സ്പീഡിന്റെ യുഗമാണിത്. എന്തും അതിവേഗം സാധിക്കണം. ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ ഉടന്‍ കിട്ടണം. കുറച്ച് താമസമുണ്ടെന്ന് പറഞ്ഞാല്‍ ഉടന്‍ നാംസ്ഥലം വിടും. ബസില്‍ കയറിയാല്‍ പത്തുമിനിട്ട് വൈകുമെന്നറിഞ്ഞാല്‍ ഉടന്‍ അടുത്ത ബസിലേറും, കാത്തിരിക്കാന്‍ മനുഷ്യന് മടിയുള്ള കാലത്താണ് സൈക്കിളിലേറി ഒരുയുവാവ് കേരളത്തില്‍ നിന്നും റഷ്യയിലേക്ക് പോയത്. ഇതു സൈക്കിള്‍ യാത്രക്കൊപ്പം ലളിത ജീവിതത്തിലേക്ക് മടങ്ങാനും ആളുകള്‍ക്ക് പ്രചോദനമേകുന്നു.
ആലപ്പുഴക്കാരന്‍ ക്ലിഫിന്‍ ഫ്രാന്‍സിസാണ് റഷ്യയിലേക്ക് സൈക്കിള്‍ ചവിട്ടി പോയത്. സൈക്ലിങും ഫുട്‌ബോളും ഒരു പോലെ വികാരമായി കൊണ്ട് നടക്കുന്നയാളാണ് കണക്ക് അധ്യാപകനായ ക്ലിഫിന്‍. 2016 ഓഗസ്റ്റില്‍ മൊട്ടിട്ട മോഹമാണ് സൈക്കിളില്‍ യൂറോപ്പിലേക്കുള്ള യാത്ര. രാത്രിയിലടക്കം ട്യൂഷനെടുത്താണ് ക്ലിഫിന്‍ തന്റെ യാത്രക്കുള്ള പണം സമ്പാദിച്ചത്. സൈക്ലിങിനോടും ഫുട്‌ബോളിനോടുമുള്ള ഇഷ്ടം പിന്നെ ചെലവ് ചുരുക്കലും അതാണ് സൈക്കിള്‍ തിരഞ്ഞെടുക്കാന്‍ കാരണം.
യാത്രയെക്കുറിച്ച് കൂട്ടുകാരോട് സൂചിപ്പിച്ചിരുന്നെങ്കിലും ആരും അതൊന്നും നടക്കുന്ന കാര്യമായി കണ്ടില്ല.
ദുബൈയിലേക്ക് വിമാനത്തില്‍ പോയി. അവിടെ നിന്ന് കടത്ത് മാര്‍ഗം ഇറാനിലേക്ക്. അവിടെ നിന്നും സൈക്കിള്‍ മാര്‍ഗം അസര്‍ബൈജാനും ജോര്‍ജിയയും കടന്ന് റഷ്യയിലേക്ക് ഇതായിരുന്നു പ്ലാന്‍. എന്നാല്‍ ജോര്‍ജിയ വഴി പോകാന്‍ കഴിയാതിരുന്നതിനാല്‍ അസര്‍ബൈജാനില്‍ നിന്നും നേരിട്ട് റഷ്യയിലേക്ക് പോയി.
അര്‍ജന്റീനക്കായി സ്‌റ്റേഡിയത്തില്‍ ആര്‍പ്പ് വിളിക്കണം, മെസ്സിയെ കണ്ട് സൈക്കിളില്‍ ഒപ്പു വാങ്ങണം’ ക്ലിഫിന്‍ ‘ബിബിസി’ യോട് പറഞ്ഞു. യാത്രക്കിടയില്‍ ഇറാനികളില്‍ നിന്നുണ്ടായ അനുഭവം ഏറെ ഹൃദ്യമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. താമസത്തിനായി ഇറാനില്‍ 10 ഡോളര്‍ മാത്രമാണ് ചെലവഴിച്ചത്.
ബാക്കി ദിവസങ്ങളിലെല്ലാം ഇറാനികളുടെ വീട്ടില്‍ കഴിഞ്ഞു. അവരുടെ രുചിയും സ്‌നേഹവുമെല്ലാം വേറിട്ട അനുഭവമാണ്. ഇറാനെ കുറിച്ച് ഏറെ തെറ്റിധാരണയുണ്ടായിരുന്നു അതെല്ലാം യാത്രയോടെ മാറിയതായും അദ്ദേഹം പറയുന്നു.