വളരെ കാര്‍ക്കശ്യത്തോടെയും ഉത്തരവാദിത്വ ബോധത്തോടെയും സത്യസന്ധതയോടെയും നടത്തേണ്ടതാണല്ലോ യൂണിവേഴ്‌സിറ്റി പരീക്ഷകളും പ്രവേശന പരീക്ഷകളും തൊഴില്‍ദാന പരീക്ഷകളും. വളരെയധികം സത്യസന്ധതയും കാര്‍ക്കശ്യവും ഈ മേഖലയില്‍ ഉണ്ട് എന്നതും നേര്. എന്നാലും പല തരത്തിലുള്ള നേരില്ലായ്മകള്‍ ഇത്തരം പരീക്ഷകളുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. ഇപ്പോള്‍ എം.ജി സര്‍വകലാശാലയുമായി ബന്ധപ്പെട്ട് മാര്‍ക്കുദാന കഥകള്‍ പുറത്തുവരുമ്പോള്‍ മറ്റു ചില കാര്യങ്ങള്‍കൂടി ശ്രദ്ധയില്‍പ്പെടുത്തട്ടെ.
ഒന്ന്, ചോദ്യപേപ്പര്‍ തയാറാക്കുന്നവര്‍ ചിലപ്പോള്‍ സത്യസന്ധത കാണിക്കാറില്ല. അതുകൊണ്ടാണ് പലപ്പോഴും സിലബസിന് പുറത്തുള്ള ചോദ്യങ്ങള്‍ ചോദ്യപേപ്പറില്‍ ഉണ്ടാകുന്നത്. ഇങ്ങനെ ആത്മാര്‍ത്ഥതയില്ലാതെ ചോദ്യപേപ്പര്‍ തയാറാക്കുന്നവര്‍ ചോദ്യപേപ്പര്‍ തയാറാക്കുന്നതിന്റെ പ്രതിഫലം വാങ്ങുന്നുമുണ്ട്.
പരീക്ഷാഹാളിലും സത്യസന്ധത ഇല്ലായ്മകള്‍ ഉണ്ട്. ഇത് രണ്ടുവിധത്തിലാണ് സംഭവിക്കുന്നത്. ഒന്നാമത്തെ തെറ്റ് കാണിക്കുന്നത് ചില വിദ്യാര്‍ത്ഥികളാണ്. കൃത്രിമം കാണിക്കുവാന്‍ പല മാര്‍ഗങ്ങള്‍ ചില വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നു. കോപ്പിയടിക്കുവാന്‍ കുറിപ്പുകള്‍ കൊണ്ടുവരുക, അടുത്തിരിക്കുന്നവര്‍ പരസ്പരം ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കുക, ഉത്തരക്കടലാസില്‍ ഉത്തരങ്ങള്‍ കാണിച്ചുകൊടുക്കുക, ഇന്‍വിജിലേറ്റര്‍ കാണാതെ ഉത്തരം എഴുതിയ ഷീറ്റ് മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് കോപ്പിയടിക്കുവാന്‍ നല്‍കുക ഇങ്ങനെ പലവിധ ക്രമക്കേടുകള്‍.
ഒരിക്കല്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സിയുടെ ദേശീയതലത്തിലുള്ള പരീക്ഷ നടക്കവെ ഒരു വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ ഫോണ്‍ വഴി ഉത്തരങ്ങള്‍ വന്നതും അയാള്‍ പിടിക്കപ്പെട്ടതുമായ സംഭവങ്ങളുണ്ട്. ഇങ്ങനെ പലയിടത്തും കാണാം. പി.എസ്.സി നടത്തിയ പരീക്ഷയില്‍ ഫോണിലൂടെ ഉത്തരങ്ങള്‍ വന്നതടക്കം പലതരം ക്രമക്കേടുകള്‍ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ കാണിച്ചുവല്ലോ. പരീക്ഷാഹാളില്‍ രണ്ടാമത്തെ സത്യസന്ധതയില്ലായ്മ കാണിക്കുന്നത് ചില ഇന്‍വിജിലേറ്റര്‍മാരാണ്. അവര്‍ വേണ്ടവിധം സൂപ്പര്‍വിഷന്‍ വഹക്കാത്തതുകാരണം വിദ്യാര്‍ത്ഥികള്‍ക്ക് കൃത്രിമം കാണിക്കുവാന്‍ എളുപ്പം കിട്ടുന്നു. ചില ഇന്‍വിജിലേറ്റര്‍മാര്‍ കസേരയില്‍ ഇരിക്കത്തേ ഉള്ളൂ. ചിലര്‍ അശ്രദ്ധരായിരിക്കും. ചിലര്‍ പുറത്തിറങ്ങി ഇടയ്ക്കിടെ അടുത്ത മുറിയിലെ ഇന്‍വിജിലേറ്ററിനെക്കൂടി പുറത്ത് വിളിച്ച് സംസാരിച്ചുകൊണ്ടിരിക്കും. ചിലര്‍ വരാന്തയില്‍ കൂടി പോകുന്ന സഹപ്രവര്‍ത്തകരുമായി കുറെ സമയമൊക്കെ സംസാരിച്ചുകൊണ്ടിരിക്കും. ഇതെല്ലാം കള്ളത്തരം കാണിക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ നല്‍കുന്നു.
