Voice of Truth

അസ്ഥിയുരുകി ഉരുകി ആളില്ലാതാകുമോ?

മക്കളുമൊത്ത് മെലിഞ്ഞുണങ്ങി ആകെപ്പാടെ എല്ലും കോലുമായെത്തുന്ന ചെറുപ്പക്കാരികളായ അമ്മമാരോട് എന്താണ് ഇങ്ങനെയിരിക്കുന്നതെന്നു ചോദിച്ചാല്‍ ഉടന്‍ ലഭിക്കുന്ന മറുപടി ഇതാണ് ”അസ്ഥിയുരുക്കമാണ്, ഡോക്ടറേ, എന്ന്..”

എന്താണെന്ന് ഒന്നുകൂടി ചോദിക്കുമ്പോള്‍ ”വെള്ളപോക്കാണ്, ഒന്നും കഴിച്ചാല്‍ ശരീരത്തില്‍ പിടിക്കുന്നില്ലാ. എത്ര മരുന്നു കഴിച്ചിട്ടും ഫലമില്ലായെന്നും പറയും. മോഡേണ്‍ മെഡിസിനും ആയുര്‍വ്വേദവും ഹോമിയോപ്പതിയും യുനാനിയുമുള്‍പ്പെടെ എല്ലാം പരീക്ഷിച്ചിട്ടും ഫലമില്ല. ഡോക്ടര്‍ ഒരു നല്ല മരുന്ന് എഴുതി തരൂ” വെന്ന് ശഠിക്കുന്ന അനേകരുണ്ട്. സ്ത്രീ രോഗവിദഗ്ധയല്ലായെങ്കിലും ഒരു സ്ഥലത്തുനിന്നും അവര്‍ കല്‍പ്പിച്ച അസ്ഥിയുരുക്കം എന്ന രോഗത്തിന് പൂര്‍ണ്ണശമനമില്ലാത്തതിനാല്‍ കുഞ്ഞിനെ ചികിത്സിപ്പിക്കുന്നതോടൊപ്പം സൗജന്യമായി ഇതും ചികിത്സിച്ചാല്‍ നന്നായി എന്ന് ചിന്തിച്ചിട്ടാണ്. എന്താണ് ഈ രോഗമെന്ന് സംശയിക്കുന്നതെന്നു ചോദിച്ചാല്‍ ഉടന്‍ മറുപടി വരും, യോനിയില്‍ നിന്ന് വെളുത്തസ്രവം വരുന്നു. എപ്പോഴുമുണ്ടോയെന്ന ചോദ്യത്തിന് എപ്പോഴുമില്ലായെന്നാകും മറുപടി.

