വടകരയില്‍ നിന്ന് കണ്ണൂരിലേക്ക് പരശുറാം എക്‌സ്പ്രസില്‍ യാത്ര ചെയ്ത പയ്യന്നൂര്‍ ടി.വി.കൃഷ്ണന്‍ എന്ന യാത്രക്കാരന്‍ തനിക്കുണ്ടായൊരു അനുഭവം വായനക്കാരുടെ കത്തുകള്‍ എന്ന കോളത്തില്‍ മാതൃഭൂമിയില്‍ എഴുതിയത് ഓര്‍ക്കുന്നു.(സെപ്തംബര്‍ 28, 2014)
പാന്‍ട്രികാറിനോട് ചേര്‍ന്നുള്ള കമ്പാര്‍ട്ട് മെന്റിലാണ് കയറിയത്. നല്ല തിരക്ക് കാരണം ഇടനാഴിയില്‍നിന്ന് യാത്ര ചെയ്യാനേ കഴിഞ്ഞുള്ളൂ. അവിടുന്ന് നോക്കുമ്പോള്‍ പാന്‍ട്രികാറില്‍ ചായയും കാപ്പിയും ഉണ്ടാക്കുന്ന വിചിത്രവും അപകടകരവുമായ രീതി കണ്ണില്‍പ്പെട്ടു. അതിങ്ങനെയാണ്: അടുപ്പില്‍ ഒരു വലിയ പാത്രത്തില്‍ വെള്ളം തിളച്ചുകൊണ്ടിരിക്കുന്നു. ചായവില്‍പ്പനക്കാരന്‍ ഫ്രീസറില്‍ നിന്ന് പാലിന്റെ ഒരുപാക്കറ്റ് എടുത്ത് അതേപടി തിളയ്ക്കുന്ന വെള്ളത്തിലേക്കിടുന്നു. പത്തുമിനിട്ടോളം ഈ പാല്‍പാക്കറ്റ് തിളയ്ക്കുന്ന വെള്ളത്തില്‍ കിടക്കുന്നു. അതിനുശേഷം എടുത്ത് പ്ലാസ്റ്റിക് കവര്‍കീറി ചൂടുപാല്‍ വില്‍പ്പന പാത്രത്തിലേക്കൊഴിക്കുന്നു. പ്ലാസ്റ്റിക് വെന്ത തിളയ്ക്കുന്ന വെള്ളവും ആവശ്യത്തിന് ചേര്‍ക്കുന്നു. പിന്നെ ചായപ്പൊടിയും പഞ്ചസാരയും ചേര്‍ത്ത് ഇളക്കി വില്‍പ്പനക്കായി കൊണ്ടുപോകുന്നു. ഉടന്‍ വരുന്നു കാപ്പിക്കാരന്‍. അയാളും ഫ്രീസറില്‍ നിന്ന് പാല്‍പാക്കറ്റ് എടുത്ത് തിളച്ച വെള്ളത്തിലേക്കിടുന്നു. കാപ്പി കാച്ചുന്നു. പ്ലാസ്റ്റിക്കില്‍ വെന്തപാലും പ്ലാസ്റ്റിക് വെന്ത വെള്ളവും കൊണ്ടുള്ള ചായയും കാപ്പിയും.
പ്ലാസ്റ്റിക് ചെറുതായി ചൂടായാല്‍തന്നെ അത്യന്തം അപകടകരമായ രാസവസ്തുക്കള്‍ അതില്‍നിന്ന് പുറത്ത് വരും. നൂറുഡിഗ്രി സെല്‍ഷ്യസില്‍ ചൂടായാല്‍ പിന്നെ പറയാനുമില്ല. നമ്മുടെ ശരീരത്തിലെ പല അവയവങ്ങള്‍ക്കും അര്‍ബുദബാധയും നാഡീത്തളര്‍ച്ചയുമുണ്ടാക്കാന്‍ പര്യാപ്തമായ രാസവസ്തുക്കളാണ് പ്ലാസ്റ്റിക് ചൂടാകുമ്പോള്‍ പുറത്ത് വരുന്നത്. ഓടുന്ന തീവണ്ടിയിലിരുന്ന് ചായയുടെയും കാപ്പിയുടെയും മധുരം നുണയുന്നവര്‍ അറിയുന്നുണ്ടോ വലിയ വിഷമാണ് തങ്ങള്‍ അകത്താക്കുന്നതെന്ന്.
എന്താണ് മായം?
ഇപ്പോള്‍എല്ലായിടത്തും എല്ലാവരും മായത്തെക്കുറിച്ചാണ് പറയുന്നത്.എന്ത് കഴിച്ചാലും വാങ്ങിയാലും അതിലെല്ലാം മായമാണെന്നാണ് ആളുകളുടെ അഭിപ്രായം. സോഷ്യല്‍ മീഡിയ തുറന്നാല്‍ മായങ്ങളുടെ മായാലോകമാണ് കാണുന്നത്. നല്ല മട്ടഅരി കഴുകുമ്പോള്‍ അതിന്റെ നിറം മാറി വെളുത്തകളറാകുന്നു, അരി തിളയക്കുമ്പോള്‍ അതില്‍നിന്നും പ്ലാസ്റ്റിക് വേര്‍പെടുന്നു, പച്ചക്കറികളിലെല്ലാം വിഷം മുക്കുന്നു,പഴങ്ങളില്‍ മെഴുക് പുരട്ടുന്നു, മുന്തിരി വിളവെടുക്കും മുമ്പ് വിഷം തളിക്കുന്നു, മീനുകള്‍ കേടാകാതിരിക്കാന്‍ ഉഗ്രവിഷത്തില്‍ മുക്കുന്നു, ഏറ്റവും മലിനമായ സാഹചര്യത്തില്‍ അച്ചാറുകള്‍ നിറച്ചിരിക്കുന്നു, ഇനി ഒട്ടും പ്രശ്‌നമല്ലെന്ന് നമ്മള്‍കരുതുന്ന കരിക്കിന്‍ വെള്ളത്തില്‍ പോലും വിഷമുണ്ടെന്ന് തെളിയിക്കുന്ന കാര്യങ്ങള്‍…
ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് 2006 പ്രകാരം ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം കുറയ്ക്കുന്നതോ ആരോഗ്യത്തിന് ഹാനികരമായതോ ആയ ഏത് വസ്തുവും ഭക്ഷ്യവസ്തുവില്‍ ചേര്‍ക്കുന്നത് മായമായിട്ടാണ് പരിഗണിക്കുന്നത്. ഭക്ഷ്യവസ്തുക്കളില്‍ ജൈവ മായം, രാസമായം, ഭൗതിക മായം എന്നിങ്ങനെയാണ് മായം ചേര്‍ക്കുന്നത്. . ഭക്ഷ്യവസ്തുക്കളെ സുരക്ഷിതമല്ലാതാക്കുന്ന ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങി സൂക്ഷ്മജീവികളാണ് ജൈവമായത്തില്‍ ഉള്‍പ്പെടുന്നത്. സംസ്‌കരണപ്രക്രിയയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍, വിഷപദാര്‍ത്ഥങ്ങള്‍, ചേരുവകള്‍, പ്രിസര്‍വേറ്റീവുകള്‍, കളറുകള്‍, കീടനാശിനികള്‍ തുടങ്ങിയവയൊക്കെയാണ് രാസമായങ്ങള്‍. കല്ല്, ചെളി തുടങ്ങിയവയാണ് ഭൗതികമായം.
