എണ്ണയ്ക്കും ധാതുസമ്പത്തിനുംവേണ്ടിയാണ് മിക്കവാറും എല്ലായുദ്ധങ്ങളും ഉണ്ടായിട്ടുള്ളത്. ഇപ്പോഴും ഇതേ ആവശ്യത്തിന് രാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ തുടരുന്നു. എന്നാല്‍ ഇനി അടുത്ത യുദ്ധം ‘ശുദ്ധജല’ത്തിനുവേണ്ടിയാകുമോ? ആകാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. നാം ഇപ്പോള്‍ പാഴാക്കിക്കളയുന്ന കുടിവെള്ളത്തിനുവേണ്ടിയാകും അടുത്ത യുദ്ധം…
ഇന്ന് ധാരാളമായി ലഭിക്കുന്ന ശുദ്ധജലത്തിന്റെ വില അതുകൊണ്ട് നാം മനസിലാക്കുന്നില്ല. എവിടെ തിരിഞ്ഞാലും കേരളത്തില്‍ ജലം ഉണ്ട് എന്നുള്ളതുകൊണ്ടാണിത്. പുഴകള്‍ വറ്റില്ലെന്നും കായലുകളില്‍ എന്നും വെള്ളം ഉണ്ടാകുമെന്നും നാം കരുതുന്നു. പക്ഷേ ഈ കാഴ്ചപ്പാടുകള്‍ നമ്മു ടെ സ്വപ്നം മാത്രമാണ്. കാരണം വേനല്‍ ആരംഭിക്കുമ്പോള്‍ത്തന്നെ കേരളം കുടിവെള്ളത്തിനുവേണ്ടി ദാഹിക്കാ ന്‍ തുടങ്ങില്ലേ. പുഴകള്‍ എത്ര പെട്ടെന്നാണ് വരളുന്നത്. കായലുകളില്‍ വെള്ളം കുറയുന്നതും കിണറുകള്‍ പോലുള്ള ശുദ്ധജല സ്രോതസുകളില്‍ വെള്ളം ഇല്ലാതാകുന്നതും കണ്ടിട്ടില്ലേ? ഒരു ചെറിയ വരള്‍ച്ചയില്‍ ഇതാണ് സ്ഥിതിയെങ്കില്‍ കഠിനവരള്‍ച്ചയും മഴയുടെ അഭാവവും കേരളത്തിന്റെ പരിസ്ഥിതിയെ എത്രയധികമായി തകര്‍ക്കും?
ജലം ശരിയായി വിനിയോഗിച്ചില്ലെങ്കില്‍ നാളെ കടുത്ത ദാരിദ്ര്യം നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കുന്നതാണ് മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍കലാം തയ്യാറാക്കിയ ഒരു പഠനരേഖ.
(വീഡിയോ നോക്കുക)
ഇതനുസരിച്ച് 2070-ല്‍ എത്തുമ്പോഴേക്കും ബാല്യം, വാര്‍ദ്ധക്യം എന്നിങ്ങനെ രണ്ടവസ്ഥകളേ മനുഷ്യനുണ്ടായിരിക്കുകയുള്ളൂ. നല്ല വെള്ളം കുടിക്കാനില്ലാത്തതിനാല്‍ അവന്റെ കിഡ്‌നികള്‍ നേരത്തേ തന്നെ പ്രവര്‍ത്തനരഹിതമാകും. സ്ത്രീകളുടെ ശിരസിനെ അലങ്കരിക്കുന്ന കേശഭാരവും അന്നുണ്ടാകില്ല. മുടിയൊക്കെ കൊഴിഞ്ഞ് ഷേവ് ചെയ്തപോലുള്ള ശിരസ് സര്‍വസാധാരണമായിരിക്കും. വ്യവസായശാലകള്‍ എല്ലാം നിലച്ചുപോകും. കാരണം എല്ലാ വ്യവസായങ്ങളും ജലവുമായി ബന്ധപ്പെട്ടതാണല്ലോ. ജലദൗര്‍ലഭ്യത്തില്‍ ഇവയെങ്ങനെ നടത്തിക്കൊണ്ടുപോകും? കടല്‍വെള്ളത്തില്‍ ശുദ്ധജലം വേര്‍തിരിക്കുന്ന പ്ലാന്റുകള്‍ ചിലപ്പോള്‍ സര്‍വസാധാരണമായിരിക്കാം. അവിടെ ശമ്പളമായി തൊഴിലാളിക്ക് ലഭിക്കുന്നത് ഒരുപക്ഷേ കുടിവെള്ളമായിരിക്കാം. ഇപ്പോള്‍ സ്വര്‍ണ്ണക്കവര്‍ച്ചകള്‍ നടക്കുന്നതുപോലെ സൂക്ഷിക്കപ്പെട്ട ഒന്നോ രണ്ടോ കുപ്പികള്‍ ക്കായി അന്ന് വന്‍ കവര്‍ച്ചകളും ഉണ്ടാകാം.
