Voice of Truth

മരുന്ന് കഴിച്ച് സ്തനങ്ങള്‍ വളര്‍ന്നതിന്റെ പേരില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സന് എട്ട് ബില്യന്‍ ഡോളര്‍ പിഴ

മനുഷ്യന് ദോഷകരമായ എത്രയെത്ര ഉല്പന്നങ്ങളാണ് ഓരോ ദിവസവും നമ്മുടെ വിപണിയിലെത്തുന്നത്. അനുവദനീയമല്ലാത്ത രീതിയില്‍ വിഷവും നിറങ്ങളും കയറ്റി മനുഷ്യനെ മഹാരോഗികളാക്കുന്ന എത്രയെത്ര ഉല്പന്നങ്ങള്‍. ഇവ ദോഷകരമാണെന്ന് തെളിഞ്ഞാലും ഉല്പന്നത്തിന്റെ വിപണി നിയന്ത്രിക്കാനോ അവ നിര്‍ത്തലാക്കാനോ ഭരണകൂടങ്ങള്‍ തയാറാകുന്നില്ല. മാത്രവുമല്ല പരസ്യങ്ങള്‍ നല്‍കി മാധ്യമങ്ങളെ കയ്യിലെടുത്താല്‍ ഉല്പന്നത്തിനെതിരെയുള്ള കോടതിവിധികള്‍ പോലും ആരും അറിയാതെ പോകും.. പക്ഷേ ഇതൊക്കെ ഇവിടെ നമ്മുടെ നാട്ടിലേ നടക്കൂ.. വിദേശ രാജ്യങ്ങളില്‍ എത്ര പ്രശസ്തമായ കമ്പനിയാണെങ്കിലും ഉല്പന്നം മോശമാണെന്ന് കണ്ടെത്തുകയും കോടതി അത് അംഗീകരിക്കുകയും ചെയ്താല്‍ കനത്ത നഷ്ടപരിഹാരം കമ്പനി നല്‍കേണ്ടിവരും..

ഏറ്റവും പുതിയൊരു വാര്‍ത്ത നമ്മുടെ കണ്ണ് തള്ളിക്കുന്നതാണ്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ റിസ്‌പെര്‍ഡല്‍ മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് സ്തനങ്ങള്‍ വളര്‍ന്ന പെന്‍സില്‍വാനിയയിലെ നിക്കോളാസ് മുറെയ്ക്ക് എട്ട് ബില്യന്‍ ഡോളര്‍ നല്‍കാനാണ് ഫിലാഡല്‍ഫിയയിലെ കോര്‍ട്ട് ഓഫ് കോമണ്‍ പ്ലിയാസ് ജൂറി വിധിച്ചത്. ഈ തുക എണ്ണൂറു കോടി വരുമെന്നോര്‍ക്കണം. വിദേശ മാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

റിസ്‌പെര്‍ഡല്‍ എന്ന ആന്റി സൈക്കോട്ടിക് മരുന്ന് ഉപയോഗിക്കുന്ന ചെറുപ്പക്കാര്‍ക്ക് സ്തനങ്ങള്‍ വളരാമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല എന്ന നിക്കാളോസ് മുറെയുടെ ആരോപണം ശരിവച്ചുകൊണ്ടാണ് ജൂറിയുടെ വിധി. നേരത്തെ 680,000 ഡോളര്‍ നഷ്ടപരിഹാരമായി നേടിയിരുന്ന മുറേയ്ക്ക് അധികതുകയായി എട്ട് ബില്യണ്‍ ഡോളര്‍ അഥവാ എണ്ണൂറുകോടി നല്‍കണമെന്ന് ഫിലാഡല്‍ഫിയ ജൂറി വിധിച്ചിരിക്കുന്നത്.

റിസ്‌പെര്‍ഡല്‍ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിലുള്ള ആയിരക്കണക്കിന് കേസുകളില്‍ പെന്‍സില്‍വാനിയ ജൂറി അധികനഷ്ടപരിഹാരം വിധിക്കുന്ന ആദ്യ കേസാണിത്. രോഗികളുടെ സുരക്ഷയെക്കാള്‍ ലാഭത്തെ വിലമതിച്ച കമ്പനിക്ക് മേല്‍ മാതൃകാപരമായ അധികനഷ്ടപരിഹാരം ചുമത്താന്‍ വീണ്ടും ജൂറി തയാറായതായി മുറെയുടെ അഭിഭാഷകരായ ടോം ക്ലൈനും, ജേസണ്‍ ഇറ്റ്കിനും സംയുക്ത പ്രസ്താവനയില്‍ പ്രതികരിച്ചു.

