ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തികളുടെ ഈ വര്‍ഷത്തെ ബിബിസി പട്ടികയില്‍ സിംഗപ്പൂരില്‍ നിന്നുള്ള 81 കാരിയായ കന്യാസ്ത്രിയും ഉള്‍പ്പെടുന്നു. സിംഗപ്പൂരിലെ ജയിലറകളില്‍ വധശിക്ഷയ്ക്കുവിധിക്കപ്പെട്ടവരെ സാന്ത്വനിപ്പിക്കുന്നതിനായി നടത്തിയ സൂദീര്‍ഘ സേവനങ്ങളാണ് ബിബിസി പട്ടികയില്‍ സിസ്റ്റര്‍ ജെരാര്‍ഡിന് ഇടം നേടിക്കൊടുത്തത്.
2019 ലെ ബിബിസി പട്ടികയില്‍ ഇടം നേടിയവരില്‍ യു.എസ് കോണ്‍ഗ്രസ് വുമന്‍ അലക്‌സാഡ്രിയ ഒകാസിയോ-കോര്‍ട്ടസ്, സ്വീഡിഷ് ക്ലൈമറ്റ് ചെയ്ഞ്ച് ആക്ടിവിസ്റ്റ് ഗ്രേറ്റ തന്‍ബേര്‍ഗ്, ഫിലിപ്പീന്‍സില്‍ നിന്നുള്ള ജേണലിസ്റ്റ് മരിയ റെസ എന്നിവര്‍ക്കൊപ്പമാണ് സിസ്റ്റര്‍ ജെരാര്‍ഡ് ഫെര്‍ണാണ്ടസ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സിംഗപ്പൂരില്‍ നിന്ന് ബിബിസിയുടെ പട്ടികയില്‍ സ്ഥാനം പിടിക്കുന്ന ആദ്യ വനിതയുമാണ് സിസ്റ്റര്‍ ജെരാര്‍ഡ്.
2018 ല്‍ പുറത്തിറക്കിയ സിസ്റ്റര്‍ എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് സിസ്റ്റര്‍ ജെരാര്‍ഡ് എന്ന കന്യാസ്ത്രിയുടെ നിശബ്ദസേവനം ലോകത്തിന്റെ കണ്ണിലുടക്കിയത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട്, അഴികള്‍ക്കുള്ളില്‍ മരണം കാത്തുകഴിയുന്നവര്‍ക്കിടയിലേക്ക് ഒരു മാലാഖയെപ്പോലെ കടന്നുചെല്ലുന്ന സിസ്റ്റര്‍ ജെരാര്‍ഡ് അതുല്യ സേവനമാണ് അവിടെ നടത്തുന്നത്. ജയിലറകളിലേക്ക് ആശ്വാസതൈലവുമായി കടന്നുചെന്ന് മരണം കാത്തുകഴിയുന്നവര്‍ക്ക് മരണത്തെ മുഖാമുഖം നേരിടുന്നതിനുള്ള ശക്തി പകരുകയാണ് സിസ്റ്ററിന്റെ മിഷന്‍.
1988 ല്‍ വധശിക്ഷയ്ക്കുവിധേയരായ കാതറിന്‍ താന്‍ മുയി ചൂ, ഹെയോ കാ ഹോംഗ് തുടങ്ങിയവരെ ജയിലെത്തി സിസ്റ്റര്‍ വധശിക്ഷനേരിടുന്നതിന് സജ്ജരാക്കിയിരുന്നു. വധശിക്ഷയ്ക്കുവിധിക്കപ്പെട്ട ഏതാണ്ട് 18 ഓളം കുറ്റവാളികള്‍ക്കൊപ്പം നടന്ന വനിതയെന്നാണ് സിസ്റ്ററിനെക്കുറിച്ച് ബിബിസി രേഖപ്പെടുത്തിയത്.
