ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബോബി സഞ്ജയ് തിരക്കഥ എഴുതി, പുതുമുഖമായ മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെയ്ക്ക് പ്രേക്ഷകരുടെയും ചലച്ചിത്ര രംഗത്തുള്ളവരുടെയും അഭിനന്ദന വര്‍ഷം. ഉയരങ്ങളിലേയ്ക്ക് കുതിക്കാന്‍ ആഗ്രഹിച്ച ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തവും തുടര്‍ന്നുള്ള അവളുടെ ജീവിതവുമാണ് തികഞ്ഞൊരു മോട്ടിവേഷണല്‍ മൂവി കൂടിയായ ഉയരെയുടെ സാരാംശം. നായകന്മാരായി ആസിഫ് അലിയും, ടോവിനോയും ചിത്രത്തിന് ശക്തിപകരുന്നു.
മലയാളം സിനിമയില്‍ കണ്ടു പരിചയമില്ലാത്ത ഒരു ഇതിവൃത്തമാണ് ഉയരെയുടെത്. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന ഒരു പെണ്‍കുട്ടിയുടെ അതിജീവനമാണ് അത്. പാര്‍വ്വതിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന വേഷം എന്ന് സഹപ്രവര്‍ത്തകരും, കാഴ്ചക്കാരും അവളെ അനുമോദിക്കുന്നു. പല്ലവി എന്ന നായിക കഥാപാത്രം പാര്‍വ്വതിയില്‍ ഭദ്രമാണ്. നാഷണല്‍ അവാര്‍ഡ് കരസ്ഥമാക്കിയ പാര്‍വ്വതിയിലെ പ്രതിഭ വീണ്ടും ഉണര്‍ന്നെഴുന്നേറ്റ് അത്ഭുതം സൃഷ്ടിക്കുന്ന കാഴ്ച്ചയെ കാഴ്ചക്കാര്‍ കരഘോഷത്തോടെ സ്വീകരിച്ചിരിക്കുന്നു.

മലയാള സിനിമയില്‍ ട്രാഫിക് എന്ന മികച്ച ചിത്രം ഒരുക്കിയ രാജേഷ് പിള്ള – ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തുടര്‍ച്ചയാണ് ഈ ചിത്രം എന്ന് വേണമെങ്കില്‍ പറയാം. കാരണം, ഉയരെയുടെ സംവിധായകന്‍ മനുവിന് ഇത് ആദ്യ സ്വതന്ത്ര ചലച്ചിത്രം ആണെങ്കിലും, രാജേഷ് പിള്ളയുടെ ശിഷ്യനാണ് അദ്ദേഹം. രാജേഷ് പിള്ളയ്ക്ക് സമര്‍പ്പിച്ചുകൊണ്ടാണ് മനു തന്റെ സിനിമ ആരംഭിക്കുന്നതും.
നാം കണ്ടു പരിചയിച്ച യഥാര്‍ത്ഥ ജീവിതങ്ങളുമായി ഒരുപാട് ബന്ധമുള്ള ഒരു കഥാപാത്രമായി വെള്ളിത്തിരയില്‍ ശോഭിക്കുന്ന പാര്‍വ്വതിയുടെ പല്ലവി ഒട്ടേറെ പേര്‍ക്ക് പ്രചോദനവും ശക്തിയുമായി മാറുന്നു എന്ന് പ്രേക്ഷകര്‍ തന്നെ അഭിപ്രായപ്പെടുന്നു.
പലപ്പോഴും ന്യായീകരിക്കപ്പെടുന്ന ‘യഥാര്‍ത്ഥ പ്രണയ’ത്തിന്റെ പേരില്‍ ജീവിതത്തിലെ സകല സ്വപ്നങ്ങളെയും വിട്ടെറിഞ്ഞ് ഓടി പോകാന്‍ വിധിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ കഥയും തിരക്കഥയും എഴുതപ്പെട്ടിരിക്കുന്നതെന്ന്, മാളവിക എന്ന കാഴ്ചക്കാരി അഭിപ്രായപ്പെടുന്നു. ഉയരെ എന്നാ സിനിമ ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പെണ്‍കുട്ടിയെക്കുറിച്ചാണ്. ആസിഡ് അവളുടെ മുഖത്തേയ്ക്ക് ഒഴിച്ചപ്പോള്‍, അത് എന്റെ മുഖത്തും ജീവിതത്തിലും പതിച്ചതായാണ് എനിക്ക് അനുഭവപ്പെട്ടത്. ഒരു ചോദ്യം ഈ സിനിമ എല്ലാ പെണ്‍കുട്ടികള്‍ക്കും മുന്നില്‍ ഉയര്‍ത്തുന്നുണ്ട്. ‘സത്യത്തില്‍ ഒരു പ്രണയത്തിനുവേണ്ടി ജീവിതത്തിലെ സകല സ്വപ്നങ്ങളും ത്യജിക്കുന്നത് യുക്തമാണോ? നമ്മെക്കുറിച്ചുതന്നെയുള്ള ഒരു സ്വപ്നത്തെ പിന്തുടരുന്നതിനെ നാം എന്തിനാണ് ഭയപ്പെടുന്നത്?’ മാളവിക ചോദിക്കുന്നു.
ഉയരെ എന്ന ചലച്ചിത്രം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളെ പൊതുവേ എല്ലാ കാഴ്ചക്കാരും നിറമനസോടെ സ്വീകരിച്ചിരിക്കുന്നതായി സോഷ്യല്‍ മീഡിയയും സാക്ഷ്യപ്പെടുത്തുന്നു. നായിക കഥാപാത്രമായ പല്ലവിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തുന്ന കാമുകന്റെ വേഷത്തില്‍ ആസിഫ് അലിയും, അവളെ ജീവിതത്തില്‍ പിടിച്ചുയര്‍ത്താന്‍ കൂടെ നിന്ന, എയർലൈൻസ് വൈസ് പ്രസിഡന്റ് ആയ ടോവിനോയും താരതമ്യേന കുറഞ്ഞ സീനുകളിലേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളുവെങ്കിലും ഏറ്റവും മികച്ച രീതിയില്‍ തങ്ങള്‍ക്ക് ലഭിച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തു.

ആദ്യ പകുതി അല്‍പം സ്ലോ ആയി അനുഭവപ്പെടുന്നെങ്കിലും രണ്ടാം ഭാഗത്ത് ആ കുറവ് പരിഹരിച്ചു എന്ന് ചില പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ക്ലൈമാക്സ് കുറച്ചുകൂടി ഭംഗിയാക്കാമായിരുന്നു എന്ന അഭിപ്രായവുമുണ്ട്. മനു അശോകന്‍ എന്ന യുവ സംവിധായകന്റെ കടന്നുവരവ് തുടര്‍ന്നും മലയാളസിനിമയ്ക്ക് ഗുണകരമായിരിക്കും എന്ന് പ്രതീക്ഷിക്കാം.