Voice of Truth

അമിതഭാരമാണോ പ്രശ്നം? ഇതാ ശാസ്ത്രീയമായ ഒരു മികച്ച പരിഹാരം. ഏഴു ദിവസങ്ങൾകൊണ്ട് ഏഴുകിലോ വരെ തൂക്കം കുറയ്ക്കാം

ജിഎം ഡയറ്റ് എന്ന് കേട്ടിട്ടുണ്ടോ? അമിതഭാരം കുറയ്ക്കാൻ ഇന്ന് ലഭ്യമായ ഏറ്റവും എളുപ്പമാർഗ്ഗമാണ് അത്. അമേരിക്കയിലെ ജനറൽ മോട്ടോർസ് കമ്പനി തൊഴിലാളികൾക്കായി 1985ൽ വികസിപ്പിച്ചെടുത്തതാണ് ഈ ഭക്ഷണക്രമീകരണ രീതി എന്ന് പറയപ്പെടുന്നു. അമേരിക്കൻ കാർഷിക വകുപ്പിന്റെയും, ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്‌മിനിസ്ട്രേഷന്റെയും (FDA), ജോൺ ഹോപ്‌കിങ്‌സ്‌ റിസർച്ച് സെന്ററിന്റെയും പങ്കാളിത്തം ഈ ഡയറ്റ് രീതി വികസിപ്പിച്ചതിന് പിന്നിലുണ്ട്. എന്നാൽ, വളരെ വർഷങ്ങൾക്ക് മുമ്പ് മുതൽ പ്രചാരത്തിലുണ്ടായിരുന്ന ഭക്ഷണ ക്രമീകരണ രീതിയെ 1985ൽ പരിഷ്കരിച്ചെടുക്കുകയാണ് ചെയ്തത് എന്ന വാദവുമുണ്ട്.

എന്താണ് ജിഎം ഡയറ്റ്?

ഏഴു നീണ്ട ഭക്ഷണ ക്രമീകരണമാണ് ജിഎം ഡയറ്റ് നിർദ്ദേശിക്കുന്നത്. ഓരോ ദിവസത്തേയ്ക്കും ആവശ്യമായ വളരെ കർശനമായ നിയമങ്ങൾ ഉണ്ട്. അതുപോലെതന്നെ, ഓരോ ദിവസവും കഴിക്കാൻ അനുവാദമുള്ള പ്രത്യേക ഭക്ഷണങ്ങളുണ്ട്. നിർദ്ദേശങ്ങൾ കൃത്യതയോടെ പാലിക്കാൻ കഴിഞ്ഞാൽ കേവലം ഒരാഴ്ചകൊണ്ട് ഏഴു കിലോവരെ ഭാരം കുറയ്ക്കാൻ കഴിയും എന്നുള്ളത് നിരവധി അനുഭവങ്ങൾ തെളിയിക്കുന്നു.

ഭാരം കുറയ്ക്കുക എന്നതിനൊപ്പം, മറ്റുചില പ്രധാന നേട്ടങ്ങളും ജിഎം ഡയറ്റിനുണ്ട്.

 • ആ ഏഴു ദിവസങ്ങൾകൊണ്ട് ശരീരത്തിലെ ടോക്സിനുകളും, മാലിന്യങ്ങളും പുറന്തള്ളാൻ കഴിയുന്നു.
 • ദഹനശേഷി വർദ്ധിക്കുന്നു
 • കൊഴുപ്പിനെ എളുപ്പത്തിൽ എരിച്ചുകളയുവാനുള്ള ശേഷി ശരീരത്തിന് ലഭിക്കുന്നു.

