തിരുവനന്തപുരം: ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം നിയന്ത്രിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് രൂപംകൊടുത്ത ആന്‍റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന്‍റെ ഭാഗമായി, അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രിയായ ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയില്‍ ഓട്ടോമേറ്റഡ് ബ്ലഡ് കള്‍ച്ചര്‍ സിസ്റ്റം ആരംഭിക്കുന്നു.
രോഗിയ്ക്ക് നൽകേണ്ട ആന്‍റിബയോട്ടിക്ക് ഏതെന്ന് കൃത്യമായി കണ്ടെത്തുന്നതിനുമുന്നോടിയായി ഏതുതരം ബാക്ടീരിയയാണ് രോഗിയിൽ ഉള്ളതെന്ന് മനസിലാക്കാൻ ഉപയോഗിക്കുന്ന ബാക്റ്റ് ടി എന്ന ഉപകരണം ഇതിനകം എത്തിക്കഴിഞ്ഞു. 18ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഈ ഉപകരണം വാങ്ങിയത്.
ശരീരത്തിൽ രോഗമുണ്ടാക്കുന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യവും അത് ഏതുതരത്തിലുള്ള ബാക്ടീരിയയാണെന്നുള്ള കണ്ടെത്തലും ഓട്ടോമേറ്റഡ് ബ്ലഡ് കള്‍ച്ചര്‍ സിസ്റ്റം പ്രാവര്‍ത്തികമാകുന്നതോടെ എളുപ്പത്തില്‍ കണ്ടെത്താനാകും. അങ്ങനെ ആ ബാക്ടീരിയയെ നശിപ്പിക്കാനുള്ള കൃത്യമായ ആന്റിബയോട്ടിക്ക് മാത്രം നൽകാൻ കഴിയും.
പുതിയ മെഷീനിലൂടെ ബാക്ടീരിയയെക്കുറിച്ചുള്ള സൂചനകള്‍ ഒരുദിവസം കൊണ്ടുതന്നെ ലഭിക്കും. രണ്ടുദിവസത്തിനുള്ളില്‍ ബാക്ടീരിയയെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭ്യമാകും. പഴയസംവിധാനത്തില്‍ ചുരുങ്ങിയത് അഞ്ചുദിവസം കൊണ്ട് ലഭിക്കുന്ന പരിശോധനാഫലങ്ങളാണ് രണ്ടുദിവസത്തിനുള്ളില്‍ കരഗതമാകുന്നത്. ഇതുകൊണ്ടുള്ള നേട്ടം രോഗികള്‍ക്കു മാത്രമല്ല, മറിച്ച് മൈക്രോബയോളജിലാബിനും സമയനഷ്ടം വലിയതോതില്‍ ഒഴിവാക്കാനാകും.
നിലവില്‍ മെഡിക്കല്‍ കോളേജില്‍ ഈ ഉപകരണം ഉണ്ടെങ്കിലും രോഗികളുടെ തിരക്ക് മൂലം പരിശോധനാഫലം ഏറെ വൈകി മാത്രമാണ് കിട്ടുന്നത്. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പു മന്ത്രി കെ കെ ശൈലജടീച്ചറുടെ അടിയന്തരശ്രദ്ധ പതിഞ്ഞതോടെ എസ് എ ടിക്കുമാത്രമായി പുതിയ ഉപകരണം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുകയായിരുന്നു.
ഉപകരണം എത്തിയതോടെ എത്രയുംവേഗം അത് പ്രവര്‍ത്തിപ്പിച്ച് രോഗികള്‍ക്ക് ആശ്വാസമേകാന്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് എസ് എ ടി സൂപ്രണ്ട് ഡോ എ സന്തോഷ്കുമാര്‍ പറഞ്ഞു. എസ് എ ടിയില്‍ വിവിധ ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ 98 ലക്ഷം രൂപ അനുവദിച്ചതില്‍ ഉള്‍പ്പെടുന്നതാണ് പുതിയ ഉപകരണം.
നേരത്തേ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ കാത്ത്ലാബ് സ്ഥാപിക്കാന്‍ ആറുകോടിരൂപയും ആശുപത്രി നവീകരണത്തിന് അഞ്ചുകോടി രൂപയും ഉള്‍പ്പെടെ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ തുക അനുവദിച്ചിരുന്നു. മാസ്റ്റര്‍പ്ലാനിന്‍റെ ഭാഗമായുള്ള അടിസ്ഥാനസൗകര്യ വികസനവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും എസ് എ ടിയിലും നടന്നുവരുന്നു.