കുട്ടികളുടെ ഉപരിപഠനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മാതാപിതാക്കള്‍ക്കാണിന്ന് വേവലാതി. ഏത് കോഴ്‌സ് തിരഞ്ഞെടുക്കും? ഏത് തൊഴിലാണ് അനുയോജ്യം? ഇങ്ങനെ നീളുന്നു മാതാപിതാക്കളുടെ ഉല്‍ക്കണ്ഠ. കുട്ടിയുടെ താല്‍പര്യവും അഭിരുചിയുമനുസരിച്ചുള്ള കോഴ്‌സുകളിലേക്ക് അവരെ നയിച്ചാലും ഉചിതമായ ഒരു തൊഴില്‍ ലഭ്യമാകുമോ എന്ന് വ്യാകുലപ്പെടുന്നവരും ധാരാളം.
ചരിത്രവിഷയങ്ങളില്‍ താല്‍പര്യവും കഴിവുമുള്ള കുട്ടിയെ സയന്‍സ് ഗ്രൂപ്പിലേക്ക് നിര്‍ബന്ധിക്കുകയും പിന്നീട് നഴ്‌സിംഗിന് അയക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ അവരുടെ കരിയര്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെടുന്നു. ഇഷ്ടമില്ലാത്ത വിഷയം പഠിക്കാന്‍ പാടുപെടുന്ന വി ദ്യാര്‍ത്ഥി, പിന്നീട് ആ കോഴ്‌സിനോടും മാതാപിതാക്കളോടും വെറുപ്പോടെയാകാം പഠനം തുടരുന്നത്. ചിലരാകട്ടെ, താങ്ങാനാകാത്ത മാനസികപിരിമുറുക്കം മൂലം ജീവിതം അവസാനിപ്പിക്കുകയും ചെയ്യുന്നു. എല്ലാം തൊഴില്‍ തിരഞ്ഞെടുപ്പിലെ അജ്ഞതമൂലമാണെന്ന് സാരം.
ചിലപ്പോള്‍ ഉദ്ദേശിക്കുന്ന കോഴ്‌സോ ആഗ്രഹിക്കുന്ന സ്ഥാപനമോ ഉപരിപഠനത്തിന് ലഭിക്കണമെന്നില്ല. അങ്ങനെയെങ്കില്‍ മറ്റ് തൊഴില്‍ സാധ്യതകളെക്കുറിച്ചും മനസിലാക്കണം. ഒപ്പം നാട്ടിലും വിദേശത്തുമുള്ള കോഴ്‌സുകളെക്കുറിച്ചും വിവിധ തൊഴില്‍ അവസരങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കുകയും വേണം.
ഉപരിപഠനത്തിന് അതിരുകളില്ല
ഉപരിപഠന വിദ്യാഭ്യാസത്തിന് ഇന്ന് അതിര്‍വരമ്പുകളില്ലെന്ന് നമുക്കറിയാം. ‘ഗ്ലോബല്‍ വില്ലേജ്’ എന്നപോലെ വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും സാധ്യതകള്‍ ലോകത്തെല്ലായിടത്തുമായി ചിതറിക്കിടക്കുന്നു. എന്നാല്‍ പത്തോ പതിനഞ്ചോ കൊല്ലംമുമ്പ് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് തൊഴിലിനെക്കുറിച്ച് വളരെ ചുരുങ്ങിയ സ്വപ്നങ്ങളേ ഉണ്ടായിരുന്നുള്ളൂ.
തൊഴിലിനെക്കുറിച്ച് ചോദിച്ചാല്‍ അന്ന് പെണ്‍കുട്ടികള്‍ ‘നഴ്‌സ്’ എന്നും ആണ്‍കുട്ടികള്‍ ‘ഡോക്ടര്‍, എഞ്ചിനീയര്‍’ എ ന്നും ഉരുവിട്ടിരുന്ന കാലം. തൊഴിലിനെക്കുറിച്ചുള്ള അജ്ഞതയുടെ കാലഘട്ടമായിരുന്നു അത്. ഇന്ന് കലാപരവും ക്രിയാത്മകവുമായി നൂറുകണക്കിന് തൊഴിലവസരങ്ങളുണ്ട്, നാട്ടിലും വിദേശത്തും.