ഇത്തരം നേട്ടങ്ങൾ ജിഎം ഡയറ്റിലൂടെ ലഭിക്കാനുള്ള പ്രധാനകാരണമായി പറയപ്പെടുന്നത്, ആ ദിവസങ്ങളിലെ ഭക്ഷണങ്ങൾ കുറഞ്ഞ കലോറി ഉള്ളവയാണ് എന്നുള്ളതാണ്. ഒരു ദിവസം ശരീരത്തിന് ആവശ്യമുള്ള കലോറിയേക്കാൾ കുറവാണ് ഭക്ഷണത്തിലൂടെ ലഭിക്കുന്നത് എന്നതിനാൽ അത് ഭാരം കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല, ഈ ദിവസങ്ങളിൽ കഴിക്കാൻ അനുവാദമുള്ള ഭക്ഷണ സാധനങ്ങളിൽ പലതും ‘നെഗറ്റിവ് കലോറി ഫുഡ്’ ആണ്. അതായത്, അവ ദഹിക്കാൻ ആവശ്യമുള്ള കലോറിയേക്കാൾ കുറവായിരിക്കും അവയിൽ അടങ്ങിയിരിക്കുന്നത്.

കഴിക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ആഹാരപദാർത്ഥങ്ങളിൽ അധികവും ജലാംശം കൂടുതലുള്ളവ ആയതിനാൽ, അത് ശരീരത്തെ വിഷവിമുക്തമാക്കാനും, ഭാരം കുറയ്ക്കാനും സഹായിക്കും. ഈ ഡയറ്റ് പലതവണ ആവർത്തിക്കുന്നത് കൂടുതൽ ഫലം ഉണ്ടാകുവാൻ ഉപകരിക്കുമെന്ന് അനുഭവസ്ഥർ പറയുന്നു. എന്നാൽ, ഏഴുദിവസത്തെ ഭക്ഷണ ക്രമീകരണത്തിനു ശേഷം അഞ്ചുമുതൽ ഏഴ് ദിവസം വരെ ഇടവേള കഴിഞ്ഞേ ആവർത്തിക്കാൻ പാടുള്ളൂ.

ജിഎം ഡയറ്റിലെ ഭക്ഷണ ക്രമീകരണങ്ങൾ എങ്ങനെ?

വ്യത്യസ്തമായ ഭക്ഷണക്രമീകരണങ്ങളോടുകൂടിയ ഏഴു ദിവസങ്ങളാണ് ജിഎം ഡയറ്റിലുള്ളത്. ഈ ഏഴുദിവസങ്ങളിലും നിർജ്ജലീകരണം ഉണ്ടാകാതിരിക്കുവാൻ നിർബ്ബന്ധമായും ധാരാളം വെള്ളം കുടിക്കണം. ഒന്നര മുതൽ രണ്ടര ലിറ്റർ വരെ വെള്ളം ഓരോ ദിവസവും കുടിക്കേണ്ടതാണ്.

ഡയറ്റ് ചെയ്യുന്ന ദിവസങ്ങളിൽ പ്രത്യേക വ്യായാമങ്ങൾ ചെയ്യണമെന്ന് നിർബ്ബന്ധമില്ല. താല്പര്യമുള്ളവരും ശീലമുള്ളവരും അത് ചെയ്‌താൽ മതിയാവും. എന്നാൽ, ആദ്യ മൂന്നു ദിവസങ്ങളിൽ ചെയ്യാൻ പാടില്ല എന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.

ജിഎം വണ്ടർ സൂപ്പ് എന്നറിയപ്പെടുന്ന പ്രത്യേക സൂപ്പ് ഓരോ ദിവസവും രണ്ടോ മൂന്നോ കപ്പ് കുടിക്കേണ്ടതാണ്. കാബേജ്, മുള്ളങ്കി, തക്കാളി, ഉള്ളി, കാപ്സിക്കം എന്നിവ ചേർത്താണ് അത് ഉണ്ടാക്കേണ്ടത്.

