ജനീവ: രോഗനിര്‍ണയത്തിലെ സാങ്കേതിക മികവ് കാരണം കഴിഞ്ഞവര്‍ഷം കൂടുതല്‍ ആളുകള്‍ക്ക് ക്ഷയരോഗത്തിന് ചികിത്സ ലഭിച്ചെങ്കിലും മുപ്പതുലക്ഷത്തോളം രോഗികള്‍ക്ക് ഇപ്പോഴും വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഫണ്ട് ലഭ്യതയിലുള്ള കുറവും പരിചരണത്തിനുള്ള വിഭവശേഷി ലഭ്യതക്കുറവുമാണ് ഇതിന് കാരണം.
ബംഗ്ലാദേശ്, ചൈന, ഇന്ത്യ, ഇന്‍ഡോനീഷ്യ, നൈജീരിയ, പാക്കിസ്ഥാന്‍, ഫിലിപ്പിന്‍സ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ക്ഷയരോഗഭീഷണി നേരിടുന്നവയില്‍ മുമ്പില്‍നില്‍ക്കുന്ന രാജ്യങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2017-ല്‍ 64 ലക്ഷംപേര്‍ ചികിത്സ തേടിയപ്പോള്‍ 2018-ല്‍ 70 ലക്ഷം പേര്‍ ചികിത്സ തേടിയതായാണ് കണക്കുകള്‍ കാണിക്കുന്നത്. അതേസമയം ക്ഷയരോഗംമൂലമുണ്ടാകുന്ന മരണനിരക്കില്‍ കുറവ് വന്നിട്ടുണ്ട്. 2017-ല്‍ 16 ലക്ഷം പേര്‍ മരണമടഞ്ഞെങ്കില്‍ 2018-ല്‍ 15 ലക്ഷംപേരായി കുറഞ്ഞു. ക്ഷയരോഗം കൂടുതല്‍ കാണപ്പെട്ട ബ്രസീല്‍, ചൈന, റഷ്യ, സിംബാബ്‌വേ എന്നീ രാജ്യങ്ങളില്‍ 80 ശതമാനം പേരിലും രോഗനിര്‍ണയം നടത്തി ചികിത്സ നടത്താന്‍ സാധിച്ചിട്ടുണ്ട്.
”ക്ഷയരോഗ നിര്‍മാര്‍ജനത്തിന്റെ സുസ്ഥിരമായ പുരോഗതിക്ക് ശക്തമായ ആരോഗ്യസംവിധാനങ്ങളും സേവനങ്ങളും ആവശ്യമാണ്. പ്രാഥമിക ആരോഗ്യപരിരക്ഷയിലും മൊത്തം ലോകത്തിന്റെ ആരോഗ്യത്തിനായും കൂടുതല്‍ നിക്ഷേപങ്‌ളും ആവശ്യമാണ്. ക്ഷയരോഗികളെ കൂടുതല്‍ കണ്ടെത്താനുള്ള തീരുമാനം പുതിയ നാഴികക്കല്ലുകള്‍ പിന്നിടുകയാണ്” – ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ അധനോം ഗബ്രിയേസസ് അഭിപ്രായപ്പെട്ടു.