ഡിസ്‌പോസിബിള്‍ തുണികള്‍ അക്കാലത്ത് കണ്ടുപിടിക്കപ്പെടും. കഴുകി ഉപയോഗിക്കാന്‍ ജലമില്ല. ഇത്തരം തുണികള്‍ കുമിഞ്ഞുകൂടി പരിസ്ഥിതിയില്‍ മാലിന്യങ്ങള്‍ പിന്നെയും രൂപപ്പെടും. മനുഷ്യന്റെ മരണകാരണങ്ങളിലൊന്ന് ആമാശയങ്ങളിലും മൂത്രനാളിയിലും ഉണ്ടാകുന്ന അണുബാധയും തൊലിപ്പുറത്തെ കാന്‍സറുമായിരിക്കാം. സര്‍വസാധാരണമായ കാഴ്ചകളിലൊന്ന് ജലത്തിന്റെ അഭാവം മൂലം ചുക്കിച്ചുളിഞ്ഞ ബാല്യങ്ങളുടെ ശരീരങ്ങളാണ.് അള്‍ട്രാ വയലറ്റ് രശ്മികള്‍, തൊലിപ്പുറത്ത് വ്രണങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. കുട്ടികള്‍ പോലും വൃദ്ധരെ ഓര്‍മ്മിപ്പിക്കും. വെള്ളം നിര്‍മ്മിക്കാനുള്ള പരീക്ഷണത്തിലായിരിക്കാം അന്ന് ശാസ്ത്രലോകം. ദൈവദത്തമായ ഈ ശുദ്ധജലത്തെ ആര്‍ക്കാണ് നിര്‍മ്മിച്ചെടുക്കാന്‍ കഴിയുക?
അന്ന് പരമാവധി ആയുസ് 35 വര്‍ഷമായി ചുരുങ്ങും. പിന്നെ അതും കുറഞ്ഞുവരും. ഒരാള്‍ ഒരു ദിവസം ശ്വസിക്കുന്ന 137 ക്യൂബിക് മീറ്റര്‍ വായുവിന് ‘ഒരു തുക’ ടാക്‌സ് എന്ന നിലയില്‍ കൊടുക്കേണ്ടതായും വരും. ഇടയ്ക്ക് പെയ്യുന്ന മഴയെ മനുഷ്യര്‍ ഭയത്തോടെയേ വീക്ഷിക്കൂ. കാരണം അത് അമ്ലമഴയായിരിക്കും. കലാം പൂര്‍ത്തിയാക്കുന്നു. ‘തിരികെ വരാനാകാത്തവിധം പ്രകൃതിയെ നശിപ്പിച്ചാല്‍ അധികം വൈകാതെ ഭൂമിയില്‍ ജീവിതംതന്നെ അസാധ്യമാകും.’ നമ്മുടെ വരും തലമുറകളെ ശാപഗ്രസ്തമായ അവസ്ഥയിലേക്ക് തള്ളിവിടാന്‍ നാമിപ്പോഴേ ശ്രമിക്കേണ്ടതുണ്ടോ?
പ്രളയം സൃഷ്ടിക്കപ്പെട്ടതുപോലെ തന്നെ മഴക്കാലത്ത് നാം വെള്ളത്തെക്കുറിച്ചോ ശുദ്ധജലദൗര്‍ലഭ്യത്തെക്കുറിച്ചോ ചിന്തിക്കില്ല. പ്രകൃതി അതൊക്കെ സമയാസമയങ്ങളില്‍ നല്‍കുമെന്ന് നാം കരുതുന്നു. എന്നാല്‍ ഭൂഗര്‍ഭജല വിതാനങ്ങള്‍ ഓരോ വര്‍ഷവും താഴുന്നു എന്നതാണ് വാസ്തവം. ഫാക്ടറികളില്‍ നിന്നും ഒഴുകി വരുന്ന മലിനജലം പുഴകളെയും തടാകങ്ങളെയും വിഷലിപ്തമാക്കുന്നു. ജലസ്രോതസുകള്‍ വന്‍കിട കമ്പനികള്‍ ഊറ്റിയെടുത്ത് നിറം ചേര്‍ത്ത് കോളകളാക്കുന്നു. ശുദ്ധജലം കുപ്പിയില്‍ വില്‍ക്കപ്പെടുന്ന അവസ്ഥ. ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഒരു ലിറ്റര്‍ വെള്ളം 15 രൂപയ്ക്ക് വില്‍ക്കപ്പെടുമ്പോള്‍, ജലദൗര്‍ലഭ്യത്തിന്റെ നാളുകളില്‍ വെള്ളത്തിന്റെ വിലയെന്തായിരിക്കും?
