വടക്കുകിഴക്കൻ ഇന്ത്യയുടെ തന്ത്രപ്രധാന ഭാഗമായ സിക്കിം അതിർത്തി പ്രദേശമാണ് ദോക്‌ലാം. ഭൂട്ടാൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾ അതിർത്തി പങ്കിടുന്നു. മുഖ്യമായും അവിടെ അതിർത്തി തർക്കം നിലനിൽക്കുന്നത് ചൈനയും ഭൂട്ടാനും തമ്മിലാണ്. തർക്ക മേഖലയായ ദോക്‌ലാമിലൂടെ ചൈന റോഡ് നിർമാണം ആരംഭിച്ചതിനാൽ ദോക്‌ലാമിൽ 2017 ജൂണിൽ ഇന്ത്യൻ-ചൈനീസ് സൈന്യങ്ങൾ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു.
ഇന്ത്യൻ സൈന്യത്തിന് അവിടെ എത്തിച്ചേരുന്നതിനുള്ള പ്രതിബന്ധങ്ങൾ ഇതുവരെയും ഏറെയായിരുന്നു. അങ്ങോട്ട് റോഡ് ഉണ്ടായിരുന്നില്ല എന്നുള്ളതാണ് പ്രധാന കാരണം. നടന്നും, കഴുതപ്പുറത്തേറിയും ഏഴുമണിക്കൂർ യാത്രചെയ്താണ് അവിടെ സൈന്യം എത്തിച്ചേർന്നിരുന്നത്. ഈ സാഹചര്യത്തിലാണ് ദോക്‌ലാമിലേയ്ക്കുള്ള റോഡുനിർമ്മാണം 2015ൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ആരംഭിക്കുന്നത്. വ്യക്തമായും സൈനിക ആവശ്യത്തിനായാണ് റോഡ് പണി തീരുമാനിച്ചത്. ഇന്ത്യയുടെ തന്ത്രപ്രധാന സൈനികത്താവളമുള്ള പ്രദേശമാണ് സിക്കിമിന് അടുത്തുള്ള ദോക്‌ലാം.
പുതിയ റോഡിലൂടെ ദോക്‌ലാം പ്രദേശത്തേയ്ക്ക് എത്തിച്ചേരാൻ കേവലം നാൽപ്പത് മിനുട്ട് മാത്രം മതിയാവും. തുടർന്നും ചൈനയുമായി സംഘർഷ സാധ്യതയുള്ള ദോക്‌ലാം ഭാഗത്ത് സുരക്ഷിതത്വം ഉറപ്പുവരുത്താൻ ഈ പാത നിർമ്മാണത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ പിന്തുണ ഭൂട്ടാന് ആയതിനാൽ, ഭൂട്ടാൻ സർക്കാരിന് വലിയ ആത്മവിശ്വാസം പകരുവാനും ഈ പാതയുടെ പൂർത്തീകരണത്തിന് കഴിഞ്ഞിട്ടുണ്ട്. ഭൂട്ടാൻ പ്രവിശ്യയുടെ ഭാഗമാണെന്ന് ഇന്ത്യയും ചൈനയുടെ ചുംബി താഴ്വരയുടെ ഭാഗമാണെന്ന് ചൈനയും കരുതുന്ന പ്രദേശമാണ് സിക്കിമിനും പശ്ചിമബംഗാളിനും ഇടയിലുള്ള ദോക്‌ലാം. 89 ചതുരശ്ര കി.മീ വിസ്തീർണമാണ് ഈ പ്രദേശത്തിനുള്ളത്.
ദോക്‌ലാമിലേക്കുള്ള എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്ന രണ്ടാമത്തെ റോഡ് നിർമ്മാണം 2020ഓടെ പൂർത്തിയാകും. ഈ റോഡിന്റെ ഏകദേശം 10 കി.മീ ദൂരം പണി പൂർത്തിയായി. ആകെ 30 കി.മീ റോഡാണിത്.