നാളെ വോട്ടെണ്ണൽ തുടങ്ങാനിരിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മോദിയും അമിത് ഷായും.നാളെ ചരിത്രവിധിയെഴുതി വീണ്ടും അധികാരത്തിലേറുമെന്നു തന്നെയാണ് ബി ജെ പി നേതൃത്വം കണക്കുകൂട്ടുന്നത്. എക്സിറ്റ് പോളുകൾ വന്നതിനു പിന്നാലെ വിജയം ഉറപ്പിച്ചു കഴിഞ്ഞു ബി ജെ പി എന്നതാണ് ശ്രദ്ധേയം.
ദില്ലിയിലെ അടക്കം പറച്ചിലിൽ തെളിയുന്നത് ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ കേന്ദ്ര പ്രതിരോധ മന്ത്രിയാകും എന്ന വാർത്തയാണ്. അതെ സമയം അമിത് ഷാ ആഭ്യന്തരമന്ത്രിയാകുമോ പ്രതിരോധ മന്ത്രിയാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ കരുത്തുറ്റ ഈ നേതാവിനെ കേന്ദ്രത്തിന്റെ പ്രതിരോധമന്ത്രിയായി മോദി വാർത്തെടുക്കും എന്നതാണ് നേതൃത്വം ഉറച്ചു വിശ്വസിക്കുന്നത്.ഇത് ശരിവെക്കുന്ന തരത്തിലാണ് ബി ജെ പി ആസ്ഥാനത്തെ പോക്ക്. ഈ തിരഞ്ഞെടുപ്പിലെ മുഖ്യ തിരഞ്ഞെടുപ്പ് ശില്പിയായ അമിത്ഷായെ അടുത്ത തിരഞ്ഞെടുപ്പിലും വേണമെന്നാണ് ബി ജെ പി നേതാക്കൾ പറയുന്നത്.
അതെ സമയം കൃത്യമായ കണക്കുകൂട്ടലിലൂടെയാണ് മോദിയും നീങ്ങുന്നത്. അമിത്ഷായെ പ്രതിരോധമന്ത്രിയാക്കുന്നതോടൊപ്പം മന്ത്രിസഭയിൽ തന്റെ വലം കൈയാക്കി നിർത്തുക എന്ന ലക്‌ഷ്യം കൂടിയുണ്ട് മോദിക്ക്. ഇപ്പോഴത്തെ പ്രതിരോധമന്ത്രി നിർമല സീതാരാമനെ പാർട്ടി അധ്യക്ഷയാക്കാനാണ് തീരുമാനം. ഈ വരുന്ന ഡിസംബറിൽ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടുന്ന അമിത്ഷായ്ക്ക് മോദി നൽകുന്ന ഉപഹാരമായിരിക്കും പ്രതിരോധമന്ത്രി സ്ഥാനം. അമിത് ഷായെപ്പോലുള്ള കരുത്തുറ്റ നേതാവ് മന്ത്രി സഭയിൽ ഉണ്ടെങ്കിൽ മോദിക്കും ബി ജെ പി ക്കും അതൊരു കരുത്താണ്. എന്നാൽ ബി ജെ പിക്ക് 272 എന്ന മാന്ത്രിക സംഖ്യയിൽ എത്താൻ കഴിയുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.