Voice of Truth

ആമസോൺ കാടുകൾ കത്തിയെരിയുന്നു, പാശ്ചാത്യലോകം ആശങ്കയിൽ. ഭൂമിയുടെ മറുഭാഗത്തുള്ള നാം ഭയപ്പെടേണ്ടതുണ്ടോ?

ആമസോൺ കാടുകൾ ഒറ്റനോട്ടത്തിൽ:

  • ഒമ്പത് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ഉൾപ്പെടുന്ന എഴുപത് ലക്ഷം ചതുരശ്ര കിലോമീറ്ററുകളാണ് ആമസോൺ കാടുകളുടെ വിസ്തൃതി
  • ലോകത്തിലെ ഏറ്റവും വിസ്തൃതമായ ഉഷ്ണമേഖലാ മഴക്കാടാണ് ആമസോൺ വനപ്രദേശം.
  • ഭൂമിയുടെ അന്തരീക്ഷത്തിലെ ഇരുപത് ശതമാനം ഓക്സിജനും ആമസോൺ കാടുകളുടെ സംഭാവനയാണ്.
  • ഭൂമിയിലെ ഉഷ്ണമേഖലകളിലെ വനഭൂമിയിൽ നാൽപ്പത് ശതമാനവും ഇവിടെയാണ്.
  • ഭൂമിയിലെ ശുദ്ധജലത്തിൽ ഇരുപത് ശതമാനം ഉത്ഭവിക്കുന്നത് ഇവിടെനിന്നാണ്
  • ഭൂമിയിലെ ജീവിവർഗ്ഗങ്ങളിൽ പത്തുശതമാനം ഇവിടെയാണുള്ളത്. ഏകദേശം നാൽപ്പതിനായിരം ഇനം സസ്യങ്ങളും, മൂവായിരത്തോളം പഴവർഗ്ഗങ്ങളും ആമസോൺ കാടുകളിലുണ്ട്

പരിസ്ഥിതി സംബന്ധമായ വ്യത്യസ്ഥങ്ങളായ രൂക്ഷ പ്രതിസന്ധികളെക്കുറിച്ച് ലോകമെങ്ങും മുഴുകുമ്പോൾ, നാമും ചർച്ചകളിലാണ്. പാരിസ്ഥിതികപ്രശനങ്ങൾ മറ്റെവിടെയും എന്നതുപോലെ, നാമും അഭിമുഖീകരിക്കുന്നു. അതിന്റെ ഫലമായ ഉരുൾപ്പൊട്ടലുകളും വെള്ളപ്പൊക്കവും തുടങ്ങി, കഠിനമായ വരൾച്ചയും ജലക്ഷാമവും വരെ നമ്മുടെ ചർച്ചകളിൽ നിറയുന്നു.

അന്താരാഷ്‌ട്ര മാധ്യമങ്ങൾ ഈ ദിവസങ്ങളിൽ ഏറ്റവും പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് ആമസോൺ മഴക്കാടുകളിൽ പടർന്നുകൊണ്ടിരിക്കുന്ന കാട്ടുതീ. കഴിഞ്ഞ വർഷത്തേക്കാൾ 84% അധികമാണ് ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ റിപ്പോർട്ട് ചെയ്തുകഴിഞ്ഞിരിക്കുന്നത്.

ബ്രസീലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ച് വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം, 74000 ത്തിൽ പരം ഇടങ്ങളിൽ ഇതിനകം അഗ്നിബാധ ഉണ്ടായിരിക്കുന്നു. നാൽപ്പതിനായിരം ഇടങ്ങളിലാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ബ്രസീൽ, പെറു, കൊളംബിയ തുടങ്ങി ഒമ്പത് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ഉൾപ്പെടുന്ന എഴുപത് ലക്ഷം ചതുരശ്ര കിലോമീറ്ററുകളാണ് ആമസോൺ കാടുകളുടെ വിസ്തൃതി. ആഗോളതാപനത്തെ പ്രതിരോധിക്കുന്നതിൽ ലോകത്തിലെ സുപ്രധാനമായ ഈ വനമേഖലയ്ക്ക് വലിയ പങ്കുണ്ട്. കാർബണിനെ വലിച്ചെടുക്കാനുള്ള ഈ വനമേഖലയുടെ അതുല്യമായ കഴിവാണ് കാരണം. ലോൿത്തിൽ പ്രതിദിനം ഉൽപ്പാദിപ്പിക്കപ്പെടുന്ന ഓക്സിജന്റെ ഇരുപത് ശതമാനത്തിലേറെ ഇവിടെനിന്നാണ് എന്നതിനാൽ, ഭൂമിയുടെ ശ്വാസകോശം എന്ന് ആമസോൺ മഴക്കാടുകൾ അറിയപ്പെടുന്നു.

