Voice of Truth

ആരാണ് കുംഭാരന്‍?

മണ്‍പാത്രനിര്‍മ്മാണം കുലത്തൊഴിലാക്കിയ സമുദായങ്ങളില്‍ പ്രബലരരാണ് കുംഭാരന്‍ എന്ന വിഭാഗം. കുംഭം ഉണ്ടാക്കുന്നത് കൊണ്ടാണ് ഇവര്‍ കുംഭാരന്മാര്‍ എന്നറിയപെട്ടത്. പഴയ ജീവിതരീതിയും വിശ്വാസങ്ങളും കൈമോശം വരാതെ അവരിന്നും കാത്തുസൂക്ഷിക്കുന്നു

കുംഭാരന്മാരെക്കുറിച്ച് പുരാണത്തില്‍ പറയുന്നൊരു കഥ ഇവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. അതിങ്ങനെയാണ്. ദേവലോകത്ത് ദേവന്മാരുടെ പൂജനടക്കുന്ന നേരം. കര്‍മ്മങ്ങള്‍ക്കായുള്ള കുടങ്ങളും മറ്റു പാത്രങ്ങളും ഇല്ലാതായപ്പോള്‍ ദേവന്മാരെല്ലാം അസ്വസ്ഥരായി. ഉടന്‍തന്നെ ദേവന്മാരെല്ലാം ശിവനെ ചെന്ന് കണ്ട് സങ്കടമുണര്‍ത്തിച്ചു. ശിവന്‍ പരിഹാരമായി ശരിസില്‍ നിന്നും ഒരു മുടിപറിച്ചു തന്റെ തുടയിലടിച്ച് ഒരാളെ സൃഷ്ടിച്ചു. അയാള്‍ക്ക് മണ്ണ് കൊണ്ട് കുടങ്ങള്‍ ഉണ്ടാക്കാനുള്ള വരം കൊടുത്തു. കുംഭം ഉണ്ടാക്കുന്നതിനുവേണ്ടി, മണ്ണിനും വെള്ളത്തിനുമായി പരമശിവന്റെ വിയര്‍പ്പും ചളിയും, ചക്രത്തിനായി മഹാവിഷ്ണുവിന്റെ സുദര്‍ശന ചക്രവും അത് തിരിക്കുവാനായി ശിവന്റെ ത്രിശൂലവും ചക്രത്തില്‍ നിന്ന് കുംഭം വേര്‍പ്പെടുത്തുന്നതിനു പൂണൂലും ഉപയോഗിച്ചു. തുടര്‍ന്ന് പരമശിവന്റെ നിര്‍ദേശപ്രകാരം കുംഭം ചുളയില്‍ ചുട്ടെടുത്തു. ഇങ്ങനെയാണത്രേ പാത്രം ഉണ്ടാക്കുന്നവരെ കുശവന്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്.

ആര്യാന്ദ്ര, വേളാന്‍, എന്നീ പേരുകളിലും ഇവരെ വിശേഷിപ്പിക്കാറുണ്ട്. ആന്ധ്രയില്‍ നിന്നും കുടിയേറി മലപ്പുറം, പാലക്കാട് ജില്ലകളില്‍ കഴിയുന്ന ചിലര്‍ ‘ആന്ത്ര നായര്‍’ എന്നാണ് അറിയപ്പെടുന്നത്. കര്‍ണാടകയില്‍ നിന്ന് കുടിയേറി കാസര്‍കോട്ടെ ചില ഇടങ്ങളില്‍ കഴിയുന്നവര്‍ കുലാലന്‍, മൂല്യന്‍, ഓടന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു.

തെലുങ്ക് കലര്‍ന്നൊരു സംസാരഭാഷയാണ് ഇവര്‍ പൊതുവായി ഉപയോഗിക്കുന്നത്. ഇതിന് പ്രത്യേകിച്ച് ലിപിയൊന്നുമില്ല. പരസ്പരം ഈ ഭാഷ സംസാരിച്ചതിനാലാകണം കുട്ടികള്‍ പോലും വളരെ വേഗത്തില്‍ തെലുങ്ക് പഠിക്കാറുണ്ട്. പരമ്പാരഗതമായി തുടരുന്ന ആഘോഷങ്ങളാണ് ഇവരെ മറ്റുസമുദായങ്ങളില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്തുന്നത്.