പഴകിയ വസ്തുക്കള്‍ പുതിയതെന്ന് തോന്നിപ്പിക്കുക, എളുപ്പം കേടുവരുന്ന വസ്തുക്കളുടെ ആയുര്‍ദൈര്‍ഘ്യം കൂട്ടുക, കൃത്രിമ രുചിയും മണവും നല്‍കുക, ഭാരവും വലിപ്പവും കൂട്ടുക തുടങ്ങി പല വിധ ലാഭമോഹങ്ങളാണ് ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കാന്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ പ്രേരിപ്പിക്കുന്നത്.
മൂന്നോ നാലോ പതിറ്റാണ്ട് മുമ്പ് ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ത്തിരുന്നത് ഭൗതിക മായങ്ങളായിരുന്നു. അവ കണ്ട്പിടിക്കാന്‍ എളുപ്പവുമായിരുന്നു. നെല്ലില്‍ പതിരുചേര്‍ക്കുക, അരിയില്‍ കല്ല് ചേര്‍ക്കുക, പാലില്‍ വെള്ളം ചേര്‍ക്കുക.. തുടങ്ങിയ ജനദ്രോഹമല്ലാത്ത തരം മായങ്ങള്‍. എന്നാല്‍ ഇന്ന് ഭക്ഷ്യവസ്തുക്കളില്‍ ചേരുന്ന പ്രധാന മായം രാസമായങ്ങളാണ്. അവ കണ്ടുപിടിക്കാന്‍ പ്രയാസമാണെന്ന് മാത്രമല്ല, ശരീരത്തിന് കടുത്ത ദോഷകരമായി മാറുകയും ചെയ്യും. ഉദാഹരണത്തിന് നല്ല സുന്ദരക്കുട്ടപ്പനായിരിക്കുന്ന മാങ്ങാപ്പഴം നോക്കുക. അതിന്റെ നിറവും മണവും കണ്ടാല്‍ ആരും വെളളമൂറി നിന്നുപോകും. നമ്മുടെ വീട്ടിലെ കറ ഒലിച്ചിറങ്ങുന്ന പച്ചനിറമുള്ള മണമില്ലാത്ത മാങ്ങയാകും അപ്പോള്‍ മനസില്‍. എന്നാല്‍ സുന്ദരന്‍മാങ്ങാ വിളഞ്ഞ മാവ് എവിടെയാകും? എന്ന് ഒരു നിമിഷമെങ്കിലും നാം ചിന്തിക്കും. വാസ്തവമെന്താണ്? പച്ചമാങ്ങാ അടഞ്ഞ ഗോഡൗണില്‍ തിക്കിനിറച്ച് രാസവസ്തുക്കള്‍ കുത്തിനിറച്ച് പഴുപ്പിച്ചാണ് ഇതിന് ആകര്‍ഷകമായ നിറവും മണവും സൃഷ്ടിക്കുന്നത്. ഒറിജിനലിലെ വെല്ലുന്ന വ്യാജന്‍.
കേരളത്തില്‍ ഇത്രയുമധികം രോഗങ്ങളും ആശുപത്രികളും 30 വര്‍ഷംകൊണ്ടുണ്ടായതാണ്. ഭക്ഷ്യ വിഷബാധ, വയറുവേദന, ശരീര വേദന, ഛര്‍ദ്ദി, വിളര്‍ച്ച, ഗര്‍ഭച്ഛിദ്രം, പക്ഷാഘാതം, വിവിധ അര്‍ബുദങ്ങള്‍, ബിപി, കൊളസ്‌ട്രോള്‍, പ്രമേഹം, പൊണ്ണത്തടി, കരള്‍വൃക്കത്തകരാറുകള്‍, ഹൃദയാഘാതം, വന്ധ്യത, ആര്‍ത്തവത്തകരാറുകള്‍, തുടങ്ങിയ പലവിധ പ്രശ്‌നങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. പണ ത്തിനോടുള്ള മനുഷ്യന്റെ ആര്‍ത്തി വര്‍ധിച്ചപ്പോള്‍ ജീവഹാനിവരെ ഉണ്ടാക്കാവുന്ന രാസവസ്തുക്കള്‍ മായമായി മാറി. മായം ചേര്‍ക്കു ന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമം വളരെ കടുത്ത ശിക്ഷ പറയുന്നു ണ്ടെങ്കിലും നടപ്പിലാക്കാനോ നടപടി സ്വീകരിക്കാനോ പലപ്പോഴും കഴിയുന്നില്ല. ഇതിനു കാരണം ഇത്തരം ലോബികളുമായി ഭരണാധി കാരികള്‍ക്കുള്ള ചങ്ങാത്തമാണ്. സത്യം പുറത്തറിയിക്കേണ്ട മീഡിയകളാകട്ടെ ഇത്തരക്കാരില്‍ നിന്നും പരസ്യം സ്വീകരിക്കുന്നതിനാല്‍ മായങ്ങളെക്കുറിച്ചൊന്നും മിണ്ടാറില്ല.
