Voice of Truth

വയോജനങ്ങള്‍ക്കുള്ള 5 കല്‍പ്പനകള്‍

ഒന്ന്
വാര്‍ദ്ധക്യവും രോഗവും ബാധിച്ച് മക്കളും ഉറ്റവരും പുറന്തള്ളിയാലും മനസിനെ അവയൊന്നും ക്ഷീണിപ്പിക്കാതിരിക്കാനാണ് വയോജനങ്ങള്‍ ശ്രദ്ധിക്കേണ്ടത്. അനേകം പേര്‍ നമുക്ക്ചുറ്റും വാര്‍ദ്ധക്യത്തെ ആഘോഷമാക്കിയിട്ടുണ്ട്. അവരുടെ ഉത്സാഹവും സന്തോഷവും നമ്മുടെ ജീവിതത്തെയും പ്രകാശമാനമാക്കും. ഇന്നും അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകരും ബിസിനസുകാരും സിനിമ-സാമൂഹ്യമേഖകളിലുള്ളവരെല്ലാ അറുപതും എഴുപതുമെല്ലാം കഴിഞ്ഞവരാണ്. എണ്‍പതാമത്തെ വയസിലാണ് ജോര്‍ജ് ബേണ്‍സിന് ചലച്ചിത്രാഭിനയത്തിന് അംഗീകാരം ലഭിക്കുന്നത്. ലിയോ ടോള്‍സ്റ്റോയിയാകട്ടെ ഇതേ പ്രായത്തില്‍ ‘ഐ ക്‌നോട്ട് ബി സൈലന്റ്’ എന്ന ഗ്രന്ഥം രചിച്ചു. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ‘ഇംഗ്ലീഷ് ജനതയുടെ ചരിത്രം’ എന്ന വിശ്വപ്രസിദ്ധഗ്രന്ഥം രചിച്ചത് ഇതേ പ്രായത്തിലാണ്. ഡോ.ആല്‍ബര്‍ട്ട് ഷൈ്വ റ്റ് സര്‍ ആഫ്രിക്ക സന്ദര്‍ശിച്ചത് 90 വയസ് ക ഴിഞ്ഞപ്പോഴാണെന്നോര്‍ക്കണം. പാബ്ലോപിക്കാസോയുടെ ചിത്രങ്ങള്‍ ഖ്യാതി നേടിയതും ഇതേ പ്രായത്തില്‍ തന്നെ. 93 വയസിലും ബര്‍ണാര്‍ഡ് ഷാ എഴുതുന്ന നാടകങ്ങള്‍ കാ ണാന്‍ ജനം തിരക്ക് കൂട്ടുമായിരുന്നു. ലോകസമാധാനത്തിന് റസല്‍ തുടക്കമിടുന്നത് 94-ാമത്തെ വയസിലാണ്. ഗലീലിയോ തന്റെ മഹത്തായ കണ്ടുപിടുത്തം നടത്തിയതാകട്ടെ 72-ാമത്തെ വയസില്‍. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന് പ്രായം 80 ആയിരുന്നു.

ഇന്ത്യയിലെ ഒട്ടേറെ മഹത് വ്യക്തികള്‍ അറുപതും എഴുപതും പിന്നിട്ടിട്ടും ഇന്നും ഊര്‍ജസ്വലരായി അവരുടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ മിന്നി തിളങ്ങുന്നുണ്ട്. ബോളിവുഡിലെ വിസ്മയമായ അമിതാബ് ബച്ചന്‍, തെന്നിന്ത്യന്‍ താരങ്ങളായ രജനീകാന്ത്, അമിതാബ് ബച്ചന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ഗായകന്‍ യേശുദാസ്, ഗായിക ലതാമഹ്‌കേഷ്‌കര്‍, സംവിധായകരായ എംടി, ഹരിഹരന്‍, തുടങ്ങിയവരൊടൊപ്പം രാഷ്ട്രീയ സാമൂഹ്യസേവനരംഗത്ത് ഒട്ടനവധിപേരെയും എടുത്ത് കാണിക്കാനാകും. അതിനാല്‍ വാര്‍ദ്ധക്യത്തെ ഈര്‍ജസ്വലമായി കാണുക.

