വാര്‍ധക്യം അവഗണിക്കപ്പെടുകയും പിന്തള്ളപ്പെടുകയും ചെയ്യുന്നിടത്ത് ഇതാ ലോകത്തിന്റെ വലിയ മുത്തശ്ശിയുടെ സ്‌നേഹവുകള്‍ക്കായി ബൊളീവിയന്‍ ജനത ഓടിയെത്തുന്നത് കണ്ട് നാം കൈകൂപ്പണം.
ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീ ജൂലിയ ഫ്‌ളോറെസ് കോള്‍ഗ് എന്ന വലിയ മുത്തശ്ശിയാണെന്നാണ് ബൊളീവിയക്കാരുടെ വിശ്വാസം. 1900ല്‍ ബൊളീവിയന്‍ പര്‍വ്വതനിരകള്‍ക്കരികിലെ ഒരു മൈനിംഗ് ക്യാംപിലാണ് ജൂലിയ ജനിച്ചത്.
ലോക റെക്കോര്‍ഡ് പ്രകാരം 117 വയസ്സുള്ള നാബി താജിമ എന്ന ജാപ്പനീസ് സ്ത്രീയായിരുന്നു ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും പ്രായമേറിയ സ്ത്രീ. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആദ്യം അവര്‍ മരണമടഞ്ഞിരുന്നു. നാബി താജിമയുടെ മരണത്തോടെയാണ് ഫ്‌ളോറെസ് കോള്‍ഗ് ആ റെക്കോര്‍ഡിലേക്കെത്തുന്നത്.എന്നാല്‍ ഈ റെക്കോര്‍ഡുകളുടെ കാര്യമൊന്നും ഇവര്‍ക്കറിയില്ല.
ഒരു നൂറ്റാണ്ട് തികച്ച സംഭവബഹുലമായ ജീവിതത്തിനിടയില്‍ രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കാണ് മുത്തശ്ശി സാക്ഷിയായത്. ഒരു നൂറ്റാണ്ടിനിടെയുണ്ടായ ബൊളീവിയന്‍ വിപ്ലവങ്ങള്‍ക്കെല്ലാം സാക്ഷിയാണ് ഈ 118 കാരി. 3000 ആളുകള്‍ മാത്രമുണ്ടായിരുന്ന സകാബ എന്ന തന്റെ ഗ്രാമം, അഞ്ചു പതിറ്റാണ്ടിനിടെ വളര്‍ന്ന് 1,75,000 ത്തിലേറെ ജനസാന്ദ്രതയുള്ള തിരക്കേറിയ നഗരമായി മാറിയത് കാണാനുള്ള ഭാഗ്യവും മുത്തശ്ശിക്ക് ലഭിച്ചു.
ഈ 118ാം വയസ്സിലും ഊര്‍ജ്ജസ്വലയാണ് ഫ്‌ളോറെസ് മുത്തശ്ശി. ബൊളീവിയന്‍ സംഗീതോപകരണമായ ഗിറ്റാര്‍ വായിക്കുകയും നാടന്‍ തനിമയുള്ള പാട്ടുകള്‍ പ്രാദേശികഭാഷയായ കെച്വവയില്‍ ആലപിക്കുകയും ചെയ്യും.
മിനിന എന്ന പൂച്ചയും ബ്ലാന്‍ക്വിറ്റ എന്ന കുഞ്ഞന്‍ പട്ടിയുമാണ് മുത്തശ്ശിയുടെ സന്തതസഹചാരികള്‍. തന്റെ വളര്‍ത്തുപട്ടികളും പൂച്ചകളും കോഴികളുമൊക്കെയായി സദാ തിരക്കിലാണ് ഫ്‌ളോറെസ് മുത്തശ്ശി. 65 വയസ്സുള്ള മരുമകള്‍ അഗസ്റ്റിന ബെര്‍ണയ്‌ക്കൊപ്പമാണ് അവിവാഹിതയായ മുത്തശ്ശിയുടെ താമസം.പാട്ടും കളികളും തമാശകളുമൊക്കെ ഇഷ്ടപ്പെടുന്ന ഫ്‌ളോറെസ് മുത്തശ്ശി എപ്പോഴും ആക്റ്റീവാണെന്നാണ് അഗസ്റ്റിന പറയുന്നത്.
