ഇന്ന് കുട്ടികളെ അധ്യാപകർ ശിക്ഷിച്ചു എന്നറിഞ്ഞാൽ ആദ്യം പ്രശ്നവുമായി ഓടിയെത്തുന്നത് കുട്ടികളുടെ രക്ഷകർത്താക്കളാകും.
മറ്റു കുട്ടികളുടെ മുന്നിൽ അപമാനിച്ചു എന്ന നിലയിലാകും കുട്ടികളുടെ മനോഭാവവും
എന്നാൽ രണ്ടോ മൂന്നോ പതിറ്റാണ്ട് മുമ്പ് ഇതായിരുന്നില്ല സ്ഥിതി, അധ്യാപകൻ കുട്ടിയെ ശിക്ഷിക്കുന്നത് കുട്ടികളിൽ സ്നേഹ ബഹുമാനമാണ് വളർത്തിയിട്ടുള്ളത്. കുട്ടികൾ അത് ബഹുമാനത്തോടെയും ആദരവോടും ശിക്ഷയെ കണ്ടു.
റിട്ടയേഡ് കേണൽ H പദ്മനാഭൻ എഴുതിയൊരു കുറിപ്പ്
സോഷ്യൽ മീഡിയ വഴി പ്രചരിച്ചതും അതായിരിക്കാം കാരണം.
അദേഹമെഴുതിയ ആ കുറിപ്പ് ചുവടെ;
“യാദൃച്ഛികമായാണ് ഗീത ടീച്ചറെ തുണിക്കടയിൽ കണ്ടുമുട്ടിയത്. കുറേ കാലത്തിനു ശേഷമാണ് ഞാൻ ടീച്ചറെ കാണുന്നത്. ടീച്ചർക്ക് എന്നെ ഓർമ്മയുണ്ടായിരിക്കാൻ വഴിയില്ല. വയസ്സ് 80 കഴിഞ്ഞു കാണും.
ചെറിയ ഒരു വളവ്… മുടി നരച്ചെങ്കിലും നീളം ഒട്ടും കുറഞ്ഞിട്ടില്ല. കണ്ണട വെച്ചിട്ടും മുഖശ്രീ ഒട്ടും മങ്ങീട്ടില്ലാ. മിണ്ടാതെ പോയാലോ എന്നാ ആദ്യം കരുതിയെ.
ടീച്ചർ എങ്ങാനും ആ വാച്ച് മോഷണ കഥ ഓർത്തെടുത്താൽ….. ഛേ !! വല്ലാത്ത നാണക്കേടാവും. എന്റെ കൂടെ ഭാര്യയും ഉണ്ട്. അവളെങ്ങാനും എന്റെ പൂർവ്വചരിത്രം അറിഞ്ഞാൽ…. ടീച്ചറെ ഒഴിവാക്കുന്നത് തന്നെ ബുദ്ധി.
എന്നാലും, ഗീത ടീച്ചർ (സ്പ്രിങ്) അന്ന് ആ കാര്യം ആ രീതിയിൽ കൈകാര്യം ചെയ്തത് കൊണ്ടല്ലേ ഞാൻ വലിയ നാണക്കേടിൽ നിന്നും രക്ഷപ്പെട്ടത്? എഴുത്തച്ഛൻ (പാഷാണം) മാഷോ കരുണാകരൻ (ക്രൂരൻ ) മാഷോ ശ്രീദേവി (മൂദേവി ) ടീച്ചറോ മറ്റോ ആയിരുന്നെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യേണ്ടി വന്നേനേ .