രണ്ട്
റിട്ടയര്‍മെന്റ് കഴിയുകയും മക്കള്‍ ഉദ്യോഗമോ പഠനാവശ്യത്തിനോ നാട്ടില്‍ നിന്നും പോവുകയോ ചെയ്താല്‍ ഏകാന്തതയിലേക്ക് മനസിനെ അഴിച്ചുവിടരുത്. ദിനചര്യയില്‍ ഒരു അഴിച്ചു പണി നടത്തുക. സാമൂഹ്യപ്രവര്‍ത്തനം എഴുത്ത് വായന, സൗഹൃദക്കൂട്ടായ്മഇതിലൊക്കെ സജീവമാവുക. കൃഷിയോട് താല്പര്യമുണ്ടെങ്കില്‍ കാര്‍ഷിക രംഗത്ത് ശ്രദ്ധയൂന്നുക. അതായത് മനസിനെ സദാ തിരക്കുള്ളതായി മാറ്റുക. ജീവിതം മനോഹരമായി മാറും. പതുക്കെ എണീറ്റ് നടക്കാന്‍ കഴിയുന്നിടത്തോളം കാലം നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും. സമാനചിന്താഗതിയുള്ളവരുമായുള്ള സംസര്‍ഗം നമ്മെ ഒരുപാട് മുന്നിലേക്ക് കൂട്ടിക്കൊണ്ടുപോകും.

സമൂഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുളള അവസരങ്ങളൊന്നും നഷ്ടപ്പെടുത്തരുത്. നിങ്ങളുടെ ആശയങ്ങളും ചിന്തകളുമൊക്കെ പ്രധാനമാണ്. പ്രായമായിട്ടും നിരവധി പേര്‍ ലോകത്തോടും സമ്പത്തിനോടും പണത്തിനോടും അധികാരത്തോടുമുള്ള ആസക്തികള്‍ കുറക്കാത്തത് മുതിര്‍ന്നവര്‍ നേരിടുന്ന പ്രശ്‌നമാണ്. എന്നാല്‍ ഇവയെല്ലാം എന്നെങ്കിലും ഉപേക്ഷിച്ചേ പറ്റൂ എന്ന് മനസ്സിലാക്കി കഴിയുന്നതും നേരത്തെ ഉപേക്ഷിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമായി.

മൂന്ന്
2007ലെ മെയിന്റനന്‍സ് ആന്റ് വെല്‍ഫെയര്‍ ഓഫ് പേരന്റ്‌സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ട് വയോജനങ്ങളുടെ അവകാശങ്ങള്‍സംരക്ഷിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ്. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മക്കള്‍ മാതാപിതാക്കളെ സംരക്ഷിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇതൊടൊപ്പം വയോജനങ്ങളുടെ സ്വത്തവകാശത്തിനുളള സംരക്ഷണവും മാതാപിതാക്കളെ അകാരണമായി പുറന്തള്ളുന്ന മക്കള്‍ക്കുള്ള ശിക്ഷയും ഇത് ഉറപ്പാക്കുന്നുണ്ട്. സ്വത്ത് കരസ്ഥമാക്കിയശേഷം വൃദ്ധരും അവശരുമായ മാതാപിതാക്കളെ മക്കള്‍,സംരക്ഷിക്കാതിരുന്നാല്‍ ആ സ്വത്തവകാശം തിരിച്ചെടുക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ നിയമ മാര്‍ഗത്തിലൂടെയല്ലാതെ സ്‌നേഹത്തിന്റെ വഴിയേ കുടുംബബന്ധങ്ങളെ ബലപ്പെടുത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക. അങ്ങനെയെങ്കില്‍ നാളെ മക്കളില്‍ നിന്നും പരിത്യക്താവസ്ഥ നേരിടേണ്ടി വരില്ല.

