കേരളീയര്‍ സാമാന്യം നിയമസാക്ഷരത ഉള്ളവരാണ്. പോലീസ് എന്നോ കോടതി എന്നോ കേട്ടാല്‍ അങ്ങനെ പേടിയൊന്നുമില്ല. അത്യാവശ്യം വകുപ്പുകളെ പറ്റിയുമൊക്കെ പലര്‍ക്കുമറിയാം. കുടുംബജീവിതത്തില്‍ പ്രത്യേകിച്ച് വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട് ഇന്ന് പൊതുവേ ആളുകള്‍ക്ക് സുപരിചിതമായ വകുപ്പ് ആണ് ഐ പി സി 498 എ. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ വകുപ്പില്‍ സ്ത്രീധനം ആവശ്യപ്പെട്ടോ കൂടുതല്‍ പണം ആവശ്യപ്പെട്ടോ ഭാര്യയോട് ഭര്‍ത്താവോ ഭര്‍ത്താവിന്‍റെ വീട്ടുകാരോ ക്രൂരമായി പെരുമാറുന്നതാണ്ഈ കുറ്റം.
കൂടുതല്‍ ഉപയോഗിക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്ന നിയമംവിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നോ, ഭര്‍ത്താവിന്‍റെ ബന്ധുക്കളില്‍ നിന്നോ ക്രൂരമായ പെരുമാറ്റം അനുഭവപ്പെട്ടാല്‍ ഈ വകുപ്പ് പ്രകാരം കേസെടുക്കാം. കുറ്റക്കാരാണെന്നു തെളിഞ്ഞാല്‍ മൂന്നുവര്‍ഷംവരെ ശിക്ഷ ലഭിക്കും. ജാമ്യമില്ലാത്ത വകുപ്പു കൂടിയാണ് ഇത്. കേസിന് ബലം ഉണ്ടാക്കുന്നതിന് പലപ്പോഴും ഭര്‍ത്താവിന്‍റെ വീട്ടുകാരെ കൂടി പ്രതിപട്ടികയില്‍ ചേര്‍ത്തു കൊണ്ടായിരിക്കും പരാതികള്‍ തയ്യാറാക്കുന്നത്. പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതി ഉണ്ടായതിനാല്‍ ഇടക്കാലത്ത് ജാമ്യമില്ലാത്ത രീതിയിലുള്ള പോലീസ് അറസ്റ്റ് വേണ്ട എന്നു വരെ പല നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നു. അതേസമയം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതികളുടെ പേരില്‍ യഥാര്‍ത്ഥ പ്രതികളും രക്ഷപ്പെട്ടു പോകുന്ന സാഹചര്യം ഉണ്ടാവുന്നതിനാല്‍ നിലവില്‍ ഈ വകുപ്പിന്‍റെ ജാമ്യമില്ലാത്ത അവസ്ഥയില്‍ മാറ്റമില്ല.
എന്താണ് ക്രൂരത
ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കാര്യങ്ങളും, ഭാര്യയുടെ ശരീരത്തിനോ മനസ്സിനോ മുറിവോ അപകടമോ ഉണ്ടാക്കുന്നത് എന്തും ക്രൂരതയുടെ നിര്‍വചനത്തില്‍ വരും. അതോടൊപ്പം തന്നെ ഭാര്യയില്‍ നിന്നോ ഭാര്യയുമായി ബന്ധപ്പെട്ടവരില്‍ നിന്നോ അന്യായമായി സ്വത്ത് ആവശ്യപ്പെടുകയോ, മറ്റെന്തെങ്കിലും വിലപിടിപ്പുള്ള വസ്തുക്കള്‍ ആവശ്യപ്പെടുകയോ ചെയ്യുന്നതും, അത്തരം ആവശ്യം നിറവേറ്റാത്തതിന്‍റെ പേരില്‍ ബുദ്ധിമുട്ടിക്കുന്നതും ക്രൂരതയുടെ പരിധിയില്‍ വരും, അത്തരത്തില്‍ പെരുമാറുന്നതും കുറ്റകരമാണ്.
എവിടെ കേസ് നല്‍കും ?
