Voice of Truth

മണിപ്പൂരിന് ഗ്രീൻ അംബാസഡറായി ഒമ്പതുവയസുകാരി ഇലങ്ബാം വലന്റീന. അഞ്ചാംക്ലാസുകാരിയെ തേടി അപ്രതീക്ഷിത ദൗത്യമെത്തിയത് സോഷ്യൽമീഡിയയിൽ അവളുടെ വീഡിയോ പ്രചരിച്ചതിനെ തുടർന്ന്

മണിപ്പൂരിലെ കാക്ചിങ് ടൗണിൽനിന്നുള്ള ഒമ്പതുവയസുകാരി പെൺകുട്ടി, ഇലങ്ബാം വാലന്റീന ദേവി ഇനിമുതൽ മണിപ്പൂരിന്റെ ഗ്രീൻ അംബാസഡർ! ആഗസ്റ്റ് ഏഴിന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിംഗ് ആണ് ഈ സ്ഥാനത്തേയ്ക്ക് അവളെ നിയമിച്ച് ഉത്തരവിട്ടത്. തൻ നട്ടുവളർത്തിയ രണ്ടു മരങ്ങൾ വെട്ടി നശിപ്പിക്കപ്പെട്ട വേദനയിൽ ഹൃദയം തകർന്ന് കരഞ്ഞ അവളുടെ വീഡിയോ സോഷ്യൽമീഡിയയിൽ തരംഗമായതിന്റെ പിന്നാലെയാണ് ഈ തീരുമാനം.

സോഷ്യൽമീഡിയയിൽ വൈറലായ വീഡിയോ

നാലുവർഷം മുമ്പ് അവൾ ഒന്നാംക്ലാസിൽ പഠിക്കുമ്പോൾ പുഴവക്കത്ത് നട്ടുപിടിപ്പിച്ച രണ്ട് ഗുൽമോഹർ മരങ്ങളാണ്, റോഡിനു വീതികൂട്ടുന്നതിന്റെ ഭാഗമായി അധികൃതർ വെട്ടിനശിപ്പിച്ചത്. തൻ ഏറെ സ്നേഹിച്ച മരങ്ങൾ വെട്ടിവീഴ്ത്തപ്പെട്ടത് അവൾക്ക് സഹിക്കാനായില്ല. അവളുടെ ഹൃദയം തകർന്നുള്ള നിലവിളി അവളുടെ ഒരു അങ്കിൾ മൊബൈൽഫോണിൽ പകർത്തുകയുണ്ടായി.

പരിസ്ഥിതിയോടുള്ള അവളുടെ അളവില്ലാത്ത സ്നേഹമാണ് ആ കണ്ണീരിലൂടെ വെളിവാക്കപ്പെട്ടതും അത് നമ്മളും മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. കരച്ചിൽ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ, രണ്ട് മരങ്ങൾ വെട്ടി നശിപ്പിക്കപ്പെട്ട സ്ഥാനത്ത് ഇരുപത് തൈകൾ നടണം എന്നായിരുന്നു അവളുടെ ആവശ്യം.

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ അവളുടെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒട്ടേറെപ്പേരുടെ മനസിനെ അവളുടെ ദുഃഖം ആഴത്തിൽ സ്പർശിച്ചു. അതിലൊരാളായിരുന്നു മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിംഗ്. ‘തന്റെ കുടുംബത്തിലെ ഒരാൾ മരണപ്പെട്ടതുപോലെയായിരുന്നു അവളുടെ കരച്ചിൽ. മരങ്ങളോടുള്ള അവളുടെ താത്പര്യം കണ്ടപ്പോൾ ഞാൻ നിശ്ചയിച്ചു, നമ്മുടെ ഗ്രീൻമിഷന്റെ ബ്രാൻഡ് അംബാസഡറായി ഇതിലും നല്ലൊരാളെ ലഭിക്കാനില്ല എന്ന്’. മുഖ്യമന്ത്രിയുടെ വാക്കുകളാണിത്.

ഇലങ്ബാമിനെ ഗ്രീൻ അംബാസഡറായി നിയമിച്ചതിനൊപ്പം, അവൾ ആവശ്യപ്പെട്ടതുപോലെ ഇരുപത് മരത്തൈകൾ നൽകുവാൻ മുഖ്യമന്ത്രി വനം വകുപ്പിനോട് ആവശ്യപ്പെട്ടു.

തനിക്ക് സർക്കാർ നൽകിയ വലിയ സ്ഥാനത്തിന് അവൾ നന്ദിപറഞ്ഞതിനൊപ്പം, പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം താൻ എല്ലാവരോടും പറയുമെന്നും അവൾ പറഞ്ഞു. ‘കൂടുതൽപേരും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മുഖ്യമായെടുക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. വലുതാകുമ്പോൾ ഞാനൊരു ഫോറസ്റ്റ് ഓഫീസറാകും. എന്നിട്ട്, ഞാൻ അത്തരക്കാർക്ക് മുന്നിൽ ചെന്ന് ഇക്കാര്യം പറഞ്ഞു മനസിലാക്കിക്കൊടുക്കും’ ഇലങ്ബാം പറഞ്ഞു.

വർഷങ്ങളായി സ്‌കൂളിൽ പോകുന്നതിനു മുമ്പ് എല്ലാദിവസവും കുറെയേറെ ചെടികൾക്കും മരങ്ങൾക്കും അവൾ വെള്ളമൊഴിക്കാറുണ്ടെന്ന് അവളുടെ പിതാവ് പ്രേംകുമാർ പറയുന്നു.

പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രത്യേക പദ്ധതിയാണ് ഗ്രീൻ മിഷൻ. ഒരു സ്വാഭാവിക പ്രതികരണത്തിലൂടെ അനേകരെ ചിന്തിപ്പിക്കാൻ കഴിഞ്ഞ ഇലങ്ബാം വാലന്റീനയ്ക്ക് ഗ്രീൻ അംബാസഡർ എന്ന സ്ഥാനത്ത് തുടർന്നുകൊണ്ട് മണിപ്പൂർ ജനതയിൽ മുഴുവൻ പരിസ്ഥിതിസ്നേഹം വളർത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.

Leave A Reply

Your email address will not be published.