വിവാഹം, മരണം തുടങ്ങിയ അവസരങ്ങളിലാണ് നിരവധി ചടങ്ങുകള്‍ ഉണ്ടായിരുന്നത്. കാലക്രമത്തില്‍ ഇവയെല്ലാം അസ്തമിച്ചെങ്കിലും പഴയതലമുറ അതൊക്കെയും ഇന്നും ഓര്‍ത്തിരിക്കുന്നു.

ആഘോഷമാക്കുന്ന ചടങ്ങുകള്‍
കുംഭാരന്മാരുടെ പഴയകാലവിവാഹത്തിന്റെ ചടങ്ങുകള്‍ മൂന്നുദിവസം വരെ നീളുന്നതായിരുന്നു. പ്രമാണിമാരെ ഓര്‍മ്മിപ്പിക്കും വിധത്തിലുള്ള വസ്ത്രങ്ങളാണ് വിവാഹ ദിവസം വരന്‍ ധരിക്കുന്നത്. നല്ല വെളുത്ത മുണ്ട് തറ്റുടുത്ത് അതിനുമുകളില്‍ മേല്‍വസ്ത്രവും തലയി ല്‍ മുത്തുപതിപ്പിച്ച കിരീടവും ഉണ്ടായിരിക്കും. വധു ആകര്‍ഷകമായ വെളുത്ത സാരിയണിയുമെങ്കിലും ജാക്കറ്റ് ഉപയോഗിക്കാറില്ല. കുംഭാര സ്ത്രീകള്‍ മൂക്കുത്തി ധരിക്കണമെന്നത് അലിഖിത നിയമമായിരുന്നു.
ഭക്ഷണം കഴിച്ചതിന് ശേഷമാണ് കല്യാണച്ചടങ്ങുകള്‍ ആരംഭിക്കുന്നത്. മിക്കവാറും രാത്രിയിലാണ് ചടങ്ങുകളെല്ലാം നടക്കുന്നത്. വാദ്യഘോഷങ്ങളോടെ വധുവിനെ പന്തലിലേയ്ക്ക് ആനയിക്കുന്നതോടെ ആദ്യദിനത്തെ ചടങ്ങുകള്‍ ആരംഭിക്കുകയായി. കുംഭരന്മാരുടെ ദേവിയായ മാരിയമ്മദേവിയുടെ മണ്ഡപത്തിന് മുന്നില്‍ വധൂവരന്മാരെ എത്തിക്കുകയും കര്‍മ്മങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്യും. വരന്റെ താടി വടിക്കുന്നതും, വധൂവരന്മാരുടെ നഖം മുറിക്കുന്നതും രണ്ടാം ദിവസമാണ്. ചെറിയൊരു ചട്ടിയില്‍ നാമക്കട്ട ഇട്ട് ഉരച്ച് വെള്ളത്തില്‍ കലക്കി രണ്ടു പേരുടേയും മുഖത്ത് ഈര്‍ക്കിലികൊണ്ട് കുത്തുകളിടുന്നത് പ്രധാന ചടങ്ങാണ്.
മൂന്നാം ദിവസമാണ് വിവാഹം. മഞ്ഞച്ചരടില്‍ കോര്‍ത്ത താലികെട്ടോടുകൂടിചടങ്ങുകള്‍ ആരംഭിക്കും. സൂര്യനുദിച്ചുവരുന്ന സമയം മുഹൂര്‍ത്തമായി പരിഗണിക്കും. താലികെട്ട് കഴിഞ്ഞ ശേഷമാണ് വധൂവരന്മാര്‍ക്ക് ചെരുപ്പ് ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. തുടര്‍ന്ന് പച്ചരി ശര്‍ക്കരയില്‍ കുഴച്ച് കൊടുക്കുന്നു. രസകരമായ ചില ചടങ്ങുകളും ഇതിനോടൊപ്പം നടക്കും.അതിലൊന്ന് അഞ്ചു ചെറിയ കുടങ്ങളില്‍ മഞ്ഞ വെള്ളം നിറയ്ക്കുന്ന ആചാരമാണ്. രണ്ടു കുടങ്ങളില്‍ വെള്ളമെടുത്ത് വരനും വധുവും പരസ്പരം ശിരസില്‍ ഒഴിക്കും. പിന്നീട് അടുത്ത കുടവുമായി പുഴയില്‍ പോയി കുളിച്ചു വരുന്നു.

