340 മീറ്റർ വിസ്തൃതിയുള്ള അപ്പോഫിസ് എന്ന ഭീമൻ ഉൽക്കയെ നാസയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ട് പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞു. ഭൂമിയുടെ നേർക്കാണ് വരുന്നതെന്നും, ഭൂമിയുടെ സമീപത്തുകൂടി അത് കടന്നുപോകുമെന്നും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. 2.7 ശതമാനം വരെ സാധ്യത അത് ഭൂമിയിൽ പതിക്കാൻ ഉണ്ട് എന്നും ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസം, സ്പേസ് എക്സ് എന്ന സ്വകാര്യ അമേരിക്കൻ എയറോസ്‌പേസ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഇലോൺ മാസ്ക് ട്വിറ്ററിലൂടെ നടത്തിയ പ്രസ്താവന ലോകമെങ്ങും ചർച്ചയായിരുന്നു.ഇത് ഭൂമിയിൽ പതിക്കുമെന്നും അതിനെ പ്രതിരോധിക്കാൻ നമുക്കാവില്ല എന്നുമാണ് അദ്ദേഹം പ്രവചിച്ചത്.
അപ്പോഫിസ് 2029 ഏപ്രിൽ പതിമൂന്നിനാണ് ഭൂമിക്ക് ഏറ്റവും സമീപത്ത് എത്തുക. ഭൂമിയ്ക്ക് 31,000 കിലോമീറ്റർ സമീപത്തുകൂടിയാവും അത് കടന്നുപോവുക എന്നാണ് റിപ്പോർട്ട്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം 3,84,000 കിലോമീറ്ററുകളാണ് എന്നറിയുമ്പോൾ നമുക്ക് എത്രമാത്രം സമീപത്തുകൂടിയാണ് ഈ ഭീമൻ ഉൽക്ക കടന്നുവരുന്നത് എന്ന് മനസിലാക്കാം. ഇലോൺ മസ്കിനെപ്പോലെ, അത് ഭൂമിയിൽ പതിക്കും എന്ന് കരുതുന്ന ശാസ്ത്രജ്ഞർ ഏറെയുണ്ട്.
അമേരിക്കയിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങിനെക്കാൾ ഉയരമുള്ള ഈ ഉൽക്കയ്ക്ക് 2.7 കോടി ടൺ ഭാരമുണ്ടെന്നാണ് കണക്കുകൂട്ടൽ. അത് സഞ്ചരിക്കുന്ന വേഗത മണിക്കൂറിൽ ഏകദേശം നാൽപ്പതിനായിരം കിലോമീറ്ററുകളാണ് എന്നും ശാസ്ത്രജ്ഞർ പറയുന്നു. അതിനാൽ, സഞ്ചരിക്കുന്ന പാതയിൽ ചെറിയൊരു മാറ്റം വന്നാൽ ഭൂമിയെ സംബന്ധിച്ച് അതൊരു വൻ ദുരന്തമായി മാറുമെന്ന് തീർച്ചയാണ്. എന്നാൽ, അപ്രകാരം സംഭവിക്കാനുള്ള സാധ്യത വളരെ വിരളമാണ് എന്ന് നാസയിലെ ശാസ്ത്രജ്ഞർ ആവർത്തിക്കുന്നു. ചില ഗവേഷകരുടെ അഭിപ്രായത്തിൽ ഒരുലക്ഷത്തിൽ ഒരു ഭാഗം മാത്രം സാധ്യതയാണ് അത് ഭൂമിയിൽ പതിക്കാനുള്ളത്.
ഇപ്രകാരമൊരു ഉൽക്ക ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുന്നത് വലിയൊരു അവസരമായാണ് പല ശാസ്ത്രജ്ഞരും കണക്കാക്കുന്നത്. വിശദമായി അതിന്റെ ഘടനയെക്കുറിച്ചും മറ്റും പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് നാസയുടെ ശാസ്ത്രജ്ഞർ. “അപ്പോഫിസ് 2029ൽ ഭൂമിക്ക് സമീപത്തെത്തുന്നത് ശാസ്ത്രത്തെ സംബന്ധിച്ച് അവിശ്വസനീയമായ ഒരവസരമാണ്’ എന്ന് നാസയിലെ മറീന ബ്രോസോവിക് അഭിപ്രായപ്പെടുന്നു.
ഭൂമിയെ സമീപിക്കുന്നത് മൂലം അപ്പോഫിസിന്റെ പാതയിൽ ചെറിയ ഒരു മാറ്റം വരും എന്നുള്ളത് തങ്ങൾ മനസിലാക്കിയിട്ടുണ്ട് എന്ന്, അസ്ട്രോണമറായ ഡേവിഡ് ഫാർനോക്കിയ പറയുന്നു. അത്തരത്തിൽ സംഭവിക്കുന്ന മാറ്റം മുകളിലെ ദൃശ്യാവിഷ്കരണത്തിൽ വ്യക്തമാണ്. ഇത്തരത്തിലൊന്ന് ഭൂമിയെ മറികടക്കുന്നത് ആദ്യമായി നഗ്നനേത്രങ്ങൾക്കൊണ്ട് ഭൂമിയിൽ നിന്ന് ദർശിക്കാൻ കഴിയുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. തെക്കൻ ചക്രവാളത്തിൽ അന്ന് രാത്രിയിലാവും അത് ദൃശ്യമാവുക.
ഇലോൺ ഹസ്‌കിനെപ്പോലുള്ള ശാസ്ത്രജ്ഞർ വിശ്വസിക്കുന്നതനുസരിച്ച് അപ്പോഫിസ് ഭൂമിയിൽ പതിച്ചാൽ അത് മാനവരാശിയെ സംബന്ധിച്ച് നിർണ്ണായകമായ ഒരു സംഭവമായി മാറും എന്നതിൽ സംശയമില്ല. 2.7 കോടി ടൺ ഭാരമുള്ള ഒരു ഭീമൻ പാറ മണിക്കൂറിൽ നാൽപ്പതിനായിരം കിലോമീറ്റർ വേഗതയിൽ ഭൂമിയിൽ പതിച്ചാൽ അത്, 15000 ഹിരോഷിമ ബോംബുകൾ ഒന്നിച്ചു പൊട്ടിത്തെറിക്കുന്നതിനേക്കാൾ വലിയ പ്രഹരമായിരിക്കും ഭൂമിക്ക് സമ്മാനിക്കുക എന്ന് വിദഗ്ദർ പറയുന്നു. കടലിലാണ് പതിക്കുന്നതെങ്കിലും ഭൂമിയുടെ നല്ലൊരുഭാഗം സുനാമിയുടെ വെള്ളത്തിനടിയിലാക്കുവാൻ അതിനു കഴിയും.