ദൈവം തന്നെ ജീവിതം പൂര്‍ണമായും തികച്ചും വ്യത്യസ്തമായ വിധത്തില്‍ പ്രയോജനപ്പെടുത്തിയ സിസ്റ്റര്‍ ജെരാര്‍ഡ് തന്നെ ബിബിസി യുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ ആശ്ചര്യം പ്രകടിപ്പിച്ചു.
താന്‍ അവാര്‍ഡിനോ സമ്മാനത്തിനോ വേണ്ടി അല്ല സേവനം ചെയ്യുന്നതെന്നും തന്റെ 81 മാത്തെ വയസ്സില്‍ തനിക്ക് ഇതുവേണ്ടിയിരുന്നില്ലെന്നും തന്നേക്കാള്‍ അര്‍ഹരായ അനേകം വനിതകളുണ്ടെന്നും സൂചിപ്പിച്ചു. മറ്റുള്ളവരെ പരിചരിക്കുന്നതിനും സഹാനുഭുതി പകരുന്നുതിനും തനിക്ക് സന്തോഷമാണെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
സിംഗപ്പൂരിലെ ചാംഗി ജയിലില്‍ വധശിക്ഷ കാത്തുകിടക്കുന്നവര്‍ക്ക് സാന്ത്വനമേകുന്നതിനായി താന്‍ പ്രത്യേകമായി വിളിക്കപ്പെട്ടിരിക്കുന്നുവെന്നും സിസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നു. 40 വര്‍ഷമായി കത്തോലിക്കസഭയുടെ പ്രിസണ്‍ മിനിസ്ട്രിയുടെ ഭാഗമായി സിസ്റ്റര്‍ ജയില്‍ സന്ദര്‍ശിക്കുന്നു. 1977 ല്‍ റിഡംപ്റ്ററിസ്റ്റ് വൈദികനായ ഫാദര്‍ ബ്രയാന്‍ ഡോറോയും ഫാദര്‍ പാട്രിക് ജോണിനുമൊപ്പമാണ് സിസ്റ്റര്‍ ജയില്‍ മിനിസ്ട്രി ആരംഭിച്ചത്.
പ്രമാദമായ ഒരു കേസില്‍ വധശിക്ഷയ്ക്കുവിധിക്കപ്പെട്ട കാതറിന്‍ താന്‍ മുയി ചൂ സിസ്റ്റര്‍ ജെരാര്‍ഡിന്റെ ഒരു പൂര്‍വവിദ്യാര്‍ത്ഥിയായിരുന്നു. തന്റെ പൂര്‍വ്വവിദ്യാര്‍ത്ഥിയെ ആശ്വസിപ്പിക്കുവാനായിട്ടാണ് ആദ്യമായി സിസ്റ്റര്‍ ജെരാര്‍ഡ് ജയിലിലെത്തിയത്. 1983 ലായിരുന്നു കാതറിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതറിഞ്ഞ സിസ്റ്റര്‍ ജെരാര്‍ഡ് ജയില്‍ വാര്‍ഡനോട് മിസ് കാതറിനെ കാണുവാന്‍ ആഗ്രഹമുണ്ടെന്നറിയിച്ചു. അവള്‍ക്ക് എന്നെ കാണുവാന്‍ താല്പര്യമുണ്ടെങ്കില്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നും പറഞ്ഞു. അതനുസരിച്ച് സിസ്‌ററര്‍ അവള്‍ക്ക് കത്തെഴുതി, അതില്‍ ഈശോയുടെ പടവും വെച്ചിരുന്നു. അത് കാതറിനെ വല്ലാതെ സ്പര്‍ശിച്ചു. പിന്നീട് അവള്‍ വധശിക്ഷയ്ക്ക് വിധേയയാകും വരെ എല്ലാ ആഴ്ചയും അരമണിക്കൂര്‍ നേരം സിസ്റ്റര്‍ അവളെ കാണാന്‍ ജയിലിലെത്തുമായിരുന്നു. അന്നു തുടങ്ങിയ മിനസ്ട്രി ഇന്നും തുടരുന്നു..