ആമസോൺ കാടുകളിലെ കാട്ടുതീയും ബ്രസീൽ സർക്കാരും

ലോകത്തിൽ എവിടെയായാലും, പാരിസ്ഥിതിക അപചയങ്ങളുടെ പ്രധാന ഉത്തരവാദികൾ മനുഷ്യരാണ്. പ്രത്യേകിച്ച് അതാത് ദേശങ്ങളിലെ സർക്കാരുകൾക്ക് അക്കാര്യത്തിൽ വലിയ പങ്കുണ്ട്. പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതും ആഗോളതാപനം നിയന്ത്രിക്കപ്പെടേണ്ടതും മാനവരാശിയുടെ പൊതുവായ ആവശ്യവും, ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രഥമപരിഗണന കൊടുക്കേണ്ട ഒന്നുമാണ് എന്ന ബോധ്യം സർക്കാരുകൾക്ക് ഉണ്ടാവേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ ആമസോൺ മഴക്കാടുകളിൽ കാട്ടുതീ കത്തിപ്പടരുന്നതിൽ ഏറ്റവുമധികം വിമർശിക്കപ്പെടുന്നത് ബ്രസീൽ ഗവണ്മെന്റ് ആണ്.

ആമസോൺ മഴക്കാടുകളുടെ അറുപത് ശതമാനവും ബ്രസീലിലാണ് സ്ഥിതിചെയ്യുന്നത്. ലോകത്തിൽ മറ്റെവിടെയുമില്ലാത്ത എണ്ണമറ്റ ജീവജാലങ്ങളാണ് ഇവിടെയുള്ളത്. എണ്ണമറ്റ സവിശേഷതകളാൽ സമ്പന്നമായ ഇവിടെ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന കാട്ടുതീ സ്വാഭാവികമാണ് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പരക്കെ വ്യാപിച്ചുകൊണ്ടിരിക്കുന്ന വനനശീകരണമാണ് ഈ പ്രതിഭാസത്തിന്റെ പ്രധാന കാരണമെന്നാണ് വിദഗ്ധരുടെ പക്ഷം.

ഈ പശ്ചാത്തലത്തിലാണ് ബ്രസീലിയൻ പ്രസിഡന്റ് ജൈർ ബോൾസൊനാരോ വിമർശിക്കപ്പെടുന്നത്. കഴിഞ്ഞ ജനുവരിയിൽ അധികാരത്തിലേറിയ അദ്ദേഹത്തിന്റെ നയങ്ങൾ രൂക്ഷമായ വനനശീകരണത്തിന് കാരണമായിട്ടുണ്ടെന്നാണ് പരക്കെയുള്ള ആരോപണം. എന്നാൽ, കാട്ടുതീയ്ക്ക് ഉത്തരവാദികൾ എൻജിഒകളാണ് എന്നായിരുന്നു അദ്ദേഹത്തിൻറെ വാദം. കാട്ടുതീയുടെ വർദ്ധനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തപ്പെട്ട കണക്കുകൾ വ്യാജമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

അദ്ദേഹത്തിൻറെ ഇത്തരം നിലപാടുകൾ അന്താരാഷ്ട്ര സംഘടനകളുടെയും, ശാസ്ത്രജ്ഞരുടെയും എതിർപ്പിന് കാരണമായിട്ടുണ്ട്. കാട്ടുതീ പ്രതിരോധിക്കുവാൻ അദ്ദേഹത്തിന്റെ സർക്കാർ കഠിന പ്രയത്നം നടത്തുകയാണ് എന്ന് അവകാശപ്പെട്ടിട്ടുണ്ടെങ്കിലും, ഫലപ്രദമായി അതിനെ പ്രതിരോധിക്കുവാൻ എന്ത് നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ മറ്റു രാജ്യങ്ങൾക്കും സംഘടനകൾക്കും അവ്യക്തതയാണ് ഉള്ളത്. അതിനാൽ തന്നെ, ആമസോണിൽ പുകയുന്ന പ്രതിസന്ധി കൂടുതൽ തലവേദനയായി മാറുന്നു.

ആമസോൺ കാടുകളിലെ കാട്ടുതീ എന്തുകൊണ്ട്?

