മനുഷ്യന്റെ മനസിനെയും ശരീരത്തെയും വേര്‍തിരിച്ചു കാണുക ദുഷ്‌കരമാണ്. മനസിന്റെ ആരോഗ്യവും മാറിവരുന്ന ജീവിത സാഹചര്യങ്ങള്‍, രാഷ്ട്രീയ സാംസ്‌കാരിക സാമ്പത്തിക രംഗങ്ങളിലെ അരക്ഷിതാവസ്ഥ, കുടുംബങ്ങളിലെയും ജോലിസ്ഥലത്തെയും പ്രശ്‌നങ്ങള്‍, സോഷ്യല്‍ മീഡിയകളുടെ അതിപ്രസരം എന്നിങ്ങനെ നിരവധിയായ പ്രശ്‌നങ്ങള്‍ മനുഷ്യജീവിതത്തിന് ഏറെ സമ്മര്‍ദം നല്‍കുന്നു. ഈ സാഹചര്യങ്ങളില്‍ മലയാളികള്‍ അടുത്ത കാലത്തായി ഏറെ ഉപയോഗിച്ചുവരുന്ന വാക്കാണ് ‘ടെന്‍ഷന്‍.’ പരീക്ഷയില്‍ ഉദ്ദേശിച്ച മാര്‍ക്ക് കിട്ടിയില്ലെങ്കില്‍, ജോലിയില്‍ വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍, ബന്ധങ്ങള്‍ തകരുമ്പോള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ വരുമ്പോള്‍ എന്നുവേണ്ട നിസാര പ്രശ്‌നങ്ങള്‍ക്കുവരെ സര്‍വത്ര ടെന്‍ഷനാണ്.
എന്താണ് ടെന്‍ഷന്‍?
അമിതമായി അനുഭവപ്പെടാറുള്ള മാനസിക സമ്മര്‍ദത്തെ അല്ലെങ്കില്‍ ഉത്ക്കണ്ഠയെയാണ് പൊതുവായി ടെന്‍ഷന്‍ എന്ന് പറയുന്നത്. ഉല്‍ക്കണ്ഠ സാധാരണമായ ഒരനുഭവമാണ്. തിരിച്ചറിയാന്‍ കഴിയുന്നതോ കഴിയാത്തതോ ആയ അപകട സൂചനകള്‍ക്ക് ശരീരം നടത്തുന്ന ഒരു സാധാരണ പ്രതികരണമാണ് ഭയം അല്ലെങ്കില്‍ ഉല്‍ക്കണ്ഠ. ജീവജാലങ്ങള്‍ക്ക് അപകടങ്ങളില്‍നിന്ന് രക്ഷ നേടാനും അതിജീവനത്തിനുള്ള ഒരു ആയുധമായാണ് പ്രകൃതി ഉല്‍ക്കണ്ഠ നല്‍കിയിരിക്കുന്നത്. എല്ലാ ഉല്‍ക്കണ്ഠകളും മോശപ്പെട്ടവയല്ല. ഉദാഹരണത്തിന് പരീക്ഷയ്ക്ക് പഠിക്കന്നതിനും ഒരു ജോലി നിശ്ചിത സമയത്ത് ചെയ്തുതീര്‍ക്കുന്നതിനും മിതമായ തോതിലുള്ള ഉല്‍ക്കണ്ഠ പലപ്പോഴും സഹായകരമാണ്. ഉല്‍ക്കണ്ഠാജന്യ വിഷയം ഒഴിഞ്ഞു കഴിഞ്ഞാല്‍ സാധാരണയായി ഉല്‍ക്കണ്ഠയും ഒഴിഞ്ഞുപോകും. നാളുകള്‍ കഴിഞ്ഞിട്ടും മാറാതെ നില്‍ക്കുന്ന തീവ്രവും അടിക്കടിയുണ്ടാകുന്നതുമായ ഉല്‍ക്കണ്ഠ ദൈനംദിന ജീവിതത്തെപ്പോലും ബാധിച്ചു തുടങ്ങുമ്പോള്‍ അതൊരു രോഗാവസ്ഥയായി മാറിക്കഴിഞ്ഞു.
