പൂനെ, നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ നിന്ന് ചീഫ് സയന്റിസ്റ്റ് ആയി വിരമിച്ച ഡോ. ഒ ജി ബി നമ്പ്യാരുമായി അഭിമുഖം. ഭക്ഷ്യ വസ്തുക്കളിലും, വെള്ളത്തിലുമുള്ള ആർസെനിക്കിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ ശ്രദ്ധേയമാണ്.
Highlights:
- അരിഭക്ഷണത്തിന്റെ കൂടിയ ഉപയോഗം ലോകമെമ്പാടുമുള്ള അനേകര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നു.
- ഇന്നത്തെ അരികളില്‍ അടങ്ങിയിരിക്കുന്ന ആര്‍സെനിക് എന്ന വിഷാംശം കാന്‍സറിനും, പ്രമേഹരോഗത്തിനും കാരണമാകുന്നു. മലയാളികളിലെ പ്രമേഹ രോഗത്തിന് പ്രധാന കാരണം അരിഭക്ഷണത്തിന്റെ കൂടിയ ഉപയോഗം.
- കഞ്ഞിവെള്ളം കുടിക്കുന്നതും, ചുവന്ന തവിടുള്ള അരി ഉപയോഗിക്കുന്നതും കൂടുതല്‍ ദോഷകരം.
- അരിഭക്ഷണത്തിന്റെ അളവ് വളരെ കുറച്ചും, പ്രകൃതി കൃഷി രീതികള്‍ അവലംബിച്ചും ഒരു പരിധിവരെ ഈ ഭീഷണിയെ അതിജീവിക്കാം.
അരിഭക്ഷണമില്ലാതെ മലയാളിക്ക് ഒരു ജീവിതമില്ല. അത് ഒഴിവാക്കിയുള്ള ആഹാരത്തെക്കുറിച്ച് പലര്‍ക്കും ചിന്തിക്കാനും കഴിയില്ല. എന്നാല്‍, സമീപകാലത്തായി പുറത്തുവന്നിട്ടുള്ള അനവധി പഠനങ്ങള്‍ വെളിപ്പെടുത്തുന്നതനുസരിച്ച്, വിവിധ ഇനം അരികള്‍ ഉപയോഗിച്ചുള്ള നാനാവിധങ്ങളായ ഭക്ഷണ വിഭവങ്ങള്‍, അരിഭക്ഷണം കൂടുതലായി കഴിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായി മാറുന്നുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങളായി വെള്ളത്തിലും, അരിയിലും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആര്‍സെനിക്കിന്റെ സാന്നിധ്യമാണ് അപകടകരമായ ഒരു പ്രതിസന്ധിയായി മാറിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള അനവധി ഗവേഷകര്‍ ഈ വിഷയത്തെക്കുറിച്ച് ആധികാരികമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയുടെ പശ്ചാത്തലത്തില്‍ ഈ പ്രതിസന്ധിയുടെ കൂടുതല്‍ വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുള്ള ഇന്ത്യന്‍ ശാസ്ത്രജ്ഞനാണ് ഡോ. ഒ ജി ബി നമ്പ്യാര്‍. പൂനെ, നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ നിന്ന് ചീഫ് സയന്റിസ്റ്റ് ആയി വിരമിച്ച അദ്ദേഹം തന്റെ കണ്ടെത്തലുകള്‍ പങ്കുവയ്ക്കുന്നു.