എക്കാലവും ആമസോൺ കാടുകളിൽ കാട്ടുതീ പതിവാണ്. വനത്തിൽ അഗ്നിബാധ പതിവാണെങ്കിലും പാരിസ്ഥിതികമായ പ്രത്യേകതകളും, വനത്തിന്റെ സവിശേഷതകളും കൊണ്ട് കാട്ടുതീ നിയന്ത്രണാതീതമാകും മുമ്പ് പ്രതിരോധിക്കുവാൻ കഴിഞ്ഞിരുന്നു. എന്നാൽ, അനിയന്ത്രിതമായ ഖനനങ്ങളും, മനുഷ്യന്റെ മറ്റ് ഇടപെടലുകളുംകൊണ്ട് ആമസോൺ കാടുകളുടെ പ്രതിരോധശേഷി ഗണ്യമായി കുറഞ്ഞിരിക്കുന്നു.

വർഷത്തിൽ പതിവായ വേനൽക്കാലം അഗ്നിബാധയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ അവിടെ സൃഷ്ടിക്കാറുണ്ട്. എങ്കിലും കാട്ടുതീ പലപ്പോഴും ഉണ്ടാകുന്നത് അറിഞ്ഞോ അറിയാതെയോ മനുഷ്യൻ ചെയ്യുന്ന പ്രവൃത്തികൾ മൂലമാണ് എന്ന് ഈ മേഖലയിൽ പഠനങ്ങൾ നടത്തുന്ന ഗവേഷകർ പറയുന്നു. ഖനനങ്ങളും, പാറപൊട്ടിക്കലും, അനിയന്ത്രിതമാംവിധം വനം നശിപ്പിച്ച് കൃഷി ചെയ്യുന്നവരുമാണ് പലപ്പോഴും കാരണക്കാർ.ബ്രസീലിലെ കന്നുകാലി കർഷകർ തങ്ങൾക്ക് കന്നുകാലികളെ മേയ്ക്കാൻ പോകാനുള്ള വഴികൾ ഒരുക്കുന്നതിനായി പതിവായി തീയിടാറുണ്ട്.

പ്രസിഡന്റ് ബോൾസൊനാരോ അധികാരത്തിലേറിയ ശേഷം, വനനശീകരണം അനിയന്ത്രിതമാം വിധം വർദ്ധിച്ചു എന്ന് റിപ്പോർട്ടുകളുണ്ട്. വനനശീകരണവും, കാലാവസ്ഥാവ്യതിയാനവും സംബന്ധിച്ചുള്ള അന്തർദേശീയ നിലപാടുകളെ അവഗണിച്ചുകൊണ്ട് നിയന്ത്രണങ്ങളില്ലാതെ ഖനനങ്ങൾ അനുവദിക്കുന്നതിലും, വനം നശിപ്പിച്ച് കൃഷിസ്ഥലങ്ങൾ വ്യാപിപ്പിക്കുന്നതിലും അദ്ദേഹം ഉത്സുകനായിരുന്നുവത്രേ.

ആമസോൺ കാടുകൾ കത്തിയെരിയുന്നതിന്റെ പാർശ്വഫലങ്ങൾ

ആഗോളതാപനത്തിനെതിരായുള്ള ലോകരാഷ്ട്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ആമസോൺ മഴക്കാടുകളിൽ വ്യാപിക്കുന്ന കാട്ടുതീ. ഭൂമിയുടെ ശ്വാസകോശം ഭൂമിക്ക് നൽകിയിരുന്നത് ഓക്സിജൻ ആയിരുന്നെങ്കിൽ, ഇന്ന് അനിയന്ത്രിതമായ അളവിൽ കാർബൺ ഡയോക്സൈഡ് അവിടെനിന്ന് പുറപ്പെടുന്നു. തീപിടുത്തത്തിൽ ജൈവസമ്പന്നത എരിഞ്ഞുതീരുന്നതിനേക്കാൾ ദോഷകരമാണ് അത്.

ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ഈ കാട്ടുതീയുടെ പാർശ്വഫലങ്ങൾ വ്യാപകമായി പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമണിയോടെ സാവോ പോളോ പട്ടണം ഇരുട്ടിലാഴ്ന്നു. പുകനിറഞ്ഞ ഇരുണ്ട ഒരു അന്തരീക്ഷം എങ്ങും വ്യാപിച്ചു. പുകമണമുള്ള മഴയും പെയ്യുന്നുണ്ടായിരുന്നു. ഇപ്പോൾ കാട്ടുതീ വ്യാപകമായിരിക്കുന്ന ആമസോൺ കാടുകളിൽനിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ ദൂരെയാണ് സാവോപോളോ. ഇത്രയും ദൂരെ പ്രകടമായ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ ഈ കാട്ടുതീയ്ക്ക് കഴിഞ്ഞിരിക്കുന്നു എന്ന വസ്തുതയും ആശങ്കാജനകമാണ്.