വളരെ ചെറിയ അളവിലാണെങ്കില്‍ പോലും മായം ശരീരത്തിനുള്ളിലെത്തുന്നത് ഒട്ടും ആരോഗ്യകരമല്ല. മാത്രമല്ല, നമ്മെക്കാള്‍ നേരത്തെ കുഞ്ഞുങ്ങളെ രോഗികളാക്കുകയും ചെയ്യും. ഇത്തരം വിഷക്കൂട്ടുകെട്ടുകള്‍ അവരുടെ തലച്ചോറിന്റെ വികാസത്തെ തന്നെ ദോഷകരമായി ബാധിക്കും. പ്രീ–സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളില്‍ കീടനാശിനികളുടെ സമ്പര്‍ക്കം അര്‍ബുദസാധ്യത കൂട്ടുന്നതായി മറ്റൊരു അമേരിക്കന്‍ പഠനം പറയുന്നു.
ഭക്ഷ്യസാമ്പിളുകള്‍ പരിശോധിക്കാന്‍ നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ മാത്രമാണ് ഫുഡ്‌ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്. പഴങ്ങളുടെയും പച്ചക്കറികളുടെയും കീടനാശിനി സാന്നിധ്യം കണ്ടെത്തുന്നതിനായി കാര്‍ഷിക സര്‍വകലാശാലയുടെ പെസ്റ്റിസൈഡ് റെസിഡ്യൂ ടെസ്റ്റിംഗ് ലാബ് മാത്രമാണ് ഏക ആശ്രയം. എന്നാല്‍, ഉപകരണങ്ങളുടെ അപര്യാപ്തതയും ആളുകളുടെ കുറവും മൂലം പരിശോധനാഫലം വൈകുകയാണ്.
ചായക്കടകളിലെ മായം
രാജസ്ഥാന്റെ തനതായ പാരമ്പര്യത്തിലും രുചിയിലും നിര്‍മ്മിക്കുന്ന ബദാംഷേക്കുകള്‍ക്ക് എറണാകുളത്ത് യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രിയമാണ്. രാജസ്ഥാന്‍കാര്‍ ശുചിത്വത്തില്‍ ലേശം പിന്നിലാണെങ്കിലും അവര്‍ നിര്‍മ്മിക്കുന്ന ‘ഷേക്ക്’ ഉഗ്രന്‍ എന്ന് സര്‍ട്ടിഫിക്കറ്റ് കൊടുത്തവരായിരുന്നു അവരില്‍ ഏറെപ്പേരും. കലൂരും പാലാരിവട്ടത്തുമൊക്കെ ഷേക്ക് വില്പന പൊടിപൊടിച്ചു. എന്നാല്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അതിന്റെ നിര്‍മ്മാണസ്ഥലം നേരില്‍ക്കണ്ട് ജനത്തെ ബോധ്യപ്പെടുത്തിയപ്പോള്‍ കഴിച്ച ഷേക്ക് അപ്പാടെ ആവിയായി പോകാത്തവര്‍ ചുരുക്കം.
കച്ചേരിപ്പടിയിലെ മാധവഫാര്‍മസിയ്ക്കടുത്തുള്ള കന്നുകാലിത്തൊഴുത്തിന് സമാനമായ വീട്ടിലായിരുന്നു ആയുസിനും, ആരോഗ്യത്തിനും അത്യുത്തമമായ ഷേക്ക് നിര്‍മ്മിച്ചിരുന്നത്. അതിന് വേണ്ട അസംസ്‌കൃത വസ്തുക്കളായ മൈദമാവും പാലും പഞ്ചസാരയും കൂട്ടിക്കുഴച്ച് ചെളി നിറഞ്ഞ മുറ്റത്തുതന്നെയുണ്ടാക്കിയ ഒരു കുഴിയിലാണ് ഇറക്കിവെച്ചിരുന്നത്. പേരിന് കീറിപ്പൊളിഞ്ഞ ഒരു ടാര്‍ പായ് ഇതിന് മീതെ വിരിച്ചിട്ടുണ്ടെങ്കിലും മഴപെയ്ത് സമീപ പ്രദേശം മുഴുവന്‍ ചെളി കുത്തുമ്പോള്‍ ആ വെള്ളവും ഇവിടേക്ക് ഒലിച്ച് വരും. ഉപയോഗിച്ച് തള്ളിയ സിമന്റ് ചാക്കിലാണ് ഷേക്ക് തണുപ്പിക്കുന്ന ഐസ് കട്ടകള്‍ ഇറക്കിയിരുന്നത്. കൊതുകും നഗരത്തിലെ മറ്റ് മാലിന്യങ്ങള്‍ക്കും ഇവിടെ യാതൊരു പഞ്ഞവുമില്ല. ഐസിട്ട് തണുത്ത് കഴിയുമ്പോള്‍ കുപ്പിയിലിത് വാരിക്കോരി ആകര്‍ഷകമായ ശീതീകരണപ്പെട്ടിയില്‍ നിറച്ച് നഗരത്തിലെത്തിക്കുന്നു. ഇതാണ് രുചികരമായ ബദാം ഷേക്ക്. പൊടിപോലുമില്ല ബദാമിതില്‍. ഇതില്‍ ഐസും പാലും മധുരവുമൊക്കെ കൂട്ടിച്ചേര്‍ക്കുന്ന കഥകള്‍ കേള്‍ക്കാതിരിക്കുകയാണ് എന്തുകൊണ്ടും മെച്ചം.
തിരുവനന്തപുരം നഗരത്തില്‍ ഷവര്‍മ്മ കഴിച്ച് ഒരു യുവാവ് മരിക്കുകയും ഏതാനും പേര്‍ക്ക് ചികിത്സ തേടേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തതോടെയാണ് നാടെങ്ങുമുള്ള ഹോട്ടലുകളും ബേക്കറികളും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അരിച്ച് പെറുക്കിയത്. മിക്കസ്ഥലത്തും തീര്‍ത്തും ശുചിത്വമില്ലാത്ത പാചകവും അതിനേക്കാള്‍ മോശമായ പാചകക്കാരനും. അടുക്കളയോട് ചേര്‍ന്ന് പൊട്ടിയൊലിക്കുന്ന സെപ്റ്റിക് ടാങ്കുകള്‍, എണ്ണക്കടിമുതല്‍ ബിരിയാണി വരെ രാസവസ്തുക്കളില്‍ മുക്കിക്കുഴച്ചിരിക്കുന്നു. പഴകിയതും പൂപ്പല്‍ പിടിച്ചതുമായ അച്ചാറുകള്‍, ഉപയോഗ ശൂന്യമായ പച്ചക്കറികള്‍, കേടുകൂടാതിരിക്കാന്‍ പാലിനുള്ളില്‍ കടുത്ത രാസപദാര്‍ത്ഥങ്ങള്‍, ആവര്‍ത്തിച്ചുപയോഗിച്ചുകൊണ്ടിരിക്കുന്ന എണ്ണ, വില്‍ക്കാതിരിക്കുമ്പോഴെല്ലാം ഫ്രീസറില്‍ വെക്കുന്ന പഴകിയ ഭക്ഷണം. ആവശ്യക്കാരന്‍ വരുമ്പോള്‍ ചില രാസവസ്തുക്കള്‍ പൂശി ചൂടാക്കുന്നു. വീണ്ടും ഫ്രീസറിലേക്ക്..