അനന്തസാധ്യതകളും വിശാലമായ അവസരങ്ങളും വിദ്യാ ര്‍ത്ഥികളെത്തേടിയെത്തിക്കൊണ്ടിരിക്കുന്നു. ‘ഇന്റര്‍നെറ്റ്’ കാട്ടിത്തരുന്നത് പഠനത്തിന്റെയും തൊഴിലിന്റെയും അതിബൃ ഹത്തായ ലോകമാണ്. ബാങ്കുദ്യോഗം, ടീച്ചര്‍, ജേര്‍ണലിസ്റ്റ്, അഡ്വക്കേറ്റ് തുടങ്ങിയ തദ്ദേശീയ തൊഴിലുകള്‍ കൂടാതെയാണിവ. പഠനത്തില്‍ സമര്‍ത്ഥരും ബുദ്ധിപരീക്ഷകളില്‍ സമര്‍ത്ഥരുമായവര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ നല്‍കാന്‍ കമ്പനികള്‍ തന്നെ ഇറങ്ങിവരും. പക്ഷേ, ഇത്തരം പരസ്യങ്ങളിലും പ്രലോഭനങ്ങളിലുംകുടുങ്ങി, ശരിയായ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയാതെ യുവജനങ്ങള്‍ കബളിപ്പിക്കപ്പെടുന്നത് ചിലപ്പോഴെങ്കിലും സാധാരണം.
അതുകൊണ്ട് ഏത് കരിയര്‍ തിരഞ്ഞെടുത്താലും അനേകകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആ വിഷയത്തില്‍ കുട്ടികള്‍ക്ക് എന്തു മാത്രം ഗ്രാഹ്യമുണ്ടെന്നുള്ളത് പ്രധാനം. പഠിക്കേണ്ട കോഴ്‌സിനെക്കുറിച്ചോ അതിന്റെ ജോലി സാധ്യതകളെക്കുറിച്ചോ മനസിലാക്കിയില്ലെങ്കില്‍ പിന്നെങ്ങനെ അവ ഇഷ്ടവിഷയമായി സ്വീകരിക്കും?
ഇഷ്ടമുള്ള വിനോദം നിങ്ങള്‍ക്കൊരു ഉപരി പഠനകോഴ്‌സായി ലഭിച്ചാലുണ്ടാകുന്ന സന്തോഷം എത്ര വലുതായിരിക്കും. അതിന് നിരവധി തൊഴില്‍ സാധ്യതകള്‍ ഉള്ളതാണെങ്കില്‍ പറയുകയും വേണ്ട. മികച്ച അഭിരുചിയുണ്ടായാലും തന്റെ മൂല്യങ്ങളോടു നീതി പുലര്‍ത്താത്ത കരിയര്‍ തിരഞ്ഞെടുത്ത വിദ്യാര്‍ഥി എന്നും മനഃസംഘര്‍ഷത്തില്‍ കഴിയും. അവരുടെ ആത്മീയ മൂല്യങ്ങളെ കൂടി സംതൃപ്തമാക്കുന്ന കരിയര്‍ തിരഞ്ഞെടുപ്പാണ് നടക്കുന്നതെങ്കില്‍ ജീവിതത്തിനു മധുരം കൂടും.
കുട്ടിയുടെ കഴിവ്, താല്‍പര്യം, അഭിരുചി ഇവയെല്ലാം പഠന കോഴ്‌സുകളുടെ തിരഞ്ഞെടുപ്പില്‍ മുഖ്യപങ്ക് വഹിക്കുന്നു. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥിയുടെ വ്യക്തിത്വസവിശേഷതകള്‍ തിരിച്ചറിഞ്ഞാലേ അനുയോജ്യമായ കോഴ്‌സുകള്‍ കണ്ടെത്താനാകൂ. മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ കുട്ടികള്‍ക്ക് ഉത്തമ സഹായികളായി മാറേണ്ടിയിരിക്കുന്നു.
