Voice of Truth

വ്യക്തിക്കുള്ളിലെ നിരീശ്വരവാദവും ദൈവവിശ്വാസവും നിശ്ചയിക്കുന്നത് മനുഷ്യമസ്തിഷ്കത്തിലെ രണ്ട് പ്രധാന ബൗദ്ധിക കേന്ദ്രങ്ങള്‍ എന്ന് ഗവേഷണ റിപ്പോര്‍ട്ട്

ഹൈലൈറ്റ്സ് :

  • ഒരു വ്യക്തിയ്ക്കുള്ളില്‍ നടക്കുന്ന ഇത്തരം ആശയസംഘര്‍ഷങ്ങള്‍ക്ക് കാരണമായി മാറുന്നതും ഒരാള്‍ ദൈവവിശ്വാസിയോ അവിശ്വാസിയോ എന്ന് തീരുമാനിക്കുന്നതും, മനുഷ്യമസ്തിഷ്കത്തിലെ പരസ്പര വിരുദ്ധങ്ങളായ രണ്ട് നെറ്റ്വര്‍ക്കുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ്.
  • ആത്മീയരായവരില്‍ അപഗ്രഥനപരമായ ചിന്തകള്‍ക്ക് സഹായിക്കുന്ന അനലിറ്റിക്കല്‍ നെറ്റ്വര്‍ക്കിനെ, അനുകമ്പയും, വൈകാരിക ഭാവങ്ങളും ഉളവാക്കുന്ന എംപതറ്റിക് നെറ്റ്വര്‍ക്ക് ചില സമയങ്ങളില്‍ കീഴടക്കുന്നു. അവിശ്വാസികളായവരുടെ കാര്യത്തില്‍ തിരിച്ചാണ് സംഭവിക്കുന്നത്.
  • ദൈവത്തില്‍ വിശ്വസിക്കാന്‍ ഒരുവന്‍ തയ്യാറാകുമ്പോള്‍, അത് യുക്തിയുടെ ചിന്തകളെയും വിമര്‍ശന ബുദ്ധിയെയും നിയന്ത്രിച്ചുനിര്‍ത്തുകയും, ഒപ്പം, സാമൂഹികവും വൈകാരികവുമായ ഉള്‍ക്കാഴ്ചകള്‍ സ്വായത്തമാക്കാന്‍ അയാളെ സഹായിക്കുകയും ചെയ്യും.
  • ആധുനിക ശാസ്ത്രം ദൈവവിശ്വാസത്തെ തള്ളിക്കളയുന്നു എന്ന ധാരണ തെറ്റാണ് എന്ന് ഈ ഗവേഷണം തെളിയിക്കുന്നു.

ദൈവവിശ്വാസത്തിനും നിരീശ്വരവാദത്തിനും ഇടയില്‍, ശാസ്ത്രീയ നേട്ടങ്ങളുടെയും ഗവേഷണ ഫലങ്ങളുടെയും ചില സിദ്ധാന്തങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ എക്കാലവും നടന്നുവരുന്നത് അവസാനമില്ലാത്ത ചര്‍ച്ചകളാണ്. അഭിപ്രായ സമന്വയങ്ങളേക്കാള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ അവിടെ പതിവാണ്. നിരന്തരം ഉയരുന്ന ആശയസംഘര്‍ഷങ്ങള്‍ക്ക് മദ്ധ്യേ ഏറെപ്പേരും ധരിച്ചുവച്ചിരിക്കുന്നത് കൂടുതല്‍ ശാസ്ത്രീയമായത് നിരീശ്വരവാദം അഥവാ ദൈവ നിഷേധമാണ് എന്നാണ്. ശാസ്ത്രം ദൈവവിശ്വാസത്തിന് എതിരാണ് എന്ന് അനേകര്‍ കരുതുന്നു. എന്നാല്‍, സമീപകാലത്ത് പുറത്തുവന്നിട്ടുള്ള ഒരു ഗവേഷണ ഫലം അനുസരിച്ച്, ഒരു വ്യക്തിയ്ക്കുള്ളില്‍ നടക്കുന്ന ഇത്തരം ആശയസംഘര്‍ഷങ്ങള്‍ക്ക് കാരണമായി മാറുന്നതും ഒരാള്‍ ദൈവവിശ്വാസിയോ അവിശ്വാസിയോ എന്ന് തീരുമാനിക്കുന്നതും, മനുഷ്യമസ്തിഷ്കത്തിലെ പരസ്പര വിരുദ്ധങ്ങളായ രണ്ട് നെറ്റ്വര്‍ക്കുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ്.