എന്നാല്‍ ഈ കേസിലെ പ്രാരംഭ നഷ്ടപരിഹാരവുമായി തികച്ചും അനുപാതരഹിതമായ നഷ്ടപരിഹാരം വിധിച്ച ജൂറിയുടെ വിധി അസാധുവാക്കപ്പെടുമെന്ന് ജോണ്‍സണ്‍ അന്‍ഡ് ജോണ്‍സന്‍ പ്രതികരിച്ചു. റിസ്‌പെര്‍ഡല്‍ മരുന്നിന്റെ നേട്ടങ്ങളുടെ തെളിവുകള്‍ കേള്‍ക്കാന്‍ കേസിലെ ജൂറിക്ക് അനുവാദമില്ലായിരുന്നു എന്നും കമ്പനി പ്രതിനിധികള്‍ പറയുന്നു.

2015-ലും ഇതിനു സമാനമായി സംഭവങ്ങള്‍ ഉടലെടുത്തിരുന്നു. ഗൈനക്കോമാസ്റ്റിയയുടെ അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയെന്ന് ആരോപിച്ചു ജോണ്‍സണ്‍&ജോണ്‍സനെതിരെ 2015-ല്‍ ഒരു ജൂറി, മുറെയ്ക്ക് 1.75 മില്യണ്‍ ഡോളര്‍ പിഴ ചുമത്തിയിരുന്നു. സംസ്ഥാന അപ്പീല്‍ കോടതി 2018 ഫെബ്രുവരിയില്‍ വിധി ശരിവച്ചെങ്കിലും നഷ്ടപരിഹാര തുക 6,80,000 ഡോളറായി കുറച്ചു.

മാതൃകാപരമായ അധികനഷ്ടപരിഹാരം നിരോധിച്ചുകൊണ്ടുള്ള ജെ ആന്റ് ജെയുടെ ജന്മനാടായ ന്യൂജേഴ്‌സിയിലെ നിയമം എല്ലാ സ്ഥലങ്ങളിലെയും കേസുകളില്‍ ബാധകമാക്കണമെന്ന് സംസ്ഥാന കോടതി ജഡ്ജി വിധിച്ചതിനെത്തുടര്‍ന്ന് 2014 മുതല്‍ അധിക നഷ്ടപരിഹാരം തേടുന്നതില്‍ നിന്ന് കക്ഷികളെ വിലക്കിയിരുന്നു.
ഈ കേസിന്റെയും അപ്പീലില്‍ അധികനഷ്ടപരിഹാര തുക കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് റിച്ച്മണ്ട് സ്‌കൂള്‍ ഓഫ് ലോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ കാള്‍ തോബിയാസ് പറഞ്ഞു. എങ്കിലും വിചാരണയിലെ തെളിവുകള്‍ മറ്റൊരു ജൂറിയെയോ ജഡ്ജിയെയോ സമാനമായ എന്തെങ്കിലും ചെയ്യാന്‍ പ്രേരിപ്പിച്ചേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ കേസിലെ മറ്റ് കക്ഷികളെപ്പോലെ കമ്പനിയുടെ മരുന്നുപയോഗിച്ചതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ സ്തനങ്ങള്‍ വികസിച്ചതായാണ് നിക്കോളാസ് മുറെ വാദിക്കുന്നത്. മുതിര്‍ന്നവരില്‍ സ്‌കീസോഫ്രീനിയയും ബൈപോളാര്‍ മാനിയയും ചികിത്സിക്കുന്നതിനായി 1993 അവസാനത്തോടെ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഈ മരുന്നിന് അംഗീകാരം നല്‍കിയിരുന്നു. ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗം മനഃശാസ്ത്രജ്ഞര്‍ കണ്ടത്തിയതിനെത്തുടര്‍ന്നു 2003-ല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം റിസ്‌പെര്‍ഡാല്‍ ഓഫ് ലേബല്‍ കഴിച്ചതിനെത്തുടര്‍ന്നാണ് തന്റെ സ്തനങ്ങള്‍ വികസിച്ചതെന്നാണ് 26-കാരനായ മുറെ ആരോപിക്കുന്നത്.

പച്ചക്കറിയിലും പഴവര്‍ഗങ്ങളില്‍ പോലും അനിയന്ത്രിതമായ വിധം വിഷവും മായവും ചേര്‍ക്കുകയും മനുഷ്യനെ നിത്യരോഗികളാക്കി മാറ്റുകയും ചെയ്യുന്ന നമ്മുടെ രാജ്യത്ത് എന്നാണ് ഇത്തരം കര്‍ക്കശ നിയമങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരം കര്‍ക്കശ നിയമങ്ങളിലൂടെ മാത്രമേ മനുഷ്യനെ നിത്യരോഗികളാക്കി മാറ്റുന്ന ഉല്പന്നങ്ങളെ നിയന്ത്രിക്കാനാവൂ…

Leave A Reply

Your email address will not be published.