ഉപയോഗം കര്‍ശനമായി നിയന്ത്രിച്ചിട്ടുള്ള ടാര്‍ട്രാസൈന്‍, സണ്‍സെറ്റ് യെലോ എന്നീ കൃത്രിമ നിറങ്ങളാണ് മിക്കവാറും ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിച്ചിരിക്കുന്നത്. ബീഫ് ഫ്രൈ, പൊരിച്ച മീന്‍, ബിരിയാണി, നെയ്‌ച്ചോറ്, കറികള്‍ എന്നിവയ്ക്കു നിറം കിട്ടാന്‍ സണ്‍സെറ്റ് യെലോയും ചേര്‍ത്തിരിക്കുന്നു.
ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഏറ്റവും പ്രധാനമായി സര്‍ക്കാര്‍ കാണണം. ആരോഗ്യം നഷ്ടപ്പെടാതെ ജനത്തെ സംരക്ഷിക്കാന്‍ ഭക്ഷ്യോത്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ കര്‍ക്കശനിലപാട് സ്വീകരിക്കണം. വില കുറച്ച് നല്ല ഭക്ഷണമൊരുക്കുന്ന ഹോട്ടലുകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കണം. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തിക്കുന്ന എല്ലാ ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരം പരിശോധിക്കണം. തമിഴ്‌നാട്ടില്‍ നിന്നും മറ്റും കൊണ്ടു വരുന്ന കോഴിയിറച്ചി, അറവ് മാടുകള്‍ എന്നിവയുടെ ലൈസന്‍സും കര്‍ക്കശമാക്കണം. ഇതൊക്കെയാണ് അടിയന്തിരമായി ചെയ്യേണ്ടത്.
ഔഷധക്കൂട്ടിലും മായമോ?
വന്‍കിട ഔഷധ നിര്‍മാണക്കമ്പനികള്‍ ഡോക്ടര്‍മാര്‍ക്കും മരുന്നുകടകള്‍ക്കും നല്‍കുന്ന സൗജന്യങ്ങളും സമ്മാനങ്ങളും വഴി ആരോഗ്യത്തിന് ഹാനികരമായ പല മരുന്നുകളും വിപണിയിലെത്തുന്നുണ്ട്. കാന്‍സര്‍, പ്രമേഹം, എയ്ഡ്‌സ് തുടങ്ങിയ രോഗങ്ങള്‍ക്ക് പരിഹാരമെന്ന് പ്രചരിക്കപ്പെടുന്ന 90 ശതമാനം മരുന്നുകളും ഡ്രഗ് ലൈസന്‍സ് പോലും ഇല്ലാത്തവയാണത്രേ.
അഞ്ചിലൊന്ന് ഔഷധങ്ങള്‍ക്കും 20 ശതമാനം വ്യാജമരുന്നും വിപണിയിലെത്തുന്നുണ്ട്. 500-ഓളം ഔഷധങ്ങള്‍ 75,000 ത്തിലേറെ പേരുകളില്‍ നമ്മുടെ മാര്‍ക്കറ്റിലെത്തുന്നുണ്ടെന്ന് സാരം. ഇതില്‍ 60 ശതമാനം മരുന്നുകളും രോഗനിവാരണത്തിന് യുക്തവുമല്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ചൈനീസ് ഹെര്‍ബല്‍ ഔഷധങ്ങളെക്കുറിച്ച് ധാരാളം പരസ്യങ്ങള്‍ പ്രചരിച്ചിരുന്നു. പരസ്യം കണ്ട് മരുന്ന് ഉപയോഗിച്ചവരില്‍ പലരുടെയും വൃക്കകള്‍ തകരാറിലായി. ഇതെക്കുറിച്ച് പിന്നീട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ‘ചൈനീസ് ഹെര്‍ബല്‍ നെഫ്രോപ്പതി’ എന്ന പേരില്‍ പുതിയ കിഡ്‌നി ചികിത്സ പോലും ആരംഭിക്കേണ്ടിവന്നു. ചിലതരം വേദനാസംഹാരികള്‍, ആന്റി ബയോട്ടിക് ഔഷധങ്ങള്‍, അര്‍ബുദരോഗത്തിനുപയോഗിക്കുന്ന മരുന്നുകള്‍ തുടങ്ങിയവ വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നുവെന്ന് വ്യക്തമായി തെളിഞ്ഞിട്ടുണ്ട്.
ഒരു വര്‍ഷം കേരളത്തില്‍ 1500 കോടിയിലേറെ രൂപയുടെ ഇംഗ്ലീഷ് മരുന്ന് മാത്രം വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. ആയുര്‍വേദം, ഹോമിയോ തുടങ്ങിയ ചികിത്സാ ശാഖകളില്‍ നിന്നുള്ള പങ്ക് വേറെയും. അതാണ് വ്യാജമരുന്നുകള്‍ കൂടുതലായി രംഗത്തെത്തുന്നതിന്കാരണം. സംസ്ഥാനത്ത് ഇപ്പോള്‍ 35,000 ത്തോളം ഔഷധങ്ങളാണ് വിവിധ രോഗങ്ങള്‍ക്ക് പ്രതിവിധിയായി എത്തുന്നത്.
