ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ ആറിന് തിരുവനന്തപുരത്ത് തിരിതെളിയും. ഡിസംബര്‍ ആറ് മുതല്‍ 13 വരെയാണ് ചലച്ചിത്ര മേള അരങ്ങേറുന്നത്. ഡിസംബര്‍ ആറിന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പു മന്ത്രി എ കെ ബാലൻ ചടങ്ങിൽ അധ്യക്ഷനാവും.പ്രശസ്ത നടി ശാരദയാണ് ഉദ്ഘാടനച്ചടങ്ങിലെ മുഖ്യാതിഥിയായി എത്തുന്നത്.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം 1000 രൂപയാണ് പൊതുവിഭാഗത്തിനുള്ള ഡെലിഗേറ്റ് ഫീസായി നിശ്ചയിച്ചിട്ടുള്ളത്. നവംബര്‍ 25നു ശേഷം രജിസ്റ്റര്‍ ചെയ്യുന്നവരിൽ നിന്ന് ഡെലിഗേറ്റ് ഫീസായി 1500 രൂപ ഈടാക്കും. വിദ്യാർഥികള്‍ക്ക് ഇത് യഥാക്രമം 500 ഉം 750 ഉം ആയിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
നവംബര്‍ എട്ടിന് ഓഫ് ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം എന്നീവിടങ്ങളിലെ ചലച്ചിത്ര അക്കാദമിയുടെ മേഖലാകേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് ടാഗോര്‍ തീയേറ്ററിലും ഓഫ് ലൈന്‍ രജിസ്ട്രേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓഫ് ലൈന്‍ രജിസ്ട്രേഷനില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍ഗണന നൽകും.
ആകെ 10,000 പാസുകളാണ് വിതരണം ചെയ്യാനായി വിഭാവനം ചെയ്തിട്ടുള്ളത്. അതില്‍ നാല് മേഖലാ കേന്ദ്രങ്ങള്‍ക്കും 250 പാസുകൾ വീതവും തിരുവനന്തപുരത്ത് 500 പാസുകളും ഉള്‍പ്പെടെ ആകെ 1500 പേര്‍ക്ക് ഓഫ് ലൈനായി ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താൻ സാധിക്കും. ബാക്കിയുള്ള 8500 പ്രതിനിധികള്‍ക്ക് ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാനുള്ള അവസരവുമുണ്ട്.
നവംബര്‍ 10ന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ടു ദിവസം വിദ്യാര്‍ഥികള്‍ക്കു മാത്രമേ രജിസ്ട്രേഷനു സാധിക്കുകയുള്ളൂ. പൊതുവിഭാഗത്തിനായുള്ള രജിസ്ട്രേഷന്‍ ആരംഭിക്കുന്നത് 12 മുതലാണ്.