Voice of Truth

കാർ ഡീകാര്‍ബണൈസേഷന്‍ സ്ഥാപനങ്ങൾ ഏറുന്നു. എഞ്ചിൻ ഡീകാര്‍ബണൈസേന്റെ ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാം? അറിയേണ്ടതെല്ലാം

Highlights:

  • എഞ്ചിനില്‍ പലയിടങ്ങളിലായി അടിഞ്ഞുകൂടുന്ന കാര്‍ബണ്‍ അംശങ്ങള്‍ പുറത്തുകളയുന്ന വിദ്യയാണ് ഡീകാര്‍ബണൈസേഷന്‍.
  • വാഹനത്തിന്റെ ഇന്ധനത്തിനൊപ്പം, ആള്‍ക്കഹോള്‍, ടര്‍പ്പന്‍ തുടങ്ങിയ ഇനങ്ങളിൽ പെട്ട കെമിക്കലുകള്‍ കയറ്റിവിട്ടാണ് സാധാരണയായി ഡീകാര്‍ബണൈസേഷന്‍ ചെയ്യുക.
  • താരതമ്യേന ചെലവുകുറഞ്ഞതും, ലളിതവുമായ ഡീകാര്‍ബണൈസേഷന്‍ രീതിയാണ് സ്റ്റീം ക്ലീനിംഗ്. ഇന്ന് കേരളത്തിൽ പരക്കെ കാണപ്പെടുന്ന രീതിയും ഇത് തന്നെയാണ്.
  • പൂര്‍ണ്ണ വൈദഗ്ദ്യമുള്ളവര്‍ ശരിയായ രീതിയില്‍ ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്
  • ഡീകാര്‍ബണൈസേഷന് ഉപയോഗിക്കുന്ന മെഷീനുകളുടെയും, കെമിക്കലുകളുടെയും ഫലപ്രാപ്തിയെക്കുറിച്ചുള്ള വ്യക്തമായ ശാസ്ത്രീയ പഠനങ്ങളൊന്നും ലഭ്യമല്ല.

സമീപകാലങ്ങളിലായി കാറുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേള്‍ക്കുന്ന ഒരു പുതിയ സാങ്കേതികനാമമാണ് ‘ഡീകാര്‍ബണൈസേഷന്‍’. പഴക്കമുള്ള വാഹനങ്ങളുടെ പെര്‍ഫോമന്‍സും മൈലേജും ഉയര്‍ത്താന്‍ ഡീകാര്‍ബണൈസേഷന്‍ ചെയ്യുന്നത് നല്ലതാണെന്ന് പരക്കെ അഭിപ്രായമുണ്ട്. അടിസ്ഥാനപരമായി പറഞ്ഞാല്‍, എഞ്ചിനില്‍ പലയിടങ്ങളിലായി സാവകാശം അടിഞ്ഞുകൂടുന്ന കാര്‍ബണ്‍ അംശങ്ങളെ പുറംതള്ളുകയാണ് ഡീകാര്‍ബണൈസേഷനിലൂടെ.

എന്താണ് ഡീകാര്‍ബണൈസേഷന്‍?

മുമ്പ് പറഞ്ഞതുപോലെ, എഞ്ചിനില്‍ പലയിടങ്ങളിലായി അടിഞ്ഞുകൂടുന്ന കാര്‍ബണ്‍ അംശങ്ങള്‍ പുറത്തുകളയുന്ന വിദ്യയാണ് ഡീകാര്‍ബണൈസേഷന്‍. അത് മെക്കാനിക്കലായും, കെമിക്കലുകള്‍ ഉപയോഗിച്ചും, നീരാവി ഉപയോഗിച്ചും ചെയ്യാം.