ഉല്‍ക്കണ്ഠ എങ്ങനെ തിരിച്ചറിയാം? ലക്ഷണങ്ങള്‍ എന്തെല്ലാമാണ്?
പലപ്പോഴും വിട്ടുമാറാത്ത ശാരീരിക അസ്വാസ്ഥ്യങ്ങള്‍, ഉറക്കമില്ലായ്മ, രക്തസമ്മര്‍ദം, തലവേദന തുടങ്ങിയ പ്രശ്‌നങ്ങളുമായി ഡോക്ടറെ സമീപിക്കുമ്പോള്‍ വിശദമായ പരിശോധനകളിലാണ് ഉല്‍ക്കണ്ഠ രോഗമാണെന്ന് തിരിച്ചറിയുന്നത്. ഉടന്‍തന്നെ ഒരു മാനസികരോഗ വിദഗ്ധനെ സമീപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യാറുണ്ട്.
എല്ലാത്തരത്തിലുമുള്ള ഉല്‍ക്കണ്ഠാ പ്രശ്‌നങ്ങള്‍ക്കും പൊതുവായ ചില ലക്ഷണങ്ങള്‍ കാണാറുണ്ട്. ശാരീരികമായ ഹൃദയമിടിപ്പ്, ദ്രുതഗതിയിലുള്ള ശ്വസനം, ശ്വാസതടസം, വിറയല്‍, വിയര്‍പ്പ്, ഓക്കാനം, വയറിളക്കം, വിശപ്പില്ലായ്മ, ദഹനക്കുറവ്, തലകറക്കം, തലവേദന, തലയ്ക്കുഭാരം, കണ്ണിലിരുട്ടു കയറുക, ഉറക്കമില്ലായ്മ, പേശികള്‍ വലിഞ്ഞു മുറുകിയിരിക്കുക, എപ്പോഴും മൂത്രമൊഴിക്കണമെന്നുള്ള തോന്നല്‍ തുടങ്ങിയവ.
മനഃശാസ്ത്രപരമായ ലക്ഷണങ്ങള്‍
അകാരണമായ ഭയം, വേവലാതി, ആശങ്ക, അക്ഷമ, സംഭ്രമം, മറവി, ദേഷ്യം, സംശയം, ശ്രദ്ധയില്ലായ്മ, ആത്മവിശ്വാസക്കുറവ്, താല്‍പര്യമില്ലായ്മ, വെറുപ്പ്, നിരാശ, അലസത, ശക്തി ചോര്‍ന്നുപോകുന്നതായി തോന്നുക തുടങ്ങിയവ.
പ്രത്യേക തരത്തിലുള്ള ഉല്‍ക്കണ്ഠകള്‍
- സാമാന്യമായ ഉല്‍ക്കണ്ഠ തകരാര്‍ (ജനറലൈസ്ഡ് ആല്‍സൈറ്റി ഡിസ്ഓര്‍ഡര്‍).
