കേള്‍ക്കുമ്പോള്‍ കൗതുകമുള്ളതെങ്കിലും സംഗതി ഗൗരവമുള്ളതാണ്. അമേരിക്കയില്‍ നിന്നുമാണീ വാര്‍ത്ത. ഭര്‍ത്താവിന്റെ കമ്പ്യൂട്ടര്‍ കളിയില്‍ പൊറുതി മുട്ടിയ ഭാര്യ ഭര്‍ത്താവിനെ വില്‍ക്കാന്‍ പരസ്യം നല്‍കിയത് ലോകമെങ്ങും ചര്‍ച്ചയായി. അമേരിക്കക്കാരിയായ ആലീസ് ബാഡ്‌ലിയാണ് ഭര്‍ത്താവ് കെയിലിയെ വില്‍ക്കാന്‍ നെറ്റില്‍ പരസ്യം നല്‍കിയത്.
സദാസമയവും വീഡിയോ ഗെയിം കണ്ടുകൊണ്ടിരിക്കുക. എന്തെങ്കിലും ചോദിച്ചാല്‍ മാത്രം പറയുക. ഭര്‍ത്താവിനെ കൊണ്ട് പൊറുതിമുട്ടിയ ഭാര്യ ഇക്കാര്യമെല്ലാം ഭര്‍ത്താവിന്റെ അമ്മയെ ധരിപ്പിച്ചു. ഉറക്കവും ശരിയായ ഭക്ഷണവുമില്ലാതെ മുഴുവന്‍ സമയവും കമ്പ്യൂട്ടറിന് മുന്നിലിരുന്ന് കളിക്കുകയും ഒറ്റയ്ക്ക് ചിരിക്കുകയും അസ്വസ്ഥനാകുകയും ചെയ്യുന്ന മകന്‍ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു അമ്മ അവനെ വിവാഹം കഴിപ്പിച്ചത്. എന്നാല്‍ കെയിലിന് ഒരുമാറ്റവും വന്നില്ല. കുടുംബത്തെ വേണ്ടാത്ത മകനെ ‘വില്‍ക്കാനുള്ള’ ആശയം ഭാര്യ അവതരിപ്പിച്ചതോടെ അമ്മ സമ്മതം മൂളി. അങ്ങനെ ഓണ്‍ലൈന്‍ കമ്പനിയായ ക്രെയിഗ്ലിസ്റ്റില്‍ പരസ്യം നല്‍കി. പരസ്യവാചകങ്ങള്‍ ഇങ്ങനെ… ‘നല്ലൊരു വീട്ടിലേക്ക് ഭര്‍ത്താവിനെ വില്‍ക്കാനുണ്ട്. വീഡിയോ ഗെയിമാണ് ഇഷ്ടവിനോദം. 24 മണിക്കൂറിനിടയില്‍ എപ്പോഴെങ്കിലും ഒരു തവണ മാത്രം ഭക്ഷണം നല്‍കിയാല്‍മതി. അതുകൊണ്ട് ആര്‍ക്കും സംരക്ഷിക്കാന്‍ എളുപ്പമാണ്. എന്നാല്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും വീഡിയോ ഗെയിമിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കണം.” ഇങ്ങനെ പോകുന്നു ആലീസ് നല്‍കിയ പരസ്യം. ഭര്‍ത്താവിന്റെ കണ്ണ് തുറപ്പിക്കാന്‍ തമാശയെന്ന മട്ടില്‍ ആലീസ് നല്‍കിയ പരസ്യത്തിന് പക്ഷേ, നല്ല പ്രതികരണമാണ് ലഭിച്ചത്. കെയിലിയെ നല്ല രീതിയില്‍ പരിശീലിപ്പിക്കാമെന്നായിരുന്നു ഒരു സ്ത്രീ നല്‍കിയ വാഗ്ദാനം. ഇനി വീഡിയോ ഗെയിമുകളില്‍ ജീവിതം തളച്ചിടില്ലെന്ന് അനേകം യുവാക്കള്‍ എഴുതി.
കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ ലോകമെങ്ങും ശ്രദ്ധ നേടിയ ഒരിനമാണ് ‘ദേഷ്യക്കാരായ പക്ഷികള്‍’ എന്ന് പേരിട്ടിരിക്കുന്ന ഗയിം. തങ്ങളുടെ മുട്ടകള്‍ മോഷ്ടിച്ച് കൊണ്ടുപോയി കാട്ടിനുള്ളില്‍ ഒളിച്ചിരിക്കുന്ന പന്നികളെ അക്രമിച്ച് കീഴടക്കുന്ന പക്ഷികളെ സഹായിക്കുക എന്നതാണ് കളിക്കാരന്റെ ദൗത്യം. പക്ഷികളെ സഹായിച്ച് പന്നികളെ അക്രമിക്കണം. 40 കോടിയിലേറെപ്പേര്‍ ഡൗണ്‍ലോഡ് ചെയ്ത ഈ ഗെയിം ദിവസവും 25 ലക്ഷം പേര്‍ കളിക്കുന്നു. തുടര്‍ച്ചയായ ഈ കളിയിലൂടെ ശത്രുവിനെ തച്ചുടയ്ക്കാനുള്ള ആവേശമാണ് കളിക്കാരില്‍ ഉണരുന്നത്. എന്നാല്‍ ഇതിനേക്കാള്‍ ഹീനമായ ഗെയിമുകളും ഇപ്പോള്‍ പ്രചാരത്തിലെത്തിക്കഴിഞ്ഞു.