മിക്കവാറും മാതാപിതാക്കളുടെ പാതതന്നെയാകും മക്കള്‍ പിന്തുടരുക. അപ്പന്‍ ഡോക്ടറെങ്കില്‍ മക്കള്‍ വൈദ്യവൃത്തിയാകും സാധാരണ തിരഞ്ഞെടുക്കുക. മാതാപിതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകരെങ്കില്‍ മക്കളും അതിലേക്ക് ആകര്‍ഷിക്കപ്പെടാം. ഇതൊക്കെ നമ്മുടെ ചുറ്റുപാടുകളില്‍ കാണുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നുവെന്നും നമുക്കറിയാം. ബാല്യം മുതലേ, മാതാപിതാക്കളുടെ പ്രൊഫഷനെക്കുറിച്ചുള്ള അറിവ് കുട്ടിക്ക് ലഭിക്കുന്നതാണിതിനൊരു കാരണം.
തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടം
ജീവിതം ഏത് ദിശയില്‍ ഒഴുകണമെന്ന ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടങ്ങളിലൊന്നാണ് പത്താം ക്ലാസ് കഴിയുന്ന ഘട്ടം. അത്തരമൊരു ഘട്ടത്തില്‍ ഏറ്റവും ശരിയായ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തരായിരിക്കില്ല ഭൂരിപക്ഷവും. ചുറ്റുവട്ടങ്ങളില്‍ നിന്നുള്ള ഒട്ടും ആധികാരികതയും ശാസ്ത്രീയതയും ഇല്ലാത്ത കേട്ടുകേള്‍വികളും പ്രലോഭനങ്ങളുമാണ് അവരുടെ താത്പര്യം രൂപപ്പെടുത്തുന്നത്. കുട്ടിയുടെ താത്കാലിക താത്പര്യങ്ങളേക്കാളേറെ അവന്റെ അഭിരുചികള്‍, ശേഷികള്‍, മൂല്യങ്ങള്‍, സാധ്യതകള്‍ എന്നിവക്ക് യോജിക്കുന്ന ഉപരിപഠനം, കുട്ടിയുടെ താത്പര്യങ്ങള്‍ മാനിച്ചുകൊണ്ട്, രക്ഷിതാക്കളും അധ്യാപകരും നിര്‍ദേശിച്ചു കൊടുക്കേണ്ടിയിരിക്കുന്നു. ഇനി അതിന് കഴിയില്ലെങ്കില്‍ വിദഗ്‌ധോപദേശം സംഘടിപ്പിച്ചു കൊടുക്കാനെങ്കിലും കഴിയണം.
തൊഴിലിനോട് താല്‍പര്യമുണ്ടാകണമെങ്കില്‍ ആദ്യം അതെക്കുറിച്ച് അറിവുണ്ടാകണമെന്ന് പറയാറില്ലേ? ഇഷ്ടപ്പെടാത്ത കോഴ്‌സ് പഠിച്ച്, താല്‍പര്യമില്ലാത്ത ജോലി ചെയ്യുന്നവരെ നിങ്ങള്‍ കണ്ടിട്ടില്ലേ? അവര്‍ തൊഴിലിടങ്ങളില്‍ എന്നും പ്രശ്‌നക്കാരായിരിക്കും. ചിലപ്പോള്‍ മദ്യപാനംപോലുള്ള ദുശീലങ്ങള്‍ക്ക് അടിമകളും. തൊഴില്‍ സ്ഥാപനത്തോടുള്ള പ്രതിഷേധം അവസരം വരുമ്പോള്‍ അവര്‍ പ്രകടിപ്പിക്കും. തൊഴിലില്‍ സംതൃപ്തി കണ്ടെത്താത്തത് തൊഴിലിന്റെ മഹത്വത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. തൊഴിലിന്റെ മഹത്വം അറിയുന്നവര്‍ ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടുംകൂടി ആ രംഗത്ത് പ്രവര്‍ത്തി ക്കും.