ദൈനംദിന ജീവിതത്തിലുണ്ടാകുന്ന ചെറുതും വലുതുമായ സംഭവങ്ങളെക്കുറിച്ചുള്ള അമിതമായ വേവലാതി, വിശദീകരിക്കാനാവാത്ത ഭയം, ഭയംമൂലം വിശ്രമിക്കാന്‍ കഴിയാത്ത അവസ്ഥ, പേശികള്‍ വലിഞ്ഞു മുറുകിയിരിക്കുക, ഭാവിയെക്കുറിച്ചുള്ള നെഗറ്റീവ് ചിന്തകള്‍ എന്നിവ വിട്ടുമാറാതെ മാസങ്ങളോളം നിലനില്‍ക്കുന്നു. - ഫോണിയ
ഏതെങ്കിലും സാധാരണ വസ്തുക്കളോടോ കാര്യമായ ഭയം ആവശ്യമില്ലാത്ത സാഹചര്യങ്ങളോടോ തോന്നുന്ന അസാധാരണമോ അമിതമോ ആയ ഭയം. ഉദാഹരണത്തിന് ചില മൃഗങ്ങള്‍, രക്തം, ഇഞ്ചക്ഷന്‍, ഉയരം, അടച്ചിട്ട മുറി, ലിഫ്റ്റ് എന്നിവയോടുള്ള ഭയം. അതുമൂലം ഇവയില്‍നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രമിക്കുന്നു. അപ്രതീക്ഷിതമായി നേരിടേണ്ടി വരുമ്പോള്‍ ശാരീരികവും മാനസികവും ആയ ഉല്‍ക്കണ്ഠാലക്ഷണങ്ങള്‍ കാണിക്കുന്നു. പെട്ടെന്ന് സഹായം ലഭ്യമായ തോന്നലുകള്‍ ഉള്ള അവസ്ഥകളില്‍, ഉദാഹരണത്തിന് ബസ്, തീവണ്ടി യാത്ര, ധാരാളം ആളുകള്‍ തിങ്ങിനില്‍ക്കുന്ന സ്ഥലങ്ങള്‍ എന്നീ സാഹചര്യങ്ങളില്‍ അമിതമായി വരുന്ന ഉല്‍ക്കണ്ഠകള്‍ക്ക് അഗറോഫോണിയ എന്നു പറയുന്നു.
സാമൂഹ്യമായ ഇടപെടലുകള്‍ ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ തുടര്‍ച്ചയായി വരുന്ന ഭയവും ഉല്‍ക്കണ്ഠയും മറ്റുള്ളവരെ അഭിമുഖീകരിക്കുവാന്‍ ബുദ്ധിമുട്ട്, ചമ്മല്‍ എന്നിവ കാണുന്നവരെ പൊതുവെ നാണംകുണുങ്ങികള്‍ എന്ന് വിളിക്കാറുണ്ട്. ഇതിനെ സോഷ്യല്‍ ഫോബിയ എന്നു പറയുന്നു. - പാനിക് ഡിസ് ഓര്‍ഡര്‍
ഇടവിട്ടുവരുന്ന അമിതമായ ഉല്‍ക്കണ്ഠ, ഭയാശങ്കകള്‍, നെഞ്ചിടിപ്പ്, വിറയല്‍, സമഭ്രമം, ശ്വാസതടസം, മരണഭയം എന്നീ ലക്ഷണങ്ങള്‍ അഞ്ച്-പത്ത് മിനിറ്റിനുള്ളില്‍ വിട്ടുമാറുന്ന, ഒരു കാരണവുമില്ലാതെ ഇത് അടിയ്ക്കടി വന്നുകൊണ്ടേയിരിക്കുന്നു. - ഒബസസീവ് കംപല്‍സീവ് ഡിസ് ഓര്‍ഡര്‍
ഉല്‍ക്കണ്ഠ ജനിപ്പിക്കുന്ന ചില ചിന്തകള്‍, ചിത്രങ്ങള്‍, ചേതനകള്‍ ആവര്‍ത്തിച്ച് മനസിക്കേ് തള്ളിക്കയറി വരുകയും (ഒബ്‌സഷന്‍) അത് ലഘൂകരിക്കുന്നതിനായി അതിനനുബന്ധമായി ചെയ്യുന്ന ചില പ്രവൃത്തികള്‍ ആവര്‍ത്തിച്ച് ചെയ്യുകയും ചെയ്യുന്നു. ഉദാഹരണത്തിന് അമിതമായ വൃത്തിയും വെടിപ്പും. ആവര്‍ത്തിച്ച് കൈ കഴുകല്‍, പിശകു പറ്റിയോ എന്ന ചിന്ത, ആവര്‍ത്തിച്ചുവരുന്നതിന്റെ ഫലമായി തുടര്‍ച്ചയായി പരിശോധിച്ച് ഉറപ്പുവരുത്തുക. താല്‍പര്യമില്ലാത്ത ലൈംഗിക ചിന്തകള്‍ ആവര്‍ത്തിച്ച് മനസിലേക്ക് വരിക, ജോലികള്‍ തീര്‍ക്കാന്‍ അധികസമയം വേണ്ടിവരിക, തീരുമാനങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുവരുന്നു.