ഇതൊടൊപ്പം തന്നെ രസകരമായ മറ്റൊരു ചടങ്ങുമുണ്ട്. അതിഥികളെല്ലാം ചുറ്റും നില്‍ക്കുമ്പോള്‍ വാവട്ടം കുറഞ്ഞ കുടത്തിന് സമീപത്തേക് വധൂവരന്മാരെ കൊണ്ടുവരും. ഇതിനുള്ളില്‍ വെള്ളിയിലും സ്വര്‍ണത്തിലും തീര്‍ത്ത ആഭരണങ്ങള്‍ അവരറിയതെ നിക്ഷേപിക്കാറുണ്ട്. രണ്ടു പേരും ഒരുമിച്ച് ഈ കുടത്തില്‍ കൈ ഇടണം. ആര്‍ക്കാണോ ഇതില്‍ നിന്നും സ്വര്‍ണ്ണം ലഭിക്കുന്നത് അവര്‍ ഭാവി ജീവിതത്തില്‍ ഭാഗ്യമുള്ളവരായിരിക്കും എന്നാണ് വിശ്വാസം. വെള്ളി ലഭിക്കുന്നവര്‍ക്ക് ഭാഗ്യം കുറവായിരിക്കും. ഈ പ്രക്രിയ മൂന്ന് തവണ ആവര്‍ത്തിക്കും.

വധൂവരന്മാരുടെ കാലുകഴുകി വരന്റെ വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നതോടെ ചടങ്ങുകള്‍ അവസാനിച്ചു. പെണ്ണിന്റെ വീട്ടിലേയ്ക്ക് പോകുന്നതിനെ ‘നല്ലരിത്തത്തിന് പോകുക’ എന്നാണ് പറയുന്നത്. എല്ലാ ദൈവങ്ങളെയും സാക്ഷി നിര്‍ത്തിയാണ് ഇവരുടെ വിവാഹം. ഇതിനാല്‍ കല്ല്യാണം കഴിഞ്ഞവര്‍ തമ്മില്‍ പിരിയുകയോ ഒഴിവാക്കുകയോ ചെയ്യാന്‍ പാടില്ലെന്നത് കര്‍ക്കശമായ വ്യവസ്ഥയാണ്. എന്നാല്‍ ഇത്തരം ആഘോഷങ്ങളെല്ലാം ചുരുങ്ങിപ്പോയതായി ചാമിക്കുട്ടി പറയുന്നു. സമുദായത്തില്‍ നിന്നും ഒരു സ്ത്രീ ഇതര സമുദായത്തിലുള്ള മറ്റൊരു യുവാവുമായി ഒളിച്ചോടിപ്പോയാല്‍ ആ യുവതിയെ സമുദായം തള്ളിപ്പറയുകയാണ് പതിവ്.
മരണത്തിനും കുംഭാര സമുദായത്തില്‍ വിവിധ ചടങ്ങുകളുണ്ട്. വീട്ടിലൊരാള്‍ മരിച്ചാല്‍ നാലുസമുദായക്കാരില്‍ നിന്നും തെരഞ്ഞെടുത്ത ‘ഇണങ്ങന്മാര്‍’ എത്തിയാണ് ചടങ്ങുകള്‍ നടത്തുന്നത്. ചടങ്ങിനിടയില്‍ മക്കള്‍ ഇലയില്‍ ചോറുവെച്ച് കാക്കകളെ വിളിച്ച് ഭക്ഷണം നല്‍കാറുണ്ട്. ചിതാഭസ്മം പുഴയില്‍ ഒഴുക്കാന്‍ പോകുന്നതും മടങ്ങുന്നതും അത്യാഹ്ലാദത്തോടെ തുള്ളിച്ചാടിയാണ്.
പുല അവസാനിക്കുന്ന ദിവസം പുഴയില്‍ പോയി മരിച്ചയാളുടെ പ്രതിമ ഉണ്ടാക്കി അതില്‍ അദ്ദേഹത്തെ ആവാഹിച്ച് തിരിച്ച് കൊണ്ടുവരുമായിരുന്നു പഴമക്കാര്‍. ഇതിന് പുറമേ മരിച്ച കാരണവന്മാരെയും ആവാഹിക്കും. വിധവകളുടെ താലിപൊട്ടിക്കുന്നത് തലയില്‍ കുടി മുണ്ട് ഇട്ടതിന് ശേഷമാണ്. മറ്റൊരു വിധവയ്ക്ക് മാത്രമായിരുന്നു ഇങ്ങനെ താലി പൊട്ടിക്കുവാനുള്ള അവകാശം ഉണ്ടായിരുന്നത് . പൊട്ടിച്ച താലി ഉപേക്ഷിക്കാറില്ല . സൂക്ഷിച്ചു വയ്ക്കുകയോ മറ്റെന്തെങ്കിലും ആവശ്യത്തിന് എടുക്കുകയോ ആണ് പതിവ്. ഭര്‍ത്താവ് മരിച്ച സ്ത്രികളെ മുണ്ട എന്നാണ് പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ അവരുടുക്കുന്ന വസ്ത്രത്തെ ‘മുണ്ട സാരി’ എന്നും വിളിക്കുന്നു.