മെക്കാനിക്കലായി ചെയ്യുന്നത് സ്വാഭാവികമായും വിദഗ്ദനായ ഒരു മെക്കാനിക്കിന്റെ സഹായത്തോടെ സിലിണ്ടര്‍ ഹെഡ് മാറ്റിയശേഷം, പിസ്റ്റണിലും, കംബസ്റ്റ്ഷന്‍ ചേംബറിലും, മറ്റു ഭാഗങ്ങളിലും അടിഞ്ഞുകൂടിയിരിക്കുന്ന കാര്‍ബണ്‍ നീക്കം ചെയ്യുകയാണ്. കംബസ്റ്റ്ഷന്‍ ചേംബറിനുള്ളില്‍ വച്ച് ഓയില്‍ എരിയാറുള്ളതിനാല്‍, ടു സ്ട്രോക്ക് എഞ്ചിനുകള്‍ക്ക് ഇടയ്ക്കിടെ ഡീകാര്‍ബണൈസേഷന്‍ ചെയ്യേണ്ടത് ആവശ്യമാണ്‌. ടു സ്ട്രോക്ക് എഞ്ചിനുകളിലെ ഡീകാര്‍ബണൈസേഷന്‍ താരതമ്യേന ലളിതമാണ്. മറ്റ് വാഹനങ്ങളില്‍ മെക്കാനിക്കൽ ഡീകാര്‍ബണൈസേഷന്‍ അത്ര എളുപ്പമല്ല. പ്രത്യേകിച്ച്, സെന്‍സറുകളും ഇലക്ട്രോണിക് പാര്‍ട്ട്സും ഉള്ള വാഹനങ്ങളില്‍ സങ്കീര്‍ണ്ണതകള്‍ ഏറെയാണ്‌. അതിനാല്‍, അത്തരം വാഹനങ്ങളിലെ ഡീകാര്‍ബണൈസേഷന്‍, കെമിക്കലുകളോ, നീരാവിയോ ഉപയോഗിച്ചാണ് ചെയ്യുക.

വാഹനത്തിന്റെ ഇന്ധനത്തിനൊപ്പം, ആള്‍ക്കഹോള്‍, ടര്‍പ്പന്‍ തുടങ്ങിയ ഇനങ്ങളിൽ പെട്ട കെമിക്കലുകള്‍ കയറ്റിവിട്ടാണ് സാധാരണയായി ഡീകാര്‍ബണൈസേഷന്‍ ചെയ്യുക. അത്തരത്തില്‍ ഇന്ധനത്തിനൊപ്പം എഞ്ചിന്‍ ഭാഗങ്ങളില്‍ കടന്നുചെല്ലുന്ന കെമിക്കലുകള്‍ ഫ്യുവല്‍ ഇന്‍ജക്ഷന്‍ സിസ്റ്റം, പിസ്റ്റണ്‍ ക്രൗണ്‍ & റിംഗ്സ്, കംബസ്റ്റ്ഷന്‍ ചേംബര്‍, വാല്‍വുകള്‍, ഇജിആര്‍ വാല്‍വ് തുടങ്ങി വിവിധ ഇടങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കാര്‍ബണ്‍ അംശങ്ങള്‍ ഇളക്കി, എക്സോസ്റ്റ് വഴി പുകയായി പുറംതള്ളുന്നു. ഡീകാര്‍ബണൈസേഷന്‍ ഏജന്റായ കെമിക്കലുകളായി വിവിധ കമ്പനികള്‍ വിവിധ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറുണ്ട്. തങ്ങളുടെ ട്രേഡ് സീക്രട്ടുകളായതിനാല്‍, യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടുന്ന കെമിക്കലുകള്‍ എന്താണെന്ന് ആരുംതന്നെ പരസ്യമാക്കാറില്ല.

മറ്റൊരു ഡീകാര്‍ബണൈസേഷന്‍ രീതിയാണ് സ്റ്റീം ക്ലീനിംഗ്. ഇന്ന് കേരളത്തിൽ പരക്കെ കാണപ്പെടുന്ന രീതിയും ഇത് തന്നെയാണ്. താരതമ്യേന ചെലവുകുറഞ്ഞതും, ലളിതവുമായ ഡീകാര്‍ബണൈസേഷന്‍ രീതിയാണ് ഇത്. ഇവിടെ ഏജന്റായി ഉപയോഗിക്കപ്പെടുന്നത് നീരാവിയാണ്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചൂടായ ഒരു എഞ്ചിനിലേയ്ക്ക് വായുവിനൊപ്പം ( ഇന്ധനത്തിനൊപ്പമല്ല) നീരാവി കൂടി കടത്തിവിട്ടുകൊണ്ടാണ് സ്റ്റീം ക്ലീനിംഗ് ചെയ്യുന്നത്. എഞ്ചിനിലേയ്ക്ക് കടന്നുചെല്ലുന്ന നീരാവി അവിടെ പലയിടത്തായി അടിഞ്ഞുകൂടിയിരിക്കുന്ന കാര്‍ബണ്‍ ഇളക്കി എക്സോസ്റ്റ് വഴി പുറംതള്ളുന്നു. ഈ രീതിയിലൂടെ കാര്‍ബണ്‍ നീക്കം ചെയ്യുന്നതിലെ ഗുണദോഷങ്ങള്‍ ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പൂര്‍ണ്ണ വൈദഗ്ദ്യമുള്ളവര്‍ ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ ഈ രീതികൊണ്ട് ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാവുക എന്നതാണ് പ്രധാനമായി ഓര്‍മ്മിക്കേണ്ട കാര്യം.