ഇതിനെല്ലാം പുറമെ ഉല്‍ക്കണ്ഠാരോഗമുള്ളവരില്‍ വിഷാദരോഗം, ലഹരി ഉപയോഗം, തൊഴില്‍രംഗത്തെ സ്ഥിരതയില്ലായ്മ, ബന്ധങ്ങളില്‍ ഉലച്ചില്‍, ആത്മഹത്യാ സാധ്യത, മെഡിക്കല്‍ പ്രശ്‌നങ്ങള്‍ എന്നിവയും കണ്ടുവരുന്നു
എന്താണ് കാരണങ്ങള്‍?
ഉല്‍ക്കണ്ഠാരോഗങ്ങള്‍ക്ക് കൃത്യമായ ഒരു കാരണം കണ്ടെത്തുക ബുദ്ധിമുട്ടാണ്. ജീവശാസ്ത്രപരവും മനഃശാസ്ത്രപരവുമായ കാരണങ്ങളാല്‍ ഉല്‍ക്കണ്ഠ ഉണ്ടാകാന്‍ സാധ്യതയുള്ള ആളുകളില്‍ പലപ്പോഴും സാഹചര്യങ്ങളുടെ സമ്മര്‍ദം ഉല്‍ക്കണ്ഠയ്ക്ക് കാരണമാകാറുണ്ട്.
- ജീവശാസ്ത്രപരമായ കാരണങ്ങള്‍
സമ്മര്‍ദ പ്രതികരണങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെയും ശരീരത്തിന്റെയും വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന തകരാറുകള്‍ മസ്തിഷ്‌കത്തിലെ രാസപ്രവര്‍ത്തനങ്ങളില്‍ (ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍) വരുന്ന വ്യതിയാനം, ഹോര്‍മോണുകളുടെ വ്യതിയാനം, ജനിതക പാരമ്പര്യ സവിശേഷതകള്‍, മെഡിക്കല്‍ രോഗങ്ങള്‍ (തൈറോയിഡ്, വൃക്ക, കരള്‍, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം, രക്തക്കുറവ് തുടങ്ങിയവ). ചില മരുന്നുകള്‍, ലഹരി ഉപയോഗം. - മനഃശാസ്ത്രപരമായ കാരണങ്ങള്‍
ഒരാളുടെ സ്വഭാവസവിശേഷതകള്‍, കുട്ടിക്കാലത്ത് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍, മാതാപിതാക്കളെ നഷ്ടമാകല്‍, പ്രശ്‌നങ്ങളെ അതിജീവിക്കാനുള്ള മനക്കരുത്ത് കുറവ്. - പരിസ്ഥിതിയിലെ പിരിമുറുക്കങ്ങള്‍
ബന്ധങ്ങളെ തകര്‍ച്ച, കുടുംബങ്ങളിലെയും ജോലിസ്ഥലത്തെയും പ്രശ്‌നങ്ങള്‍, തോല്‍വികള്‍, അപകടങ്ങള്‍, പ്രിയപ്പെട്ടവരുടെ മരണം എന്നീ സമ്മര്‍ദങ്ങള്‍.
രോഗം എങ്ങനെ നിരണയിക്കാം?