ജലത്തിന്റെ ആകെയുള്ള സംഭരണശേഷിയെക്കുറിച്ചും മറ്റുമുള്ള കണക്കുകള്‍ ഇപ്പോള്‍ തന്നെ പലയിടത്തും ഉദ്ധരിക്കപ്പെടുന്നുണ്ട്. ഭൂമിയുടെ മൂന്നില്‍ രണ്ടു ജലമുണ്ട്. ശരിതന്നെ. അതില്‍ 98 ശതമാനവും കുടിക്കാന്‍ പറ്റാത്തവിധത്തില്‍ ഉപ്പുകലര്‍ന്നതാണ്. മനുഷ്യന് ആകെ ഉപയോഗിക്കാന്‍ പറ്റുന്നത് രണ്ട് ശതമാനം മാത്രമാണ്. അതിന്റെ പകുതി മഞ്ഞുമലകളാല്‍ മൂടിയിരിക്കുന്നു. ബാക്കി ഒരു ശതമാനത്തില്‍ 90 ശതമാനവും ഭൂഗര്‍ഭജലമാണ്. ഭൂമി കരുതിവയ്ക്കുന്ന സംഭരണജലമാണല്ലോ അത്. കുഴല്‍ക്കിണര്‍ വഴി അത് ഊറ്റിയെടുക്കാനുള്ള ശ്രമവും ഇന്ന് നടക്കുന്നു. ഒരു ചെറിയ പങ്ക് മാത്രമാണ് ഭൂമിയില്‍ ജീവനുള്ള എല്ലാ വസ്തുക്കളുടെയും കുടിവെള്ളത്തിന് വേണ്ടി നീക്കിവെച്ചിട്ടുള്ളത്. ഈ ചെറിയ പങ്ക് നശിപ്പിക്കാന്‍ നാമിനിയും വ്യഗ്രത കാട്ടണോ?
ജലത്തിന്റെ നന്മ തിരിച്ചറിയാതെ അത് വ്യവസായവല്‍ക്കരിക്കപ്പെടുമ്പോഴെല്ലാം ദൈവത്തിന്റെ കരങ്ങള്‍ പിന്‍വലിക്കപ്പെടുമെന്ന് തീര്‍ച്ചയാണ്. കാരണം പ്രകൃതിയില്‍ സമൃദ്ധമായി ജലം നല്‍കിയത് ദൈവമാണ്.
അര്‍ജന്റീനയിലെ എപ്പിക്യൂന്‍ തടാകത്തെക്കുറിച്ച് നമുക്ക് മറക്കാതിരിക്കാം. ദൈവം നല്‍കിയ ശുദ്ധജലത്തിന്റെ ഏറ്റവും നല്ല സ്മരണികയായി ഇത് വിശേഷിക്കപ്പെടുന്നു. അസാധാരണമായ ഔഷധശക്തി ഈ ജലത്തിനുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. എത്ര പെട്ടെന്നാണ് ജനം അങ്ങോട്ടോക്ക് ഒഴുകാന്‍ തുടങ്ങിയത്. ഈ വെള്ളത്തില്‍ കുളിക്കുന്നവര്‍ക്ക് സൗഖ്യം കിട്ടുന്നു എന്ന വാര്‍ത്ത പരന്നതോടെ വന്‍കിട ലോകശക്തികള്‍ ‘കുപ്പിവെള്ളം’ ശേഖരിച്ച് മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമം ആരംഭിച്ചു.എപ്പിക്യൂന്‍ തടാകത്തിന് ചുറ്റും ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ന്നു. കാവല്‍ക്കാരും കവര്‍ച്ചക്കാരുമുണ്ടായി. അനാശാസ്യ പ്രവര്‍ത്തനങ്ങളുടെയും ദുഷ്പ്രവണതകളുടെയും കൂത്തരങ്ങായി എപ്പിക്യൂന്‍ മാറി. എപ്പിക്യൂന്റെ നാശവും അതോടെ ആരംഭിച്ചു. അധികം വൈകാതെ അവിടെ കടുത്ത പ്രളയമുണ്ടായി. എപ്പിക്യൂന്‍ അഗാധങ്ങളിലേക്ക് താഴ്ന്നുപോയി. ചരിത്രത്തില്‍ ഒരു പ്രഹേളികയായി നിലനില്‍ക്കുകയാണ് ഈ തടാകം.
