Voice of Truth

അവയവദാനത്തിന്റെ പിന്നാമ്പുറക്കഥകള്‍

ഈയിടെ ചൈന, തായ്‌വാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മനുഷ്യമാംസം കച്ചവടത്തിനു വെച്ചിരിക്കുന്നതായ ഫോട്ടോകള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ബീഫ്, ചിക്കന്‍ ഇവപോലെ മനുഷ്യമാംസവും തൂക്കിയിട്ടിരിക്കുന്നതും പോളിത്തീന്‍ കവറുകളില്‍ പായ്ക്കറ്റാക്കി വെച്ചിരിക്കുന്നതും യാഥാര്‍ത്ഥ്യമാണോ അതോ കമ്പ്യൂട്ടര്‍ വര്‍ക്കാണോയെന്നും സന്ദേഹമുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഗര്‍ഭസ്ഥശിശുവിനെ സോസില്‍ മുക്കി തായ് യുവാവ് ഭക്ഷിക്കുന്ന രംഗം ഒട്ടേറെ ഒച്ചപ്പാടുകള്‍ ഉണര്‍ത്തിയിരുന്നു. ചൈനീസ് സര്‍ക്കാറിന്റെ കറുത്ത മുഖങ്ങള്‍ വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി ഈ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അവയവദാന തട്ടിപ്പിന്റെ കഥകള്‍ അവതരിപ്പിക്കുന്നു.

ഫുലാന്‍ ഗോംഗ് വിഭാഗത്തില്‍പ്പെട്ട 40,000 ഓളം തടവുകാര്‍ പീഡനത്തിന് ഇരയായതും 2008 വരെ 65,000 പേര്‍ അവയവങ്ങള്‍ നീക്കം ചെയ്തതുമൂലം മരിച്ചെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അവയവ സ്വീകരണത്തിനായി വിദേശികളെ ചൈനയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ചൈനീസ് ഭരണകൂടം ലക്ഷ്യം വെയ്ക്കുന്നതെന്നാണ് വെളിപ്പെടുത്തല്‍. മറ്റു മേഖലകളില്‍ നിന്ന് സമ്പാദിക്കുന്ന വരുമാനത്തിലും പതിന്‍മടങ്ങാണ് അവയവ വിപണനം വഴി ചൈന സമ്പാദിക്കുന്നത്. പത്രപ്രവര്‍ത്തകനായ എഥാന്‍ ഗാട്ട്മാന്‍, മനുഷ്യാവകാശപ്രവര്‍ത്തകനായ കനേഡിയന്‍ അഭിഭാഷകന്‍ ഡേവിഡ് മത്താസ്, ഡേവിഡ് കില്‍ഗൗര്‍ എന്നിവരടങ്ങിയ സംഘത്തിന്റെ അന്വേഷണമാണ് ‘ഒമൃറ ീേ യലഹലശ്‌ല’ എന്ന ഡോക്യുമെന്ററിയിലൂടെ ലോകജനതയെ അറിയിക്കുന്നത്.