മുകളില്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും കണ്ടാല്‍ എത്രയും വേഗം ഒരു മനഃശാസ്ത്ര വിദഗ്ധനെ കാണുക എന്നതാണ് ആദ്യപടി. പലപ്പോഴും ചില അബദ്ധ ധാരണകള്‍ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും വിഘാതമാകാറുണ്ട്. ഉദാഹരണത്തിന് ഡോക്ടറെ സമീപിച്ചാല്‍ മറ്റുള്ളവര്‍ എന്തു പറയും, നാണക്കേട്. ഡോക്ടറെ കണ്ടാല്‍ തീര്‍ച്ചയായും മരുന്നു കഴിക്കേണ്ടവരും. എല്ലാ മരുന്നുകള്‍ക്കും പല പാര്‍ശ്വഫലങ്ങളും ഉണ്ട്. മരുന്നുകള്‍ക്ക് അടിമപ്പെടും എന്നിങ്ങനെയുള്ള ധാരണകള്‍ പലപ്പോഴും ചികിത്സ വൈകിക്കുകയും രോഗം മൂര്‍ച്ചിക്കുന്നതിന് കാരണമാകുകയും ചെയ്യാറുണ്ട്. ഡോക്ടറുടെ അടുത്തെത്തിയാല്‍ വിശദമായ മെഡിക്കല്‍ മനഃശാസ്ത്രപരമായ പരിശോധനകള്‍ നടത്തി രോഗനിര്‍ണയം നടത്തുകയാണ് പതിവ്. ആവശ്യമെങ്കില്‍ മറ്റു രോഗങ്ങള്‍ ഇല്ല എന്നുറപ്പാക്കുന്നതിന് രക്തപരിശോധനകളും വേണ്ടിവന്നേക്കാം.
ഇവ എങ്ങനെ ചികിത്സിക്കാം?
രോഗത്തിന്റെ രീതികളും കാഠിന്യവും കണക്കിലെടുത്താണ് പ്രധാനമായും ചികിത്സകള്‍ നിശ്ചയിക്കാറ്. സൈക്കോ തെറാപ്പി മരുന്നു ചികിത്സ എന്നീ രണ്ടു പ്രധാന ചികിത്സാരീതികളാണുള്ളത്.
- സൈക്കോ തെറാപ്പി
മരുന്നുകളുടെ സഹായമില്ലാതെ രോഗികളുടെ ഉല്‍ക്കണ്ഠ കൗണ്‍സലിങ്ങ് വഴി മാറ്റുന്ന രീതിയാണിത്. നിശ്ചിത സമയത്ത് തെറാപ്പിസ്റ്റ് നിര്‍ദേശിക്കുന്ന ഉപദേശങ്ങള്‍ പാലിക്കുകയും ഗൃഹപാഠങ്ങള്‍ ചെയ്യുകയും ചെയ്യുന്നത് വളരെ ഫലപ്രദമാണ്. ഉദാഹരണത്തിന് റിലാക്‌സേഷന്‍ എക്‌സര്‍സൈസുകള്‍, ബിഹേവിയറല്‍ തെറാപ്പി, കോഗ്നിറ്റീവ് എന്നിവ. - മരുന്നുചികിത്സ
വളരെ സ്ഥിരതവും ഫലപ്രദവുമായ പാര്‍ശ്വഫലങ്ങള്‍ അധികം ഇല്ലാത്തതുമായ അനവധി മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. കൃത്യമായി ഒരു മനഃശാസ്ത്രവിദഗ്ധന്റെ നിര്‍ദേശപ്രകാരം മാത്രം മരുന്നുകള്‍ കഴിക്കാം. ഈ മരുന്നുകള്‍ രോഗിയുടെ സാധാരണ ചിന്തകളെ ബാധിക്കാറില്ല. - ജീവിതശൈലിയിലെ മാറ്റങ്ങള്‍