കൂടിയ വിലയ്ക്കുള്ള മരുന്നുകള്‍ വാങ്ങിക്കഴിച്ചാലേ സൗഖ്യം കിട്ടുകയുള്ളൂ എന്നാണ് മിക്കവരുടെയും ധാരണ. കൂടുതല്‍ മരുന്നെഴുതുന്ന ഡോക്ടര്‍മാരോട് അതുകൊണ്ട് രോഗികള്‍ കൂടുതല്‍ താല്‍പര്യവും കാണിക്കുന്നു. ചില രോഗികള്‍ കൂടുതല്‍ മരുന്നെഴുതാന്‍ ഡോക്ടറോട് ആവശ്യപ്പെടാറുമുണ്ട്. അങ്ങനെ ചെറിയ വയറുവേദനയ്ക്കും പനിക്കുമൊക്കെ ഡോക്ടറെ കാണാനെത്തുന്നവര്‍ വിറ്റാമിന്‍ ഗുളികകള്‍ ഉള്‍പ്പെടെയുള്ള ധാരാളം മരുന്ന് വാങ്ങി സംതൃപ്തിയടയുന്നു. അമിതമായ ഈ മരുന്ന് തീറ്റയാണ് രോഗികളുടെ വര്‍ദ്ധനവിന് ഒരു കാരണം.
രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന ഈ കാലഘട്ടത്തില്‍ മരുന്നില്ലാതെ നമുക്ക് ജീവിക്കാനാകില്ല. ശരിതന്നെ. പക്ഷേ ഔഷധങ്ങളോടുള്ള നമ്മുടെ സമീപനത്തില്‍ കുറേക്കൂടി കാര്‍ക്കശ്യം പുല ര്‍ത്തേണ്ടിയിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം നിരവധി രാജ്യങ്ങളില്‍ നിരോധിച്ച ഒട്ടേറെ മരുന്നുകള്‍ നമ്മുടെ വിപണിയില്‍ അനുദിനവും എത്തുന്നുണ്ട്. അതിനാല്‍ നിരോധിച്ച മരുന്നുകളേതൊക്കെയെന്ന് ജനങ്ങളെ അറിയിക്കണം. അവയുടെ പട്ടിക തയ്യാറാക്കി നമ്മുടെ ആശുപത്രികളില്‍ പ്രസിദ്ധീകരിക്കണം. ഡോക്ടര്‍മാര്‍ മരുന്നിന്റെ വിപണനനാമം കുറിക്കുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ പേരുകൂടി സൂചിപ്പിച്ചാല്‍ മെഡിക്കല്‍ ഷോപ്പുകാരനും ഈ രോഗിയെ പിന്നീട് ചികിത്സിക്കുന്ന ഡോക്ടര്‍ക്കും ഉപകരിച്ചേക്കും.
മായം മായം സര്‍വ്വത്ര
- കേരളീയര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന അരിയിലാണ് വ്യാജന്‍ വിലസുന്നത്. വില കുറഞ്ഞ വെളുത്ത അരി ചുവപ്പുകൂടിയ ഒരു പ്രത്യേകതരം പശ ഉപയോഗിച്ച് കുത്തരിയും മട്ടയുമാക്കുന്ന കമ്പനികളുണ്ടത്രേ. പഴകിയ അരി മറ്റു സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി പോളീഷ് ചെയ്യുന്ന രീതിയും വ്യാപകമാണ്.ആദുനിക മില്ലുകളില്‍ നെല്ല് പുഴുങ്ങുമ്പോള്‍ രാസപദാര്‍ത്ഥങ്ങളും ഉപയോഗിക്കും. ഇത് അരി നല്ല ‘സുന്ദരക്കുട്ടപ്പ’നായി നില്‍ക്കാനാണ്..അരിവാങ്ങുമ്പോള്‍ കൂടുതല്‍ വാങ്ങാതെ രണ്ടോ മൂന്നോ കിലോ വാങ്ങി പരിശോധിച്ചശേഷം മാത്രം കൂടുതല്‍ വാങ്ങുക.
- മാംസം, കൊഴുപ്പ്, അന്നജം, ലവണങ്ങള്‍, ജീവകങ്ങള്‍ തുടങ്ങി മനുഷ്യ ശരീരത്തിനാവശ്യമായ പോഷകങ്ങളെല്ലാമടങ്ങിയതാണു പാലെങ്കിലും വിപണിയില്‍ ലഭിക്കുന്ന അന്യസംസ്ഥാന പാല്‍ ശുദ്ധമാണോ? അകിടില്ലാതെ പാല്‍ ചുരുത്തുന്ന നിരവധി അന്യസംസ്ഥാനകമ്പനികളില്‍ നിന്നു വരുന്നതാണ് അവയിലേറെയും. അന്യസംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്ക് ഒഴുകുന്ന പാലില്‍ മാരകമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ശുദ്ധമായ പാല്‍ മണിക്കൂറുകള്‍ മാത്രമേ കേടുകൂടാതിരിക്കൂ. എന്നാല്‍, അന്യസംസ്ഥാനങ്ങളില്‍നിന്നു കിലോമീറ്ററുകള്‍ താണ്ടി എത്തുന്ന പാലുകള്‍ ആഴ്ചകളോളം കേടുകൂടാതെയിരിക്കുന്നതിന്റെ രഹസ്യം മായമല്ലാതെ മറ്റൊന്നുമല്ല.
- വെള്ളം ചേര്‍ത്ത് പോലും പാല്‍ ഉപയോഗിക്കുന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനറിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍ കോസ്റ്റിക് സോഡ, പഞ്ചസാര, യൂറിയ, പശ, സോഡിയം കാര്‍ബണേറ്റ്, ഫോര്‍മാലിന്‍, അമോണിയം സള്‍ഫേറ്റ് എന്നിവയടങ്ങിയ പാലാണ് പലപ്പോഴും നമുക്കു ലഭിക്കുന്നത്. ന്യൂട്രിലൈസറുകള്‍ ചേര്‍ത്ത പാല്‍ പതയ്ക്കുമ്പോള്‍ രാസവസ്തുക്കളുടെ ഗന്ധം ഉയരും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഗുണനിലവാരമുള്ള പാല്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. പാല്‍ നന്നായി തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക.
