എല്ലാ മാധ്യമങ്ങളിലും ഇപ്പോൾ മരടിലെ ഫ്‌ളാറ്റുകൾ സജീവ ചർച്ചാവിഷയമാണ്. അഞ്ച് ഫ്‌ളാറ്റുകൾ ഈ മാസം ഇരുപത്തിനകം പൊളിക്കണം, ഇരുപത്തിമൂന്നിന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ നേരിട്ട് ഹാജരാകണം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
ഈ ഫ്‌ളാറ്റുകൾ നിർമ്മിക്കുമ്പോൾ ആ സ്ഥലത്ത് ഫ്‌ളാറ്റുകൾ പണിയാൻ അനുവാദം ഇല്ലായിരുന്നു. എന്നിട്ടും ഈ വലിയ കെട്ടിടങ്ങൾ അവിടെ ഉയർന്നു. വേണ്ടപ്പെട്ടവർ ആരും അത് അറിഞ്ഞില്ല, കണ്ടില്ല എന്ന് വിശ്വസിക്കുവാൻ കഴിയില്ല. ആരൊക്കെയോ എന്തിനൊക്കെയോ വേണ്ടി കണ്ണടച്ചു എന്ന് വ്യക്തം. ഫ്‌ളാറ്റ് പണിത് വൈദ്യുതി കണക്ഷനും കിട്ടി. വാട്ടർ കണക്ഷനും ലഭിച്ചു. സ്വാഭാവികമായും നിയമപരമായ കെട്ടിടം എന്നല്ലേ സാമാന്യജനത വിശ്വസിക്കൂ!
നിയമപരമല്ലാത്ത കെട്ടിടത്തിന് എങ്ങനെ ബിൽഡിംഗ് നമ്പർ കിട്ടി? ബിൽഡിംഗ് നമ്പർ ഇല്ലാതെയല്ലല്ലോ വൈദ്യുതി കണക്ഷന് അപേക്ഷിച്ചതും കണക്ഷൻ കിട്ടിയതും? പക്ഷെ, പണിക്ക് നേതൃത്വം നൽകിയവരും അനുമതികൾ നൽകിയവരും രക്ഷപെട്ടു, വാങ്ങിച്ചവർ കുടുങ്ങി.
ഈ പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ ശ്രദ്ധാർഹമാണ്. ഒന്ന്, ഇപ്പോൾ അവിടെ ഫ്‌ളാറ്റ് പണിയാൻ നിയമപരമായ അനുവാദമുണ്ട്. എന്നാൽപ്പിന്നെ, മാതൃകാപരമായ പിഴ ചുമത്തി ഈ കെട്ടിടത്തിന് നിയമസാധുത നൽകിയാൽ എത്രമാത്രം ജനങ്ങൾക്ക് തുണയാകും? രണ്ട്, എത്രമാത്രം കല്ലും മണ്ണും സിമന്റുമാണ് ഈ കെട്ടിടങ്ങൾ പൊളിച്ചാൽ അവശേഷിക്കുക? പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മലിനീകരണം എത്രമാത്രമായിരിക്കും? ഇവ പൊളിച്ചുകളഞ്ഞാലും ഇനിയും അവിടെ വേറെ കെട്ടിടങ്ങൾ പണിയും. അത് കുറേക്കൂടി മലിനീകരണ പ്രശ്നങ്ങൾക്ക് കാരണമാവും.
ഇതൊക്കെ ഒഴിവാക്കാൻ, ശിക്ഷിക്കപ്പെടേണ്ടവർക്ക് ശിക്ഷ നൽകി ഈ കിട്ടിടങ്ങളെ നിയമവിധേയമാക്കിക്കൂടേ? എല്ലാ നിയമങ്ങളും അടിസ്ഥാനപരമായി മനുഷ്യനന്മയ്ക്കുവേണ്ടിയല്ലേ, രാഷ്ട്രീയ പാർട്ടികളും, സംസ്ഥാന – കേന്ദ്ര സർക്കാരുകളും എല്ലാ ഭിന്നതകളും മാറ്റിവച്ച് ഈ കാര്യത്തിൽ ഈ ഫ്‌ളാറ്റുകളുടെ ഉടമസ്ഥരുടെ സഹായത്തിനിറങ്ങണം. നിയമ വിദഗ്ദർ അവർക്ക് നിയമ സഹായം നൽകണം.
കുറെപ്പേർക്ക് മാനസികോല്ലാസം നൽകുമെന്നതിനപ്പുറം ഈ ഫ്‌ളാറ്റുകൾ പൊളിക്കുന്നതുകൊണ്ട് ആർക്കും ഒരു ഗുണവും ഉണ്ടാവില്ലെന്ന് തീർച്ച!