അമേരിക്കയിലെ കേസ് വെസ്റ്റേണ്‍ റിസര്‍വ് യൂണിവേഴ്സിറ്റിയിലേയും, ബാബ്സണ്‍ കോളേജിലേയും ഗവേഷകരുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഈ നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകള്‍. മുതിര്‍ന്നവരും, വ്യത്യസ്ഥമായ വിശ്വാസങ്ങള്‍ ഉള്ളവരും, പ്രത്യേകിച്ച് നിരീശ്വരവാദികളും, ദൈവവിശ്വാസികളുമായ 159 മുതല്‍ 527 വരെ പേര്‍ ഉള്‍പ്പെടുത്തപ്പെട്ട എട്ട് ഗ്രൂപ്പുകളിലായാണ് പഠനങ്ങള്‍ നടത്തപ്പെട്ടത്. വ്യത്യസ്ഥങ്ങളായ എട്ട് ചോദ്യാവലികളാണ് അവര്‍ക്കായി തയ്യാറാക്കിയിരുന്നത്.

ദൈവവിശ്വാസികളുടെയും അവിശ്വാസികളുടെയും പ്രതികരണങ്ങളും, മസ്തിഷ്ക സംബന്ധമായ സവിശേഷതകളും വിലയിരുത്തിയ ശാസ്ത്രസംഘം അവരുടെ തലച്ചോറിലെ രണ്ട് നെറ്റ് വര്‍ക്കുകളില്‍ പ്രകടമായ ചില മാറ്റങ്ങള്‍ കണ്ടെത്തി. വിശ്വാസികള്‍ അഥവാ, ആത്മീയരായവരില്‍ അപഗ്രഥനപരമായ ചിന്തകള്‍ക്ക് സഹായിക്കുന്ന ബൗദ്ധിക സംവിധാനത്തെ (Analytical Network), തന്മയീഭാവമുളവാക്കുന്ന അഥവാ അനുകമ്പയും, വൈകാരിക ഭാവങ്ങളും ഉളവാക്കുന്ന നെറ്റ്വര്‍ക്ക് (Empathetic Network) ചില സമയങ്ങളില്‍ കീഴടക്കുന്നു. അവിശ്വാസികളായവരുടെ കാര്യത്തില്‍ തിരിച്ചാണ് സംഭവിക്കുന്നത്. അവിടെ ചില അവസരങ്ങളില്‍, വൈകാരിക ഭാവങ്ങള്‍ക്ക് കാരണമാകുന്ന എംപതറ്റിക് നെറ്റ്വര്‍ക്കിനെ അനലിറ്റിക്കല്‍ നെറ്റ്വര്‍ക്ക് കീഴടക്കുന്നു.

