Voice of Truth

സച്ചിന്‍ തെണ്ടുല്‍ക്കറിന് കായിക ഓസ്‌കറായ ലോറസ് പുരസ്‌കാരം

ബെര്‍ലിന്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന് ലോറസ് പുരസ്‌കാരം. 20 വര്‍ഷത്തിനിടയിലെ മികച്ച കായിക നിമിഷത്തിനുള്ള പുരസ്‌കാരമാണു സച്ചിനെ തേടിയെത്തിയത്. കായികരംഗത്തെ ഓസ്‌കര്‍ എന്നാണ് ഈ പുരസ്‌കാരം അറിയപ്പെടുന്നത്. 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെവിജയനിമിഷമാണ് ലോറസ്പുരസ്‌കാരത്തിന് അര്‍ഹമായത്.
കലാശപ്പോരില്‍ ശ്രീലങ്കയെ തകര്‍ത്ത് കിരീടം ചൂടിയതിനുപിന്നാലെ സച്ചിനെ തോളിലേന്തി സഹതാരങ്ങള്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ ആരാധകരെ അഭിവാദ്യം ചെയ്തു നീങ്ങിയിരുന്നു. ഈ നിമിഷമാണ് വോട്ടെടുപ്പില്‍ മുന്നിലെത്തിയത്. ലോറസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യാക്കാരനായി സച്ചിന്‍.
മികച്ച പുരുഷ കായികതാരത്തിനുള്ള പുരസ്‌കാരം ഫുട്ബോള്‍ താരം അര്‍ജന്റീനയുടെ ലയണല്‍ മെസിയും ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട മത്സരത്തിലെ ലോകചാമ്പ്യന്‍ ബ്രിട്ടന്റെ ലൂയിസ് ഹാമിന്‍ട്ടണും പങ്കിട്ടു. തുല്യ വോട്ട് ലഭിച്ചതോടെയാണ് മെസ്സിയും ഹാമില്‍ട്ടനും അവാര്‍ഡ് പങ്കുവച്ചത്. അവാര്‍ഡിന്റെ 20 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ലോറസ് അവാര്‍ഡ് രണ്ടു പേര്‍ക്കായി നല്‍കുന്നത്. അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സാണു മികച്ച വനിതാതാരം. 2019-ലെ മികച്ച ടീമായി സ്പാനിഷ് ബാസ്‌കറ്റ് ബോള്‍ ടീമും മികച്ച ‘ആക്്ഷന്‍ കായികതാര’മായി സ്നോബോര്‍ഡിങ് താരം ഷോലെ കിമ്മും അര്‍ഹമായി.

Leave A Reply

Your email address will not be published.