കുറ്റകൃത്യങ്ങളിലേക്കും അനാശാസ്യപ്രവണതകളിലേക്കുമാണ് അത് കുട്ടികളെ നയിക്കുന്നത്. ജപ്പാനില്‍ നിന്നും ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുന്ന റേപ്പ് ഗെയിമുകള്‍ മാനഭംഗത്തെ വിനോദമാക്കി ചിത്രീകരിച്ച് ലൈംഗിക വൈകൃതങ്ങളുടെ ലോകത്തേക്ക് കൗമാരക്കാരെയും യുവജനങ്ങളെയും നയിക്കുന്നു. പ്രതിഷേധം ശക്തമായതോടെ ആമസോണ്‍ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സൈറ്റുകള്‍ വില്‍പ്പന പിന്‍വലിച്ചെങ്കിലും വ്യാജന്‍ ധാരാളമായി വില്‍ക്കപ്പെടുന്നു.
”മുതിര്‍ന്നവരും കുട്ടികളും ആവേശത്തോടെ കാണാറുള്ള ടോം ആന്റ് ജെറിയില്‍ പോലും കബളിപ്പിച്ചുകൊണ്ട് എതിരാളിയെ വകവരുത്താനുള്ള ശ്രമമാണ് ഒളിഞ്ഞിരിക്കുന്നതെന്ന്” ഡോ. അബ്രഹാം ജേക്കബ് പറഞ്ഞു. ”എല്ലാ കമ്പ്യൂട്ടര്‍ ഗെയിമുകളും ഇങ്ങനെയാണ്. നിന്നെ ഇല്ലാതാക്കുന്നതാണ് എന്റെ വിജയം. ഇതാണതിന്റെ ആശയം. വെടിവെച്ചും കീഴ്‌പെടുത്തിയും പരാജയപ്പെടുത്തുക. കുട്ടികള്‍ക്കിടയില്‍ അക്രമ പ്രവണത വളരുന്നതായി മിക്ക സ്‌കൂളുകളിലെയും അധ്യാപകര്‍ പരാതിപ്പെടാറുണ്ട്. ഇത്തരം ഗെയിമുകള്‍ തുടര്‍ച്ചയായി കാണുന്ന കുട്ടികള്‍ തന്നെയാണ് മിക്കവാറും പ്രശ്‌നക്കാര്‍. അഞ്ചു മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്ക് കാര്യങ്ങള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാനുള്ള കഴിവുണ്ട്. അവര്‍ക്ക് നാം നന്മ നല്‍കിയാല്‍ നന്മയിലേക്കും തിന്മ നല്‍കിയാല്‍ തിന്മയിലേക്കും നയിക്കപ്പെടും. മാതാപിതാക്കളുടെ തെരഞ്ഞെടുപ്പാണ് അതി പ്രാധാനം..”
നോര്‍വേയില്‍ 70 ഓളം പേരെ സ്‌ഫോടനത്തിലും വെടിവെയ്പിലുമായി കൊലപ്പെടുത്തിയ ബ്രെവിക്കിന് കൊലക്കുറ്റത്തിന് പ്രചോദനവും പരിശീലവുമായി മാറിയത് വീഡിയോ ഗയിമുകളായിരുന്നു. കോള്‍ ഓഫ് ഡ്യൂട്ടി എന്ന് അറിയപ്പെട്ടിരുന്ന ഈ ഗെയിം ബ്രെവിക്ക് തുടര്‍ച്ചയായി കളിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതെത്തുടര്‍ന്ന് വീഡിയോ ഗെയിമുകള്‍ക്ക് കര്‍ക്കശ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അക്രമസ്വഭാവമുള്ള ഗെയിമുകള്‍ നിരോധിക്കണമെന്നും ഇക്കഴിഞ്ഞ മെയ് മൂന്നിന് ഇന്ത്യന്‍ വംശജനായ എം.പി. കീത്ത് വാസ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിച്ചു. പല രാജ്യങ്ങളും ഇപ്പോള്‍ ഇത്തരം വീഡിയോ ഗയിമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. ഇതിന്റെ ദോഷവശങ്ങള്‍ തിരിച്ചറിഞ്ഞ് പിന്‍വാങ്ങാന്‍ ഇനിയെങ്കിലും നാം കുട്ടികളെ പഠിപ്പിക്കണം. ഏകാന്തത മൂലമുണ്ടാകുന്ന വിരസതയില്‍ നിന്നൊഴിവാകാനാണ് മിക്ക കുട്ടികളും വീഡിയോ ഗെയിമുകളില്‍ ആകര്‍ഷിക്കപ്പെടുന്നത്. അതുകൊണ്ട് മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയും.
കുട്ടികളൊടൊരുമിച്ച് ഫലപ്രദമായി സമയം ചെലവഴിക്കുകയും അവര്‍ക്ക് സ്‌നേഹവും ആത്മധൈര്യവും നല്‍കുകയും ചെയ്ത് നോക്കൂ. ഇത്തരം ഗെയിമുകളില്‍ നിന്നും അവര്‍ പിന്തിരിഞ്ഞ് കൊള്ളും.