മാസമുറയ്ക്കുശേഷം 5-6 ദിവസം ആകുമ്പോള്‍ തുടങ്ങും. കുറച്ചു ദിവസം കഴിഞ്ഞ് ഇത് കൂടി പിന്നീട് കുറയും. പിന്നെയും അടുത്ത മാസം ഇതു തന്നെ കഥ. ഇതു കാരണം ഊരവേദന, വയര്‍കാളല്‍, ഇടയ്ക്കിടെ ക്ഷീണവും മൂത്രക്കടച്ചിലും ഉണ്ട്.
അസ്ഥിസ്രാവം / വെള്ളപോക്ക് എന്നു പറഞ്ഞുവരുന്ന 95 ശതമാനം സ്ത്രീകളിലും അജ്ഞതയാണ് പ്രാധാനവില്ലന്‍. സ്വാഭാവികമായി സ്ത്രീകളില്‍ കാണുന്ന യോനീസ്രവത്തെ അവര്‍ അസ്ഥി സ്രാവമായി തെറ്റിദ്ധരിക്കുന്നു. മാസമുറയുടെ 14-ാം ദിവസം അണ്‌ഡോല്‍പ്പാദനത്തോടനുബന്ധിച്ച് കോഴിമുട്ടയുടെ വെള്ളമാതിരി ശ്ലേഷ്മം ഉണ്ടാകുന്നത് പ്രകൃതി നിയമമാണ്. ആ സമയത്ത് ഗര്‍ഭധാരണത്തിന് ശരീരം സജ്ജമാകുന്നതിന്റെ തെളിവാണത്. അതുകഴിഞ്ഞ് ആ സ്രവത്തിന്റെ ഘടന മാറിവരും. അടുത്ത മാസമുറക്ക് മുമ്പ് ഏതാനും ദിവസം ചിലപ്പോള്‍ നേരിയ തോതില്‍ സ്രവമുണ്ടാകാറുണ്ട്. എത്ര ചികിത്സിച്ചാലും ഇത് മാറ്റാനാവില്ല. ശരീരത്തിന്റെ സാധാരണ പ്രക്രിയയാണിത്. തുപ്പല്‍, കണ്ണീര്‍ ഇവ ഉണ്ടാകുന്നതുപോലെ ശരീരത്തിന്റെ പ്രവര്‍ത്തനമാണിതും. എന്നാല്‍ യോനിയില്‍ രോഗാണുബാധയുണ്ടെങ്കില്‍ സ്രവം മഞ്ഞനിറമാവുകയോ രക്തം കലര്‍ന്നോ ദുര്‍ഗന്ധത്തോടെയോ ആകാം. ചൊറിച്ചിലുമുണ്ടാവാം. ചിലപ്പോള്‍ ഇതോടനുബന്ധിച്ച് മൂത്രത്തില്‍ പഴുപ്പും ഉണ്ടാകാം. അതൊക്കെ ചികിത്സിച്ചാല്‍ ഭേദമാകുന്ന രോഗങ്ങളാണ്. എല്ലാ ദിവസവും യോനിയില്‍ നിന്ന് ആരോഗ്യവതിയായ സ്ത്രീക്ക് സ്രവമുണ്ടാകുന്നില്ലാ. ജനങ്ങളുടെ അജ്ഞതയെ വിറ്റു മുതലാക്കുന്ന ധാരാളം ചികിത്സകരുടെ കാനാന്‍ദേശമാണ് കേരളം. അഭ്യസ്തവിദ്യരായവരും വിവാഹഒരുക്കധ്യാനങ്ങളില്‍ സംബന്ധിച്ചവരും വരെ ഇത് മനസ്സിലാക്കാതെ പ്രവര്‍ത്തിക്കുന്നതു കാണുമ്പോള്‍ ഖേദമുണ്ട്. സാധാരണ ശരീരത്തിനുണ്ടാകുന്ന വ്യതിയാനങ്ങള്‍ രോഗമാണെന്നുധരിച്ച് ചികിത്സ നേടുന്നവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാലോ തങ്ങളുടെ അല്‍പ്പജ്ഞാനം കൊണ്ട് നമ്മെ പഠിപ്പിക്കുവാന്‍ ശ്രമിക്കും!! അവര്‍ എളിമയോടെ കാര്യങ്ങള്‍ ഗ്രഹിക്കുവാനായി നമുക്കു പ്രാര്‍ത്ഥിക്കാം.

മെലിഞ്ഞവര്‍ അതിനു കാരണമായി പറയുന്നത് വെള്ളപോക്ക്. തടിച്ചവര്‍ പറയുന്നത് ശരീരത്തില്‍ നീരുകെട്ടിയിരിക്കുന്നത് അസ്ഥിയുരുക്കം മൂലമാണത്രെ. എന്തിനും ഏതിനും യോനീസ്രവത്തെ കൂട്ടുപിടിക്കുന്ന അവസ്ഥ ശോചനീയംതന്നെ. വെള്ളപോക്ക് ചെറിയതോതില്‍ മിക്ക സ്ത്രീകളിലും കണ്ടുവരുന്നതാണെന്നും വര്‍ദ്ധിച്ചതോതില്‍ ഉണ്ടാകുമ്പോള്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണെന്നും ചികിത്സകര്‍ ചോദ്യോത്തര പംക്തിയില്‍ വിവരിക്കുന്നത് കാണുമ്പോള്‍ ശരീരശാസ്ത്രവും ഫിസിയോളജിയും ഗൈനക്കോളജിയും പഠിച്ചവര്‍ സ്തബ്ധിച്ചു പോകും. രോഗാണുബാധ കൂടുതല്‍ ആകുമ്പോള്‍ അസഹ്യമായ ചൊറിച്ചിലും തുടര്‍ന്ന് സ്രവത്തിന് സ്വഭാവമാറ്റം ഉണ്ടാകുന്നതിനാല്‍ ശരീരം ക്ഷീണിക്കുകയും ചെയ്യുമത്രെ. ഇത് പല രോഗങ്ങള്‍ക്കും കാരണമാകുമത്രെ! മിക്കവാറും 2 മക്കള്‍ ഉള്ള അമ്മമാര്‍ എന്തുപ്രശ്‌നം വന്നാലും അറിയാതെ തന്നെ അതിനെ ഗര്‍ഭാശയസംബന്ധമായ പ്രശ്‌നങ്ങളിലേയ്ക്ക് ബന്ധിപ്പിക്കുന്നതായി കാണുന്നു.

