ഏപ്രില്‍ ഇരുപത്തിമൂന്നിനും മേയ് പതിമൂന്നിനും ഇടയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടേക്കാവുന്ന വിഷയങ്ങളില്‍ ഒന്നാണ് കേരളത്തില്‍ അപ്രതീക്ഷിതമായി ഉയര്‍ന്ന പോളിംഗ്. വളരെ ക്ഷമാപൂര്‍വ്വം രാത്രി പതിനൊന്നുമണി വരെ കാത്തിരുന്ന് വോട്ടു ചെയ്ത അനേകായിരങ്ങള്‍ ആധുനിക കേരള രാഷ്ട്രീയത്തിലെ ഒരത്ഭുതം തന്നെയാണ്. പ്രത്യേകിച്ച്, രാഷ്ട്രീയത്തിലുള്ള പ്രതീക്ഷകള്‍ സാധാരണ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് അങ്ങനെ സംഭവിച്ചിരിക്കുന്നു എന്നുള്ളത് വലിയ ചില സൂചനകള്‍ നല്‍കുന്നു.
രണ്ട് ആശയങ്ങളാണ് ഇവിടെ ഉയര്‍ത്തികാണിക്കപ്പെടുന്നത്. ഒന്ന്, രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ എത്തിയതിന്റെ ഭാഗമായി ഉണ്ടായ ആവേശം. രണ്ട്, ശബരി മല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ക്കെതിരായ ജനരോഷം. ചുരുക്കിപ്പറഞ്ഞാല്‍, ഒന്നുകില്‍, കോണ്‍ഗ്രസിനോടുള്ള അനുഭാവമാണ് ജനം പ്രകടിപ്പിച്ചത്. അല്ലെങ്കില്‍, സിപിഎമ്മിനോടുള്ള പ്രതികാരമായിരുന്നു അത്. എന്തുതന്നെയായാലും ഈ ഉയര്‍ന്ന പോളിംഗ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശുഭകരമല്ല. തെക്കന്‍ കേരളത്തില്‍ ശബരിമല വിഷയത്തില്‍ ഒരു വിഭാഗം ജനങ്ങള്‍ കേരളത്തിലെ ഭരണ കക്ഷിക്ക് എതിരായ നിലപാട് സ്വീകരിച്ചേക്കാം എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, വടക്കന്‍ കേരളത്തിലെ സ്ഥിതി വ്യത്യസ്ഥമാണ്. രാഹുല്‍ ഗാന്ധിയുടെ വ്യക്തിപ്രഭാവവും, കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള ജനങ്ങളുടെ പ്രതീക്ഷയും തീര്‍ച്ചയായും അവിടെ പ്രതിഫലിച്ചിട്ടുണ്ട് എന്നാണ് വിദഗ്ദമതം. പൊതുവേ കേരളത്തിലെമ്പാടും ഇതേ വികാരത്തിനാണ് മുന്‍തൂക്കമെന്നും അനേകര്‍ അഭിപ്രായപ്പെടുന്നു.
കേരള സമൂഹത്തിലെ പതിവ് കാഴ്ചകള്‍ അനുസരിച്ച്, പോളിംഗ് ശതമാനം ജനങ്ങളുടെ പൊതുവായ ചില നിലപാടുകളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. അക്രമരാഷ്ട്രീയം കൊണ്ടും, രാഷ്ട്രീയമായ അസന്തുലിതാവസ്ഥകള്‍ കൊണ്ടും പൊറുതിമുട്ടി നില്‍ക്കുമ്പോഴും, ജനങ്ങള്‍ സമാധാനത്തിനായി കൊതിക്കുമ്പോഴും പോളിംഗ് ബൂത്തുകളില്‍ പതിവായി ആള്‍ക്കൂട്ടം കാണാറുണ്ട്. ചരിത്രങ്ങള്‍ പറയുന്നതനുസരിച്ച് പോളിംഗ് ശതമാനം കുറവുള്ളപ്പോള്‍ ജയം സിപിഎമ്മിനും, കൂടുതലുള്ളപ്പോള്‍ ജയം കോണ്‍ഗ്രസിനുമാണ്. ഇവിടെ, മറ്റു ചില സാഹചര്യങ്ങള്‍ കൂടി പ്രസക്തമാണ്. അതില്‍ താരതമ്യേന ഗുരുതരമല്ലാത്ത ഒന്നാണ് ശബരിമല വിഷയം എന്നതാണ് വാസ്തവം. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നീണ്ട മോദി സര്‍ക്കാരിന്റെ ഭരണത്തിനിടയില്‍ സംഭവിച്ച ജനദ്രോഹപരമായ നടപടികള്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ പൊറുതിമുട്ടിയ ഒരു സമൂഹത്തിന്റെ പ്രതികരണ ത്വര ഈ ഇലക്ഷനില്‍ പ്രതിധ്വനിച്ചിട്ടുണ്ടാവും എന്നുള്ളതിന് സംശയമില്ല. ഒപ്പം, രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ പ്രതീക്ഷകളുടെ തിരിനാളവും അനേകായിരങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ട്.
കഴിഞ്ഞ എത്താനും മാസങ്ങള്‍ക്കിടയില്‍ രാഹുല്‍ഗാന്ധി പൊതു വേദികളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴൊക്കെയും അദ്ദേഹം നടത്തിയ വാഗ്ദാനങ്ങളും, പറഞ്ഞ നല്ല വാക്കുകളും, അനേകായിരങ്ങളുടെ മനസുകളില്‍ നിന്ന് നഷ്ടപ്പെട്ടു പോയിരുന്ന, ജനാധിപത്യത്തെക്കുറിച്ചുള്ള വിശ്വാസത്തെ തിരികെ കൊണ്ടുവരുവാന്‍ പര്യാപ്തമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ അനുസരിച്ച്, ഇനിയുള്ള ഭാരതത്തിന്റെ ഭാവി യുവജനങ്ങള്‍ നിശ്ചയിക്കും, നിശ്ചയിക്കണം. ആ വാക്കുകള്‍ അനേകായിരങ്ങളെ പ്രചോദിപ്പിച്ചിരുന്നു എന്നതില്‍ സംശയമില്ല. അഴിമതിക്കും, അക്രമ രാഷ്ട്രീയത്തിനും എതിരെ നിലകൊള്ളുവാനുള്ള അദ്ദേഹത്തിന്‍റെ ആഹ്വാനങ്ങളും ഗൌരവമായി രാഷ്ട്രീയത്തിലേയ്ക്കിറങ്ങുവാനും രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കുവാനും ഏറെപ്പേരെ പ്രേരിപ്പിച്ചേക്കും. ഇത്തരത്തില്‍ ചിന്തിച്ചാല്‍, കേരളത്തില്‍ ഏപ്രില്‍ ഇരുപത്തിമൂന്നിന് സംഭവിച്ച കൂടിയ പോളിംഗ് കേവലം ഒരു വൈകാരിക തള്ളല്‍ മാത്രമാവില്ല എന്ന് കരുതാം. ഭാരതത്തിന്റെ ഭാവി കൂടുതല്‍ ശോഭനമായ കരങ്ങളില്‍ ഭരമേല്‍പ്പിക്കാനുള്ള സാധാരണ മനുഷ്യരുടെ മുതലുള്ള ആഗ്രഹത്തിന്റെ പ്രകടനമാകാം അത്.