ചൈനീസ് ഭരണകൂടം തടവിലാക്കിയിരിക്കുന്നവരുടെ നേത്രപടലം, കരള്‍, വൃക്ക, ഹൃദയം എന്നിവ സ്വീകരിക്കുന്നതിലേറെയും വിദേശികളാണ്. 2006 മുതലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങിയത്. 1990ലാണ് ഗുലാന്‍ഗോംഗ് എന്ന ആധ്യാത്മിക വിഭാഗം ചൈനയില്‍ തുടങ്ങിയത്. വൈകാതെ 10 കോടിയിലധികം ജനങ്ങള്‍ ഇതില്‍ അംഗങ്ങളായി. 1999 മുതല്‍ ചൈനീസ് സര്‍ക്കാര്‍ ഈ വിഭാഗത്തിനെതിരെ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. ഇതേ തുടര്‍ന്ന് നേതാക്കളും അനവധി പ്രവര്‍ത്തകരും ജയിലിലായി. സര്‍ക്കാരിന്റെ ഈ ക്രൂരതയില്‍ പങ്കാളിയാവാന്‍ മനസുവരാതെ നാടുവിട്ട ഒരു സര്‍ജന്‍ ഇപ്പോള്‍ ലണ്ടനില്‍ ടാക്‌സി ഡ്രൈവറായാണ് ജോലി ചെയ്യുന്നത്. 1994ല്‍ സര്‍ക്കാര്‍ നിയോഗിച്ചതനുസരിച്ചാണ് തടവുകാരുടെ അവയവങ്ങള്‍ എടുക്കാന്‍ ഈ ഡോക്ടര്‍ ജയിലിലെത്തുന്നത്. വെടിയേറ്റ നിലയിലുള്ള തടവുകാര്‍ക്ക് ചികിത്സ നല്‍കാതെ അവരുടെ ശരീരത്തില്‍ നിന്ന് അവയവങ്ങള്‍ നീക്കം ചെയ്യാനായിരുന്നു അദ്ദേഹത്തെ നിര്‍ബന്ധിച്ച് ചെയ്യിച്ചിരുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ അവയവമാറ്റ ശസ്ത്രക്രിയ ചെയ്യുന്നത് ചൈനയിലാണ്. 2013ല്‍ 2400 തടവുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ചൈനീസ് തടവുകാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സംഘടനയായ ദുയ് ഹുവ ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്. 2000-2008 കാലയളവില്‍ 40,000 ഗുലാന്‍ഗോംഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 65000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഭരണകൂടത്തിന്റെ പീഡനങ്ങള്‍ക്കിരയായവരെ നേരില്‍ കണ്ടാണ് എഥാന്‍ ഗാട്ട്മാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇന്ന് ബ്രയിന്‍ ഡെത്ത് (മസ്തിഷ്‌ക മരണം) ആയെന്ന് ഡിക്ലയര്‍ ചെയ്യാന്‍ അനാവശ്യമായ തിടുക്കം കാട്ടുന്നുണ്ടോയെന്ന് സംശയിക്കത്തക്കവിധത്തില്‍ കോര്‍പ്പറേറ്റ് ഹോസ്പിറ്റലുകള്‍ അവയവദാനത്തിന് അമിതമായി ഉത്സാഹം കാണിക്കുന്നു. ലക്ഷങ്ങളുടെ ബിസിനസ്സാണ്. എത്ര ദരിദ്രനാണെങ്കിലും സാമൂഹ്യസംഘടനകള്‍ ഇടപെട്ട് ലക്ഷങ്ങള്‍ സ്വരൂപിക്കുവാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം മതി. ചിലപ്പോള്‍ മണിക്കൂറുകള്‍. ചില സന്ദര്‍ഭങ്ങളിലെങ്കിലും സുതാര്യമല്ലാത്ത നിലപാടുകള്‍ ജനത്തെ സംശയത്തിലാഴ്ത്തും. ഇടനിലക്കാരന്‍ ലക്ഷങ്ങള്‍ പ്രതിഫലം പറ്റിയിരുന്ന വൃക്കവ്യാപാരം കുറച്ചെങ്കിലും നിയന്ത്രണവിധേയമാക്കാന്‍ നിലവിലെ നിയമവ്യവസ്ഥിതിക്കു സാധിച്ചത് ഓര്‍ക്കാം.
ഹൃദയമാറ്റ ശസ്ത്രക്രിയ ഏതാണ്ട് 6 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാനാവും. എന്നാല്‍ ഏറ്റവും സങ്കീര്‍ണ്ണമായ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുവേണ്ടി 12 മുതല്‍ 26 മണിക്കൂര്‍ വരെ ഡോക്ടര്‍മാര്‍ പരിശ്രമിക്കേണ്ടി വരും. എന്നാല്‍ പ്രശസ്തിയും ബഹുമാനവും ലഭിക്കുന്നത് ഹൃദയത്തെ തൊടുന്നവര്‍ക്കാണ്. ബഹുമതികളും ഉപഹാരങ്ങളും ലഭിക്കുവാന്‍ അര്‍ഹരായ ത്യാഗസമ്പന്നരും അത്യാഗ്രഹികളുമല്ലാത്ത ധാരാളം ഡോക്ടര്‍മാര്‍ കേരളത്തിലുണ്ട്. അവരെ മനസ്സിലാക്കുവാന്‍ നമുക്കു കഴിയണം. ഈ അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കേസുകളില്‍ എല്ലുരോഗ വിദഗ്ധരും, പ്രസവവിദഗ്ധരും സര്‍ജ്ജന്‍മാരും ധാരാളം ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഹൃദ്രോഗവിദഗ്ധന്‍മാര്‍ക്കെതിരെ വിരലിലെണ്ണാവുന്ന ആക്ഷേപങ്ങളേയുള്ളൂ. അതിനര്‍ത്ഥം ഹൃദ്രോഗികളായെത്തുന്ന എല്ലാവരെയും കാര്‍ഡിയോളജിസ്റ്റ് ചികിത്സിച്ച് സുഖപ്പെടുത്തുന്നുവെന്നല്ലാ, മറിച്ച് മരണസാധ്യത ഏറെയാണെന്ന് ജനത്തിനറിയാം. പ്രസവസംബന്ധമായി അമ്മയും കുഞ്ഞും ഒരു കാരണവശാലും മരണപ്പെടാന്‍ പാടില്ലാ എന്നാണ് പൊതുജനം ആഗ്രഹിക്കുന്നത്. എത്രയോ കാലങ്ങളായി ആശുപത്രികള്‍ നിലവില്‍ വരും മുമ്പ് അനാദികാലം മുതല്‍ പ്രസവം വീട്ടില്‍തന്നെ കുഴപ്പമില്ലാതെ നടക്കുന്നുവെന്ന് അവര്‍ വിലയിരുത്തുന്നു. പ്രസവ സംബന്ധമായി ഒരനര്‍ത്ഥവും സംഭവിക്കാന്‍ പാടില്ലായത്രേ !!
മസ്തിഷ്‌കമരണം കൂടുതലായി നടക്കപ്പെടുന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്.