പ്രസ്തുത കമ്പനിയുടെ ഔഷധം രണ്ടുനേരവും സേവിക്കുവാന്‍ ആവശ്യപ്പെടുന്നതോടൊപ്പം രോഗലക്ഷണമില്ലാത്തവരും ഇത് ഉപയോഗിക്കുവാന്‍ പറയുമ്പോള്‍ അതിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം ജനിക്കും!!! അസുഖം ഇല്ലാത്ത സ്ത്രീകള്‍ക്ക് ആരോഗ്യവും യുവത്വവും വീണ്ടെടുക്കുവാന്‍ മേല്‍പ്പറഞ്ഞ ഔഷധം ഫലപ്രദമാണത്രെ! അതായത് രോഗമുണ്ടെന്ന് പേടിപ്പിച്ച് ചികിത്സിപ്പിക്കുന്നതോടൊപ്പം അതേ മരുന്ന് രോഗമില്ലാത്തവര്‍ക്ക് സുഖചികിത്സയ്ക്കായും ഉപയോഗിക്കുക! സാമാന്യബുദ്ധിയുള്ളവര്‍ ഈ പരസ്യം ഒന്ന് വിചിന്തനം ചെയ്താല്‍ അതിലെ പൊള്ളത്തരം മനസ്സിലാക്കാനാവും. എന്നിട്ടും സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന, പുരുഷന്‍മാരേക്കാള്‍ പഠിപ്പുള്ള സ്ത്രീകളുള്ള കേരളത്തില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റാണ് !! എല്ലാവര്‍ക്കും സുപരിചിതമായ പാരസെറ്റമോള്‍ എന്ന പനിമരുന്ന് പനി ചികിത്സിക്കുവാന്‍ ഉപയോഗിക്കുന്നതോടൊപ്പം പനി വരാതിരിക്കാനും ഉപയോഗിക്കാമെന്നും പറയുന്നതുപോലെ. പനി വരാതിരിക്കുവാന്‍ സ്ഥിരം പാരസെറ്റമോള്‍ ഉപയോഗിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടല്ലോ!!
സ്ത്രീകളുടെ യോനി ശരീരത്തിന്റെ പുറത്തുനിന്ന് ഉള്ളിലെ പ്രത്യുല്‍പ്പാദന അവയവങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ്. ആ ഭാഗത്തിന്റെ പി.എച്ച്. ആസിഡ് ആണ് (അമ്ലം). ഇതുമൂലം അണുബാധ വരാതെ സ്വാഭാവികമായി തടയപ്പെടുന്നു. ഈ അമ്ലാവസ്ഥ സൃഷ്ടിക്കുന്നത് ആ ഭാഗത്ത് സ്വാഭാവികമായി കാണപ്പെടുന്ന ബാക്റ്റീരിയായുടെ പ്രവര്‍ത്തനഫലമാണ്. ആരോഗ്യമുള്ള യോനി അതിന് വൃത്തിയാക്കാനും ക്രമപ്പെടുത്താനുമായി സ്രവങ്ങള്‍ സ്വാഭാവികമായി തന്നെ ഉല്‍പ്പാദിപ്പിക്കുന്നു. വായ വൃത്തിയാക്കാന്‍ ഉമിനീര് തുപ്പല്‍ ഗ്രന്ഥികള്‍ ഉണ്ടാക്കുന്നതുപോലെ. ഈ സ്രവങ്ങള്‍ സ്വാഭാവികമായും ആരോഗ്യപരമായും ശരീരത്തിന്റെ സുസ്ഥിതിയ്ക്കായി ദൈവം നിശ്ചയിച്ചു തന്നിട്ടുള്ളതാണ്. സങ്കീര്‍ണ്ണമായ ഈ ബാലന്‍സ് ഭേദിക്കപ്പെടുമ്പോള്‍ മാത്രമാണ് അണുബാധയുണ്ടാകുന്നത്.

എല്ലാ സ്ത്രീകളിലും യോനീസ്രവം ഉണ്ടാവും. മാസമുറ കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ സ്രവം വര്‍ദ്ധിച്ച് അണ്‌ഡോല്‍പാദനം നടക്കുന്ന വേളയില്‍ ഇത് പാരമ്യത്തിലെത്തുന്നു. തുടര്‍ന്ന് ഇത് കുറഞ്ഞുവരും. മാസമുറയ്ക്ക് ഏതാനും ദിവസം മുമ്പും നേരിയതോതില്‍ സ്രവം കാണാറുണ്ട്. ഇതൊന്നും മനസ്സിലാക്കാതെ, ശരീരത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാതെ പരസ്യങ്ങളില്‍ കാണുന്ന രീതിയില്‍ ചികിത്സാരീതീകള്‍ അവലംബിച്ചാല്‍ നാം വഞ്ചിതരാകും. എന്നാല്‍ അണുബാധവന്ന് ചൊറിച്ചിലും തടിപ്പും മൂത്രക്കടച്ചിലും മഞ്ഞനിറമുള്ള സ്രവവും വരുമ്പോള്‍ പ്രസവിദഗ്ധയെ സമീപിച്ച് ശരിയായ ചികിത്സ നേടേണ്ടതുണ്ട്.

ഡോ.സുമ ജില്‍സണ്‍

Leave A Reply

Your email address will not be published.