ഷീല ദീക്ഷിത്തിന്റെ രാജിയെ തുടർന്ന് കേരളത്തിൽ അധികാരമേറ്റ ഗവർണ്ണർ പി സദാശിവം കേരളത്തോട് യാത്രപറഞ്ഞു. ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ തലവൻ എന്ന സ്ഥാനത്തുനിന്ന് വിരമിച്ചു മാസങ്ങൾക്ക് ശേഷം കേരളാ ഗവർണറായി ചുമതലയേറ്റ അദ്ദേഹം നീതിനിഷ്ഠനായ ഒരു ന്യായാധിപൻ എന്ന പ്രതിച്ഛായ കാത്തുസൂക്ഷിച്ചുകൊണ്ടാണ് കേരളത്തിൽനിന്ന് മടങ്ങുന്നത്.
ആരെയും അതിരറ്റ് സന്തോഷിപ്പിക്കുന്ന നിലപാടുകൾ സ്വീകരിക്കാതെ നിഷ്പക്ഷമായി നിലകൊണ്ട ജനകീയ വ്യക്തിത്വമായിരുന്നു അദ്ദേഹം. ചിലപ്പോഴെങ്കിലും രാഷ്ട്രീയ താത്പര്യങ്ങളോടെ വിവിധ മുന്നണികൾ അദ്ദേഹത്തെ സമീപിച്ചിരുന്നെങ്കിലും, ഒരു വിഷയത്തിലും അദ്ദേഹം രാഷ്ട്രീയം കണ്ടിരുന്നില്ല എന്ന് അനുഭവങ്ങൾ വ്യക്തമാക്കുന്നു. രാഷ്ട്രീയ നേതൃത്വത്തെ തിരുത്തുന്ന നിലപാടുകൾ അദ്ദേഹം ചിലപ്പോഴൊക്കെ സ്വീകരിച്ചിരുന്നു. അത്തരം ചില സന്ദർഭങ്ങളിൽ, ദേശീയ – സംസ്ഥാന ഭരണകക്ഷികൾ അതൃപ്തരാകുന്ന കാഴ്ചയും കേരളം കണ്ടു.
പലപ്പോഴും ക്രിയാത്മകമായ ഇടപെടലുകളിലൂടെ ഗവർണ്ണർ എന്ന പദവിയുടെ പ്രാധാന്യം എടുത്തുകാണിക്കുന്ന പ്രവർത്തനശൈലിയായിരുന്നു മുൻ ഗവർണ്ണർ സദാശിവത്തിന്റേത്. മലയാളികൾ തനിക്കുനൽകിയ വലിയ സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം തന്റെ വിടവാങ്ങൽ പ്രസംഗം അദ്ദേഹം നടത്തിയത്. കേരളത്തോടുള്ള തന്റെ താത്പര്യം അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്തു.
ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ നാല്പതാമത്തെ തലവനായിരുന്ന അദ്ദേഹം, ആ പദവിയിലെത്തുന്ന ആദ്യ തമിഴ്‌നാട്ടുകാരനാണ്. അതിനുപുറമെ, ഗവർണ്ണർ സ്ഥാനമലങ്കരിക്കുന്ന ആദ്യ സുപ്രീംകോടതി ചീഫ്‌ജസ്റ്റിസ് എന്ന സ്ഥാനവും അദ്ദേഹത്തിന് സ്വന്തം. കേരളത്തിന്റെ ഇരുപത്തിമൂന്നാമത്തെ ഗവര്ണറായിരുന്നു പി സദാശിവം.
പുതിയ ഗവർണ്ണർ സെപ്റ്റംബർ ആറിന് സ്ഥാനമേൽക്കും
മുൻകേന്ദ്രമന്ത്രി കൂടിയായ പുതിയ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സെപ്റ്റംബർ ആറ് വെള്ളിയാഴ്ച കേരളത്തിൽ ചുമതലയേൽക്കും. ഇന്ന്, സെപ്റ്റംബർ നാലിന് അദ്ദേഹം തിരുവനന്തപുരത്തെത്തി. പുതിയ ഗവർണ്ണർ തലസ്ഥാനത്തെത്തിയ പശ്ചാത്തലത്തിലാണ് മുൻഗവർണ്ണർ പി സദാശിവം ജന്മനാട്ടിലേയ്ക്ക് മടങ്ങിയത്. കീഴ്വഴക്കമനുസരിച്ച് രണ്ടു ഗവർണ്ണർമാരും ഒരേ സമയം തലസ്ഥാനത്തുണ്ടാകാൻ പാടില്ല.
1984ലെ രാജീവ് ഗാന്ധി മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായിരുന്നു ഉത്തരപ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാൻ. രാജീവ് ഗാന്ധിയുടെ വിശ്വസ്തനായി മന്ത്രിസഭയിലെത്തിയെങ്കിലും, 1986ൽ ഷാ ബാനോ കേസിൽ സുപ്രീം കോടതി വിധി മറികടക്കാനുള്ള നിയമ നിർമ്മാണം നടത്താൻ സർക്കാർ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.
പിന്നീട് 89ലെ വി പി സിംഗ് മന്ത്രിസഭയിൽ അദ്ദേഹം ക്യാബിനറ്റ് മന്ത്രിയായിരുന്നു. 2004 ൽ അദ്ദേഹം ബിജെപിയിൽ ചേർന്നുവെങ്കിലും ഏറെ വൈകാതെ സജീവരാഷ്ട്രീയത്തിൽ നിന്ന് അകലുകയാണ് ഉണ്ടായത്. സമീപകാലങ്ങളിലായി മോദി മന്ത്രിസഭയുടെ ചില നിലപാടുകളെ പ്രശംസിച്ച് വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്ന അദ്ദേഹം, കേരളത്തിന്റെ ഇരുപത്തിനാലാമത് ഗവർണറായാണ് സ്ഥാനമേൽക്കുന്നത്.
തനിക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നായ കേരളത്തിന്റെ ഗവർണറായി നിയോഗിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രളയ ദുരിതബാധിത മേഖലകളിൽ സന്ദർശനം നടത്തുകയാണ് ചുമതലയേറ്റശേഷം ആദ്യ പരിപാടിഎന്നും അദ്ദേഹം അറിയിച്ചു.