- മിനിറ്റുകള്‍ക്കുള്ളില്‍ വ്യാജ തൈരുണ്ടാക്കുന്ന വിദ്യ അന്യസംസ്ഥാനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കൃത്രിമമായുണ്ടാക്കുന്ന ലാക്റ്റിക് ആസിഡില്‍ പാലും വെള്ളവും കൊഴുപ്പുണ്ടാക്കാനുള്ള പൊടികളും ചേര്‍ത്താണു വ്യാജ തൈര് നിര്‍മിക്കുന്നത്. വിപണിയില്‍ ഒറിജിനല്‍ തൈരിനെക്കാള്‍ ഇതിനു വില കുറവായിരിക്കും. പാല്‍ തിളപ്പിച്ചാറ്റി പുളിപ്പിച്ചു തൈരാക്കാനുള്ള ക്ഷമയൊന്നുമില്ല. തൈരു വേണോ…ദാ.. ഇപ്പംറെഡി.. അതാണ് അവരുടെ നിലപാട്. എടുകുടുക്കേ ചോറും കറിയും എന്ന മട്ടില്‍ പാല്‍കേട്ടു കേള്‍വി പോലും ഇല്ലെങ്കിലും തൈരുറെഡി..
- പനങ്കുരുവിന്റെ തോട് പോളിച്ചു പിഴിഞ്ഞുണ്ടാക്കുന്ന പാം കെര്‍ണല്‍ ഓയിലും, പാരഫിന്‍ വാക്‌സിനും ചേര്‍ത്ത വെളിച്ചെണ്ണ സംസ്ഥാനത്ത് വ്യാപകമായി വില്‍ക്കുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. പെട്രോളിയത്തിന്റെ ഉപോത്പന്നമാണ് പാരഫിന്‍. മെഴുകുനിര്‍മാണത്തിനാണ് ഇതു പ്രധാനമായും ഉപയോഗിക്കുന്നത്. പരുത്തിക്കുരുവും റബര്‍ക്കുരുവും ആട്ടിയെടുക്കുന്ന എണ്ണയും വെളിച്ചെണ്ണയില്‍ കലര്‍ത്താറുണ്ടത്രെ.
- നല്ലെണ്ണയിലെ പ്രധാന മായം തവിടെണ്ണയാണ്. വിപണിയില്‍ ലഭ്യമായ ഒട്ടുമിക്ക നല്ലെണ്ണയിലും വലിയ അളവില്‍ പഴകിയ നല്ലെണ്ണയും തവിടെണ്ണയും ചേരുന്നുണ്ട്.
വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ലൂസായ എണ്ണ വാങ്ങാതിരിക്കുക. എണ്ണ ഉപയോഗം പരമാവധി കുറയ്ക്കുക. വാങ്ങുമ്പോള്‍ മികച്ച ബ്രാന്‍ഡ് എണ്ണകള്‍ തിരഞ്ഞെടുക്കുക. - മല്‍സ്യം കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മലിനും അമോണിയയുമാണ് മല്‍സ്യത്തെ വിഷമയമാക്കുന്നത്. മോര്‍ച്ചറിയിലും ലാബിലുമൊക്കെ ജൈവ ശരീരഭാഗങ്ങള്‍ അഴുകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. ഇത്തരം മല്‍സ്യം കഴിച്ചാല്‍ വയറിളക്കം, ചര്‍ദ്ദി തുടങ്ങിയവ ഉണ്ടാകും.
നിറവ്യത്യാസവും രൂക്ഷഗന്ധവുമുള്ള മല്‍സ്യം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. മല്‍സ്യത്തിന്റെ പുറത്ത് വിരലുകൊണ്ട് അമര്‍ത്തി നോക്കുക. ഉടനെ പൂര്‍വ സ്ഥിതിയിലായാല്‍ ഫ്രഷ് ആണെന്ന് ഉറപ്പിക്കാം. ചെകിളപ്പൂക്കള്‍ക്ക് നല്ല ചുവപ്പ് നിറമുള്ള മല്‍സ്യം നോക്കി വാങ്ങുക. - മുളക് പൊടിയില്‍ എത്തിയോണ്‍, സുഡാന്‍ റെഡ് 1 എന്നീ കൃത്രിമ നിറങ്ങളാണ് വ്യാപകമായി ചേര്‍ക്കുന്നത്. നിലവാരം കുറഞ്ഞ അസംസ്‌കൃത വസ്തുക്കളില്‍ നിന്നുണ്ടാക്കുന്ന മുളക് പൊടിക്ക് നല്ല ചുവന്ന നിറം ലഭിക്കാന്‍ ചേര്‍ക്കുന്ന സുഡാന്‍ 1, 2, 3, 4, എന്നിവ എണ്ണയില്‍ അലിയുന്നതാണ്. ഇത് എളുപ്പം കണ്ടെത്താനാവില്ല. ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കാന്‍ അനുവാദമില്ലാത്ത ഇത് കരള്‍ വൃക്കത്തകരാറുകളടക്കമുള്ള മാരകമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.
- ജ്യൂസുകളിലും ശീതള പാനീയങ്ങളിലും കാഡ്മിയമാണ് മായമായി ചേര്‍ക്കുന്നത്. ഇത്തായ് ഇത്തായ് രോഗം, അമിതമായ ഉമിനീര്‍, ഗ്യാസ്‌െ്രെടറ്റിസ്, കരള്‍വൃക്കത്തകരാറുകള്‍, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ തുടങ്ങിയവയ്‌ക്കൊക്കെ കാഡ്മിയം കാരണമാകും. കീടനാശിനികളും പാനീയങ്ങളില്‍ ചേര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. പായ്ക്ക് ചെയ്ത് വരുന്ന ശീതളപാനീയങ്ങളും പഴച്ചാറുകളും പരമാവധി ഒഴിവാക്കുക.
- ഇഡ്ഡലിപ്പൊടി, അരിപ്പൊടി, ഗോതമ്പ് പൊടി തുടങ്ങിയവയില്‍ കേടാകാതിരിക്കാനുള്ള പ്രിസര്‍വേറ്റീവുകള്‍, സോഡാപ്പൊടി, ആലം, കപ്പപ്പൊടി, ചോക്ക് പൊടി തുടങ്ങിയവയൊക്കെ ചേര്‍ക്കുന്നു. മീഥൈല്‍ പാരബെന്‍, ബെന്‍സോയിക് ആസിഡ്, സോഡിയം ബെന്‍സോയേറ്റ് തുടങ്ങിയ വിവിധ നൈട്രേറ്റുകളാണ് അണുക്കളില്‍ നിന്ന് സംരക്ഷണം നല്‍കാനായി ചേര്‍ക്കുന്നത്. സള്‍ഫേറ്റ് ഓഫ് കോപ്പറാണ് ബ്രഡ്ഡില്‍ സാധാരണ ചേര്‍ക്കുന്നത്. അരിയും ഗോതമ്പുമൊക്കെ വാങ്ങി കഴുകി പൊടിച്ച് ഉപയോഗിക്കുക.
