Voice of Truth

പ്രകൃതി ദുരന്തങ്ങളെ തിരിച്ചറിയാൻ മനുഷ്യൻ വൈകുമ്പോഴും, മൃഗങ്ങൾക്ക് അത് കഴിയുന്നു. കവളപ്പാറയിലെ ഉരുൾപൊട്ടൽ മുൻകൂട്ടി അറിഞ്ഞു ചില മനുഷ്യരുടെ ഉൾപ്പെടെ ജീവൻ രക്ഷിച്ച മിണ്ടാപ്രാണികളെക്കുറിച്ച്

ഭൂമികുലുക്കം, ഉരുൾപൊട്ടൽ തുടങ്ങിയ വലിയ പ്രകൃതി ദുരന്തങ്ങൾ, അവ സംഭവിക്കുന്നതിനു മുമ്പേ മൃഗങ്ങൾ തിരിച്ചറിയും എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. ഇത്തരം എണ്ണമറ്റ അനുഭവങ്ങൾ നാം കേട്ടിട്ടുണ്ട്. ഈ ആധുനിക ഈ ആധുനിക ലോകത്ത് നൂതനമായ ശാസ്ത്രീയ സംവിധാനങ്ങൾ ഉപയോഗിക്കുന്ന മനുഷ്യർക്ക് പലപ്പോഴും തെറ്റുപറ്റുമ്പോഴാണ് ഈ അനുഭവങ്ങൾ നമുക്ക് മാതൃകയാകുന്നത്‌. ഇനിയും സൂക്ഷമമായി ലക്ഷണങ്ങളെ അപഗ്രഥനം ചെയ്യാനും, യഥാസമയം നടപടികൾ സ്വീകരിച്ച് ദുരന്തങ്ങളെ ഒഴിവാക്കാനും നാം പരിശ്രമിക്കേണ്ടതുണ്ട് എന്ന് ഈ മിണ്ടാപ്രാണികളെ നമ്മെ ഓർമ്മിപ്പിക്കുന്നു.

കവളപ്പാറ സ്വദേശിയായ രാജേഷും കുടുംബവും തലനാരിഴയ്ക്കാണ് കേരളം കണ്ടത്തിൽവച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽനിന്ന് രക്ഷപെട്ടത്. അതിന് കാരണമായതോ, മിണ്ടാപ്രാണികളായ കന്നുകാലികളും ആനക്കൂട്ടവും. നിലയ്ക്കാതെ മഴപെയ്ത മൂന്ന് ദിവസങ്ങൾക്ക് ശേഷം കവളപ്പാറ കുന്നിൻമുകളിൽ കൂണുകൾ മുളച്ചിട്ടുണ്ടോ എന്ന് നോക്കുവാൻ പോയ രാജേഷ് അപ്രതീക്ഷിതമായി ഒരു കാഴ്ച കണ്ടു. ഒരിക്കലും കാണാത്ത രീതിയിൽ ഒരു ആനക്കൂട്ടം കാടിന് പുറത്തേയ്ക്ക് ഓടിയിറങ്ങിവരുന്നു. അത്തരത്തിൽ നട്ടുച്ച നേരത്ത് വനം വിട്ട് കാട്ടാനകൾ പുറത്തേയ്ക്ക് വരാറില്ല. ആ കാഴ്ചകണ്ട രാജേഷ് തിരികെ വീട്ടിലേയ്ക്ക് ഓടി.

വീടിനടുത്തെത്തിയപ്പോൾ ഇരുവശത്തുമുള്ള തോടുകൾ കവിഞ്ഞൊഴുകുന്നതായി കണ്ടതായും രാജേഷ് ഓർമ്മിക്കുന്നു. പശുക്കളും പതിവില്ലാത്ത രീതിയിൽ ബഹളം വയ്ക്കുന്നുണ്ടായിരുന്നു. അസ്വാഭാവികമായ പല കാഴ്ചകൾ കണ്ടതോടെ എന്തോ സംഭവിക്കാൻ പോകുന്നു എന്ന സൂചന ആ കുടുംബത്തിന് ലഭിച്ചു. തുടർന്ന്, തന്റെ മാതാവ് പശുക്കളെ കയറഴിച്ചുവിടുകയുണ്ടായി എന്ന് രാജേഷ് പറയുന്നു. സ്വതന്ത്രരായ കന്നുകാലികൾ സാധാരണ മേയാൻ പോകുന്ന വഴി ഉപേക്ഷിച്ച്, കുന്നിന്മുകളിലേയ്ക്കാണ് ഓടിപ്പോയത്. രാജേഷിന്റെ കുടുംബത്തിന്റെ കുന്നിന്മുകളിലുള്ള പഴയ വീടിനു സമീപത്ത് ചെന്ന് അവ നിലയുറപ്പിച്ചു.

കുറച്ചുകഴിഞ്ഞപ്പോൾ വെള്ളം പുരയ്ക്കകത്തേയ്ക്ക് കയറിത്തുടങ്ങിയതോടെ, രാത്രി ഒരുപക്ഷെ വീട് വെള്ളത്തിൽ മുങ്ങിയേക്കാം എന്ന് അവർ കരുതി. അതിനാൽ, പ്രായമായ മാതാപിതാക്കളും കുട്ടികളുമുൾപ്പെടെ എല്ലാവരും പഴയ വീട്ടിലേയ്ക്ക് മാറി. അപകടസൂചന ലഭിച്ചതനുസരിച്ച് സമീപവാസികളെയും ആ സ്ഥലത്തുനിന്ന് മാറ്റുകയുണ്ടായി. പിറ്റേദിവസം താഴേയ്ക്കിറങ്ങിയപ്പോഴാണ് വലിയ ദുരന്തം സംഭവിച്ചിരിക്കുന്നതായി അവർ മനസിലാക്കിയത്.