നമുക്കൊക്കെ സുപരിചിതമായൊരു പദമാണ് കിന്‍ഡെര്‍ ഗാര്‍ട്ടെന്‍. എവിടെ നിന്നാണ് ഈ വാക്കു വരുന്നത്? Kind എന്ന ജര്‍മ്മന്‍പദത്തിന്റെ അര്‍ത്ഥം കുട്ടി എന്നാണ്-(Kinder = കുട്ടികള്‍). Garten എന്നു പറഞ്ഞാല്‍ തോട്ടമെന്നും. കുട്ടികളുടെ പൂന്തോട്ടം അഥവാ, ബാലവാടിക എന്നാണ് പദത്തിന്റെ അക്ഷരാര്‍ത്ഥം.
Friedrick Wilhelm Augtsu Froebel (1782-1852) എന്ന മഹാന്റെ ഭാവനയില്‍ വിരിഞ്ഞതാണ് ഈ പ്രസ്ഥാനം. ജര്‍മ്മനിയിലെ ബാദ് ബ്ലാങ്കന്‍ ബുര്‍ഗില്‍ 1837 ലാണ് അദ്ദേഹം അത് ആരംഭിച്ചത്-അതിനുവേണ്ടിയുള്ള ട്രെയിനിംഗ് സ്‌കൂള്‍ 1849 ലും.
കുട്ടികളുടെ കളിവിനോദങ്ങളില്‍ അതിരറ്റവിധം ആകൃഷ്ടനാകുന്ന പ്രകൃതക്കാരനായിരുന്നു ഫ്രേബല്‍. എത്ര നേരം വേണമെങ്കിലും അദ്ദേഹം അതു കണ്ടു നില്ക്കും. പരിശീലനം സിദ്ധിച്ചവരുടെ മേല്‍നോട്ടത്തില്‍ അവരെ ഒരുമിച്ചുകൂട്ടുന്നത് ഒത്തിരിയേറെ പ്രയോജനപ്രദമാണെന്ന് അദ്ദേഹം കണ്ടെത്തി. അങ്ങനെയാണ് അതിന്റെ തുടക്കം.
എങ്കിലും, കുട്ടികളുടെ നിഷ്‌കളങ്കതയില്‍ പങ്കുചേര്‍ന്ന അദ്ദേഹത്തിന്റെ നൈര്‍മല്യത്തില്‍ പങ്കുചേരുവാന്‍ പലര്‍ക്കും കഴിഞ്ഞില്ല. അദ്ദേഹത്തിനെതിരായും പ്രസ്ഥാനത്തിനെതിരായും വിമര്‍ശനങ്ങള്‍ തുരുതുരാ പൊന്തിവന്നു. അതോടെ 1851-ല്‍ ബാലവാടിയും അതുമായി ബന്ധപ്പെട്ട എല്ലാ പ്രസ്ഥാനങ്ങളും നിരോധിക്കപ്പെട്ടു. അതുകണ്ടു മനംനൊന്താണ് പിറ്റേവര്‍ഷം ഫ്രേബല്‍ മരിക്കുന്നത്.
എല്ലാ നല്ല പ്രസ്ഥാനങ്ങള്‍ക്കും നേരിടേണ്ടി വന്ന ഗതികേടാണ് ബാലവാടിക്കുമുണ്ടായത്. നന്മയുടെ അവതാരമായ യേശുവിനെ ക്രൂശിച്ച ചരിത്രമാണല്ലൊ ലോകത്തിന്റേത്. യേശുവിന്റെ കല്ലറയില്‍ നിന്നും സഭയെന്നതുപോലെ ഫ്രേബലിന്റെ കുഴിമാടത്തില്‍ നിന്നു ബാലവാടിയും ഉയിര്‍ത്തെഴുന്നേറ്റു. സര്‍വ്വനിയന്ത്രണങ്ങളും പിന്‍വലിച്ചുകൊണ്ടു ഗവണ്‍മെന്റുതന്നെ രംഗത്തുവന്നു. ക്രമേണ അതു ദേശവ്യാപകമായി, ലോകവ്യാപകമായി.