2016 ജനുവരി രണ്ടിന് കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള നോട്ടോ (നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍) പുറത്തിറക്കിയ കാര്യങ്ങള്‍ ഇപ്രകാരമായിരുന്നു. ഇന്ത്യയില്‍ വൃക്ക ആവശ്യമുള്ള 2 ലക്ഷത്തോളം രോഗികളുണ്ട്. പ്രതിവര്‍ഷം 2000 ഓളം വൃക്കമാറ്റശസ്ത്രക്രിയകള്‍ മാത്രമേ നടത്തപ്പെടുന്നുള്ളൂ. >90,000 ജനങ്ങള്‍ക്ക് റോഡപകടത്തില്‍ മാത്രം മസ്തിഷ്‌കമരണം സംഭവിക്കുന്നു. ഇവരില്‍ പകുതിപേരുടെയെങ്കിലും വൃക്കകള്‍ ദാനം ചെയ്താല്‍ ചെലവും കുറയ്ക്കാനാവും. ജീവിച്ചിരിക്കുന്നവരുടെ ശസ്ത്രക്രിയ ഒഴിവാക്കാനാവും. ഇതിനിടയിലെ വ്യാപാര ചൂഷണവും ഇടനിലക്കാരെയും ഒഴിവാക്കപ്പെടുമ്പോള്‍ അനേകം കുടുംബങ്ങള്‍ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടും. 1994ലും 2014ലും രാജ്യത്ത് മനുഷ്യരിലെ അവയവദാന നിയമം (ഠൃമിുെഹമിമേശേീി ീള വൗാമി ീൃഴമി മര േ ഠഒഛഅ) പ്രാബല്യത്തില്‍ വന്നതോടെ മസ്തിഷ്തമരണം സംഭവിച്ചവരില്‍ നിന്നുള്ള അവയവദാനത്തിന് കൂടുതല്‍ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നു.