ഒരു മനുഷ്യന്റെ വ്യക്തിത്വത്തെ അയാളുടെ മസ്തിഷ്കം രൂപകല്‍പ്പന ചെയ്യുന്നത് മേല്‍പ്പറഞ്ഞ രണ്ട് ബൗദ്ധിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ്. ലളിതമായ ഭാഷയില്‍ വിവരിച്ചാല്‍, ബുദ്ധിയും യുക്തിയും ഉപയോഗിച്ച് വസ്തുതകളെ സമീപിക്കുന്ന സംവിധാനമാണ് അനലിറ്റിക്കല്‍ നെറ്റ്വര്‍ക്ക്. മനുഷ്യത്വം, നന്മ, കരുണ, സഹാനുഭൂതി തുടങ്ങിയവയുടെയെല്ലാം ഉറവിടം മസ്തിഷ്കത്തിലെ എംപതറ്റിക് നെറ്റ്വര്‍ക്ക് ആണ്. ഉദാഹരണത്തിന്, ഒരു മദ്യപാനി അപകടത്തില്‍ പെട്ട് കിടക്കുമ്പോള്‍, അയാള്‍ മദ്യപാനി ആയതിനാല്‍ അവഗണിക്കുന്നത് അനലിറ്റിക്കല്‍ നെറ്റ്വര്‍ക്കിന്റെ മേധാവിത്വം കൊണ്ടും, മനുഷ്യത്വത്തിന്റെ പേരിലും കരുണകൊണ്ടും അയാളെ പരിഗണിക്കാന്‍ തീരുമാനിക്കുന്നത് എംപതറ്റിക് നെറ്റ് വര്‍ക്കിന്റെ പ്രവര്‍ത്തനം കൊണ്ടുമാണ്.

വിശ്വാസപരമായ കാര്യങ്ങളെ സമീപിക്കുമ്പോള്‍, അപഗ്രഥനപരമായി ബുദ്ധിയുടെ വഴിക്ക് ചിന്തിച്ചാല്‍ അത് യുക്തിഹീനമായി തോന്നിയേക്കാം എന്ന് ഗവേഷണ സംഘത്തിന്റെ തലവനായ ടോണി ജാക്ക് പറയുന്നു. അതേസമയം, ഈ ഗവേഷണത്തിലൂടെ മനസിലാക്കിയതനുസരിച്ച്, അമാനുഷികമായ ഒരു അതീതശക്തിയില്‍ അഥവാ ദൈവത്തില്‍ വിശ്വസിക്കാന്‍ ഒരുവന്‍ തയ്യാറാകുമ്പോള്‍, അത് യുക്തിയുടെ ചിന്തകളെയും വിമര്‍ശന ബുദ്ധിയെയും നിയന്ത്രിച്ചുനിര്‍ത്തുകയും, ഒപ്പം, സാമൂഹികവും വൈകാരികവുമായ ഉള്‍ക്കാഴ്ചകള്‍ സ്വായത്തമാക്കാന്‍ അയാളെ സഹായിക്കുകയും ചെയ്യും.

ഒട്ടേറെ ഗവേഷണങ്ങളില്‍ കണ്ടെത്തിയതനുസരിച്ച്, മറ്റുള്ളവരോട് സഹാനുഭൂതിയുള്ള ഒരു വ്യക്തി ഒരു ദൈവവിശ്വാസിയായിരിക്കാന്‍ സാധ്യത കൂടുതലാണ്. പൊതുവേ സ്ത്രീകള്‍ കൂടുതല്‍ ദൈവവിശ്വാസികളായിയിരിക്കുന്നതിന്റെ കാരണം അവരില്‍ വൈകാരിക ഭാവങ്ങള്‍ കൂടുതല്‍ ശക്തമായി പ്രകടമായിരിക്കുന്നത് കൊണ്ട് കൂടിയാണ് എന്നും ശാസ്ത്രജ്ഞര്‍ ഇത്തരം പഠനങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിക്കുന്നു.