ലഘുവായ ഉല്‍ക്കണ്ഠകളില്‍ പലതും ജീവിതശൈലി മാറ്റങ്ങളിലൂടെ നേരിടാം. കൃത്യമായ വ്യായാമം മാനസിക സംഘര്‍ഷം കുറയ്ക്കാനുള്ള നല്ലൊരുപാധിയാണ്. നടത്തം, ഓട്ടം, സൈക്ലിംഗ്, നൃത്തം, നീന്തല്‍, യോഗ, മെഡിറ്റേഷന്‍ എന്നിവ പരിശീലിക്കാം. കൃത്യമായ ആഹാരക്രമവും ആരോഗ്യകരമായ ഭക്ഷണരീതികളും ആവശ്യമായ അളവിലുള്ള വെള്ളംകുടിയും സഹായകരമാകാറുണ്ട്. നിശ്ചിതസമയത്ത് കൃത്യമായ ഉറക്കം മനസിനും ശരീരത്തിനും ആവശ്യമായ വിശ്രമം നല്‍കുന്നു. ശാരീരികമായ രോഗാവസ്ഥകള്‍ കൃത്യസമയത്ത് ചികിത്സിക്കുകയും ജീവിതശൈലി രോഗങ്ങള്‍ – പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവ നിയന്ത്രിക്കുകയും വേണം. ബന്ധങ്ങള്‍ ഊഷ്മളമാക്കുക. കുടുംബം, അയല്‍ക്കാര്‍, സുഹത്തുക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ക്കെപ്പം സമയം ചെലവഴിക്കുക. കുടുംബത്തില്‍ ഒന്നിച്ചുള്ള പ്രാര്‍ത്ഥന, ഭക്ഷണം കഴിക്കല്‍, ഒരുമിച്ച് യാത്ര ചെയ്യുക എന്നിവ കുടുംബബന്ധങ്ങള്‍ ഉറപ്പിക്കുന്നതിന് പുറമെ മാനസിക സമ്മര്‍ദം ലഘൂകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. സമ്മര്‍ദങ്ങള്‍ ഏറുമ്പോള്‍ ഏറ്റവും അടുത്ത ആളുകളോട് അവയെ തുറന്നു സംസാരിക്കുക. ജോലിസ്ഥലത്ത് ആരോഗ്യപരമായ ബന്ധങ്ങള്‍ സൂക്ഷിക്കുക. ആവശ്യമായ ഇടവേളകള്‍ എടുക്കാന്‍ മടിക്കരുത്. അരുത് എന്നു പറയേണ്ട സാഹചര്യങ്ങളില്‍ അരുത് എന്ന് പറയാന്‍ ശ്രദ്ധിക്കുക. ലഹരിവസ്തുക്കളുടെ ഉപയോഗം ഉല്‍ക്കണ്ഠ വര്‍ധിക്കാന്‍ കാരണമാകാറുണ്ട്. അതുകൊണ്ട് അവയില്‍നിന്ന് വിട്ടുനില്‍ക്കുകയോ ആവശ്യമെങ്കില്‍ ചികിത്സ എടുക്കുകയും ചെയ്യണം. എല്ലാ ദിവസവും നിശ്ചിതമായ ഒരു സമയം സ്വന്തം ഇഷ്ടങ്ങള്‍ക്ക് മാറ്റിവയ്ക്കുക. മാനസിക ഉല്ലാസം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ സമയം കണ്ടെത്തുക. അമിതമായ മാനസിക സമ്മര്‍ദം സമയത്ത് തിരിച്ചറിയുക. സഹായം തേടുകയും നിയന്ത്രിക്കുകയും ചെയ്യുക. അതുവഴി ആരോഗ്യമുള്ള ശരീരത്തിനും മനസിനും ഉടമകളാകാം.
ഡോ. അനുമേരി മാണി
(അമല മെഡിക്കല്‍ കോളജ്)