പ്രാവ്, കീരി വെരുക് തുടങ്ങിയവയുടെ മാംസമാണ് കുംഭാരന്മാര്‍ കഴിക്കാറുള്ളതെന്നൊരു കിംവദന്തി കേട്ടിരുന്നു. എന്നാല്‍ അതെക്കുറിച്ച് ചോദിച്ചപ്പോള്‍ ചാമിക്കുട്ടി പിന്നെയും ചിരിച്ചു. ”ഇത്തരം ഭക്ഷണമൊക്കെ അക്കാലത്ത് കുംഭാരന്മാര്‍ അനുഭവിച്ച ദാരിദ്ര്യത്തിന്റെ ഫലമാണെന്നായിരുന്നു അതെക്കുറിച്ച് അദേഹത്തിന്റെ പ്രതികരണം. ”കുടിലുകളായിരുന്നു അന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നത്. പുറത്ത് മണ്‍പാത്രങ്ങളുണ്ടാക്കിവെക്കും. മണ്‍പാത്രങ്ങളുടെ വില്‍പ്പന അന്ന് വളരെക്കുറവ്. അധ്വാനമാണെങ്കില്‍ ഇന്നത്തേതിന്റെ ഇരട്ടിയും. മിക്കവാറും അടുക്കളയിലെ പുകയില്‍നിന്നുയരുന്നത് അടുപ്പിന്റെ അടങ്ങാത്ത വിശപ്പായിരുന്നു. കുട്ടികളുടെ കരച്ചിലെല്ലാം പശിയടങ്ങുന്നതിന് വേണ്ടിയായിരുന്നു. കടം ചോദിച്ചാല്‍ അയല്‍ക്കാര്‍ പോലും ഞങ്ങള്‍ക്ക് പണം തരില്ല. കാരണം തൊഴിലെടുത്ത് തിരിച്ച് കൊടുക്കാന്‍ പ്രാപ്തിയുണ്ടെങ്കിലല്ലേ അവര്‍ കടം തരൂ. മണ്‍പാത്രങ്ങള്‍ ആളുകള്‍ വാങ്ങിയില്ലെങ്കില്‍ എങ്ങനെ ഈ പണം ഞങ്ങള്‍ തിരിച്ച് കൊടുക്കും? അതുകൊണ്ടൊക്കായാവും പഴയ തലമുറയില്‍പ്പെട്ടവര്‍ ഇത്തരം ഭക്ഷണരീതിയൊക്കെ സ്വീകരിച്ചതെന്ന് കരുതാം. ഈ ദാരിദ്ര്യവും കഷ്ടപ്പാടും കണ്ട് വളര്‍ന്നതിനാലായിരിക്കണം പുതിയ തലമുറ ഈ രംഗത്തേക്ക് വരാത്തതും..”