മെഷീനുകള്‍ ഉപയോഗിച്ചുകൊണ്ട് ഡീകാര്‍ബണൈസേഷന്‍ ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

എഞ്ചിന്‍ ഡീകാര്‍ബണൈസേഷന്‍ വഴി സാധാരണയായി ലഭിക്കുന്ന ഗുണങ്ങള്‍ പലതുണ്ട്.

  • എഞ്ചിന്‍ ഭാഗങ്ങളൊന്നും തുറക്കാതെ ലളിതമായി ചെയ്യാന്‍ കഴിയുന്നു എന്നുള്ളത് പ്രത്യേക മെഷീനുകൾ ഉപയോഗിക്കുന്നതുവഴിയായുള്ള ഒരു നേട്ടമാണ്.
  • ഒ2 സെന്‍സര്‍, കാറ്റലിറ്റിക് കണ്‍വേര്‍ട്ടര്‍ തുടങ്ങി, എഞ്ചിന്റെ മുഴുവന്‍ ഇന്ധന സംവിധാനങ്ങളെയും ഇതിലൂടെ ഡീകാര്‍ബണൈസ് ചെയ്യാന്‍ കഴിയുന്നു.
  • വാഹനത്തിന്റെ ഇന്ധന ക്ഷമത വര്‍ദ്ധിപ്പിക്കുക, അഥവാ, ഇന്ധനക്ഷമത വീണ്ടെടുക്കുവാന്‍ കഴിയുന്നു.
  • പ്രവര്‍ത്തനക്ഷമത, കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നു.
  • പരിസ്ഥിതിക്ക് ദോഷകരമായ എമിഷനുകള്‍ നിയന്ത്രിക്കപ്പെടുന്നു.
  • എഞ്ചിന്റെ അമിത ശബ്ദവും, വിറയലും കുറയുന്നു
  • എഞ്ചിന്‍ സ്റ്റാര്‍ട്ടിംഗ്, ഡ്രൈവിംഗ് സംബന്ധമായുള്ള പതിവ് തകരാറുകള്‍ പരിഹരിക്കപ്പെടുന്നു.

ഡീകാര്‍ബണൈസേഷന്‍ ചെയ്യുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കണം!?

കാറുകള്‍ ഡീകാര്‍ബണൈസേഷന്‍ ചെയ്യുന്നതിനെ പ്രോല്‍സാഹിപ്പിക്കാത്ത ചിലരുണ്ട്. അവര്‍ക്കും ചിലത് പറയാനുണ്ട്.

  • പ്രശ്നങ്ങളൊന്നുമില്ലാത്ത വാഹനത്തെ എന്തിന് വര്‍ക്ക്ഷോപ്പില്‍ കയറ്റണം എന്നാണ് ആദ്യ ചോദ്യം. ഡീകാര്‍ബണൈസേഷന്‍ ചെയ്യാത്ത എത്രയോ വാഹനങ്ങള്‍ രണ്ടുലക്ഷം കിലോമീറ്റര്‍ കഴിഞ്ഞും സുന്ദരമായി ഓടുന്നു എന്നും അവര്‍ ചോദിക്കുന്നു. കൃത്യസമയത്ത് ആവശ്യമായ മെയിന്റനന്‍സ് നടത്തി വാഹനം ഉപയോഗിക്കുകയാണ് പ്രധാനം.
  • യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ വാഹനം ഡീകാര്‍ബണൈസേഷന്‍ ചെയ്യേണ്ടതുണ്ടോ എന്നാ ചോദ്യം പ്രസക്തമാണ്. അമിതമായ കാര്‍ബണ്‍ ഡിപ്പോസിറ്റ് എഞ്ചിനില്‍ ഉണ്ടായാല്‍ പ്രകടമാകുന്ന ചില ലക്ഷണങ്ങളുണ്ട്‌. പ്രീ ഇഗ്നിഷന്‍, നിശ്ചിത അളവിലും കൂടുതല്‍ സിലിണ്ടര്‍ കംപ്രഷന്‍ പ്രഷര്‍ കൂടുക എന്നിവ ഉദാഹരണം. ഇവയൊന്നും കാണപ്പെടാതെ, ഡീകാര്‍ബണൈസേഷന്‍ ചെയ്യേണ്ട കാര്യം പലപ്പോഴുമില്ല.
  • പുതുതലമുറ വാഹനങ്ങളെല്ലാം തന്നെ, ഇന്റേണല്‍ കംപസ്റ്റ്ഷന്‍ (IC) എഞ്ചിന്‍ ഉള്ളവയാണ്. അവയ്ക്ക് ഇന്ധനത്തെ കാര്‍ബണ്‍ അവശേഷിപ്പിക്കാതെ പൂര്‍ണ്ണമായും ഫലപ്രദമായും എരിയിക്കാന്‍ കഴിയും. അതിനാല്‍, കാര്‍ബണ്‍ ഡെപ്പോസിറ്റ് ഉണ്ടാവാന്‍ സാധ്യത വളരെ കുറവാണ്.
  • കാര്‍ബണ്‍ ഡെപ്പോസിറ്റ് ഉണ്ടാവാനുള്ള കാരണങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലാത്തതിനാല്‍, ഡീകാര്‍ബണൈസേഷന്‍ വഴിയായി ലഭിക്കുന്ന നേട്ടങ്ങള്‍ താല്‍ക്കാലികമായിരിക്കും.