തൊഴിലിനുവേണ്ടി കുട്ടികളെ ഒരുക്കുന്നത് അവരുടെ പഠനം പൂര്‍ത്തീകരിച്ച ശേഷം മാത്രമല്ലെന്നാണ് വിദഗ്ധരുടെയെല്ലാം അഭിമതം. പഠനകാലം മുതലേ അവരെ നിരീക്ഷിക്കുകയും മികച്ച തൊഴില്‍ സാഹചര്യങ്ങളിലേക്ക് അവരെ നയിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. മാതാപിതാക്കളുടെ ശ്രദ്ധയും താല്‍പര്യവുമാണ് കുട്ടിക്ക് ഇക്കാര്യത്തില്‍ എന്നും തുണ. വളര്‍ന്നുവരുമ്പോള്‍ ഉപരിപഠനത്തിന് ഏത് കോഴ്‌സ് തിരഞ്ഞെടുക്കണമെന്ന് അറിയാന്‍ നല്ല കരിയര്‍ ഗൈഡന്‍സ് കോഴ്‌സുകളില്‍ അവരെ പങ്കെടുപ്പിക്കണം. ആഗ്രഹിക്കുന്ന ജോലി ക ണ്ടെത്താനും അതിനുള്ള കോഴ്‌സുകള്‍ പഠിക്കാനുമുള്ള അവസരം ഈ പരിശീലനസെന്ററുകളില്‍ നിന്നും ലഭിക്കും.
തൊഴിലവസരമേഖലകള്‍
അഭിരുചികളും കഴിവുകളും കണ്ടെത്താന്‍ ധാരാളം തൊഴിലവസരങ്ങളുള്ള രണ്ട് തൊഴില്‍ മേഖലകള്‍ ചുവടെ പരിചയപ്പെടുത്താം.
ധാരാളം പേരെ ആകര്‍ഷിക്കുന്നതാണിന്ന് മാധ്യമരംഗം. ഒരു മാധ്യമപ്രവര്‍ത്തകന് സമൂഹം അതിശ്രേഷ്ഠസ്ഥാനമുണ്ട്. റിപ്പോര്‍ട്ടര്‍മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, എഡിറ്റര്‍മാര്‍ തുടങ്ങി എത്രയെത്ര സാധ്യതകള്‍ പത്രമാധ്യമത്തില്‍ മാത്രമുണ്ട്. ടി.വി മാധ്യമത്തിലും സമാനമായ നിരവധി ഒഴിവുകളുണ്ട്. വിവിധ വാര്‍ത്താ ഏജന്‍സികള്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് (ആകാശവാണി/ദൂരദര്‍ശന്‍/പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ/ഫിലിം സര്‍ട്ടിഫിക്കേഷന്‍/പബ്ലിക് റിലേഷന്‍ വകുപ്പ്)തുടങ്ങിയവയിലെല്ലാം ജേര്‍ണലിസം കോഴ്‌സില്‍ പ്രാവീണ്യം തെളിയിച്ചവര്‍ക്ക് അവസരങ്ങള്‍ ഉണ്ട്.
സിനിമാരംഗവും ധാരാളം തൊഴിലവസരങ്ങള്‍ നിറഞ്ഞതാണ്. സംവിധാനം, ഛായാഗ്രഹണം, അഭിനയം, കല എന്നിവയുടെ പഠനങ്ങള്‍ക്കൊപ്പംതന്നെ സിനിമാ നിരൂപണം, സിനിമാ-പത്രപ്രവര്‍ത്തനം, വിതരണം തുടങ്ങിയ കോഴ്‌സുകളിലും അംഗീകൃത പരിശീലന കളരികളുണ്ട്. ആനിമേഷന്‍, എഡിറ്റിംഗ്, ശബ്ദലേഖനം, ലൈറ്റ് തുടങ്ങിയ രംഗത്ത് ഏറെ സാധ്യതകളാണുള്ളത്. വന്‍കിട ഫിലിം സ്റ്റുഡിയോകള്‍, നിര്‍മാണ വിതരണ കമ്പനികള്‍, അഡ്വര്‍ടൈസിംഗ് ഏജന്‍സികള്‍, മാധ്യമസ്ഥാപനങ്ങള്‍ തുടങ്ങിയവയിലെല്ലാം സിനിമയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് അവസരങ്ങളുണ്ട്.
ഇത്തരത്തിലുള്ള എത്രയോ വ്യത്യസ്തമായ മേഖലകളാണ് നമുക്ക് മുന്നിലുള്ളത്. ഇക്കാര്യത്തില്‍ പ്രാര്‍ത്ഥനാപൂര്‍വം ഉചിതമായ തിരഞ്ഞെടുപ്പ് നടത്തുക. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് തുണയും കൈചൂണ്ടിയും ആയിരിക്കണം. ഒരുപക്ഷേ, ഇ ന്നത്തെ സാങ്കേതിക വിദ്യാഭ്യാസത്തെക്കുറിച്ച് മാതാപിതാക്കള്‍ അജ്ഞരായിരിക്കാം. എങ്കിലും മക്കള്‍ തിരഞ്ഞെടുക്കുന്ന കോഴ്‌സുകളെക്കുറിച്ച് അവരും അറിവുള്ളവരായിരിക്കണം. മക്കള്‍ എന്താണ് പഠിക്കുന്നതെന്നും അതിന്റെ സാധ്യതകളെന്തൊക്കെയെന്നും മാതാപിതാക്കള്‍കൂടി മനസിലാക്കിയിരിക്കണം.
