ഇന്ന് ആശുപത്രികളില്‍ ശസ്ത്രക്രിയയ്ക്ക് ബോധം കെടുത്താന്‍ വ്യാപകമായി ‘ക്ലോറോഫോം’ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ആദ്യമായി ക്ലോറോംഫോം ബോധം കെടുത്താന്‍ വേണ്ടി ഉപയോഗിച്ചതാരാണെന്ന് നിങ്ങള്‍ക്കറിയാമോ?
സ്‌കോട്‌ലന്റില്‍ ജനിച്ച ജയിംസ് സിംപ്‌സണ്‍ എന്നൊരാളാണ് മനുഷ്യരെ ബോധരഹിതരാക്കാന്‍ ക്ലോറോഫോം ഉപകരിക്കുമെന്ന് കണ്ടെത്തിയത്. ഒന്നര നൂറ്റാണ്ടിനു മുമ്പാണീ കണ്ടുപിടുത്തം. അതിനുമുമ്പുവരെ ശസ്ത്രക്രിയ വേദനകൊണ്ടു പിടയുന്ന ഒരനുഭവമായിരുന്നു. ഗര്‍ഭിണികള്‍ ആശുപത്രിയില്‍ പ്രസവവേദനയുടെ ആധിക്യത്താല്‍ ഉറക്കെ കരയുന്ന ശബ്ദം മുറിക്കകത്തും പുറത്തും ഭീകരാവസ്ഥ വളര്‍ത്തിയിരുന്നു.
സിംപ്‌സണ്‍ വൈദ്യശാസ്ത്രത്തിലേക്ക് തിരിയാനിടയായതും ഇതുതന്നെയായിരുന്നു. മെഡിസിന് പഠിക്കുന്ന നാളുകളിലെല്ലാം സിം പ്‌സന്റെ ചിന്ത എങ്ങനെ വേദന കൂടാതെ ശസ്ത്രക്രിയ ചെയ്യാന്‍ കഴിയും എന്നായിരുന്നു. അങ്ങനെയിരിക്കെ മോര്‍ഗണ്‍ എന്നൊരു ഡോക്ടര്‍ ഈതര്‍ വാതകം ഉപയോഗിച്ച് പല്ലു പറിക്കാന്‍ തുടങ്ങി. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ സിംപ്‌സണ്‍ അപ്പോഴേക്കും ഗൈനക്കോളജി ഡോക്ടറായി കഴിഞ്ഞിരുന്നു. ഈതര്‍ മണപ്പിച്ചാല്‍ രോഗികള്‍ക്ക് ഏതാനും മിനിട്ട് സമയത്തേക്ക് മാത്രമാണ് ബോധം നഷ്ടപ്പെടുക. മിക്കവാറും വേദനയുടെ പാരമ്യതയില്‍ രോഗി ഉണരും. പിന്നെ കഠിനമായ നിലവിളി ഉയരുകയായി.
തീര്‍ത്തും യാദൃശ്ചികമായി ഡോ. സിംപ്‌സണ്‍ ലാബിസൂടെ കടന്നുപോകുകയായിരുന്നു. അതിനിടയില്‍ ക്ലോറോഫോം വെറുതെയൊന്ന് മണത്തു നോക്കാന്‍ അദേഹത്തിന് തോന്നി. അപ്പോള്‍ അദ്ദേഹം ബോധക്ഷയത്തിന്റെ വക്കിലെത്തി. പെട്ടെന്ന് പുറത്തേക്ക് ഓടിയതുകൊണ്ട് സിംസ്പണ്‍ മോഹലാസ്യത്തില്‍നിന്ന് രക്ഷ നേടിയെന്നുമാത്രം. അദേഹത്തിന്റെ മനസില്‍ ഒരു ആശയം തെളിഞ്ഞു. സിംപ്‌സണ്‍ കുറച്ച് ക്ലോറോഫോം ഒരു വിധത്തില്‍ സംഘടിപ്പിച്ചു. അന്നത് കിട്ടുവാന്‍ വളരെ ബുദ്ധിമുട്ടുള്ള സമയമാണ്. കുറെ സുഹൃത്തുക്കളെയും കൂട്ടി അദ്ദേഹം വായുസഞ്ചാരമുള്ള നല്ലൊരു മൈതാനത്തേക്കു പോയി. ആദ്യം സിംപ്‌സണ്‍ തന്നെ ക്ലോറോഫോം മണത്തു. പിന്നെ ഓരോ കൂട്ടുകാര്‍ക്കും അതിന്റെ മണം പരിശോധിക്കുവാനുള്ള അവസരം കൊടുത്തു. ആദ്യം സിംപ്‌സണ്‍ ബോധരഹിതനായി നിലത്തുവീണു. പിന്നെ ഓരോരോ കൂട്ടുകാരും. ഏതായാലും ആദ്യം ബോധം തെളിഞ്ഞത് സിംപ്‌സണായിരുന്നു. തന്നോടൊപ്പം തറയില്‍ ബോധരഹിതരായി കിടക്കുന്ന സുഹൃത്തുക്കളെ കണ്ടപ്പോള്‍ സിംപ്‌സണ്‍ ഒരു വലിയ കണ്ടുപിടിത്തം നടത്തിയ സന്തോഷത്തില്‍ തുള്ളിച്ചാടുകയായിരുന്നു. കുറെ സ്ത്രീകളിലും പിന്നീട് ക്ലോറോഫോം വിദ്യ സിംപ്‌സണ്‍ പരീക്ഷിച്ചുനോക്കി. അധികം വൈകാതെ ക്ലോറോഫോമിന്റെ സഹായത്തോടെ ഒരു യുവതി വേദനയില്ലാതെ സിംപ്‌സന്റെ ആശുപത്രിയില്‍ പ്രസവിച്ചു. അങ്ങനെ ആ എളുപ്പവിദ്യ ലോകം മുഴുവന്‍ പടര്‍ന്നു. ക്ലോറോഫോം ഇന്ന് ആശുപത്രികളില്‍ വ്യാപകമായി ഉപയോഗിക്കുന്നതിന് പിന്നിലുള്ള കാര്യം ഇപ്പോള്‍ വ്യക്തമായിക്കാണുമല്ലോ.