ഡോക്ടര്‍ ഒ ജി ബി നമ്പ്യാര്‍
മുപ്പത്തിയേഴ് വര്‍ഷം പൂനെയിലെ പ്രശസ്തമായ നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ സയന്റിസ്റ്റ്. പിന്നീട് ചീഫ് സയന്റിസ്റ്റും ഡെപ്യൂട്ടി ഡയറക്ടറുമായി അവിടെനിന്നും വിരമിച്ചു. ഒട്ടേറെ ഗവേഷണങ്ങളില്‍ അന്വേഷണ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ഗവേഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. 1986ല്‍ ലോകത്തെ നടുക്കിയ, മൂവായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ട ഭോപ്പാല്‍ വാതക ദുരന്തത്തെക്കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടത് ഡോ. നമ്പ്യാരുടെ ടീം ആയിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം ഗൗരവമായി പഠനം നടത്തിയ ഒരു വിഷയം ആര്‍സെനിക്കുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. തുടര്‍ന്നുള്ള പതിറ്റാണ്ടുകളോളം അദ്ദേഹം അതിനായി മാറ്റിവച്ചു. ലോകമെമ്പാടും മണ്ണിലും വെള്ളത്തിലും ആര്‍സെനിക്കിന്റെ അളവ് വര്‍ദ്ധിച്ചു വരികയും ഭക്ഷ്യ വസ്തുക്കളില്‍ ആര്‍സെനിക് അപകടകരമായ അളവില്‍ കാണപ്പെടുകയും ചെയ്യുന്നതിനെ അദ്ദേഹം വിശദമായ പഠനങ്ങള്‍ക്ക് വിധേയമാക്കി. ഇത്തരം നിരവധി ഗവേഷണങ്ങള്‍ പല രാജ്യങ്ങളിലും നടക്കുന്നുണ്ടെങ്കിലും, ഇതുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ ചില കണ്ടെത്തലുകള്‍ ഡോ. ഒ ജി ബി നമ്പ്യാരുടെതാണ്. ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ച ശേഷം പൂനെയില്‍ തന്നെ അദ്ദേഹം ആരംഭിച്ച ഒരു സ്വകാര്യ പരീക്ഷണ ശാലയിലൂടെ ഇത്തരം ഗവേഷണങ്ങള്‍ ഇന്നും പുരോഗമിക്കുകയാണ്.
ആര്‍സെനിക് സംബന്ധമായ പഠനങ്ങളുടെ ആരംഭം
യുനിസെഫ് ഒരു പ്രോജക്ട ഒരിക്കല്‍ അദ്ദേഹത്തിനും ടീമിനും നല്‍കുകയുണ്ടായി. ബംഗ്ലാദേശ്, വെസ്റ്റ് ബംഗാള്‍, ഉത്തരപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലെ കുഴല്‍കിണറുകളിലെ വെള്ളത്തില്‍ അപകടകരമായ അളവില്‍ ആര്‍സനിക് കാണപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു അത്. തല്‍ഫലമായി ആ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന് പേര്‍ക്ക് ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ പിടിപെട്ടിരുന്നു. ആര്‍സനിക് മനുഷ്യര്‍ക്കും മറ്റു ജീവികള്‍ക്കും വളരെ ഹാനികരമായ ഒന്നാണ്. വളരെ ചെറിയൊരു അംശം ആര്‍സനിക് വെള്ളത്തില്‍ ഉണ്ടാകാം. എന്നാല്‍, അതിന്റെ സാന്നിധ്യം പത്തുലക്ഷത്തില്‍ ഒരംശത്തില്‍ അധികമായാല്‍, അത് ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ബംഗ്ലാദേശിലും വെസ്റ്റ് ബംഗാളിലുമുള്ള നൂറിലേറെ ബോര്‍വെല്ലുകളില്‍ അനുവദനീയമായതിന്റെ നൂറും അഞ്ഞൂറും ഇരട്ടി ആര്‍സെനിക് കാണപ്പെട്ടിരുന്നു. ആര്‍സെനിക്കിന്റെ സാന്നിധ്യം സാധാരണ ജനങ്ങള്‍ക്ക് എങ്ങനെ എളുപ്പം കണ്ടുപിടിക്കാം എന്നുള്ള പഠനമായിരുന്നു ഡോ. നമ്പ്യാരുടെ സംഘത്തിന് ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം. പത്തു മിനിട്ട് കൊണ്ട് സാധാരണക്കാര്‍ക്ക് അത് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഒരു ഉപകരണം നിര്‍മ്മിക്കുകയായിരുന്നു അവരുടെ പ്രധാന ദൗത്യം.