ഇപ്പോഴത്തെ ഗൈഡ് ലൈന്‍ പ്രകാരം ഡയാലിസിസ് നടത്തുന്ന അവസാനഘട്ട വൃക്കരോഗികള്‍ തല്‍സംസ്ഥാനങ്ങളിലെ അവയവമാറ്റം നടത്താന്‍ അംഗീകരിച്ചിട്ടുള്ള ആശുപത്രികളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അങ്ങനെ ലഭിക്കുന്ന സ്‌കോര്‍ അനുസരിച്ച് സാധ്യതാപട്ടികയില്‍ നിന്ന് വൃക്കകള്‍ ലഭിക്കുന്നതനുസരിച്ച് മുന്‍ഗണനാപ്രകാരം ശസ്ത്രക്രിയ നടത്താന്‍ അവസരം ലഭിക്കും. ഇതിനായി പരിഗണിക്കുന്നത് പ്രായം, അതിജീവന സാധ്യത, രക്തഗ്രൂപ്പ്, അത്യാസന്നത, സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രി എന്നിവയാണ്. പരമാവധി സ്‌കോര്‍ കുട്ടികള്‍ക്ക് ലഭിക്കും. പ്രായമേറുന്തോറും സ്‌കോര്‍ കുറയുമെന്നര്‍ത്ഥം.

വൃക്കദാതാവും സ്വീകര്‍ത്താവും തമ്മിലുള്ള പ്രായത്തിലെ അന്തരം കൂടുന്തോറും നെഗറ്റീവ് സ്‌കോര്‍ ആണ്. 18 വയസിനു താഴെയുള്ളവരുടെ വൃക്കകള്‍ അതേ പ്രായത്തിലുള്ളവര്‍ക്ക് കൊടുക്കാനാണ് നിര്‍ദ്ദേശം. വൃക്കകള്‍ സ്വീകരിക്കാനുള്ള പരമാവധി പ്രായം 65 ആക്കി ചുരുക്കിയിരിക്കുന്നത് ധനാഢ്യരുടെ ചികിത്സ മുന്‍നിര്‍ത്തി അര്‍ഹതപ്പെട്ട പാവപ്പെട്ട രോഗികളുടെ ശസ്ത്രക്രിയകള്‍ മുടങ്ങാതിരിക്കാനാണ്.

അവയവങ്ങള്‍ പ്രാദേശികമായി രോഗികളില്‍ വെച്ചുപിടിപ്പിക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശമുണ്ട്.
മസ്തിഷ്‌കമരണം സംഭവിച്ചയാളുടെ ജില്ലയിലെ രോഗികള്‍ക്കാണ് പ്രഥമ പരിഗണന ലഭിക്കാനാര്‍ഹത. അതില്ലായെങ്കില്‍ ആ സംസ്ഥാനത്തെ സമീപജില്ലകള്‍, മേഖലയിലെ അയല്‍സംസ്ഥാനങ്ങള്‍, മറ്റു സംസ്ഥാനങ്ങള്‍ എന്നാണ് മുന്‍ഗണനാക്രമം. ശീതീകരണികളില്‍ സൂക്ഷിച്ചുവെയ്ക്കുന്ന അവയവങ്ങള്‍ കഴിവതും വേഗം സ്വീകര്‍ത്താവില്‍ വെച്ചു പിടിപ്പിക്കണം. മുമ്പ് വൃക്കദാനം നടത്തിയ രോഗികള്‍ക്കും ഡയാലിസിസ് കൊണ്ടുമാത്രം ജീവന്‍ നില നിര്‍ത്താന്‍ പറ്റാത്തവര്‍ക്കും അധിക സ്‌കോറുകള്‍ നല്‍കി അവരെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നു.