- മാങ്ങ പഴുപ്പിക്കാന്‍ കാര്‍ബൈഡ് ഉപയോഗിക്കുന്നതു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാന്‍സറുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നു കണ്ടു വികസിതരാജ്യങ്ങളില്‍ നിരോധിച്ചതാണ് കാര്‍ബൈഡ്.
- കറിവേപ്പിലയില്‍ ഡൈമെത്തോയേറ്റ്, ബൈഫെന്‍ത്രിന്‍, ഏത്തയോണ്‍, സൈഹാലോത്രിന്‍, സൈപ്പര്‍മെത്രിന്‍, മീതൈല്‍ പാരത്തിയോണ്‍ എന്നിങ്ങനെ ഒരു കൂട്ടം വിഷങ്ങളുണ്ട്. ചില കറിവേപ്പില സാമ്പിളുകളില്‍ ഈ വിഷാംശങ്ങള്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പരിധിവിട്ടും കണ്ടിരുന്നു. ക്ലോര്‍പൈറോഫോസ്, എതിയോണ്‍, ഫോറേറ്റ്, പ്രൊഫേനോഫോസ് എന്നിവയുടെ അവശിഷ്ടങ്ങളാണ് മല്ലിയിലയില്‍ കണ്ടത്. പുതിനയിലയില്‍ ക്ലോര്‍പെറിഫൊസ് എന്ന കീടനാശിനിയുടെ അംശവും കണ്ടെത്തി. ഇങ്ങനെ എഴുതിയാല്‍ എത്രമാത്രം വേണമെങ്കിലും എഴുതാം…
ഇതിനൊരു പരിഹാരമേയുള്ളൂ. വിഷം കലാരാത്ത ഭക്ഷണപദാര്‍ഥങ്ങള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക. അല്ലെങ്കില്‍ നാം മാത്രമല്ല, സമൂഹം തന്നെ രോഗാതുരമായി മാറുകയാണെന്ന് തിരിച്ചറിയണം. നല്ല ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിക്കുന്നവരെ ആദരിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നത് സമൂഹത്തിന് മുതല്‍ക്കൂട്ടായി മാറും. അത്തരം ധാരാളം പേര്‍ നമ്മുക്കിടയിലൂണ്ടാകും. ചില സംരംഭങ്ങളെ പരിചയപ്പെടാം.
നാട്ടുക്കൂട്ടായ്മകള്‍
മുണ്ടക്കയത്ത് ആരംഭിച്ച പുത്തന്‍ചന്തപോലുളള നാട്ടുകൂട്ടായ്മകള്‍ മായത്തിനെതിരെ ശക്തമായ പ്രതിരോധമാണ് തീര്‍ക്കുന്നത്. ഫാര്‍മേഴ്‌സ ക്ലബാണ് ഈ നാട്ടുചന്തക്ക് ചുക്കാന്‍ പിടിക്കുന്നത്. ഗുണമേന്മയുളള ലവെളിച്ചെണ്ണ, മീന്‍, ഇറച്ചി, പച്ചക്കപ്പ, ജൈവപച്ചക്കറി, നാടന്‍ പലഹാരങ്ങള്‍, അരിപ്പൊടികള്‍, മറയൂര്‍ ശര്‍ക്കര, മാര്‍താണ്ഡം കരുപ്പെട്ടി, വീട്ടില്‍ നിര്‍മ്മിക്കുന്ന അച്ചാറുകള്‍ തുടങ്ങിയ നാടന്‍ ഇനങ്ങളാണ് വില്‍പ്പനക്ക് എത്തുന്നത്.
മത്സ്യഗ്രാമമെന്ന ആശയവുമായി ആരംഭിച്ച കാസര്‍കോട് രാജപുരത്തെ കാര്‍ഷിക കൂട്ടായ്മ ശ്രദ്ധേയമാണ്. കൊട്ടോടി ഗ്രാഡിപള്ളയിലെ കര്‍ഷക സ്വയംസഹായക സംഘമാണ് മത്സ്യകൃഷി നടത്തുന്നത്. സംഘത്തിന്റെ കീഴില്‍ പതിനഞ്ച് കുളങ്ങളിലാണ് കൃഷി.
വിഷം തീണ്ടാത്ത നല്ല ശുദ്ധജലമത്സ്യം വേണമെങ്കില്‍ കാസര്‍കോട് ജില്ലയിലെ മലയോര ഗ്രാമമായ ഗ്രാഡിപ്പള്ളയില്‍ എത്തിയാല്‍ മതി.രോഹു, കട്‌ല, ആസാംവാള എന്നിങ്ങനെ പത്തോളം മത്സ്യ ഇനങ്ങളാണ് ഈ ഗ്രാമത്തിലുള്ള പതിനഞ്ച് കുളങ്ങളില്‍ വളരുന്നത്. കര്‍ഷക സ്വയംസാഹയക സംഘത്തിന് നേതൃത്വം നല്‍കുന്ന സിബി മത്സ്യകൃഷിക്ക് തുടക്കമിട്ടു. വീട്ടുമുറ്റത്ത് ടാര്‍പോളിന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കുളങ്ങളില്‍ പരീക്ഷണാര്‍ഥം കഴിഞ്ഞ വര്‍ഷം കുറച്ചു മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വളര്‍ച്ചയെത്തിയതോടെ കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് മത്സ്യം വിറ്റു തീര്‍ന്നത്. ഇതോടെ സിബിയും കൂട്ടരും ഈ കൃഷിയിലെ ലാഭം തിരിച്ചറിഞ്ഞു. അങ്ങനെ സംഘത്തിലുള്ള എല്ലാവരും മത്സ്യകൃഷിയിലേയ്ക്ക് തിരിഞ്ഞു. കൃഷി ആരംഭിച്ചപ്പോള്‍ മത്സ്യങ്ങള്‍ക്കുള്ള തീറ്റയ്ക്കാണ് ചെലവേറിയതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തീറ്റ സ്വന്തമായി ഉല്‍പാദിപ്പിക്കാന്‍ തുടങ്ങി. ആസോള എന്ന പായല്‍ ആണ് ഭക്ഷണമായി പ്രധാനമായും നല്‍കുന്നത്. ഒപ്പം അല്‍പം പാക്കറ്റ് ഭക്ഷണവും നല്‍കും. കഴിഞ്ഞ തവണ മത്സ്യം വിലകുറച്ച് വിറ്റത് കൃഷിയില്‍ നിന്നുള്ള ലാഭം കുറയാന്‍ കാരണമായെന്ന വിലയിരുത്തലുണ്ട്. ലാഭം അല്‍പം കുറഞ്ഞാലും വലിയ വിലയില്ലാതെ തന്നെ മീന്‍ വില്‍ക്കാനാണ് സംഘത്തിന്റെ തീരുമാനം. കൃഷി കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിച്ച് ഗ്രാഡിപ്പള്ളയെ ഒരു മത്സ്യഗ്രാമമാക്കുകയെന്നതാണ് പദ്ധതി.