ഗീത ടീച്ചറെ ഒഴിവാക്കി പോകാൻ മനസാക്ഷി അനുവദിച്ചില്ല. ഇനി ടീച്ചർ ആ കഥ പറഞ്ഞാലും, പഴയതല്ലേ എന്ന് പറഞ്ഞ് ചിരിച്ചു തള്ളാമല്ലോ. 80 ന് മീതെ വയസ്സുകാണും . അതിനനുസരിച്ചുള്ള ഓർമക്കുറവും കാണും . ഇനി കാണാൻ ഒരു അവസരം കിട്ടീല്ലെങ്കിലോ? ഞാനും ഇന്ന് ഒരു അദ്ധ്യാപകനാണല്ലോ. അതും രാഷ്ട്രപതിയുടെ അവാർഡ് നേടിയ മാതൃകാ അദ്ധ്യാപകൻ.
ധൈര്യം സംഭരിച്ചു ടീച്ചറുടെ അടുത്തേക്ക് നടന്നു.
നമസ്കാരം ടീച്ചർ .
നമസ്കാരം
എന്നെ മനസ്സിലായോ?
ഒന്ന് ശ്രദ്ധിച്ചുനോക്കി.
ഇല്ല. ഞാൻ പഠിപ്പിച്ചിട്ടുണ്ടോ?
ഉവ്വ്. ടീച്ചർ പത്താം ക്ലാസ്സിൽ എന്റെ ക്ലാസ്സ് ടീച്ചർ ആയിരുന്നു. ഹിന്ദി പഠിപ്പിച്ചിട്ടും ഉണ്ട്.
ഓർമ കിട്ടുന്നില്ലാ. എന്താ പേര്?
ബാലൻ. ബാലകൃഷ്ണൻ.
ഓ. എന്ത് ചെയ്യുന്നു?
സ്കൂൾ അദ്ധ്യാപകനാണ്.
നന്നായി. എന്താ ഈ ജോലി തിരഞ്ഞെടുത്തെ?
ടീച്ചറെ പോലെ ആകണം എന്ന മോഹം കൊണ്ടാ.
ഹ ഹ ഹ…. അതെന്താണാവോ എനിക്ക് ഇത്ര പ്രത്യേകത?
ടീച്ചർ, ഒരിക്കൽ ക്ലാസ്സിൽ ഒരു കൃഷ്ണകുമാറിന്റെ വില കൂടിയ വാച്ച് കളവ് പോയ കഥ ഓർക്കുന്നുണ്ടോ?
ഒരു മിനിറ്റ് ആലോചിച്ച ശേഷം ടീച്ചർ പറഞ്ഞു…
ചെറുതായ ഓർമയുണ്ട്. ആ കുട്ടി ഗേൾസ് സ്കൂളിലെ ലീല ടീച്ചറുടെ മോനല്ലേ?
അതേ ടീച്ചർ…
കൃഷ്ണകുമാറിന്റെ അച്ഛൻ ദുബായിൽ നിന്നും കൊണ്ടു കൊടുത്ത വാച്ച് അന്ന് ആദ്യായിട്ടാ അവൻ ക്ലാസ്സിൽ കെട്ടിക്കൊണ്ടു വന്നത്. എല്ലാവർക്കും അവനോട് അസൂയ തോന്നി.
ഉച്ചക്ക് ലഞ്ച് കഴിച്ച് അവൻ കൈ കഴുകാൻ പോകുമ്പോൾ വാച്ച് അഴിച്ച് അവന്റെ അലുമിനിയം പെട്ടിയിൽ വെക്കുന്നത് യാദൃച്ചികമായാണ് ഞാൻ കണ്ടത്. ക്ലാസ്സിൽ അവനു മാത്രേ പെട്ടി ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവരൊക്ക ടിഫിൻ കഴിക്കുന്ന തിരക്കിലാ. എന്റെ അച്ഛൻ ഇത് പോലൊരു വാച്ച് എനിക്ക് ഈ ജന്മത്തിൽ വാങ്ങിത്തരാൻ പോണില്ലാ. ഇത്ര പൈസ അച്ഛന് ഒരു വർഷം മുഴുവനും കൂലിപ്പണി ചെയ്താലും കിട്ടാൻ പോണില്ലാ.