ഡീകാര്‍ബണൈസേഷന്‍ ചെയ്തശേഷം അവശേഷിക്കാന്‍ സാധ്യതയുള്ള ചില ചോദ്യങ്ങള്‍

  • സിലിണ്ടറുകള്‍, ഇന്‍ജക്ടര്‍, വാല്‍വുകള്‍ തുടങ്ങിയവ ഒരുപോലെ ഡീകാര്‍ബണൈസ് ചെയ്യപ്പെട്ടോ?
  • ഇളകിയ കാര്‍ബണ്‍ ഡിപ്പോസിറ്റ് ശരിയായി എക്സോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ?
  • ഇളകിയ കാര്‍ബണ്‍ കാറ്റലിറ്റിക്ക് കണ്‍വേര്‍ട്ടര്‍, ഇജിആര്‍ തുടങ്ങിയവയില്‍ കുടുങ്ങിയാല്‍ എന്താണ് പ്രതിവിധി?
  • എഞ്ചിനില്‍ നിന്ന് ഇളകുന്ന കാര്‍ബണ്‍ ടര്‍ബോയ്ക്ക് എന്തെങ്കിലും തകരാറിന് കാരണമാകുമോ?
  • എഞ്ചിൻ ഭാഗങ്ങളിൽ കട്ടിയായി ഉറച്ചുപോയ കാര്‍ബണ്‍ ഇളകിയിട്ടുണ്ടാകുമോ?
  • ഭാഗികമായി ഇളകിയ കാര്‍ബണ്‍, വാല്‍വുകളുടെ ലീക്കിനും, റിങ്ങുകള്‍ ഒട്ടിപ്പിടിക്കുവാനും കാരണമായേക്കുമോ?
  • ഡീകാര്‍ബണൈസേഷന് ഉപയോഗിക്കുന്ന കെമിക്കലുകള്‍ ഫ്യുവല്‍ പമ്പില്‍ പ്രവേശിച്ചാൽ എന്താണ് സംഭവിക്കുക?

ഇത്തരം ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുവാനായി ഇനിയും കാര്യമായ പഠനങ്ങളൊന്നും നടത്തപ്പെട്ടിട്ടില്ല. ഡീകാര്‍ബണൈസേഷന്‍ കൊണ്ടുണ്ടാകുന്ന ഗുണങ്ങളിൽ പലതും ചിലരുടെ സങ്കല്‍പ്പങ്ങളും കണക്കുകൂട്ടലുകളും മാത്രമാണ് എന്ന ആരോപണമുണ്ട്. കൗതുകകരമായ മറ്റൊന്നുള്ളത്, പലപ്പോഴും സര്‍വീസ് ചെയ്തശേഷം വാഹനത്തിന്റെ പെര്‍ഫോമന്‍സ് മെച്ചപ്പെട്ടതായി ഉടമയ്ക്ക് അനുഭവപ്പെടുന്നത് മനശാസ്ത്രപരമായ ചില കാരണങ്ങള്‍ കൊണ്ട് കൂടിയാണ് എന്നുള്ളതാണ്. അവയ്ക്ക് യഥാര്‍ത്ഥത്തില്‍ വാഹനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിക്കുന്നതുമായി ബന്ധമുണ്ടാകണമെന്നില്ല. അങ്ങനെയിരിക്കെ, ഡീകാര്‍ബണൈസേഷന്‍ കൊണ്ട് അനുഭവപ്പെടുന്ന സത്ഗുണങ്ങളും ചിലപ്പോഴൊക്കെ മനശാസ്ത്രപരമാണ് എന്ന വാദമുണ്ട്.