മണ്‍പാത്രനിര്‍മാണം ഇല്ലാതാകുമോ?
ഭാവിതലമുറ ഈ രംഗത്ത് വരാത്തതുകൊണ്ട് മണ്‍പാത്രനിര്‍മ്മാണത്തിന്റെ ഭാവി ആശങ്കയോടെ മാത്രമേ ഇനി കാണാനാവൂ. പുത്തന്‍ സാങ്കേതിക വിദ്യയുടെ കടന്നുകയറ്റമാണ് മറ്റൊന്ന്. വൈദ്യുതോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇരുമ്പു ചക്രങ്ങള്‍ ഇന്ന് പലരും ഉപയോഗിക്കാറുണ്ട്.സ്വയം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതും, കറക്കത്തിന്റെ വേഗത വളരെപ്പെട്ടെന്ന് നിയന്ത്രിക്കാന്‍ കഴിയുന്നതുമാണ് വൈദ്യുത ചക്രങ്ങള്‍. അതുപോലെ മണ്ണ് പരിവപ്പെടുത്തുന്ന കളിമണ്‍മിക്‌സറും ചിലയിടങ്ങളില്‍ ഉപയോഗിക്കുന്നു.

പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി പത്തുമണി വരെ നീളുന്ന ജോലിയാണ് മണ്‍പാത്ര നിര്‍മ്മാണത്തിന് വേണ്ടി വരുന്നത്. ചെയ്യുന്ന ജോലിയ്ക്കനുസരിച്ച് കൂലിയോ,സര്‍ക്കാര്‍ തലങ്ങളില്‍ നിന്നുള്ള സഹായമോ ലഭിക്കുന്നതുമില്ല. ഗ്യാസ് അടുപ്പുകളുടെ രംഗപ്രവേശവും അലുമിനിയം, സ്റ്റീല്‍, നോണ്‍സ്റ്റിക് പാത്രങ്ങള്‍ അടുക്കള കൈയ്യടക്കുകയും ചെയ്തിരിക്കുന്നു. ഇതുമൂലം കേരളത്തില്‍ മണ്‍ പാത്ര നിര്‍മ്മാണം ഏതാണ്ട് മന്ദീഭവിച്ച നിലയിലെത്തിയിരിക്കുന്നു.
എന്നാലും പരമ്പരാഗത ശൈലിയില്‍ നിര്‍മ്മിക്കുന്ന പാത്രങ്ങളോടാണ് ആളുകള്‍ക്ക് താല്പര്യം. മരണംവരെ ഈ തൊഴില്‍ മേഖലയില്‍ തുടരാനാണ് തങ്ങള്‍ക്ക് ആഗ്രഹമെന്ന് അപ്പൂട്ടിയും മണിയും രാമന്‍കുട്ടിയുമെല്ലാം പറയുന്നു.

കുംഭാരന്മാരുടെ ജീവിതം ചവിട്ടിക്കുഴിച്ച കളിമണ്ണില്‍ തീര്‍ത്തതാണ്. അതിനാല്‍ മണ്‍പാത്ര നിര്‍മ്മാണ മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാരോ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ മുന്നോട്ട് വന്നില്ലെങ്കില്‍ ഒരു സംസ്‌കാരം തന്നെ അന്യമാകുമെന്ന് തീര്‍ച്ച.

Leave A Reply

Your email address will not be published.