അരിയിലെ ആര്‍സെനിക്
ഏല്‍പ്പിക്കപ്പെട്ട ജോലി ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയശേഷം ആര്‍സെനിക് കൊണ്ട് മനുഷ്യനില്‍ ഉണ്ടായേക്കാവുന്ന രോഗങ്ങള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് അദ്ദേഹം പഠനം തുടര്‍ന്നു. തുടര്‍ന്നാണ്, ഭക്ഷണ വസ്തുക്കളിലെ ആര്‍സനിക്കിനെക്കുറിച്ച് ഗവേഷണം ആരംഭിച്ചത്. അരിയിലുള്ള ആര്‍സനിക് സാന്നിധ്യത്തെക്കുറിച്ച് ആ നാളുകളില്‍ പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. അരിയില്‍ ആര്‍സനിക് ഉണ്ട് എന്നുള്ളത് ഗവേഷകരില്‍ പലരും മനസിലാക്കിയിരുന്നുവെങ്കിലും അത് ഏതുവിധത്തില്‍ ആണ് എന്നുള്ളതിനെക്കുറിച്ച് വ്യക്തമായ ധാരണ അക്കാലത്ത് ഉണ്ടായിരുന്നില്ല. ലബോറട്ടറിയില്‍ വിശദമായ പഠനങ്ങള്‍ നടത്തിയപ്പോള്‍ തയാമി(വൈറ്റമിന്‍ ബി1)നുമായി കോമ്പൗണ്ട് ആയാണ് അരിയില്‍ ആര്‍സെനിക് അടങ്ങിയിരിക്കുന്നത് എന്ന് ഡോ. നമ്പ്യാര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞു. ഗ്ലൂക്കോസിന്റെ ഉപാപചയവുമായി ബന്ധപ്പെട്ട് ശരീരത്തിന് വളരെ പ്രധാനപ്പെട്ട വൈറ്റമിനാണ് തയാമിന്‍. എപ്രകാരമാണ് തയാമിനിലെ ആര്‍സനിക് ശരീരത്തെ ബാധിക്കുന്നത് എന്ന് വിശദമായ പഠനങ്ങള്‍ നടത്തിയപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായി.
പ്രമേഹ രോഗത്തിന് പ്രധാന കാരണം അരിയിലെ ആര്‍സെനിക്
അരി ഭക്ഷണം കഴിക്കുന്ന പ്രദേശങ്ങളില്‍ പ്രമേഹ രോഗം വളരെ കൂടുതലായി കാണപ്പെടുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. കേരളത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇരുപത് ശതമാനത്തിലധികം ആള്‍ക്കാര്‍ക്ക് പ്രമേഹ രോഗമുണ്ട്. അതിന്റെ പ്രധാന കാരണം അരിഭക്ഷണമാണ് എന്നാണ് ഡോ. നമ്പ്യാരുടെ കണ്ടെത്തല്‍. ഇന്‍സുലിനിലേയ്ക്ക് ഗ്ലൂക്കോസ് എത്തിക്കുന്നതിനുള്ള പ്രധാന ഏജന്റ് ആണ് തയാമിന്‍. തയാമിനും ആര്‍സനിക്കുമായി കൂടിച്ചേര്‍ന്നു കഴിഞ്ഞാല്‍, അത് മെറ്റബോളിസത്തിന് സഹായിക്കില്ല. പ്രമേഹരോഗികളില്‍ തയാമിന്റെ അളവ് സാധാരണ മനുഷ്യരെ അപേക്ഷിച്ച് വളരെ കുറവാണെന്ന് കാണാം. അരിഭക്ഷണം കൂടുതലായി കഴിക്കുന്നവരില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഒരുപാട് അധികമായിരിക്കുന്നതിന്റെ പ്രധാനമായതും അറിയപ്പെടാത്തതുമായ കാരണവും ഇതുതന്നെ. മിക്കവാറും ശാരീരികമായ പല സങ്കീര്‍ണ്ണ രോഗാവസ്ഥകള്‍ക്കും അടിസ്ഥാന കാരണമായി മാറുന്നത് ഇതാണ്. പിന്നീട് ഗ്ലൂക്കോസ് രക്തത്തിലുള്ള പ്രോട്ടീനുമായി റിയാക്റ്റ് ചെയ്ത് പോളിമറി കോമ്പൗണ്ട് ആയിട്ടാണ് ഡെപ്പോസിറ്റ് ചെയ്യുക.അങ്ങനെ രക്തയോട്ടവും കുറയും.
അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
ആളുകളെ ബോധവല്‍ക്കരിക്കുകയാണ് പ്രധാനമായും നമുക്ക് ചെയ്യാനുള്ളത് എന്ന് ഡോ. നമ്പ്യാര്‍ ഓര്‍മ്മിപ്പിക്കുന്നു. അമേരിക്കയിലെ ചില ഗവേഷണ സമൂഹങ്ങള്‍ നിര്‍ദ്ദേശിക്കുന്നതനുസരിച്ച്, അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളും, ഗര്‍ഭിണികളും അരിഭക്ഷണം വളരെ കുറച്ച് മറ്റുള്ള ധാന്യങ്ങള്‍ കഴിക്കണം എന്നാണ്. മില്ലെറ്റുകള്‍(മുത്താറി, എള്ള്, ബാര്‍ലി തുടങ്ങിയവ ഉള്‍പ്പെടുന്ന വര്‍ഗ്ഗം) കൂടുതലായി കഴിക്കുവാനും അവര്‍ പറയുന്നു.
നാം ചോറ് വയ്ക്കുമ്പോള്‍, ആറിരട്ടിയെങ്കിലും വെള്ളമൊഴിച്ച് പാകം ചെയ്ത ശേഷം ആ വെള്ളം കളഞ്ഞ് ഉപയോഗിച്ചാല്‍, ആര്‍സനിക്കിന്റെ അംശം വളരെ കുറയും. പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് അരി വേവിക്കുമ്പോള്‍, ആവശ്യത്തിനു മാത്രം വെള്ളം ഒഴിച്ച് വറ്റിച്ചു കളയുകയാണ് പതിവ്. അങ്ങനെ ചെയ്താല്‍ ആര്‍സനിക് പുറത്ത് പോവുകയില്ല. ഒരു കാരണവശാലും അപ്രകാരം ചെയ്യരുത്. കഞ്ഞിവെള്ളം പൊതുവെ പോഷക സമ്പന്നമാണെന്നാണ് കരുതുന്നതെങ്കിലും ആര്‍സെനിക്കിന്റെ സാന്നിദ്ധ്യം അധികമായതിനാല്‍ കുടിക്കുന്നത് വളരെ ദോഷകരമാണ്.
വൈറ്റമിന്‍ ബി1 അഥവാ, തയാമിന്‍ കൂടുതലായി അടങ്ങിയിരിക്കുന്ന മുത്താറി, എള്ള്, മുതലായവ ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണകരമാണ്. ബാര്‍ലി പോലുള്ളവയും നല്ലതാണ്. നിലവിലുള്ള വലിയൊരു ശതമാനം പ്രമേഹ രോഗികള്‍ക്കും രോഗ വിമുക്തി പ്രാപിക്കുവാനും ഇത്തരം ഭക്ഷണ ശൈലികള്‍ അവലംബിക്കുന്നതിലൂടെ സാധിക്കും.
എന്തുകൊണ്ടാണ് അരിയില്‍ ആര്‍സനിക് ഉണ്ടാവുന്നത്?
മുമ്പുണ്ടായിരുന്ന ചില ബാക്ടീരിയകളുടെ പ്രവര്‍ത്തനങ്ങള്‍ മണ്ണിലെയും വെള്ളത്തിലെയും ആര്‍സനിക്കിന്റെ അംശത്തെ ക്രമീകരിച്ചു നിര്‍ത്തിയിരുന്നു. ഇപ്പോള്‍ അത്തരം ബാക്ടീരിയകള്‍ ഇല്ലാതായതാണ് ഒരു പ്രധാന കാരണം എന്ന് ഡോ. നമ്പ്യാര്‍ പറയുന്നു. വെള്ളത്തില്‍ ലയിക്കുന്ന ആര്‍സനിക്കിന്റെ അംശമാണ് വെള്ളത്തിലൂടെ നെല്ലില്‍ എത്തുന്നത്. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് നെല്ല് വളരെ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നതിനാലാണ് അരിയില്‍ ആര്‍സനിക്കിന്റെ അംശം കൂടുതലായി കാണപ്പെടുന്നത്. രാസവളങ്ങളുടെ അമിത ഉപയോഗവും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചാണകം പോലുള്ള സ്വാഭാവികവളങ്ങളുടെ ഉപയോഗം ഇല്ലാതായതുമൂലം ചില സൂക്ഷ്മ ജീവികള്‍ മണ്ണില്‍ എത്തിച്ചേരാതെ വന്നതും മണ്ണിന്റെ ഘടന മാറുവാന്‍ കാരണമായിട്ടുണ്ട്. പഴയകാലത്തെ കൃഷി രീതികള്‍ തിരിച്ചുകൊണ്ടുവരുന്നതിലൂടെ ഒരുപരിധിവരെ ഈ പ്രശ്‌നത്തെ അതിജീവിക്കാന്‍ കഴിഞ്ഞേക്കും.
