അനുവാദമില്ലാതെ ഇനിയാരും വാട്സാപ്പ് ഗ്രൂപ്പിൽ ചേർക്കില്ല
ഐഫോണിലാണ് ഈ ഫീച്ചർ ആദ്യമായെത്തുന്നത് പിന്നാലെ ആൻഡ്രോയിഡിലും അനുവാദമില്ലാതെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ആഡ് ചെയ്യുന്നത് അലോസരമായി കരുതുന്നവരുണ്ട്. അനാവശ്യമായ ഗ്രൂപ്പുകളിൽ ചേർക്കപ്പെടുന്നതോടെ തുടർച്ചയായ മെസേജുകളുംമറ്റും ഫോണിലെത്തുന്നതാണ് ഇതിനു കാരണം. എന്നാൽ വാട്സാപ്പ് ഗ്രൂപ്പുകളെക്കൊണ്ട് പൊറുതിമുട്ടിയവർക്കായി പുതിയ ഫീച്ചറുമായി വാട്സാപ്പ് വരുന്നു. ഗ്രൂപ്പ് ഇൻവിറ്റേഷൻ ഫീച്ചറാണ് ഉടൻ വരുന്നത്. ഐഒഎസ് ഫോണുകളിലാണ് ഈ ഫീച്ചർ ആദ്യമെത്തുക. പിന്നാലെ ആൻഡ്രോയിഡ് ഫോണുകളിലും വാട്സാപ്പിന്റെ ഫീച്ചർ ലഭ്യമാകും.
ഉപഭോക്താക്കളുടെ അനുവാദമില്ലാതെ ഗ്രൂപ്പുകളിൽ ചേർക്കുന്നത് തടയാനാണ് പുതിയ ഫീച്ചർ വാട്സാപ്പ് അവതരിപ്പിക്കുന്നത്. മൂന്ന് തരത്തിലാവും ഈ ഫീച്ചർ പ്രവർത്തിക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. ആദ്യത്തേത് എവരിവൺ എന്ന ഫീച്ചറാണ് ഇത് സെലക്ട് ചെയ്താൽ ഉപഭോക്താവിന്റെ അനുവാദമില്ലാതെയും വാട്സാപ്പ് ഗ്രൂപ്പിൽ അഡ്മിന് ചേർക്കാനാകും.
രണ്ടാമത്തേത് മൈ കോൺടാക്ട് എന്ന ഓപ്ഷനാണ്. ഇത് സെലക്ട് ചെയ്താൽ ഉപഭോക്താവിന്റെ ഫോണിലുള്ള കോൺടാക്ടിൽപ്പെട്ടവർക്ക് മാത്രമേ അയാളെ ഗ്രൂപ്പിൽ ആഡ് ചെയ്യാൻ കഴിയൂ. ഇത് ഗ്രൂപ്പ് ഇൻവിറ്റേഷൻ വഴിമാത്രമേ സാധ്യമാകുകയുള്ളൂതാനും.
മൂന്നാമത്തെ ഓപ്ഷൻ നോബഡി എന്നുള്ളതാണ്. ഇത് സെലക്ട് ചെയ്താൽ ആർക്കും അയാളെ ഗ്രൂപ്പുകളിൽ ചേർക്കാൻ കഴിയില്ല. വാട്സാപ്പിന്റെ പ്രൈവസി സെറ്റിങ്സിൽ ചെന്നാണ് ഈ സൌകര്യം പ്രയോജനപ്പെടുത്തേണ്ടത്.