ബൊളീവിയന്‍ മലനിരകളില്‍ ആടുകളെയും ലാമകളെയും മേയ്ച്ചാണ് ഫ്‌ലോറെസ് തന്റെ ബാല്യം ചെലവഴിച്ചത്. പിന്നീട് താഴ്വാരത്തേക്ക് താമസം മാറിയ ഫ്‌ളോറെസ് പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്തും വിറ്റും ഉപജീവനം നടത്തി. ഈ പ്രായത്തിലും ആരോഗ്യകരമായ ഡയറ്റ് പിന്‍തുടരുകയാണ് ഫ്‌ളോറെസ്. ആഘോഷവേളകളില്‍ അല്‍പ്പം കേക്കും സോഡയും കഴിക്കുന്നതൊഴിച്ചാല്‍ അനാരോഗ്യകരമായ യാതൊരുവിധ ഭക്ഷണശീലവും ഈ മുത്തശ്ശിക്കില്ല.
ലിവിംഗ് ഹെറിറ്റേജ് എന്നാണ് സകാബ മേയറുടെ കാര്യാലയം ഫ്‌ളോറെസ് മുത്തശ്ശിയെ വിശേഷിപ്പിക്കുന്നത്. മേയറുടെ ഓഫീസും െ്രെപവറ്റ് ഫൗണ്ടേഷനും ചേര്‍ന്ന് ഫ്‌ളോറെസ് മുത്തശ്ശിയുടെ വീട് നവീകരിച്ചുകൊടുക്കുകയും നടക്കാനായി ഒരു നടപ്പാതയൊരുക്കി കൊടുക്കുകയും ചെയ്തു. രാത്രികളിലും മറ്റും ബാത്ത്‌റൂമില്‍ പോകാന്‍ അസൗകര്യം ഉണ്ടാവാതിരിക്കാനായി ഫ്‌ളോറെസിന്റെ മുറിയോട് ചേര്‍ന്ന് ഒരു ബാത്ത് റൂമും ടോയ്‌ലറ്റും കൂടി ഒരുക്കി കൊടുക്കാനും ഇവര്‍ തയ്യാറായി.
കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പു വരെ വളരെ ചടുലമായി തന്നെ നടന്നു കൊണ്ടിരുന്ന വ്യക്തിയാണ് ഫ്‌ളോറെസ് മുത്തശ്ശി. ഇടയ്ക്ക് ഒന്നു വീണ് നടുവിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഇനിയൊരിക്കലും ഇവര്‍ക്ക് നടക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ പ്രവചനങ്ങളെല്ലാം തെറ്റിച്ച് മുത്തശി പിന്നെയും പരസഹായമില്ലാതെ തന്റെ നടപ്പ് വീണ്ടെടുത്തു.
അല്‍പ്പം കേള്‍വിക്കുറവുണ്ടെന്ന് മാത്രമേയുള്ളു, എന്നാലും ആ കുറവ് പരിഹരിക്കാന്‍ നുറുകണക്കിന് കുഞ്ഞുങ്ങളാണ് അമ്മച്ചിക്ക് ചുറ്റും ഓടിക്കളിക്കുന്നത്.
നമ്മുടെ വയോജനങ്ങള്‍ക്കും സന്തോഷത്തിനും മാനസികോല്ലാസത്തിനും അവസരം കൊടുക്കൂ, അവരുടെ അനുഗ്രഹം നമ്മുടെ ഇളം തലമുറയെ ധന്യമാക്കുക തന്നെചെയ്യും.