ഓരോ ദിവസത്തെയും ഭക്ഷണ ക്രമീകരണങ്ങൾ:

ഒന്നാം ദിവസം:

 • ആദ്യത്തെ ദിവസം പഴങ്ങൾ മാത്രമേ കഴിക്കാൻ പാടുള്ളു. എന്നാൽ, വാഴപ്പഴം ഒഴിവാക്കേണ്ടതാണ്.
 • ആവശ്യത്തിനുള്ള അളവ് കഴിക്കാവുന്നതാണ്.
 • തണ്ണിമത്തനും, മത്തൻ വർഗ്ഗത്തിൽ പെടുന്ന മറ്റു പഴങ്ങളും ഭാരം കുറയ്ക്കാൻ സഹായിക്കുന്നവയായതിനാൽ കൂടുതലായി ഉൾപ്പെടുത്താവുന്നതാണ്.

രണ്ടാം ദിവസം:

 • വേവിച്ചോ, പച്ചയ്‌ക്കോ പച്ചക്കറികൾ കഴിക്കാം.
 • ആവശ്യത്തിനുള്ള അളവ് കഴിക്കാവുന്നതാണ്.
 • ഉരുളക്കിഴങ്ങ് കഴിക്കുന്നെങ്കിൽ, പ്രാതലിന് മാത്രമേ കഴിക്കാൻ പാടുള്ളു.

മൂന്നാം ദിവസം:

 • പഴവർഗ്ഗങ്ങളും പച്ചക്കറികളും കഴിക്കാം.
 • വാഴപ്പഴവും, ഉരുളക്കിഴങ്ങും കഴിക്കാൻ പാടില്ല.
 • ആവശ്യത്തിനുള്ള അളവ് കഴിക്കാവുന്നതാണ്.

നാലാം ദിവസം:

 • വാഴപ്പഴവും പാലും മാത്രം കഴിക്കുക
 • പഴം വലുതാണെങ്കിൽ ആറും, ചെറുതാണെങ്കിൽ എട്ടും എണ്ണം മൂന്നു നേരവും കൂടി കഴിക്കാം.
 • ഓരോ നേരം ഓരോ ഗ്ളാസ് വച്ച്, മൂന്നു ഗ്ലാസ്സ് പാൽ പാടനീക്കി കുടിക്കുക. സാധാരണ പാലിന് പകരം സൊയാ മിൽക്ക് ഉപയോഗിക്കാവുന്നതാണ്.

അഞ്ചാം ദിവസം:

 • 280 ഗ്രാം വരുന്ന ചിക്കൻ, ബീഫ്, മത്സ്യം ഇവയിൽ ഏതെങ്കിലും രണ്ടു തവണ കഴിക്കാം.
 • മാംസമോ മത്സ്യമോ കഴിക്കുന്നവർ അതിനൊപ്പം ആറു തക്കാളി കൂടി കഴിക്കുക.
 • സസ്യഭുക്കുകൾക്ക്, മാംസ മത്സ്യ ഭക്ഷണത്തിനു പകരം തവിട് കളയാത്ത പച്ചരിച്ചോറോ, നാടൻ പാൽക്കട്ടിയോ കഴിക്കാം.
 • മാംസ ഭക്ഷണം കഴിക്കുന്നതിനാൽ അധികമായി ശരീരത്തിൽ ഉണ്ടാകുന്ന യൂറിക്ക് ആസിഡിനെ പുറംതള്ളുന്നതിനായി രണ്ടുഗ്ലാസ്സ് വെള്ളം അധികം കഴിക്കുക.