മസ്തിഷ്‌കമരണം സംഭവിച്ച ആശുപത്രിയിലെ രോഗിക്ക് 1 വൃക്കയും തൊട്ടടുത്തുള്ള ആശുപത്രിയിലെ രോഗിക്ക് മറ്റേ വൃക്കയും നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് ദാതാവ് മരണപ്പെടുന്ന പക്ഷം ആദ്യം സര്‍ക്കാര്‍ മേഖലയില്‍ ആവശ്യമുള്ളവര്‍ക്ക് നല്‍കിയശേഷമേ സ്വകാര്യമേഖലയിലേയ്ക്കു നല്‍കാനാവൂ. മറിച്ചും നിയമം ബാധകമാണ്. സ്വകാര്യസ്ഥാപനങ്ങളിലാണ് കൂടുതല്‍ ശസ്ത്രക്രിയാ സൗകര്യങ്ങള്‍ ഉള്ളതിനാല്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നും മസ്തിഷ്‌കമരണം സംഭവിച്ചരെ കൂടുതല്‍ സമയം അവിടെ ഐ.സി.യു.വില്‍ സ്വീകര്‍ത്താവ് റെഡിയാകും വരെ കിടത്തേണ്ടിവരും. ഈ സൗകര്യങ്ങള്‍ കൂടുതല്‍ ഉള്ളത് സ്വകാര്യ മേഖലയിലായതിനാല്‍ വൃക്കദാനം കൂടുതലും കോര്‍പ്പറേറ്റ് ഹോസ്പിറ്റലുകളില്‍ നടത്തപ്പെടുന്നുവെന്നത് വാസ്തവമാണ്. മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ വൃക്കകള്‍ സ്വീകരിക്കപ്പെടുന്നത് സ്വകാര്യമേഖലയിലെ ധനികരായ രോഗികളാണ്. അടിയന്തിരമായി ഐ.സി.യുവില്‍ കിടത്തി ചികിത്സിക്കേണ്ടി വരുന്ന മറ്റു രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ ഐ. സി. യുവില്‍ സ്ഥലമില്ലാത്തതിനാല്‍ വാര്‍ഡില്‍ കിടത്തി ചികിത്സിക്കാന്‍ നിര്‍ബന്ധിതരാകും. അപ്പോള്‍ അത്യാഹിതത്തിന് സാധ്യതയേറും. സര്‍ക്കാര്‍ മേഖലയില്‍ ഐ.സി.യു.സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ബെഡിന്റെ എണ്ണം കൂട്ടി യാലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ.

റോഡപകടങ്ങള്‍ കുറയ്ക്കാനും ഹെല്‍മറ്റ്, സീറ്റ്‌ബെല്‍റ്റ് ഇവയുടെ ഉപയോഗത്തിലൂടെ മസ്തിഷ്‌കഘാതം കുറയ്ക്കാനും സത്വര നടപടികള്‍ സ്വീകരിക്കണം. ഇന്ന് അപകടത്തില്‍പ്പെട്ട് അത്യാസന്നരായവരെ സ്വകാര്യ കോര്‍പ്പറേറ്റ് ആശുപത്രികളിലെ ഐ.സി.യുവില്‍ എത്തിക്കാനായി ലോബികള്‍ വരെയുണ്ട്. ഇതിനും പുറമെ പല സ്വകാര്യ ആശുപത്രികളിലും സ്വീകര്‍ത്താക്കളെ ഭീതിപ്പെടുത്തി ആശുപത്രികളില്‍ തന്നെ അനിശ്ചിതകാലത്തേക്ക് താമസിപ്പിക്കുന്നു. ചില സ്ഥലത്തെങ്കിലും ദാതാക്കളെ വളരെപ്പെട്ടെന്നു കണ്ടെത്തുമ്പോള്‍ അവിശുദ്ധമായത് ഇതിന്റെ പുറകിലുണ്ടെങ്കില്‍ കണ്ടെത്തി തക്കതായ ശിക്ഷ കൊടുക്കാനും നിയമ നിര്‍മ്മാണം നടത്തേണ്ടി വരും.

Leave A Reply

Your email address will not be published.