ഇന്‍വിജിലേറ്റര്‍ എത്ര സമര്‍ത്ഥമായി നിരീക്ഷിച്ചാല്‍പോലും കള്ളത്തരം കാണിക്കുവാന്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ പരീക്ഷാഹോളില്‍ ഉണ്ടാകാറുണ്ട്. അപ്പോള്‍ ഇന്‍വിജിലേറ്റര്‍മാര്‍ അശ്രദ്ധ കാണിച്ചാലോ? ചില ഇന്‍വിജിലേറ്റര്‍മാര്‍ അറിഞ്ഞുകൊണ്ട് കള്ളത്തരം കാണിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കാറുമുണ്ട്. കഴിഞ്ഞ വര്‍ഷം പത്താം ക്ലാസ് പരീക്ഷയ്ക്ക് കോഴിക്കോട് ജില്ലയിലെ നീലേശ്വരം സ്‌കൂളില്‍ അധ്യാപകര്‍ കാണിച്ച കള്ളത്തരം ഉദാഹരണമാണ്.
പരീക്ഷാനടത്തിപ്പില്‍ സത്യസന്ധത ഇല്ലാത്ത മറ്റൊരു മേഖല ഉത്തരക്കടലാസ് നോക്കി മാര്‍ക്ക് ഇടുന്നിടത്താണ്. ഹോം വാലുവേഷന്‍ ആണെങ്കിലും സെന്‍ട്രലൈസ്ഡ് വാലുവേഷന്‍ ആണെങ്കിലും ആത്മാര്‍ത്ഥത കാണിക്കാത്ത അധ്യാപകര്‍ ഉണ്ട്. ശരിക്ക് ഉത്തരങ്ങള്‍ വായിച്ചുനോക്കാതെ അത്തരക്കാര്‍ മാര്‍ക്ക് ഇടും. വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിക്കാതിരിക്കാനും റീവാലുവേഷന് പോകാതിരിക്കാനും അവര്‍ കുറച്ച് മാര്‍ക്ക് കൂട്ടി ഇട്ടേക്കും. എന്നുവച്ചാല്‍, അര്‍ഹിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന മാര്‍ക്ക് കിട്ടണമെന്നില്ല. അര്‍ഹിക്കാത്തവര്‍ക്ക് കൂടുതല്‍ മാര്‍ക്ക് കിട്ടുകയും ചെയ്യും.
ഇനി ഇത്തരം സത്യസന്ധത ഇല്ലായ്മകളുടെ പ്രത്യാഘാതം നോക്കാം. അര്‍ഹിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന മാര്‍ക്ക് കിട്ടാതിരിക്കും. അര്‍ഹിക്കാത്തവര്‍ക്ക് കൂടുതല്‍ മാര്‍ക്ക് കിട്ടും. ഈ മാര്‍ക്കാണ് അടുത്ത കോഴ്‌സിന്റെ പ്രവേശനത്തിന്റെ മാനദണ്ഡം. ഒരു മാര്‍ക്കിന്റെ വ്യത്യാസത്തിനുപോലും അഡ്മിഷന്‍ കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യാം. അങ്ങനെയാണെങ്കില്‍ ചോദ്യപേപ്പര്‍ തയാറാക്കല്‍, വിദ്യാര്‍ത്ഥികള്‍ പരീക്ഷാഹാളില്‍ കാണിക്കുന്ന ക്രമക്കേടുകള്‍, ഇന്‍വിജിലേറ്റര്‍മാരുടെ സത്യസന്ധത ഇല്ലായ്മ, ഉത്തരക്കടലാസ് പരിശോധിച്ച് മാര്‍ക്ക് ഇടല്‍ എന്നിവിടങ്ങളിലൊക്കെ കുറച്ചു കുറച്ച് സത്യസന്ധത ഇല്ലായ്മയും ക്രമക്കേടുകളും നടക്കുമ്പോള്‍ എന്ത് സംഭവിക്കും? അര്‍ഹിക്കുന്ന പലരും പുറകിലാകും. അര്‍ഹിക്കാത്ത പലരും മുമ്പിലാകും. അത് അടുത്ത കോഴ്‌സിന്റെ പ്രവേശനം, ജോലി, ഭാവി എന്നിവയെയൊക്കെ ബാധിക്കുമെന്ന് നാം ഓര്‍ക്കണം.
