Voice of Truth

വൈദ്യശാസ്ത്രത്തിനുള്ള ഈ വർഷത്തെ നോബൽ സമ്മാനം കോശങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിർണ്ണായകമായ കണ്ടെത്തലുകൾക്ക്

ഇത്തവണത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പ്രൈസ് മൂന്ന് ശാസ്ത്രജ്ഞർ പങ്കിടുന്നു.
പ്രൊഫ. വില്യം ജി കയേലിൻ ജൂനിയർ, പ്രൊഫ. പീറ്റർ ജെ റാറ്റ്ക്ലിഫ്, പ്രൊഫ. ഗ്രെഗ് എൽ സെമെൻസ എന്നിവർക്കാണ് നോബൽ സമ്മാനം.
കോശങ്ങളുടെ സൂക്ഷ്മ തലങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തലിനാണ് ഈ അംഗീകാരം.
ഈ മൂന്നു ശാസ്ത്രജ്ഞർ ചേർന്ന് നടത്തിയ നിർണ്ണായകമായ കണ്ടെത്തലുകൾ ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളുടെ ചികിത്സകളിൽ വിപ്ലവകരമായ മാറ്റം വരുത്തും.

ഓക്സിജൻ ലഭ്യത തിരിച്ചറിയുന്നതും, ഓക്സിജന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് കോശങ്ങളിൽ നടക്കുന്ന സൂക്ഷ്മമായ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ പ്രൊഫ. വില്യം ജി കയേലിൻ ജൂനിയർ, പ്രൊഫ. പീറ്റർ ജെ റാറ്റ്ക്ലിഫ്, പ്രൊഫ. ഗ്രെഗ് എൽ സെമെൻസ എന്നീ മൂന്ന് ശാസ്ത്രജ്ഞർ സംയുക്തമായി ഇത്തവണത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഏറ്റുവാങ്ങുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം നോബൽ അസംബ്ലി സ്റ്റോക്ഹോമിലെ കരോലിൻസ്ക തിങ്കളാഴ്ച നടത്തി.

നോബൽ അസംബ്ലിയിൽ നൽകപ്പെട്ട വിശദീകരണം അനുസരിച്ച്, ‘ഓക്സിജന്റെ ലഭ്യതയ്ക്ക് അനുസൃതമായി കോശങ്ങളിലെ ജീനുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തന്മാത്രാ തലത്തിലുള്ള പ്രവർത്തന സംവിധാനത്തെ ഈ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു.’ എന്നുള്ളതാണ് നോബൽ സമ്മാനത്തിന് അവരെ അർഹരാക്കിയത്. ഓക്സിജന്റെ ലഭ്യത കോശത്തിന്റെ പ്രവർത്തനങ്ങൾക്ക് എത്രമാത്രം പ്രധാനമാണ് എന്ന ശാസ്ത്രീയമായ തിരിച്ചറിവുകൾ സംബന്ധിച്ച് ഈ സംഘത്തിന്റെ കണ്ടെത്തലുകൾ നിർണ്ണായകമാണ്.

ഭക്ഷണത്തെ കോശങ്ങളിൽ വച്ച് ഊർജ്ജമാക്കി മാറ്റുന്നതിൽ ഓക്സിജനുള്ള പങ്കിനെക്കുറിച്ച് ശാസ്ത്രം മുമ്പേതന്നെ മനസിലാക്കിയിരുന്നെങ്കിലും, ഓക്സിജന്റെ ലഭ്യതയിലെ വ്യത്യാസങ്ങളെ കോശങ്ങൾ എപ്രകാരമാണ് ഉൾക്കൊള്ളുന്നതെന്ന വിവരം അജ്ഞാതമായിരുന്നുവെന്ന് അസംബ്ലി വിവരിച്ചു. ഈ മൂന്നംഗ ശാസ്ത്രജ്ഞർ അത്തരം പ്രവർത്തനങ്ങളുടെ വിഷാദശാംശങ്ങൾ കണ്ടെത്തുകയും, അതിന് സഹായിക്കുന്ന ഘടകങ്ങളെ തിരിച്ചറിയുകയും ചെയ്തു.

കോശ സംബന്ധമായ പ്രവർത്തനങ്ങളുടെ സൂക്ഷ്മ തലങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തൽ. കോശങ്ങളിൽ നടക്കുന്ന ഉപാപചയ പ്രക്രിയയുടെയും, പ്രതിരോധ സംവിധാനങ്ങളുടെയും മറ്റും വിഷാദശാംശങ്ങൾ ഈ ഗവേഷകരിലൂടെ ശാസ്ത്രലോകത്തിന് വെളിപ്പെട്ടുകിട്ടി. ആധുനിക ചികിത്സാ സമ്പ്രദായങ്ങളിൽ വിപ്ലവം സൃഷ്ടിക്കാൻ സാധ്യതയുള്ള ഒരു കണ്ടെത്തൽകൂടിയാണ് ഇത്.

ക്യാൻസർ, അനീമിയ തുടങ്ങി, കോശങ്ങളിൽ ആരംഭിക്കുന്ന ഒട്ടേറെ രോഗങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട പ്രതിവിധി കണ്ടെത്തുവാൻ ഈ തിരിച്ചറിവുകൾ ആധുനിക വൈദ്യശാസ്ത്രത്തെ സഹായിക്കും.

പ്രൊഫ. കയേൽ അമേരിക്കൻ വൈദ്യശാസ്ത്ര ഗവേഷകനും അധ്യാപകനുമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ദാനാ ഫാബർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു റിസർച്ച് ലാബ് ഉണ്ട്. 2002 മുതൽ ഹാവാർഡ് മെഡിക്കൽസ്‌കൂളിൽ അദ്ദേഹം പ്രൊഫസറാണ്. കൂടാതെ മെരിലാൻഡ് ഹൊവാഡ് ഹ്യുഗസ് മെഡിക്കൽ ഇൻസ്റ്റിട്യൂട്ടിൽ 1998 മുതൽ നിരീക്ഷകനാണ്.

പ്രൊഫ. റാറ്റ്ക്ലിഫ് ലണ്ടനിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കൽ റിസർച്ച് വിഭാഗം തലവനും, ഓക്സ്ഫോർഡിലെ ടാർജറ്റ് ഡിസ്കവറി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും, ലുഡ്‌വിഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്യാൻസർ റിസർച്ച് മെമ്പറുമാണ്.

പ്രൊഫ. സെമെൻസ 1999 മുതൽ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറും, 2003 മുതൽ, ജോൺസ് ഹോപ്കിൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെൽ എൻജിനീയറിംഗിൽ വാസ്കുലാർ റിസർച്ച് പ്രോഗ്രാം ഡയറക്ടറുമാണ്.

Leave A Reply

Your email address will not be published.