കുട്ടികളെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഉന്നത പാഠശാലകളിലേക്ക് കയറ്റി അയയ്ക്കുമ്പോ ള്‍ അവര്‍ ഉദ്യോഗസ്ഥരായി ഉടന്‍ തിരിച്ചിറങ്ങണം എന്ന കാര്യത്തില്‍ വാശിപിടിക്കരുത്. വിദ്യാഭ്യാസവും ജോലിയുമൊക്കെ നേടിയെടുത്ത് മടങ്ങിവരാന്‍ പ്രാര്‍ത്ഥിച്ച് ആശീര്‍വദിച്ച് അയയ്ക്കുക. ഒരുപക്ഷേ, കോഴ്‌സില്‍ വിജയം നേടിയാലും അവര്‍ ഉദ്ദേശിച്ച ഒരു തൊഴില്‍ യഥാസമയം ലഭിക്കണമെന്നില്ല. അ തിന് അവരെ കുറ്റപ്പെടുത്തരുത്.
നിങ്ങള്‍ക്കറിയാമോ, കേരളത്തില്‍ ഉദ്ദേശ്യം 26,000 എഞ്ചിനീയറിംഗ് സീറ്റുകളുണ്ട്. എന്നാല്‍ ഈ കോഴ്‌സ് പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുന്നവരില്‍ 50 ശതമാനം പേര്‍ക്ക് പോലും നല്ല തൊഴില്‍ ലഭിക്കുന്നില്ല എന്നാണ് ചില കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 20 ശതമാനം പേര്‍ക്ക് ഒരു ജോലിയുണ്ട്, എ ന്നാല്‍ വേണ്ടത്ര ശമ്പളമില്ല. 30 ശതമാനം പേര്‍ക്ക് മാത്രമാണ് പഠനത്തിന് ആനുപാതികമായ ജോലിയുള്ളത്. ഒരു കുട്ടി എ ഞ്ചിനീയറിംഗ് പാസായി പുറത്തുവരുമ്പോള്‍ അഞ്ചുലക്ഷം രൂപയെങ്കിലും ഫീസിനും മറ്റുമായി ചെലവഴിക്കപ്പെടുന്നുണ്ടെന്നുള്ളതും ഇതിനോട് കൂട്ടിച്ചേര്‍ത്ത് വായിക്കണം.
ഇങ്ങനെ ഉചിതമാകാത്ത കോഴ്‌സുകള്‍ പഠിച്ച് തൊഴില്‍ കിട്ടാതലയുന്ന യുവജനങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. അതുകൊണ്ട് കുട്ടികളെ കൂടുതല്‍ സ്‌നേഹിക്കുകയും അവര്‍ക്ക് മാര്‍ഗനിര്‍ദേശവുമായിമാറാനുമാണ് മാതാപിതാക്കള്‍ ശ്രമിക്കേണ്ടത്. മക്കളെ ഉത്തരവാദിത്വമുള്ളവരും മൂല്യബോധമുള്ളവരുമാക്കുക എന്ന കടമയും മാതാപിതാക്കള്‍ക്കുണ്ട്.
തൊഴിലിന്റെ മാഹാത്മ്യം വര്‍ദ്ധിക്കുന്ന കാലഘട്ടത്തിലാണ് നാം. അതുകൊണ്ടുതന്നെ ശരിയായ രീതിയില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളെ മനസിലാക്കുക. ദൈവേഷ്ടത്തിന് കീഴ്‌വഴങ്ങിക്കൊണ്ട് മാതാപിതാക്കളുടെ അഭീഷ്ടത്തിനനുസരിച്ച് പഠിക്കുക. വിജയം നിങ്ങള്‍ക്കൊപ്പം തന്നെ ഉണ്ടാകും.