എല്ലാം വളരെ പെട്ടെന്നായിരുന്നു. വാച്ച് എന്റെ കയ്യിൽ. അടിവസ്ത്രത്തിനുള്ളിൽ തിരുകി വെച്ചു. ഹൃദയം വളരെ ശബ്ദത്തോടെയാണ് ഇടിക്കുന്നത്. വിയർക്കുന്നുമുണ്ട്. വേണ്ടായിരുന്നു. ഈ ടെൻഷൻ മരണം വരെ ഉണ്ടാകുമോ? ഹേയ്… അങ്ങനെയൊക്കെ നോക്കിയാൽ നമ്മുടെ ആഗ്രഹങ്ങൾ നടക്കണ്ടേ?
കൃഷ്ണകുമാർ തിരികെ വന്നതും ആദ്യം പെട്ടി തുറന്നു. വാച്ചില്ലാ.
കൃഷ്ണകുമാറിന്റെ കണ്ണ് നിറഞ്ഞൊഴുകി. ഒന്നും മിണ്ടിയില്ലാ പാവം.
സാരല്ല്യാ. അവന്റെ അച്ഛൻ ഇപ്പോഴും ദുബായിലാണല്ലോ. അമ്മ ടീച്ചറും. അടുത്ത പ്രാവശ്യം വീണ്ടും കൊണ്ടുവരാല്ലോ.
എന്റെ അച്ഛൻ കൂലിപ്പണി. അമ്മ ഡോക്ടറുടെ വീട്ടിൽ അടിച്ചുതളി. ഫീസ് കൊടുക്കുന്നത് തന്നെ അവസാന ദിവസമായിരിക്കും.
ഉച്ചക്ക് ഗീത ടീച്ചർ ഹാജർ എടുക്കാൻ വന്നതും കൃഷ്ണകുമാർ കരഞ്ഞുകൊണ്ട് കാര്യം അവതരിപ്പിച്ചു.
ഗീത ടീച്ചർ ചൂടായില്ലാ. ഒച്ച വെച്ചില്ലാ. കൃഷ്ണകുമാറിന്റെ കൈപിടിച്ചു സമാധാനിപ്പിച്ചു.
എഴുന്നേറ്റു നിന്ന് എല്ലാവരോടുമായി പറഞ്ഞു.
കുട്ടികളേ, ഇവന്റെ വാച്ച് ആരോ എടുത്തിട്ടുണ്ട്. അത് ആരായാലും അവന് തിരിച്ചു കൊടുക്കണം. ഈ ശീലം നല്ലതല്ലാ പിള്ളേരേ .
ക്ലാസ്സിൽ മൂകത. ഉച്ചക്ക് ആദ്യത്തെ പിരീഡ് ഗീത ടീച്ചർടെ തന്നെയാണ്. എനിക്ക് വാച്ച് തിരിച്ചേൽപ്പിക്കണമെന്നുണ്ട്. പക്ഷെ എങ്ങനെ? എല്ലാവരും എന്നെ മരണം വരെ *വാച്ചുകള്ളൻ* എന്ന് വിളിക്കില്ലേ?
ടീച്ചർ എല്ലാവരോടും എഴുന്നേറ്റു നിൽക്കാൻ പറഞ്ഞു.
എല്ലാവരോടും കണ്ണടക്കാൻ പറഞ്ഞു.
ഒരു കാരണവശാലും കണ്ണ് തുറക്കരുത് എന്ന് നിർബന്ധമായി പറഞ്ഞു.
ആ വാച്ച് കയ്യിലുള്ള ആൾ അതെടുത്ത് പോക്കറ്റിൽ വെക്കണം. ഞാൻ ഓരോ പോക്കറ്റും പരിശോധിക്കും. ആരുടെ പോക്കറ്റിൽ നിന്നാണ് കിട്ടിയത് എന്ന് ആരും കാണുകയുമില്ലാ ഞാൻ ആരോടും ഒരിക്കലും അത് പറയുകയും ഇല്ലാ.