ജലസംരക്ഷണം അടിയന്തിര പ്രാധാന്യത്തോടെ നാം ഏറ്റെടുക്കണം. ഇത് ഒരു സര്‍ക്കാരിന്റെയോ വകുപ്പുദ്യോഗസ്ഥരുടെയോ മാത്രം ചുമതലയല്ല. ഓരോ പൗരന്റെയും ജന്മാവകാശമാണെന്നു തിരിച്ചറിയാന്‍ വൈകരുത്. വാണിജ്യാടിസ്ഥാനത്തില്‍ ജലസ്രോതസുകളെ കാണുന്നത് കര്‍ശനമായും നിയന്ത്രിക്കണം. കുടിവെള്ളത്തിന് റേഷന്‍കാര്‍ഡ് ഉടന്‍ ഉണ്ടാകില്ലെന്ന് എന്താണുറപ്പ്?
ഗാര്‍ഹികം, കാര്‍ഷികം, വൈദ്യുതി, ഉത്പാദനം, കാര്‍ഷികാധിഷ്ഠിത വ്യവസായ വാണിജ്യാവശ്യങ്ങള്‍ എന്നിങ്ങനെ അഞ്ച് തരത്തില്‍ ജലത്തിന്റെ മുന്‍ഗണനാക്രമം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ നദികളുടെയും കായലുകളുടെയും സംരക്ഷണമാണ് അടിയന്തിരാവശ്യമായി പരിഗണിക്കേണ്ടത്. കടലോര സംരക്ഷണത്തിന് ശാസ്ത്രീയാടിസ്ഥാനത്തില്‍ പദ്ധതികള്‍ തയ്യാറാക്കുവാനും ജലമലിനീകരണം തടയാനും സര്‍ക്കാരിന് കടമയുണ്ട്.
നമുക്കാണിതിനേക്കാളേറെ കാര്യങ്ങള്‍ ചെയ്യാനുള്ളത്. വെള്ളം പാഴാക്കി കളയാതിരിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. മറ്റുള്ളവര്‍ ജലം പാഴാക്കുന്നത് കണ്ടാല്‍ സ്‌നേഹപൂര്‍വം അത് തടസപ്പെടുത്താനെങ്കിലും നമുക്ക് കഴിയണം. പാഴാക്കി കളയുന്ന വെള്ളം അമൂല്യമാണെന്ന് മനസിലാക്കണേ. ഇന്ന് നാം വെള്ളത്തോട് ധാരാളിത്തം കാട്ടിയാല്‍ നാളെ അടുത്ത തലമുറ അതിനുവേണ്ടി കണ്ണീരൊഴുക്കും. നാ ളത്തെ തലമുറ നമ്മെ ശപിക്കാതിരിക്കാന്‍ നാം ഇപ്പോഴേ ഒരുക്കമുള്ളവരാകണം.
ജലത്തെക്കുറിച്ച് ജനത്തെ ബോധവല്‍ക്കരിക്കാന്‍ സഭാനേതൃത്വം താല്‍പര്യമെടുക്കണം. ഇടവക ദൈവാലയങ്ങളില്‍ വ്യാപകമായ ബോധവല്‍ക്കരണം നടത്തണം. മതബോധന ക്ലാസുകളില്‍ വിശുദ്ധ ഗ്രന്ഥം ജലത്തിന് നല്‍കുന്ന പ്രാധാന്യം ഉള്‍ ക്കൊണ്ട് പാഠഭാഗങ്ങള്‍ തയ്യാറാക്കുക. ജലം ദുരുപയോഗിക്കപ്പെടാതെ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ കുടുംബങ്ങള്‍ക്ക് പ്രശ്‌നോത്തരികളായി നല്‍കുക. കുടുംബക്കൂട്ടായ്മകളിലും ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകളുണ്ടാകട്ടെ.