ഡീകാര്‍ബണൈസേഷന്‍ ചെയ്യുന്നതിന് മുമ്പ് ചിന്തിക്കേണ്ട കാര്യങ്ങള്‍

  • ആധുനിക പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ക്ക് ഡീകാര്‍ബണൈസേഷന്‍ ചെയ്യണം എന്ന് കമ്പനികള്‍ ആവശ്യപ്പെടുന്നില്ല. അത്തരം ഡീകാര്‍ബണൈസേഷന്‍ ചെയ്തതുകൊണ്ട് വാഹനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിച്ചുകൊള്ളണമെന്നുമില്ല.
  • എല്ലാ, വിദഗ്ദരുടെയും അഭിപ്രായത്തില്‍ ഇടയ്ക്കിടെ ഡീകാര്‍ബണൈസേഷന്‍ ചെയ്യുന്നത് ദോഷകരമാണ്. ടാറ്റ ഒഴികെയുള്ള വാഹന കമ്പനികൾ ഇത് പ്രോത്സാഹിപ്പിക്കുന്നില്ല.
  • എഞ്ചിനിൽ കാണപ്പെടുന്ന തകരാറുകള്‍ക്ക് കാരണം കാര്‍ബണ്‍ ഡിപ്പോസിറ്റ് ആണോ എന്ന് ഉറപ്പ് വരുത്തിയ ശേഷം ഡീകാര്‍ബണൈസേഷന്‍ ചെയ്യുക.
  • ഡീകാര്‍ബണൈസേഷന്‍ ചെയ്യുന്ന മെക്കാനിക് ഇക്കാര്യത്തില്‍ വിദഗ്ദനാണ് എന്ന് ഉറപ്പുവരുത്തുക. കെമിക്കല്‍ ഉപയോഗിച്ചുള്ള ഡീകാര്‍ബണൈസേഷനും, സ്റ്റീം ക്ലീനിംഗും അവിദഗ്ദരായവര്‍ ചെയ്‌താല്‍ എഞ്ചിന്‍ തകരാറുകള്‍ക്ക് കാരണമായേക്കാം.
  • വാഹനത്തിന്റെ കാര്യക്ഷമത മെച്ചപ്പെട്ടേക്കാമെങ്കിലും, ഇന്ധന/ഓയില്‍ ചെലവ് പലപ്പോഴും കൂടാനാണ് സാധ്യത. അതിനാല്‍ മൈലേജ് വര്‍ദ്ധിക്കും എന്ന് നിർബ്ബന്ധമില്ല.
  • ഡീകാര്‍ബണൈസേഷന്‍ വഴി ലഭിക്കുന്ന നേട്ടങ്ങള്‍ ചിലപ്പോഴെങ്കിലും താല്‍ക്കാലികമായിരിക്കും. ചില ആയിരം കിലോമീറ്ററുകള്‍ ഓടിക്കഴിഞ്ഞാല്‍ വാഹനത്തിന്റെ കണ്ടീഷന്‍ പഴയതുപോലെ ആയേക്കും.
  • ഡീകാര്‍ബണൈസേഷന് ഉപയോഗിക്കുന്ന മെഷീനുകളുടെയും, കെമിക്കലുകളുടെയും ഫലപ്രാപ്തിയെക്കുറിച്ചുള്ള വ്യക്തമായ ശാസ്ത്രീയ പഠനങ്ങളൊന്നും ലഭ്യമല്ല.
  • ഡീകാര്‍ബണൈസേഷന്‍ ചെലവേറിയതാണ്. ശരിയായ മെയിന്റനന്‍സ് കൃത്യസമയത്ത് ചെയ്യുകയാണ് കാര്‍ബണ്‍ ഡിപ്പോസിറ്റ് ഒഴിവാക്കാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗ്ഗം.

Reference: team-bhp

Leave A Reply

Your email address will not be published.