സാധാരണയായി ക്രിമിനല്‍ കുറ്റം നടന്നാല്‍ ഏത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുറ്റകൃത്യം നടന്നത് അവിടെയാണ് പരാതി നല്‍കേണ്ടത്. വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവില്‍നിന്നോ ഭര്‍ത്താവിന്‍റെ വീട്ടുകാരില്‍ നിന്നോ സ്ത്രീധനം കൂടുതല്‍ ചോദിച്ചു കൊണ്ട് ശാരീരിക-മാനസിക ഉപദ്രവങ്ങള്‍ ഉണ്ടായാല്‍ നല്‍കാവുന്ന ക്രിമിനല്‍ പരാതിയാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 എ വകുപ്പ്. കുറ്റകൃത്യം നടന്ന ഭര്‍ത്താവിന്‍റെ വീടിന്‍റെ പ്രാദേശിക പരിധിയില്‍ കേസ് നല്‍കണമെന്ന നിലവിലെ സാഹചര്യത്തില്‍ മാറ്റം വന്നു. വ്യത്യസ്ത അഭിപ്രായത്തെ തുടര്‍ന്ന് കഴിഞ്ഞ ഏഴ് വര്‍ഷമായി സുപ്രീംകോടതിയില്‍ നിലവിലിരുന്ന റഫറന്‍സ് കേസിലാണ് വിധി വന്നത്.ഉപദ്രവത്തിനു ശേഷം സ്ത്രീ അഭയംതേടി താമസമാക്കിയ സ്ഥലം ഏതാണൊ, ആ സ്ഥലത്തിന്‍റെ അധികാര പരിധിയിലും കേസ് നല്‍കാം. നിലവില്‍ താമസിക്കുന്ന സ്ഥലത്ത് വച്ച് കുറ്റകൃത്യങ്ങള്‍ ഒന്നും നടന്നിട്ടില്ല എന്നതിന്‍റെ പേരില്‍ ആ പ്രദേശത്ത് കേസ് നല്‍കാനാവില്ല എന്ന് വാദത്തിനാണ് മാറ്റം വന്നത്. ചുരുക്കത്തില്‍ കുറ്റകൃത്യം നടന്നു എന്നുപറയുന്ന ഭര്‍ത്താവിന്‍റെ പ്രദേശത്തുള്ള പോലീസ് സ്റ്റേഷനിലോ, പീഡനത്തിനുശേഷം സ്ത്രീ അഭയം തേടിയിരിക്കുന്ന പ്രദേശത്തെ പോലീസ് സ്റ്റേഷനിലോ പരാതി നല്‍കാം. പോലീസ് കേസ് എടുത്തില്ലെങ്കില്‍ നേരിട്ട് മജിസ്ട്രേറ്റ് കോടതി വഴിയും പരാതി നല്‍കാം.
കേസെടുത്താല്‍ എന്ത് ചെയ്യണം ?
ജാമ്യമില്ലാത്ത വകുപ്പ് ആയതിനാല്‍ അറസ്റ്റ് ഉണ്ടായാല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം ലഭിക്കില്ല. സെഷന്‍സ്കോടതിയില്‍ നിന്നോ, മേല്‍ കോടതികളില്‍ നിന്നോ മുന്‍കൂര്‍ ജാമ്യം നേടിയതിനുശേഷം വേണം പോലീസില്‍ ഹാജരാകാന്‍. മുന്‍കൂര്‍ ജാമ്യം ഇല്ലെങ്കില്‍ പോലീസ് പ്രതികളെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കേസിന്‍റെ സ്വഭാവമനുസരിച്ച് കോടതി റിമാന്‍ഡ് ചെയ്യുകയോ ജാമ്യത്തില്‍ വിടുകയോ ആകാം. പിന്നീട് കേസ് അന്വേഷണത്തിന് ശേഷം പോലീസ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്ന മുറയ്ക്ക് അത് കോടതി ഫയലില്‍ സ്വീകരിച്ചാല്‍ പ്രതികള്‍ക്ക് കോടതിയില്‍ നിന്ന്സമന്‍സ് വരും. പിന്നീട് കേസിന്‍റെ വിചാരണ ആരംഭിക്കും. വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണം തിരികെ കിട്ടാനും, സ്വന്തമായി ആവശ്യത്തിന് വരുമാനമില്ലാത്ത ഭാര്യയാണെങ്കില്‍ ചെലവിന് കിട്ടാനും മറ്റും അനുബന്ധ കേസുകളും കുടുംബ കോടതികളിലും ഉണ്ടായേക്കാം.
അഡ്വ ഷെറി ജെ തോമസ് sherryjthomas@gmail.com