ആലപ്പുഴ-ചങ്ങനാശേരി എ.സി റോഡ് മേല്‍പ്പാലം നിര്‍മ്മാണം ചര്‍ച്ച അനിവാര്യം
കുട്ടനാട്: തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രളയക്കെടുതിയില്‍ നിന്നും കുട്ടനാടിനെ രക്ഷിക്കാന്‍ എ.സി കനാല്‍ ഉടന്‍ തുറക്കണമെന്നും തോട്ടപ്പള്ളി സ്പില്‍വേയുടെ വീതി വര്‍ദ്ധിപ്പിക്കുകയും വേമ്പനാട്ട് കായലിന്റെ ആഴം കൂട്ടുകയും ചെയ്യണമെന്ന് ചങ്ങനാശേരി -കുട്ടനാട് താലൂക്കിലെ ജനപ്രതിനിധികളുടെ സംയുക്തയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വേമ്പനാട്ട് കായലിലേക്ക് വെള്ളം ഒഴുകുന്ന പ്രധാന തോടുകളിലെ എക്കല്‍ നീക്കം ചെയ്ത് ആറുകള്‍ ആഴപ്പെടുത്താനുള്ള നടപടിയും അടിയന്തിരമായി കൈക്കൊള്ളണമെന്ന് ചങ്ങനാശേരി അര്‍ക്കാഡിയ ഹോട്ടലില്‍ കൂടിയ സമ്മേളനം ഉദ്ഘാടനം ചെയ്ത സി.എഫ് തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. കുട്ടനാട് താലൂക്ക്, ചങ്ങനാശേരി താലൂക്കിലെയും സംയുക്ത ജനപ്രനിതിനിധികളുടെ സമ്മേളനം കുട്ടനാട്ടില്‍ വീണ്ടും വിളിച്ചു കൂട്ടാനും യോഗത്തില്‍ തീരുമാനിച്ചു. ആലപ്പുഴ ചങ്ങനാശേരി റോഡില്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ജനപ്രതിനിധികളുമായി കൂടിയാലോചന നടത്തണം. ജനങ്ങള്‍ക്ക് പ്രയോജനകരമല്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യറാകണമെന്ന് സി.എഫ് തോമസ് എം.എല്‍.എ പറഞ്ഞു. ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ മുഖ്യമപ്രഭാഷണം നടത്തി. എ.സി കനാല്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ സംസ്ഥാന കണ്‍വീനര്‍ അഡ്വ.പി.പി ജോസഫ് അധ്യക്ഷത വഹിച്ചു. എ.സി കനാല്‍ സംരക്ഷണസമിതി കണ്‍വീനര്‍ ജിജി പേരകശ്ശേരി, ലാലി ഇളപ്പുങ്കല്‍, കോ-ഓര്‍ഡിനേറ്റര്‍ ഔസേപ്പച്ചന്‍ ചെറുകാട്, വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ എം.പി സജീവ്, പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ബിനു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിബിച്ചന്‍ ഒട്ടത്തില്‍, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് അംഗം ദിനേശ് കുമാര്‍, ചങ്ങനാശേരി വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ബിജു കയ്യാലപറമ്പില്‍, സെക്രട്ടറി ടോമിച്ചന്‍ അയ്യരുകുളങ്ങര, ട്രഷറര്‍ കുഞ്ഞുമോന്‍ തൂമ്പുങ്കല്‍, റസിഡന്റ് അസോസിയേഷന്‍ അപ്പക്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ സി.ജെ ജോസഫ്, ജോസ് റ്റി.ആലഞ്ചേരി, വിജി എം.ഫിലിപ്പ് ഒളശ്ശ, വിനു തെക്കേക്കര, കേരള കോണ്‍ഗ്രസ് (എം) ആലപ്പുഴ ജില്ലാ സെക്രട്ടറി സി.റ്റി തോമസ് കാച്ചാംകോടം, ഫാര്‍മേഴ്‌സ് ക്ലബ്ബ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജോസി കുര്യന്‍ പുതുമന, ജോയിച്ചന്‍ പീലിയാനിക്കല്‍, ജൂഡി ജോര്‍ജ്, തെക്കേക്കര, റെജി കൊച്ചുപറമ്പില്‍, ജോസഫ്കുട്ടി തുരുത്തേല്‍, എ.സി വിജയപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.