കുഞ്ഞുങ്ങള്‍ ഒന്നിച്ചുകൂടി ചിരിച്ചുല്ലസിക്കുന്നതു കാണാന്‍ നല്ല കൗതുകമുണ്ട്. കളിവിനോദങ്ങളിലൂടെ അവരെ പലതും പഠിപ്പിക്കുവാനും പരിശീലിപ്പിക്കുവാനും പറ്റുമെന്നതാണ് ബാലവാടിയുടെ നേട്ടം. അവര്‍ ഒരു നാടിന്റെ സമ്പത്താണെന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത്. അവരോടൊപ്പം കളിക്കുവാനും അവരെ കളിപ്പിക്കുവാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. എന്തുവന്നാലും ചിരിക്കാത്ത ഗൗരവപ്രകൃതിക്കാരനായ ഒരു ബാലന്‍ ഒരിക്കല്‍ നെഹ്‌റുവിന്റെ ശ്രദ്ധയില്‍പ്പെട്ടു.
അവനെ ഒന്നു ചിരിപ്പിക്കുവാന്‍ വേണ്ടി അദ്ദേഹം ചെയ്തതെന്തെന്നോ? ഒരു ചീപ്പെടുത്ത് അദ്ദേഹം തന്റെ കഷണ്ടിത്തല ചീകി. അതുകണ്ടപ്പോള്‍ അവനും പൊട്ടിച്ചിരിച്ചു! അവരുടെ സന്തോഷം അദ്ദേഹത്തിന്റെയും സന്തോഷമായിരുന്നു.
മഹാത്മാഗാന്ധിയുടെ ജീവിതത്തിലും സമാനസ്വഭാവമുള്ള സംഭവങ്ങള്‍ കാണാം. ഒരിക്കല്‍ ഗാന്ധിജിയെ കാണാന്‍ ഇന്ദിരാഗാന്ധി പയ്യന്‍ രാജീവിനോടൊപ്പം പോവുകയുണ്ടായി. ”എന്റെ തലയില്‍ പ്രശ്‌നങ്ങളുടെ മുള്ളുകള്‍ തറച്ചിരിക്കുകയായിരുന്നു. അതുകൊണ്ടു കുഞ്ഞിനെയും കൂട്ടി വന്നതു നന്നായി” എന്നാണ് ഗാന്ധിജി പറഞ്ഞത്. തല ചൂടായിരു ന്ന ഗാന്ധിജിക്ക് ഒത്തിരി ആശ്വാസം പകരുവാന്‍ പയ്യന്റെ വെറും സാന്നിധ്യത്തിനു സാധിച്ചുവെന്നു ചുരുക്കം.
വലിയ വലിയ പട്ടണങ്ങളില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേകം പാര്‍ക്കുകളുണ്ട്. അവിടെ ഗോവണി കയറുന്ന, ഉയരങ്ങളില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന, കുട്ടിക്കരണം മറിയുന്ന ധാരാളം കുഞ്ഞുങ്ങളെ കാണാം. അവരെപ്പോലെ പന്തുകളിക്കാനും തുമ്പിതുള്ളാനും മുതിര്‍ന്നവര്‍ക്കാകില്ല. എങ്കിലും, അവരെ കളിപ്പിക്കുവാനും അവരുടെ കളികള്‍ കണ്ടു സന്തോഷിക്കുവാനും മുതിര്‍ന്നവരൊക്കെ രംഗത്തുണ്ടാകും. സ്രഷ്ടാവിന്റെ സര്‍ഗ്ഗവൈഭവമാണ് ഇവിടെ പ്രവര്‍ത്തിക്കുക. ജന്മസിദ്ധമായ ആ വാസനയില്ലായിരുന്നെങ്കില്‍ ആരുമാരും ശിശുക്കളെ ശ്രദ്ധിക്കുമായിരുന്നില്ല!
അമേരിക്കയുടെ വടക്കന്‍ മൈതാനങ്ങളില്‍ (Dakota) ചക്രവാളം മുതല്‍ ചക്രവാളം വരെ നീണ്ടുകിടക്കുന്ന തോട്ടങ്ങളുണ്ട്-ആയിരമായിരം ഹെക്ടര്‍ സ്ഥലങ്ങളില്‍ ആരെയോ എതിരേല്ക്കാനായി ആലവട്ടങ്ങളുമേന്തി നില്ക്കുന്ന സൂര്യകാന്തിപ്പൂക്കള്‍! പുഞ്ചിരി പൊഴിച്ചു നില്ക്കുന്ന കുഞ്ഞുങ്ങളെയാണ് അവ അനുസ്മരിപ്പിക്കുക.