Voice of Truth

ഹ്യൂണ്ടായ് വെന്യു മേയ് ഇരുപത്തൊന്നിന് ഇന്ത്യന്‍ നിരത്തുകളില്‍

വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹ്യൂണ്ടായ് വെന്യു മെയില്‍ പുറത്തിറങ്ങുകയാണ്. മേയ് രണ്ടു മുതല്‍ ബുക്കിങ്ങ് ആരംഭിക്കുന്നു. ഇന്ന്, മഹീന്ദ്രയും, മാരുതിയും, ടാറ്റയും കയ്യടക്കിയിരിക്കുന്ന മിനി എസ് യു വി വാഹന നിരയിലേയ്ക്കാണ് വെന്യുവിന്റെ പ്രവേശനം എന്നതിനാല്‍ കടുത്ത മത്സരം വിപണിയില്‍ പ്രതീക്ഷിക്കാം. നിലവില്‍ ഇന്ത്യന്‍നിരത്തിലുള്ള വാഹനങ്ങളില്‍ ആദ്യം രംഗപ്രവേശം ചെയ്ത മാരുതി സുസുകി വിറ്റാര ബ്രെസ്സയും, പിന്നീട് വന്ന ടാറ്റ നെക്സണും, ഒടുവിലെത്തിയ മഹീന്ദ്ര എക്സ് യു വി 300ഉം മികച്ച സ്വീകരണം ലഭിച്ചവയാണ്. ഒപ്പം, ഫോര്‍ഡ് എക്കോസ്പോര്‍ട്ട്, ഹോണ്ട W-RV തുടങ്ങിയവയും മികച്ച ജനപ്രീതി നേടി രംഗത്തുണ്ട്. എക്സ് യു വി 300 ഒരു ഹരമായി മാറിയ സാഹചര്യത്തിലാണ് ഹ്യൂണ്ടായ് വെന്യു രംഗപ്രവേശം ചെയ്യുന്നത് എന്നതിനാല്‍ ഹ്യൂണ്ടായ് ആരാധകര്‍ക്ക് ആകാംക്ഷ കൂടുമെന്ന് തീര്‍ച്ച.

മിനി എസ് യു വി അഥവാ, Sub-4 Meter Compact SUV സെഗ്മെന്റില്‍ ഹ്യൂണ്ടായ് അവതരിപ്പിക്കുന്ന ആദ്യ വാഹനം എന്ന പ്രത്യേകതയോടെയാണ് വെന്യു എത്തുന്നത്. ഒരു പുതിയ വാഹനം നിറത്തില്‍ അവതരിപ്പിക്കുമ്പോള്‍ ഒരിക്കലും ഉപയോക്താക്കളെ നിരാശരാക്കാത്ത ഹ്യൂണ്ടായ് വെന്യുവിനായി കരുതിവച്ചിരിക്കുന്നതും ഒട്ടേറെ സവിശേഷതകളാണ്. മുന്‍ഗാമികളായ ക്രെറ്റ, ഐ 20 തുടങ്ങിയ വാഹനങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത ഇതിനും ലഭിക്കണമെന്ന നിര്‍ബ്ബന്ധ ബുദ്ധി നിര്‍മ്മാതാക്കള്‍ക്ക് ഉണ്ട് എന്നത് വ്യക്തം. ഡിസൈന്‍, ഫീച്ചേഴ്സ്, ഇന്റീരിയര്‍ തുടങ്ങിയവയ്ക്ക് ക്രെറ്റയും ഐ 20യുമായി സാമ്യമുണ്ട്. ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റവുമായി ബന്ധപ്പെടുത്തിയിട്ടുള്ള മുപ്പത്തിമൂന്നോളം ഫീച്ചേഴ്സ് ആകര്‍ഷകവും ഉപകാരപ്രദവുമാണ്. ഒരു വോഡഫോണ്‍ – ഐഡിയ സിമ്മുമായി ബന്ധിപ്പിച്ചിട്ടുള്ള സിസ്റ്റം ഒട്ടേറെ സൌകര്യങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. അതില്‍ പലതും ഇന്ത്യയിലെ പ്രത്യേകതകള്‍ മനസിലാക്കി ഒരുക്കിയിട്ടുള്ളവയാണ്. ഓട്ടോ ക്രാഷ് നോട്ടിഫിക്കേഷന്‍ ആന്‍ഡ്‌ അസിസ്റ്റന്‍സ്, സ്റ്റോളന്‍ വെഹിക്കിള്‍ ട്രാക്കിംഗ്, റിമോട്ട് ആയി എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യാനും സ്റ്റോപ്പ് ചെയ്യാനും കഴിയുന്നതോടൊപ്പം റിമോട്ട് ക്ലൈമറ്റ് കണ്ട്രോളും, ജിയോഫെന്‍സിങ്ങും മറ്റും ഉദാഹരണങ്ങളാണ്.

ഹ്യൂണ്ടായിയുടെ എന്‍ജിനീയര്‍മാര്‍ തന്നെ വികസിപ്പിച്ചെടുത്ത 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനൊപ്പം, പുതുതായി നിര്‍മ്മിച്ച 1 ലിറ്റർ ടര്‍ബോ ചാര്‍ജ്ഡ്‌ പെട്രോള്‍ എന്‍ജിനും വെന്യുവിന്റെ മറ്റൊരു സവിശേഷതയാണ്. കൂടാതെ ഡീസല്‍ ഉള്‍പ്പെടെ മറ്റു രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍ കൂടി വെന്യു നല്‍കുന്നുണ്ട്. സെഗ്മെന്റിലെ മറ്റു വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നീളത്തിന് തെല്ലും കുറവില്ലെങ്കിലും, ഉയരംകൊണ്ടും വീതികൊണ്ടും അല്‍പ്പം ഒതുങ്ങിയ ഡിസൈന്‍ ആണ് വെന്യുവിന് ഉള്ളത്. എട്ടു ലക്ഷം മുതലാണ്‌ വില ആരംഭിക്കുന്നത്.

Leave A Reply

Your email address will not be published.