ഈ രംഗത്തെ ഗവേഷണങ്ങള്‍
ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ആയിരത്തിമുന്നൂറ് സാമ്പിളുകള്‍ ശേഖരിച്ചു നടത്തിയ ഗവേഷണത്തില്‍ എല്ലാത്തിലും ആര്‍സനിക് അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ഇന്ത്യയിലും, യു എസിലും ചൈനയിലുമെല്ലാം ലഭിക്കുന്ന അരിയില്‍ ഇതേ പ്രശ്‌നമുണ്ട്. എല്ലായിടങ്ങളിലെയും മണ്ണിന്റെ ഘടന മാറിയിരിക്കുന്നു എന്നതാണ് ഇതില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്. അതിനാല്‍ ആര്‍സെനിക് ഇല്ലാത്ത അരി കൃഷി ചെയ്യാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു നേട്ടമായിരിക്കും. ഡോ. ഒ ജി ബി നമ്പ്യാരുടെ നേതൃത്വത്തില്‍ പുതിയ രീതിയില്‍ ആര്‍സനിക് രഹിത നെല്ല് കൃഷിചെയ്യുന്നതിനുള്ള ഗവേഷണങ്ങള്‍ നടന്നുവരുന്നുണ്ട്. ഒപ്പം ആര്‍സെനിക്കിന്റെ സാന്നിദ്ധ്യം അറിയാനുള്ള കിറ്റും അദ്ദേഹം വിതരണം ചെയ്തു വരുന്നു.
ആര്‍സനിക് ക്യാന്‍സറിനും കാരണമാകുന്നു
ആര്‍സനിക് ക്യാന്‍സറിനും കാരണമാകുന്നുണ്ട്. ഇന്‍സുലിനിലുള്ള ചില ഘടകങ്ങളുമായി ആര്‍സനിക് പ്രവര്‍ത്തിച്ച് ഇന്‍സുലിന്‍ തകരാറിലാവുകയും അത് ക്രോമസോമില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ കാരണമാവുകയും ഡാമേജ് ആയ ക്രോമസോം കാന്‍സറിനു കാരണമാവുകയും ചെയ്യുന്നു. പ്രത്യേകിച്ച്, കേരളത്തിലും ദക്ഷിണേന്ത്യയിലും കാന്‍സര്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരുവാനുള്ള കാരണങ്ങളില്‍ ഒന്ന് ഇതാണ്. വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ആര്‍സനിക് ആണ് കൂടുതലായും കാന്‍സറിനു കാരണമായി മാറുന്നത്. മുമ്പ് വെസ്റ്റ് ബംഗാളിലും, ബംഗ്ലാദേശിലും സംഭവിച്ചത് അതായിരുന്നു. കല്‍ക്കട്ടയിലെയും, യുകെയിലെയും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സംയുക്തമായി നടത്തിയ ഒരു പഠനത്തില്‍ ഇത് വിശദീകരിക്കുന്നുണ്ട്. 2015ല്‍ അവര്‍ അത് പ്രസിദ്ധീകരിച്ചിരുന്നു.
മറ്റുചില റിപ്പോർട്ടുകൾ: http://www.mathrubhumi.com/tv/ReadMore1/14597/arsanic-content-in-rice/E ,
https://www.healthline.com/nutrition/arsenic-in-rice