ഇതിനു പുറെയാണ് യൂണിവേഴ്‌സിറ്റികളില്‍ സംഭവിക്കാവുന്ന ക്രമക്കേടുകള്‍. അത്തരത്തില്‍ എം.ജി സര്‍വകലാശാലയില്‍ നടന്ന സത്യസന്ധമല്ലാത്ത ഒരു പ്രവൃത്തിയുടെ വിവരങ്ങള്‍ ആണല്ലോ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
മോഡറേഷന്‍ മാര്‍ക്ക് നല്‍കുന്നതിന് അംഗീകൃത നിയമങ്ങള്‍ ഉണ്ട്. അത് ഇങ്ങനെയാണ്: പരീക്ഷാ ബോര്‍ഡിനാണ് മോഡറേഷന്‍ നല്‍കാന്‍ അധികാരം. ഏതെങ്കിലും ഒരു വിഷയത്തില്‍മാത്രം വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറവാണെങ്കില്‍ മോഡറേഷന്‍ നല്‍കാം. ആ പരീക്ഷയുടെ ചോദ്യപേപ്പറില്‍ സിലബസിന് പുറത്തുള്ള ചോദ്യങ്ങള്‍ വന്നതുകൊണ്ടോ മൊത്തത്തില്‍ ചോദ്യങ്ങള്‍ കഠിനമായിരുന്നതുകൊണ്ടോ ഒക്കെയാകാം ആ പേപ്പറിന് മാത്രം മാര്‍ക്ക് കുറഞ്ഞത്. ആ പ്രശ്‌നം പരിഹരിക്കാനാണ് അധികമാര്‍ക്ക് നല്‍കുന്നത്. ആ മാര്‍ക്ക് ആ പേപ്പര്‍ എഴുതിയ എല്ലാവര്‍ക്കും കിട്ടും. ഇത്തരം മോഡറേഷന്‍ നല്‍കുന്നത് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിനുമുമ്പാണ്. അതായത്, മോഡറേഷന്‍ നല്‍കിയശേഷമുള്ള മാര്‍ക്കുവച്ചാണ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുക. ഫലം പ്രസിദ്ധീകരിച്ചശേഷമാണ് മോഡറേഷന്‍ നല്‍കാന്‍ ആലോചിക്കുന്നതെങ്കില്‍ അതിനും നടപടിക്രമങ്ങളുണ്ട്. അത് പാലിക്കണം. ഇത്തരം നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെയാണ് എം.ജി സര്‍വകലാശാല മാര്‍ക്കുദാനം നടത്തിയത്. അതും പരീക്ഷ കഴിഞ്ഞ് നിരവധി വര്‍ഷങ്ങള്‍ക്കുശേഷം.
ചുരുക്കിപ്പറയാം. ചോദ്യപേപ്പര്‍ തയാറാകുന്നിടം മുതല്‍ യൂണിവേഴ്‌സിറ്റി ഫലപ്രഖ്യാപനം നടത്തുന്നിടംവരെ സത്യസന്ധമല്ലാത്ത പ്രവൃത്തികള്‍ പരീക്ഷാനടത്തിപ്പില്‍ സംഭവിക്കാറുണ്ട്. അത് അനര്‍ഹരായ ചിലര്‍ക്ക് അവസരങ്ങള്‍ നല്‍കും. പക്ഷേ, അര്‍ഹിക്കുന്ന പലര്‍ക്കും അത് അവസരങ്ങള്‍ നിഷേധിക്കും.
അങ്ങനെ എത്ര അനര്‍ഹകര്‍ ഇപ്പോള്‍ ഏതെല്ലാം പദവികളിലുണ്ടാകും! എത്ര അര്‍ഹിക്കുന്നവര്‍, അര്‍ഹിക്കുന്നിടത്ത് എത്താത്തവരായും ഉണ്ടാകും?