ആറാം ദിവസം:

 • 280 ഗ്രാം വരുന്ന ചിക്കൻ, ബീഫ്, മത്സ്യം ഇവയിൽ ഏതെങ്കിലും രണ്ടു തവണ കഴിക്കാം.
 • ഉരുളക്കിഴങ്ങ് ഒഴികെയുള്ള പച്ചക്കറികൾ ആവശ്യത്തിന് കഴിക്കാം.
 • സസ്യഭുക്കുകൾക്ക്, മാംസ മത്സ്യ ഭക്ഷണത്തിനു പകരം തവിട് കളയാത്ത പച്ചരിച്ചോറോ, നാടൻ പാൽക്കട്ടിയോ കഴിക്കാം.
 • അധികമായി ശരീരത്തിൽ ഉണ്ടാകുന്ന യൂറിക്ക് ആസിഡിനെ പുറംതള്ളുന്നതിനായി രണ്ടുഗ്ലാസ്സ് വെള്ളം അധികം കഴിക്കുക.

ഏഴാം ദിവസം:

 • തവിട് കളയാത്ത പച്ചരിച്ചോറ്, പഴവർഗ്ഗങ്ങൾ, ജ്യൂസ്, പച്ചക്കറികൾ തുടങ്ങിയവ മാത്രം കഴിക്കുക.
 • ആവശ്യത്തിന് കഴിക്കാവുന്നതാണ്.

മേൽപ്പറഞ്ഞ രീതിയിൽ ഓരോ ദിവസത്തേയ്ക്കും വ്യക്തമായ നിർദ്ദേശങ്ങളുണ്ട്. അത് കൃത്യതയോടെ പാലിക്കേണ്ടത് അത്യാവശ്യമാണ്.

മറ്റുചില നിർദ്ദേശങ്ങൾ:

 • ഭക്ഷണ നിയന്ത്രണമുള്ള ദിവസങ്ങളിൽ ബീൻസ് കഴിക്കാൻ പാടില്ല. ബീൻസിൽ കൂടുതൽ കലോറി അടങ്ങിയിട്ടുള്ളതിനാലാണ് അത്.
 • കാപ്പിയും, ഗ്രീൻ ടീയും കുടിക്കാവുന്നതാണ്. എന്നാൽ മധുരം ചേർക്കാൻ പാടില്ല.
 • സോഡ, മദ്യം തുടങ്ങിയവയും കലോറി അടങ്ങിയിട്ടുള്ള പാനീയങ്ങളും ഈ ദിവസങ്ങളിൽ കുടിക്കാൻ പാടില്ല.
 • ഒരാഴ്‍ചത്തെ ജിഎം ഡയറ്റ് കൊണ്ടുണ്ടായ നേട്ടം നിലനിർത്താൻ, പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ ശീലമാക്കുകയും, കാർബോഹൈഡ്രേറ്റ്സിന്റെ അളവ് നിയന്ത്രിക്കുന്ന ഭക്ഷണങ്ങൾ ഉപയോഗിക്കുകയും ചെയ്യുക. (advised to follow a low-carb, high-protein diet)
 • ആവശ്യമാണെങ്കിൽ ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ജിഎം ഡയറ്റ് ആവർത്തിക്കാവുന്നതാണ്.

ജിഎം ഡയറ്റ് ഫലപ്രദമാണ് എന്ന് ആയിരക്കണക്കിന് പേരുടെ അനുഭവങ്ങൾ തെളിയിക്കുന്നു. എന്നാൽ, ഇതിനെ പിന്തുണയ്ക്കുന്ന ആഴമുള്ള ശാസ്ത്രീയ പഠനങ്ങൾ ലഭ്യമല്ല. അതിനാൽ, പ്രമേഹംപോലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ ജാഗ്രത പുലർത്തേണ്ടതാണ്. ജിഎം ഡയറ്റിലൂടെ നിയന്ത്രിക്കപ്പെടുന്ന ഭാരം ദീർഘകാലത്തേയ്ക്ക് നിലനിർത്തുവാൻ കഴിയാറില്ല എന്ന പരാതി പൊതുവെ കാണാറുണ്ട്. എന്നാൽ, തുടർന്നും ശ്രദ്ധിക്കാൻ കഴിഞ്ഞാൽ അതിന് സാധിക്കും എന്ന് നിശ്ചയം.

Leave A Reply

Your email address will not be published.