ഗവേഷണസംബന്ധമായി പ്രസിദ്ധപ്പെടുത്തിയ പത്രക്കുറിപ്പില്‍ സ്വാഭാവികമായും നിരീശ്വരവാദികളായി ജീവിക്കുന്നവരെക്കുറിച്ച് മറ്റു ചില കാര്യങ്ങള്‍കൂടി വെളിപ്പെടുത്തുന്നുണ്ട്. നിരീശ്വരവാദികള്‍, മസ്തിഷ്ക സംബന്ധമായ സവിശേഷതകള്‍ അനുസരിച്ച്, മനോവിഭ്രാന്തിയുള്ളവര്‍(Psychopaths)ക്ക് വളരെ സമീപസ്ഥരാണ്. നിരീശ്വരവാദികള്‍ മനോരോഗമുള്ളവരാണ് എന്നല്ല അര്‍ത്ഥം. മനോരോഗമുള്ളവരില്‍ വലിയൊരു വിഭാഗത്തിന്റെ കാര്യത്തിലും അവരുടെ മസ്തിഷ്കത്തിലെ അടിസ്ഥാനപരമായ ഒരു പ്രത്യേകത, മറ്റുള്ളവരോടുള്ള പരിഗണനയും അനുകമ്പയും ഇല്ലാത്ത അവസ്ഥയാണ്. അതായത് അവരിലെ എംപതറ്റിക് നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനം വളരെ ദുര്‍ബ്ബലമായിരിക്കും. ദൈവം ഇല്ല എന്ന് യുക്തിയുടെ വെളിച്ചത്തില്‍ വിശ്വസിക്കുന്നവരില്‍ ഭൂരിഭാഗം പേരുടെയും മസ്തിഷ്കത്തിനും ഇത്തരമൊരു സവിശേഷതയുണ്ട് എന്ന് മേല്‍പ്പറഞ്ഞ ഗവേഷണറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഗവേഷണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനത്തില്‍ പറയുന്നതനുസരിച്ച്, “മസ്തിഷ്കത്തിലെ രണ്ട് നെറ്റ് വര്‍ക്കുകള്‍ തമ്മില്‍ പതിവായി ആശയസംഘര്‍ഷം ഉണ്ടാവുകയും, ഒന്ന് മറ്റൊന്നിനെ സ്ഥിരമായി അടിച്ചമര്‍ത്തുകയും ചെയ്യുന്ന പക്ഷം, അവ തമ്മിലുള്ള സന്തുലിതാവസ്ഥ നഷ്ടപ്പെടുവാനുള്ള സാധ്യതയുമുണ്ട്. നെറ്റ് വര്‍ക്കുകള്‍ പരസ്പരം കീഴടക്കുന്ന ഒരു അവസ്ഥയുണ്ടായാല്‍, അവിടെ വ്യത്യസ്ഥ ദ്രുവങ്ങളിലുള്ള രണ്ട് തീവ്രനിലപാടുകള്‍ സൃഷ്ടിക്കപ്പെടും. അത് ആ വ്യക്തിയുടെ വ്യക്തിത്വത്തെ സാരമായി ബാധിക്കും.” ഓര്‍ഗനൈസേഷനല്‍ ബിഹേവിയര്‍ എന്ന വിഷയത്തില്‍ പ്രഫസറും, ഗവേഷകനുമായ റിച്ചാഡ് ബൊയാസിസിന്റെ വാക്കുകളാണ് ഇവ.

ആധുനിക ശാസ്ത്രം ദൈവവിശ്വാസത്തെ തള്ളിക്കളയുന്നു എന്ന ധാരണ തെറ്റാണ് എന്ന് ഈ ഗവേഷണം ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു. മാത്രമല്ല, ആത്മീയത ഈ ലോകത്തിന്റെയും സമൂഹത്തിന്റെയും നിലനില്‍പ്പിന് ആവശ്യമാണ്‌ എന്നും അനവധി ശാസ്ത്രജ്ഞര്‍ അടിവരയിട്ട് പറയുന്നു. ശാസ്ത്രീയമായ തിരിച്ചറിവുകളും, ദൈവവിശ്വാസവും സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തമായ ധാരണകളിലേയ്ക്ക് പൊതുസമൂഹം കടന്നുവരണമെന്നും, പൊതുവായ അഭിപ്രായ സമന്വയം സംവാദങ്ങളിലൂടെയും പഠനങ്ങളിലൂടെയും രൂപപ്പെടണമെന്നും നിരവധി ചിന്തകര്‍ അഭിപ്രായപ്പെടുന്നു.

Leave A Reply

Your email address will not be published.