ജീവിതം ദുഃസ്സഹമാക്കി മാറ്റുന്ന വിധത്തിൽ രാജ്യത്ത് സാമ്പത്തിക മാന്ദ്യം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. തൽഫലമായി രാജ്യത്തിന്റെ വ്യാപാര വ്യവസായ മേഖലകളിൽ വലിയ തകർച്ചകൾക്കാണ് ആരംഭം കുറിച്ചിരിക്കുന്നത്. തൊഴിലവസരങ്ങൾ നഷ്ടപ്പെടുകയും കാർഷികമേഖല നഷ്ടത്തിലേക്ക് വീഴുകയും ചെയ്യുന്നതിനാൽ, സമൂഹത്തിന്റെ സമസ്ത മേഖലകളെയും കാത്തിരിക്കുന്നത് ദുരിതത്തിന്റെ മേഖലകളാണ് എന്ന് സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നു.
ഫ്‌ളാറ്റുകൾ വിലക്കപ്പെടാതെ പോകുന്നതിനാൽ റിയൽ എസ്റ്റേറ്റ് മേഖല മുമ്പേ പ്രതിസന്ധിയിലായിരുന്നു. നിർമ്മാണപ്രവർത്തനങ്ങൾ കുറഞ്ഞതിനാൽ, സിമന്റ്, കമ്പി, പെയിന്റ്, ബാത്ത്റൂം ഫിറ്റിങ്ങുകൾ തുടങ്ങിയവയുടെ ആവശ്യം കുറവായി. ഇത്, സിമന്റ്, സ്റ്റീൽ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വാഹന വിപണിയിലും കഴിഞ്ഞ വർഷം മുതൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇരുചക്ര വാഹന വിപണിയിൽ ആദ്യമായി നെഗറ്റിവ് വളർച്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മാരുതി അതിന്റെ ഉൽപ്പാദനം അഞ്ച് ശതമാനം കുറച്ചുകഴിഞ്ഞു. മറ്റു കമ്പനികളും അധികം വൈകാതെ ആ വഴിക്ക് എന്നുറപ്പാണ്. ഇത് ടയർ, വാഹനങ്ങളുടെ ആക്സസറീസ്, എന്നിവയുടെ ഉൽപ്പാദന മേഖലകളെയും തളർത്തിക്കൊണ്ടിരിക്കുന്നു.
സോപ്പ്, ഹെയർ ഓയിൽ, ടൂത്ത് പേസ്റ്റ് തുടങ്ങിയവയ്ക്ക് പോലും ഗ്രാമീണ മേഖലകളിൽ ആവശ്യം കുറഞ്ഞതിനാൽ, ഹിന്ദുസ്ഥാൻ യൂണിലിവർ പോലുള്ള കമ്പനികളുടെ വാർഷിക വിൽപ്പന കുറഞ്ഞിട്ടുണ്ട്. ബാബാ രാംദേവിന്റെ പതഞ്‌ജലി ആയുർവേദിക് ഉൽപ്പന്നങ്ങൾപോലും 10% വരുമാന കമ്മി രേഖപ്പെടുത്തിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഉൽപ്പാദന വിതരണ മേഖലകളിലെ മാന്ദ്യം ചരക്ക് ഗതാഗത മേഖലയിൽ 15% കുറവ് സൃഷ്ടിച്ചിട്ടുളളതായി ഇന്ത്യൻ ഫൗണ്ടേഷൻ ഫോർ ട്രാൻസ്‌പോർട്ട് റിസർച്ച് ആൻഡ് ട്രെയ്‌നിംഗിന്റെ റിപ്പോർട്ടിൽ പറയുന്നു.
വരാൻ പോകുന്ന നാളുകൾ ദുരിതത്തെന്റേതാണ് എന്ന് ഈ ലക്ഷണങ്ങൾ വ്യക്തമാക്കുന്നു. ഇതിനെ അതിജീവിക്കാൻ ജനങ്ങൾ ജാഗ്രതയുള്ളവരാകേണ്ടിയിരിക്കുന്നു. പുതിയ സംരംഭങ്ങൾക്ക് ഇറങ്ങുന്നവരും സാമ്പത്തിക കാലാവസ്ഥ മനസിലാക്കി ചുവടുകൾ വച്ചില്ലെങ്കിൽ, വിജയം ദുഷ്കരമായി മാറും എന്നതിന് സംശയമില്ല.