളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ക്യാന്‍സറിന്റെ സാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണ ശൈലി ഇല്ലാതാകുന്നത് ഒരു പ്രധാന ഘടകമാണ്. ഫാസ്റ്റ്ഫുഡിന്റെ അമിത ഉപയോഗം, ഭക്ഷണ വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെയും കീടനാശിനികളുടെയും അംശം തുടങ്ങിയവയും, അന്തരീക്ഷ മലിനീകരണവും മറ്റും ക്യാന്‍സറിന്റെ വര്‍ദ്ധനയ്ക്ക് കാരണങ്ങളാണ്.

കാര്‍സിനോജനുകളുടെ ഒരു പട്ടിക

ജീവിതശൈലി, ഭക്ഷണം

  1. പുകയില മുറുക്ക്: വായിലെ ക്യാന്‍സര്‍
  2. നേരത്തെയുള്ള വിവാഹം, വ്യക്തിശുചിത്വമില്ലായ്മ : ഗര്‍ഭാശയമുഖ ക്യാന്‍സര്‍
  3. പുകവലി, ആസ്ബസ്റ്റോസ് ഖനനം: ശ്വാസകോശ ക്യാന്‍സര്‍
  4. കൊഴുപ്പിന്റെ ആധിക്യം, കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാതിരിക്കല്‍: സ്തനാര്‍ബ്ബുദം
  5. ഭക്ഷണത്തിലെ നാരിന്റെ അഭാവം, ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗം: വന്‍കുടലിലെ ക്യാന്‍സര്‍
  6. വ്യക്തിശുചിത്വമില്ലായ്മ: പുരുഷ ലിംഗ ക്യാന്‍സര്‍

തൊഴില്‍

  1. അക്രൈലോനൈട്രേറ്റ്: ശ്വാസകോശ, ആമാശയ ക്യാന്‍സറുകള്‍
  2. ആര്‍സനിക്: ശ്വാസകോശ, ത്വക്ക് ക്യാന്‍സറുകള്‍
  3. ആസ്ബസ്റ്റോസ്: ശ്വാസകോശ, വന്‍കുടല്‍ ക്യാന്‍സറുകള്‍
  4. ബൂട്ട്, ഷൂ നിര്‍മ്മാണം: മൂക്കില്‍ ക്യാന്‍സര്‍
  5. കാഡ്മിയം, സ്വര്‍ണ്ണപ്പണി: ശ്വാസകോശം, പ്രോസ്റ്റെറ്റ് ക്യാന്‍സറുകള്‍
  6. ഫര്‍ണിച്ചര്‍ നിര്‍മ്മാണം: മൂക്കില്‍ ക്യാന്‍സര്‍
  7. നിക്കല്‍: ശ്വാസകോശം, മൂക്ക് ക്യാന്‍സറുകള്‍
  8. റബ്ബര്‍ വ്യവസായം: മൂത്രസഞ്ചി, ബ്ലഡ് ക്യാന്‍സറുകള്‍

രോഗ വ്യാപനം
അര്‍ബുദ ബാധിത കോശങ്ങള്‍ അത്യന്തം ചലനാത്മകമായതിനാല്‍, അവ ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രം കേന്ദ്രീകരിക്കാതെ മറ്റുഭാഗങ്ങളിലേയ്ക്ക് പടര്‍ന്നുകയറാന്‍ കെല്‍പ്പുള്ളവയാണ്. ഇത്തരം അര്‍ബുദകോശങ്ങള്‍ സമീപത്ത് സ്ഥിതിചെയ്യുന്ന കോശങ്ങളുടെ വളര്‍ച്ചയെ മാത്രമല്ല, കോശസമൂഹത്തിന്റെ മുഴുവന്‍ സ്വാഭാവികമായ വളര്‍ച്ചയിലും ക്രമക്കേടുകളും താളപ്പിഴകളും ഉണ്ടാക്കുന്നു. ഈ ക്രമക്കേടുകളെല്ലാം സെല്ലുകളുടെ പിന്‍തലമുറയ്ക്കും പകര്‍ന്നുകൊടുക്കപ്പെടും. ഇതുമൂലം കോശങ്ങള്‍ക്ക് അതിന്റെ രസതന്ത്രം, ജീവശാസ്ത്രം, പാര്‍മ്പര്യഗുണങ്ങള്‍ ആദിയായവയെ സ്വാധീനിക്കത്തക്ക എന്തോ ചില മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത്തരം കോശങ്ങളാകട്ടെ, വിതച്ചത് വിളയും പോലെ, ശരീരമാസകലം മുഴകളോടും വ്രണങ്ങളോടും കൂടി ‘പൂക്കാനും കായ്ക്കാനും’ തുടങ്ങും.

പാരമ്പര്യവും അര്‍ബുദവും
അടിസ്ഥാനപരമായി അര്‍ബുദം പരമ്പരാഗതമായി പകര്‍ന്നു കിട്ടുന്ന ഒരു രോഗമല്ല. എന്നാല്‍, അപൂര്‍വ്വം ചില കുടുംബ വിഭാഗങ്ങളില്‍ ക്യാന്‍സര്‍ജന്യങ്ങളായ വസ്തുക്കളുടെ ഉപയോഗം നിമിത്തമോ, സാമീപ്യം നിമിത്തമോ ചില പ്രത്യേകതരം അര്‍ബുദങ്ങള്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. ഇത്തരം കുടുംബ പാരമ്പര്യങ്ങളില്‍ പെട്ടവര്‍ കൂടുതല്‍ കരുതലോടെ ജീവിക്കുന്നതും, കൂടെകൂടെ വൈദ്യ പരിശോധന നടത്തുനന്തും അഭികാമ്യമാണ്.

ഒരേ സാഹചര്യങ്ങളില്‍ ജീവിക്കുന്ന വ്യക്തികള്‍ക്ക് ഒരേപോലുള്ള അര്‍ബുദങ്ങള്‍ ഉണ്ടാകുന്നതായി കണ്ടുവരുന്നുണ്ട്. ക്യാന്‍സറുണ്ടാക്കുന്ന പല വസ്തുക്കളും, പ്രത്യേകിച്ച് ഭക്ഷണം, ജീവിക്കുന്ന സാഹചര്യം മുതലായവ അതിന് കാരണമാകാം.

ചില ജനിതക വൈകല്യങ്ങള്‍ ക്യാന്‍സറിനു കാരണമായി മാറാറുണ്ട്. ക്യാന്‍സറിനു കാരണമാകുന്ന ജനിതക വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തി വേണ്ട ചികിത്സാ നടപടികള്‍ എടുത്താല്‍ ക്യാന്‍സര്‍ ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

തുടരും… (അടുത്ത ഭാഗം – ക്യാൻസർ തിരിച്ചറിയുന്നത് എങ്ങനെ?)

Dr C D Varghese Phd

Leave A Reply

Your email address will not be published.