ഹാവൂ. മനസ്സിന്റെ ഭാരം പൂജ്യം ആയ പോലെ. ഉറക്കെ കരയാൻ തോന്നി. ഗീത ടീച്ചറുടെ കാല് തൊട്ടു മാപ്പു പറയാൻ തോന്നി. കൃഷ്ണകുമാർ എന്തായാലും അറിയരുത്.
എല്ലാം ടീച്ചർ പറഞ്ഞ പോലെ. എല്ലാവരും കണ്ണടച്ചു എന്ന് ഞാൻ ഇടക്കണ്ണിട്ട് ഉറപ്പു വരുത്തി. പെട്ടെന്ന് വാച്ച് എടുത്ത് പോക്കറ്റിൽ ഇട്ടു.
ടീച്ചർ എന്റെ പോക്കറ്റിൽ കയ്യിട്ടപ്പോൾ തല കറങ്ങുന്നപോലെ തോന്നി. ഡെസ്കിൽ പിടിച്ചതു കൊണ്ട് താഴെ വീണില്ലാ. എന്നാലും ടീച്ചർ മാത്രമല്ലേ അറിയൂ. വലിയ ആശ്വാസം തോന്നി. 100 ഗ്രാം തൂക്കമുള്ള വാച്ച് പോക്കറ്റിൽ നിന്ന് പോയപ്പോൾ ശരീരത്തിന് 100 കിലോ ഭാരം കുറഞ്ഞപോലെ.
ഇനി ജീവിതത്തിൽ ഒരിക്കലും ഇപ്പണിക്ക് പോവില്ലാ. ഗീത ടീച്ചറാണേ സത്യം.
എല്ലാവരുടെയും കണ്ണ് അടച്ചു തന്നെ പിടിക്കാൻ ടീച്ചർ ഇടക്കിടയ്ക്ക് ഓർമിപ്പിച്ചോണ്ടിരുന്നു. എനിക്ക് ശേഷവും 10 കുട്ടികൾ ഉണ്ട്. വാച്ച് എന്റെ പോക്കറ്റിൽ നിന്നും കിട്ടിയ ശേഷം ടീച്ചർ കണ്ണ് തുറക്കാൻ പറഞ്ഞാൽ എല്ലാം തുലയും. എല്ലാർക്കും പിടികിട്ടും. ഭാഗ്യം. ടീച്ചർ അവസാനത്തെ കുട്ടിയുടെയും പോക്കറ്റ് പരിശോധിച്ച ശേഷമാണ് തിരിച്ചു പോയത്.
വാച്ച് കിട്ടിയ സന്തോഷവാർത്ത ടീച്ചർ അറിയിച്ചു. എല്ലാവരും കണ്ണ് തുറന്നോളാൻ പറഞ്ഞു. ടീച്ചർ തന്നെ അത് കൃഷ്ണകുമാറിന്റെ കയ്യിൽ കെട്ടി കൊടുത്തു.
കൂട്ടത്തിൽ എല്ലാവർക്കുമായി ഒരു ഉപദേശവും. മറ്റുള്ളവരെ പ്രലോഭിപ്പിക്കുന്ന ഒന്നും നിങ്ങൾ ക്ലാസ്സിൽ കൊണ്ടു വരരുത്.
അടുത്ത ദിവസം കൃഷ്ണകുമാറിന്റെ കയ്യിൽ വാച്ചും ഇല്ലായിരുന്നു…. അവന് മാത്രം ഉണ്ടായിരുന്ന അലുമിനിയം പെട്ടിയും ഇല്ലായിരുന്നു….
പിന്നെ ഗീതടീച്ചറെ കാണുമ്പോഴൊക്കെ എനിക്ക് വല്ലാത്ത ഒരു ചമ്മലായിരുന്നു.
ഇന്നും. ഇപ്പോഴും. ഈ തുണിക്കടയിൽ ടീച്ചറുടെ മുന്നിൽ നിൽക്കുമ്പോഴും അതേ ചമ്മൽ. അതുകൊണ്ടാ ആദ്യം ഒന്ന് മടിച്ചു നിന്നത്.
