Voice of Truth

രാത്രി യാത്രയ്ക്കിടയിൽ അമ്മയുടെ കയ്യിൽനിന്നും റോഡില്‍ വീണ പിഞ്ചുകുഞ്ഞ് രക്ഷപെട്ടത് അദ്ഭുതകരമായി. വീഡിയോ കാണാം

മൂന്നാര്‍: കമ്പിളികണ്ടം സ്വദേശികളായ സതീഷ്, സത്യഭാമ എന്നിവര്‍ ഞായറാഴ്ച രാവിലെ പഴനിയില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുകയായിരുന്നു.  രാജമല അഞ്ചാം മൈലില്‍ വളവു തിരിയുന്നതിനിടയില്‍ ജീപ്പിന്റെ പിന്നിലിരുന്ന മാതാവിന്റെ മടിയില്‍ ഉറങ്ങുകയായിരുന്ന ഒരുവയസുള്ള കുട്ടി കൈയ്യില്‍ നിന്നു തെറിച്ച് റോഡിലേക്ക് വീണു. ഡ്രൈവര്‍ ഒഴികെ യാത്രക്കാരെല്ലാം ഉറക്കമായിരുന്നതിനാല്‍ കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ടു പോയി. അമ്പതു കിലോമീറ്റര്‍ യാത്ര ചെയ്ത് വീട്ടിലെത്തിയ ശേഷമാണ് കുട്ടിയെ നഷ്ടപ്പെട്ട വിവരം ജീപ്പിലുള്ളവര്‍ അറിയുന്നത്. അപ്പോഴേക്കും കുഞ്ഞ് എവിടെയാണെന്നറിയാതെ അന്വേഷണമായി. കൂട്ടക്കരച്ചിലായി.

 ഈസമയം റോഡില്‍വീണ കുഞ്ഞ്, വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് പരിക്കേറ്റിട്ടും മുട്ടിലിഴഞ്ഞ് റോഡ് ക്രോസ് ചെയ്തു. രാത്രി കാവല്‍ ഡ്യൂട്ടിയലേര്‍പ്പെട്ടിരുന്ന വനം വകുപ്പ് ജീവനക്കാര്‍ സി.സി കാമറയില്‍ എന്തോ ഒന്ന് റോഡില്‍ ഇഴഞ്ഞു നീങ്ങുന്നത് കണ്ടതോടെ ഓടിപ്പുറത്തേക്കിറങ്ങി വരുകയായിരുന്നു. അതൊരു പി്ഞ്ചുകുഞ്ഞാണെന്നറിഞ്ഞതോടെ അവര്‍ അറിയാതെ തേങ്ങിപ്പോയി.

വഴിയിൽ തെറിച്ചുവീണ കുഞ്ഞ് നീന്തി രക്ഷപെടുന്ന സിസിടിവി ദൃശ്യം

തലയ്ക്ക് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിയെ വനം വകുപ്പ് ഓഫീസിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നടത്തി. വനം വകുപ്പ് ജീവനക്കാര്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മിയെ ഉടന്‍തന്നെ വിവരം അറിയിച്ചു. വാര്‍ഡന്റെ നിര്‍ദ്ദേശ പ്രകാരം കുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. മൂന്നാര്‍ പോലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അപ്പോള്‍ തന്നെ അറിയിക്കുകയും ചെയ്തു.

കുഞ്ഞിനെ കാണാതായതോടെ മാതാപിതാക്കള്‍ വിവരം വെള്ളത്തൂവല്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. വെള്ളത്തൂവല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും അധികൃതര്‍ വിവിധ പോലീസ് സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ടപ്പോഴാണ് മൂന്നാറിലെ പോലീസ് സ്‌റ്റേഷന്‍ അധികൃതര്‍ കുട്ടിയെ ലഭിച്ച വിവരം അറിയിച്ചത്.
കമ്പിളികണ്ടത്തു നിന്നും യാത്ര പുറപ്പെട്ട് മൂന്നു മണിയോടെ മൂന്നാറിലെത്തിയ  മാതാപിതാക്കള്‍ക്ക് അധികൃതര്‍ കുഞ്ഞിനെ കൈമാറി.

അമ്മു എന്നു വിളിപ്പേരുമുള്ള രോഹിതയെ മാതാപിതാക്കള്‍ക്ക് കൈമാറുന്നതു വരെ ആശുപത്രി അധികൃതര്‍ക്കൊപ്പം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി, മൂന്നാര്‍ എസ്.ഐ. സന്തോഷ്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ ജോണ്‍ എസ് എഡ്വിന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു..

Leave A Reply

Your email address will not be published.