മുൻ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് (67) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഹൃദയാഘാതം നേരിട്ടതിനെ തുടർന്ന് ദൽഹി എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഭർത്താവിനും കുടുംബാംഗങ്ങൾക്കും ഒപ്പം മന്ത്രിമാരായ ഡോ ഹർഷവർദ്ധൻ, നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ, പ്രഹ്ളാദ് ജോഷി തുടങ്ങിയവരും ആശുപത്രിയിൽ എത്തിയിരുന്നു.
കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിൽ തിളങ്ങിയ മന്ത്രിമാരിൽ പ്രമുഖ വ്യക്തിത്വമായിരുന്നു സുഷമ സ്വരാജ്. സൗമ്യമായ സ്വഭാവം കൊണ്ടും പെരുമാറ്റ ശൈലികൊണ്ടും ശ്രദ്ധേയയായിരുന്ന അവർ, ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ ഇലക്ഷനിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഏഴുതവണ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.