ടീച്ചറുടെ ഓർമ്മ ഒന്നും കൂടെ ടെസ്റ്റ് ചെയ്ത് നോക്കട്ടെ.
ടീച്ചർ, അന്ന് വാച്ച് മോഷ്ടിച്ച കുട്ടിയെ ടീച്ചർ ഓർക്കുന്നില്ലേ?
അതെങ്ങെനെയാടോ ഞാൻ ഓർക്കണേ…. പോക്കറ്റ് പരിശോധിക്കുമ്പോൾ ഞാനും കണ്ണടച്ചിട്ടാ പരിശോധിച്ചേ. ഹ..ഹ.. ഹ…
ഞാൻ സ്ഥലകാലബോധം മറന്നു. ടീച്ചറെ കെട്ടിപ്പിടിച്ചു. കണ്ണുനീര് എത്ര നിയന്ത്രിച്ചിട്ടും നിൽക്കുന്നില്ലാ. ഇങ്ങനെയും ചിലർ? ദൈവം നേരിട്ട് മുന്നിൽ നിൽക്കുന്ന അനുഭവം.
ടീച്ചറേ …. ഒരു വലിയ കുറ്റം ചെയ്തിട്ടും മോഷ്ട്ടാവിന്റെ മാന്യത ഒട്ടും നഷ്ടപ്പെടുത്താതെ തന്നെ പ്രശ്നം പരിഹരിച്ചില്ലേ? മാത്രമല്ലാ, കൃഷ്ണകുമാറിനും വല്ല്യ ഒരു പാഠമല്ലേ ടീച്ചർ പറഞ്ഞു കൊടുത്തത്? വാച്ച് മാത്രമല്ലാ പെട്ടിയും ഉപേക്ഷിച്ചില്ലേ അവൻ?
ടീച്ചറാണ് എന്റെ ജീവിതത്തിലെ റോൾ മോഡൽ.
ഇന്ന് മുതൽ കൂടുതൽ കൂടുതൽ വലിയ റോൾ മോഡൽ… പെർഫെക്ട് റോൾ മോഡൽ…
കാല് തൊട്ട് വന്ദിച്ചപ്പോൾ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു.
പോകാൻ നേരമെങ്കിലും ആ വാച്ച്കള്ളൻ ഞാനാണ് ടീച്ചർ എന്ന് പറയണമെന്നുണ്ടായിരുന്നു. പറഞ്ഞില്ലാ. ടീച്ചർ വിഷമിക്കും. അത് സംഭവിക്കരുത്.
ഇന്ന് വിദ്യാഭ്യാസവും സൗകര്യങ്ങളും അവസരങ്ങളും ഉപദേശങ്ങളും ഉപദേശികളും ആവശ്യത്തിനധികം ഉള്ള ഈ ലോകത്ത് ഗീത ടീച്ചറെ പോലെയുള്ള റോൾ മോഡലുകൾ വളരെ ദുർലഭം.
ശിക്ഷ ഒരു കുറ്റത്തിനും ശാശ്വത പരിഹാരമല്ലാ. ആയിരുന്നെങ്കിൽ ലോകം എന്നേ നന്നായേനെ. വാക്ക് കൊണ്ടു മാത്രമുള്ള ഉപദേശങ്ങൾ കാതിൽ തട്ടി തെറിച്ചു പോകുന്നതായാണ് കാണാറ്. ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലുന്നില്ലാ.
എന്നാൽ ഗീത ടീച്ചറോ? ഈ ഒരു സംഭവത്തിലൂടെ ഒരു തലമുറയെ നേർവഴിക്ക് നയിച്ചു. നിലനിൽക്കുന്ന രൂപാന്തരണം.
നമുക്കും ഒന്ന് ശ്രമിച്ചുകൂടെ?