നാല്
വാര്‍ദ്ധക്യമെന്നാല്‍ വിളവെടുപ്പിന്റെ കാലമാണെന്ന് പറയാറുണ്ട്. അതെ; ഒരര്‍ത്ഥത്തില്‍ ജീവിതാനുഭവങ്ങളുടെ വിളവെടുപ്പിന്റെ കാലം തന്നെയാണിത്. അതിനാല്‍ കഴിഞ്ഞകാലങ്ങളിലെ നന്മയുടെ വിളകള്‍ സംതൃപ്തിയോടെ നോക്കി കാണുക. റോബര്‍ട്ട് ബ്രൗണിന്റെ വാക്കുകള്‍ മനസിലോര്‍ക്കുക. ”എന്റെ ജീവിതം കൊണ്ട് എനിക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവന ഇനിയും ഞാന്‍ ചെയ്യാന്‍ പോകുന്നതേയുള്ളൂ.” ഈ ചിന്ത തളര്‍ന്ന മനസിനെ ഉന്മേഷമുള്ളതാക്കും.

അഞ്ച്
മുതിര്‍ന്നവര്‍ പരമാവധി ദേഷ്യം, വാഗ്വാദം, വാശി തുടങ്ങിയവയില്‍നിന്നും അകന്നുനില്‍ക്കുക. ദേഷ്യം ഉണ്ടാകുമ്പോള്‍ നാം അറിയാതെയാണെങ്കില്‍പോലും പറയുന്ന വാക്കുകള്‍ മറ്റുള്ളവര്‍ക്ക് മുറിവുകളുണ്ടാക്കാം. പ്രത്യേകിച്ച് ബന്ധുക്കളായവരെ വേദനിപ്പിക്കാനും ഇടയാക്കും. തികഞ്ഞ ആത്മാര്‍ത്ഥതയോടെ ഇടപെടണം. വേഗത്തിലുണ്ടാക്കുന്ന അതിക്ഷോഭമാണ് പലരുടെയും രക്തസമ്മര്‍ദം വിര്‍ദ്ധിപ്പിക്കുന്നതും ശരീരം കുഴഞ്ഞുവീഴുന്നതിനും ഇടയാക്കുന്നത്. അങ്ങനെയൊരവസ്ഥയിലേക്ക് വീണാല്‍ ശരീരം തളര്‍ന്ന് പോകാനുള്ള സാധ്യതയേറെയാണ്. മാത്രവുമല്ല മുന്‍കോപികളില്‍നിന്ന് എല്ലാവരും അകന്നുനില്‍ക്കുകയും ചെയ്യും. അതിനാല്‍ പരമാവധി ക്ഷമയോടെ കാര്യങ്ങള്‍ ക്രമീകരിക്കാന്‍ പരിശ്രമിക്കുക

ചുരുക്കത്തില്‍ മനോഭാവത്തിലെ പൊളിച്ചെഴുത്താണ് വാര്‍ദ്ധക്യത്തെ അനുഗ്രഹപ്രദമാക്കുന്നത്. ഓരോ മുതിര്‍ന്ന പൗരനും തനതായ കഴിവുും കാഴ്ചപ്പാടുകളുമുണ്ട്. അതുപോലെ തന്നെ അദേഹത്തിന്റെ കുടുംബബന്ധങ്ങളും സൗഹൃദവലയവും സാമൂഹിക ബന്ധങ്ങളുമെല്ലാം പ്രധാനപ്പെട്ടതാണ്. ഈ ഘടകങ്ങളെയെല്ലാം കൂട്ടിയോജിപ്പിക്കുന്നിടത്താണ് വാര്‍ദ്ധക്യം അനുഗ്രപ്രദമായി മാറുന്നത്.

Leave A Reply

Your email address will not be published.