തിരുവനന്തപുരത്തിന്റെ കാര്‍ഷികപ്പെരുമയുടെ പര്യായമാണ് സംഘമൈത്രി എന്ന കര്‍ഷകസംഘം. കൃഷിയുടെ എല്ലാ മേഖലകളിലും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുക എന്നാ ലക്ഷ്യത്തോടെ 2003ല്‍ പരൂപംകൊണ്ട് സംഘമൈത്രി ഇന്നു പ്രവര്‍ത്തന മികവിന്റെ വഴികളിലൂടെ ഈ രംഗത്ത് ഒരു മാതൃകയും പ്രചോദനവുമായി മാറിയിരിക്കുന്നു.
പഴം,പച്ചക്കറി എന്നിവയുടെ ഉത്പ്പാദനവിപണന പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ , നടീല്‍വസ്തുക്കളുടെ ലഭ്യതയും ഇവര്‍ ഉറപ്പുവരുത്തിയിരിക്കുന്നു. സാധാരണ കര്‍ഷകന്റെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം തന്നെ വിഷയമില്ലാത്ത പച്ചക്കറികളും ഇലക്കറികളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 615 കര്‍ഷകരാണ് സംഘമൈത്രിയിലൂടെ ഈ മഹത് സംരംഭത്തില്‍ പങ്കാളികളായിരിക്കുന്നത്.
സംഘമൈത്രിയുടെ കീഴില്‍ കൃഷി ചെയ്യുന്ന എല്ലാ കര്‍ഷകരുടെയും ഉത്പന്നങ്ങള്‍ സംഘമൈത്രിയുടെ തന്നെ ശേഖരണ കേന്ദ്രങ്ങള്‍ വഴിയാണ് വില്‍പ്പനയ്‌ക്കൊരുങ്ങുന്നത്. വിപണിയിലെ അന്നന്നുള്ള വില നല്‍കികൊണ്ട് ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്നു. ഇവ ഗുണമേന്മാ നിര്‍ണ്ണയം നടത്തി , വേര്‍തിരിച്ച് , സംഘമൈത്രിയുടെ തന്നെ ചില്ലറ വില്പനശാലകളിലൂടെയും ഹോര്‍ട്ടികോര്‍പ്പിന്റെയും മറ്റും വിപണനകേന്ദ്രങ്ങളിലൂടെയും ഉപഭോക്താക്കളില്‍ എത്തിക്കുന്നത് ഇരിങ്ങാലക്കുടയിലെ ജീവന്‍ സൊസൈറ്റി എന്ന കുറ്റിക്കാടിന്റെ കാര്‍ഷിക കൂട്ടായ്മയാണ്.
പച്ചക്കറികള്‍, ഔഷധ സസ്യങ്ങള്‍, പലതരം പഴവര്‍ഗങ്ങള്‍ എന്നിവയുടെ ഉത്പാദനം സംഘത്തിന്റെ മേല്‍നോട്ടത്തിലും ഏകീകരണത്തിലും നടക്കുന്നു. കേരളത്തിലെ പഴവര്‍ഗ്ഗങ്ങളുടെ ഉത്പാദനമേഖലയില്‍ കുറ്റിക്കാടിന് നിര്‍ണ്ണായകമായ ഒരു സ്ഥാനം സ്വന്തമാക്കാന്‍ കഴിഞ്ഞത് ജീവന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിലൂടെയാണ്.
ഓരോ കാലത്തിനും വിപണനത്തിലെ സാധ്യതകള്‍ക്കും അനുസരിച്ചുള്ള കൃഷികള്‍ ഇറക്കുന്നതിന് ആവശ്യമായ ബോധവത്ക്കരണം നടത്തുകയും അതിന് വേണ്ട വിത്തിനങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം ചില സമയത്ത് അത്യാവശ്യമായ ചെറിയ സാമ്പത്തിക സഹായങ്ങള്‍ ഒരുക്കുന്നതിനും സംഘം പരിശ്രമിക്കുന്നുണ്ട്.
ഏകദേശം 50 ഏക്കറോളം സ്ഥലത്ത് സൊസൈറ്റിയിലെ അംഗങ്ങള്‍ മാത്രം വിവിധ പച്ചക്കറി പഴവര്‍ഗ്ഗങ്ങള്‍ കൃഷിചെയ്യുന്നുണ്ട്. പലപ്പോഴും വേണ്ടവിധത്തില്‍ ഇവിടെ നിന്നുള്ള വിളകള്‍ ശേഖരിക്കാനും വിപണിയിലെത്തിക്കാനും കഴിയുന്നില്ല എന്ന വേദന കൃഷിക്കാര്‍ക്കുണ്ട്. ഒരു സീസണില്‍ വെള്ളരി അമിതമായി ഉത്പാദിപ്പിക്കപ്പെട്ടതിനാല്‍ വേണ്ടരീതിയില്‍ അത് വിറ്റഴിക്കാന്‍ കഴിയാതെ പോയി. അതിനാല്‍ വിപണി എന്ന പേരില്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒരു പച്ചക്കറി ചന്തക്കും രൂപം നല്‍കിയിട്ടുണ്ട്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന രീതിയില്‍ വില്‍ക്കുവാനും വാങ്ങുവാനുമുള്ള ക്രമീകരണമാണ് ഇത്.